മുൻകോപിയായിരുന്നു ജോർജ്. എല്ലാത്തിനും എപ്പോഴും മറ്റുള്ളവരോട് കോപിക്കുന്ന സ്വഭാവം. തന്മൂലം സംഭവിച്ചതെന്താണെന്നോ? ആരോടുംതന്നെ സൗഹൃദം സ്ഥാപിക്കാൻ അയാൾക്കു കഴിഞ്ഞില്ല. എന്നു മാത്രമല്ല, പലരുടെയും ശത്രുത സന്പാദിക്കാൻ ഈ സ്വഭാവം വഴിതെളിച്ചു. സ്വന്തം ഭവനത്തിലുള്ളവർപോലും അയാളിൽനിന്നു കുറേ അകലം പാലിച്ചു.
ഒരിക്കൽ തന്റെ അപൂർവം സുഹൃത്തുക്കളിലൊരാളായ ടോമിനോട് ജോർജ് പറഞ്ഞു, “എന്റെ ദേഷ്യസ്വഭാവം എന്നെ വല്ലാതെ വലയ്ക്കുന്നു. എങ്ങനെയാണ് എന്റെ ദേഷ്യത്തെ നിയന്ത്രിക്കാൻ സാധിക്കു ക?” അല്പനിമിഷം ആലോചിച്ച ശേഷം ടോം ചോദിച്ചു, “നിനക്ക് വീഞ്ഞ് ഇഷ്ടമാണോ?’’ ഉടനെ ജോർജ് പറഞ്ഞു, ’’ എനിക്കു വലിയ ഇഷ്ടമാണ്.’’
അപ്പോൾ ടോം പറഞ്ഞു, “നീ പോയി നല്ല വിലയുള്ള കുറെ വീഞ്ഞ് വാങ്ങണം. നിനക്ക് ദേഷ്യം വരാനിടയായാൽ ആ വീഞ്ഞുകുപ്പികളിൽ ഒരെണ്ണമെടുത്ത് തല്ലിപ്പൊട്ടിച്ചു വീഞ്ഞ് കിച്ചൻ സിങ്കിൽ ഒഴിക്കണം.’’
“നിനക്കെന്താ ഭ്രാന്താണോ?’’ ജോർജ് ചോദിച്ചു. ’’എന്റെ പണവും വീഞ്ഞും വെറുതേ കളയാൻ എനിക്കു പ്ലാനില്ല.’’ ’’നീ പറഞ്ഞതു ശരിതന്നെ,’’ ടോം പറഞ്ഞു. ’’വീഞ്ഞുകുപ്പി തല്ലിപ്പൊട്ടിച്ചു വീഞ്ഞ് ഒഴുക്കിക്കളഞ്ഞാൽ അതു വലിയൊരു നഷ്ടംതന്നെയാണ്. എന്നാൽ, നീ ഇപ്പോൾ ചെയ്യുന്നതും അതുതന്നെയാണ്.’’
ടോം പറയുന്നത് എന്താണെന്നു മനസിലാക്കാതെ ജോർജ് മൗനമായിരിക്കുന്പോൾ ടോം തുടർന്നു, ’’ നീ കോപിക്കുന്പോൾ നിന്റെ മനഃസമാധാനം നശിക്കുന്നു. നിന്റെ ബന്ധങ്ങൾ തകരുന്നു. നിന്റെ നല്ല അവസരങ്ങൾ നഷ്ടമാകുന്നു. നിന്നിൽ പകയും വൈരാഗ്യവും വർധിക്കുന്നു. ആലോചിച്ചു നോക്കിയാൽ വീഞ്ഞും കുപ്പിയും നശിപ്പിക്കുന്നതിനെക്കാൾ കഷ്ടമാണിത്!’’
“നീ പറഞ്ഞതു ശരിയാണ്,’’ ടോമിന്റെ വാക്കുകൾ കേട്ടപ്പോൾ ജോർജ് പറഞ്ഞു. ഉടൻ ടോം പറഞ്ഞു, “ഞാൻ ആവശ്യപ്പെട്ടതുപോലെ നീ ചെയ്യുക. നിനക്കു ദേഷ്യം വരുമെന്നും അപ്പോൾ കുപ്പികൾ പൊട്ടിക്കേണ്ടിവരുമെന്നും ഓർമിച്ചു കുറേ വൈൻ ബോട്ടിലുകൾ വാങ്ങിവയ്ക്കുക. ദേഷ്യം വരുന്പോൾ അവയിൽ ഓരോന്ന് എടുത്തു കുപ്പി പൊട്ടിച്ച് വീഞ്ഞ് ഒഴുക്കിക്കളയുക.’’
തെല്ലിട നിശബ്ദതയ്ക്കു ശേഷം ടോം തുടർന്നു, “നീ അങ്ങനെ ചെയ്യുന്പോൾ നിനക്കുണ്ടാകുന്ന നഷ്ടമോർത്ത് നിനക്കു ദുഃഖം തോന്നും. ആ നഷ്ടം വിലയുള്ള വീഞ്ഞിന്റേതു മാത്രമല്ല, ദേഷ്യംമൂലം നിനക്കുണ്ടാകുന്ന നഷ്ടത്തെയും ദൂഷ്യഫലങ്ങളെയും കുറിച്ചുമായിരിക്കും. അപ്പോൾ നിന്നിൽ മാറ്റം വരാൻ തുടങ്ങും.”
ടോം പറഞ്ഞതുപോലെ ജോർജ് പ്രവർത്തിക്കാൻ തീരുമാനിച്ചു. അയാൾ വിലയുള്ള കുറേ വീഞ്ഞ് വാങ്ങി കിച്ചൻ ടേബിളിൽ വച്ചു. പിന്നീട് ടേബിളിലിരിക്കുന്ന വീഞ്ഞ് കാണുന്പോൾ ദേഷ്യം അടക്കേണ്ടതിന്റെ ആവശ്യകത ജോർജ് ഓർമിക്കും. എന്നിരുന്നാലും കുറേ വീഞ്ഞുകുപ്പികൾ പൊട്ടിച്ചു വീണ് ഒഴുക്കിക്കളയേണ്ട ഗതികേട് ജോർജിന് ഉണ്ടായി.
അങ്ങനെ ചെയ്തതുകൊണ്ടു ജോർജ് പാഠം പഠിച്ചോ? അയാളുടെ കോപത്തിേന് നിയന്ത്രണമുണ്ടായോ? ജോർജിന് ദേഷ്യം നിയന്ത്രിക്കാനായെന്ന് ഈ കഥ പറയുന്ന റെമീസ് സാസണ് എന്ന എഴുത്തുകാർ സാക്ഷിക്കുന്നു.
നാം മുൻകോപമുള്ളവരാണെങ്കിൽ ഇതുപോലെ ഒരു പരീക്ഷണം നടത്തിയാൽ വ്യത്യാസമുണ്ടാകുമോ? ചിലപ്പോൾ ഇക്കാര്യത്തിൽ നാം വിജയിച്ചേക്കും. എന്നാൽ, ദൈവം നൽകുന്ന ശക്തിയിൽ ആശ്രയിച്ചുകൊണ്ട് ഇതുപോലൊരു പരീക്ഷണമാണ് നാം നടത്തുന്നതെങ്കിൽ നാം വിജയിക്കുമെന്നതിൽ സംശയം വേണ്ട.
ഇതുപോലൊരു പരീക്ഷണത്തിനു വിലയേറിയ വീഞ്ഞ് വാങ്ങി അതിന്റെ കുപ്പി പൊട്ടിച്ച് ഒഴുക്കിക്കളയണമെന്നില്ല. പകരം എളുപ്പം പൊട്ടിപ്പോകുന്ന ഒരു ഗ്ലാസ് എടുത്തു മേശപ്പുറത്തു വച്ചാലും മതി. അപ്പോൾ അതു കാണുന്ന ഓരോ അവസരത്തിലും കോപം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത നമുക്കോർമവന്നേക്കും. ജോർജിനു സംഭവിച്ചതുപോലെ, ഒന്നോ രണ്ടോ തവണ ഗ്ലാസ് പൊട്ടിക്കേണ്ടിവന്നാൽ കോപം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യം നാം പെട്ടെന്നു മറക്കാനിടയില്ല.
ശ്രീബുദ്ധൻ പറഞ്ഞിട്ടുള്ളതനുസരിച്ച്, കോപത്തിൽ നിലനിൽക്കുന്നവൻ മറ്റുള്ളവരെ എറിയാൻവേണ്ടി ചുട്ടുപഴുത്ത കൽക്കരി തന്റെ കൈയിൽ പിടിച്ചുകൊണ്ടു നിൽക്കുകയാണ്. അതുവഴി പൊള്ളുന്നതാകട്ടെ അയാളുടെ കരങ്ങളും! മറ്റുള്ളവരോടു ദേഷ്യപ്പെടാൻ ചിലപ്പോൾ നമുക്കു കാരണം കണ്ടേക്കും. എന്നാൽ, അതു ന്യായമായ കാരണമായിരിക്കണമെന്നില്ല. ഇനി ന്യായമായ കാരണമുണ്ടെങ്കിൽത്തന്നെ നാം കോപിക്കാതിരിക്കുന്നതാണ് നല്ലത്.
ദൈവവചനം പഠിപ്പിക്കുന്നതനുസരിച്ച്, ഭോഷനാണ് കോപത്തിന്റെ കടിഞ്ഞാണ് അഴിച്ചുവിടുന്നത്. എന്നാൽ, ജ്ഞാനിയാകട്ടെ അതിനെ ക്ഷമയോടെ നിയന്ത്രിക്കുന്നു (സുഭാഷിതങ്ങൾ 29:11).
ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിൽ പറയുന്നതു ശ്രദ്ധിക്കുക. “ആർക്കും കോപിക്കാനാകും. അത് എളുപ്പമാണ്. എന്നാൽ, നമ്മുടെ കോപത്തിന് അർഹനായ ഒരാളോട് ശരിയായ വിധത്തിൽ ശരിയായ സമയത്ത് ശരിയായ ലക്ഷ്യത്തോടെ കോപിക്കുക എന്നത് എല്ലാവരുടെയും നിയന്ത്രണത്തിൽ നിൽക്കുന്ന എളുപ്പമുള്ള കാര്യമല്ല.”
അതായത്, നമ്മുടെ കോപം ഏറെക്കുറെ എല്ലാ സമയത്തും ശരിയായ രീതിയിൽ ശരിയായ സമയത്ത് ശരിയായ കാരണത്തിന്റെ പേരിൽ ആയിരിക്കുകയില്ലെന്നു സാരം. അപ്പോൾപ്പിന്നെ നമ്മുടെ കോപത്തെ നമുക്കൊരിക്കലും ന്യായീകരിക്കാനാവില്ലെന്നു വ്യക്തം.
നമുക്കു നമ്മെത്തന്നെ നാം ആഗ്രഹിക്കുന്ന രീതിയിൽ രൂപപ്പെടുത്താനാവില്ലെന്നു വ്യക്തമായി അറിയാമെന്ന സാഹചര്യത്തിൽ, നമുക്കെങ്ങനെ നാം ആഗ്രഹിക്കുന്ന രീതിയിൽ മറ്റുള്ളവരെ രൂപപ്പെടുത്താനാകുമെന്ന് ആധ്യാത്മികാചാര്യനായ തോമസ് ആകെസിസ് ചോദിച്ചിട്ടുണ്ട്. നാം കോപിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം, പലപ്പോഴും മറ്റുള്ളവർ നാം ആഗ്രഹിക്കാത്ത രീതിയിൽ പ്രവർത്തിക്കുന്നതുകൊണ്ടല്ലേ?
കോപത്തിന്റെ കടിഞ്ഞാണ് എപ്പോഴും നമ്മുടെ കൈയിലിരിക്കട്ടെ. അതിനെ നാം അയച്ചുവിടേണ്ട.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ