നാമാരും മനഃപൂർവം അന്ധകാരത്തിൽ നടക്കാൻ ശ്രമിക്കുന്നവരല്ല. എന്നാൽ, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പലപ്പോഴും നാം ജീവിക്കുന്നതുകൊണ്ട് അന്ധകാരത്തിൽ ചെന്നു വീഴുമെന്നു മാത്രം. അപ്പോൾ വഴികാണാതെ നാം അലയുമെന്നു തീർച്ചയാണ്.
എല്ലാ അർഥത്തിലും ഒരു ബഹുമുഖ പ്രതിഭയായിരുന്നു കാർഡിനൽ ആയിരുന്ന വിശുദ്ധ ജോൺ ഹെന്റി ന്യൂമൻ (1801-1890). ആംഗ്ലിക്കൻ സഭയിൽ പുരോഹിതനായി സേവനം തുടങ്ങിയ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫഡിലെ പ്രഫസർ, ദൈവശാസ്ത്രജ്ഞൻ, തത്വചിന്തകൻ, എഴുത്തുകാരൻ, ചരിത്രകാരൻ, ഭാഷാപണ്ഡിതൻ, കവി എന്നീ നിലകളിൽ പ്രശോഭിച്ചു.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്ന കാലത്ത് മറ്റു ചിലരോടൊപ്പം അദ്ദേഹം ഓക്സ്ഫഡ് മൂവ്മെന്റിനു തുടക്കംകുറിച്ചു. കത്തോലിക്കാസഭയിൽനിന്നു പിരിഞ്ഞുപോയ ആംഗ്ലിക്കൻസഭയിൽ കത്തോലിക്കാവിശ്വാസം പുനഃസ്ഥാപിക്കുകയായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. എന്നാൽ, അത് സാധിച്ചെടുക്കുക എളുപ്പമല്ലായിരുന്നു. തന്മൂലം കാർഡിനൽ ന്യൂമനും കുറേ സഹപ്രവർത്തകരും കത്തോലിക്കാസഭയിൽ എത്തിച്ചേരുകയാണു ചെയ്തത്.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ജോലി നഷ്ടപ്പെടുത്തിക്കൊണ്ടാണ് 1845ൽ അദ്ദേഹം കത്തോലിക്കാ സഭയിൽ അംഗമായത്. അതേത്തുടർന്ന് അദ്ദേഹം കത്തോലിക്കാസഭയിൽ പുരോഹിതനായി അഭിഷിക്തനായി. 1879ൽ ലെയോ പതിമൂന്നാമൻ മാർപാപ്പ അദ്ദേഹത്തിന് കാർഡിനൽ സ്ഥാനം നൽകി. അയർലൻഡിലെ സബ്ളിനിൽ കാത്തലിക് യൂണിവേഴ്സിറ്റി സ്ഥാപിച്ചതുൾപ്പെടെയുള്ള സേവനങ്ങൾ കണക്കിലെടുത്താണ് മാർപാപ്പ അദ്ദേഹത്തിന് ഈ ബഹുമതി നൽകിയത്.
സുവിശേഷമൂല്യങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിൽ അസാധാരണമായി വിജയിച്ച കാർഡിനൽ ന്യൂമനെ 2010ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2019 ഒക്ടോബറിൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വിശുദ്ധപദവിയിലേക്ക് ഉയർത്തുകയും ചെയ്തു.
മികച്ച ഒരു കവിയായിരുന്ന കാർഡിനൽ ന്യൂമൻ 1833ൽ ദ പില്ലർ ഓഫ് ദ ക്ലൗഡ് എന്ന പേരിൽ ഒരു കവിത രചിക്കുകയുണ്ടായി. പിൽക്കാലത്ത് ലീഡ് കൈൻഡ്ലി ലൈറ്റ് എന്ന പേരിലുള്ള ഒരു ഭക്തിഗാനമായി അതു മാറി. ഈ ഗാനത്തിലേക്കു കടക്കുന്നതിനു മുന്പ് ഇത് എഴുതാനുണ്ടായ പശ്ചാത്തലം ഇവിടെ വിവരിക്കട്ടെ.
ബാങ്ക് ഉടമയുടെ മകനായി സന്പന്നകുടുംബത്തിലാണ് ന്യൂമൻ ജനിച്ചത്. എന്നാൽ, നെപ്പോളിയൻ ചക്രവർത്തിയുടെ കാലത്ത് യൂറോപ്പിലുണ്ടായ യൂദ്ധത്തെത്തുടർന്ന് 1816ൽ ബാങ്ക് തകർന്നു. അതേത്തുടർന്ന് കുടുംബത്തിൽ സാന്പത്തികഭദ്രത ഇല്ലാതെയായി. എങ്കിലും കോളജ് പഠനം അദ്ദേഹം പൂർത്തിയാക്കി. അദ്ദേഹത്തിനു 32 വയസുള്ളപ്പോൾ ആരോഗ്യനില മോശമായി. തന്മൂലം വിശ്രമത്തിനും ആരോഗ്യം വീണ്ടെടുക്കുന്നതിനുമായി അദ്ദേഹം ഇറ്റലിയിൽ പോയി.
അവിടെവച്ച് അദ്ദേഹത്തിന് ശക്തമായ പനി ബാധിച്ചു. അപ്പോൾ, എത്രയും വേഗം ഇംഗ്ലണ്ടിൽ മടങ്ങിയെത്താൻ ആഗ്രഹിച്ചു. എന്നാൽ, പലേർമോയിൽ മൂന്നാമത്തെ കാത്തിരിപ്പിനുശേഷമാണ് ഒരു കപ്പൽ കിട്ടിയത്. ആ കപ്പലിനാകട്ടെ പ്രതികൂലമായ കാലാവസ്ഥമൂലം ബൊനിഫാസിയോ കടലിടുക്കിൽ ഒരാഴ്ച തങ്ങേണ്ടിന്നു.
അവിടെ അസ്വസ്ഥനായി കഴിയുന്ന അവസരത്തിലാണ് ലീഡ് കൈൻഡ്ലി ലൈറ്റ് പേരിൽ പ്രസിദ്ധമായ ഗാനം അദ്ദേഹം രചിച്ചത്. ആ ഗാനത്തിലെ പ്രധാന വരികൾ ഇവിടെ ഉദ്ധരിക്കട്ടെ.
""കരുണയുള്ള പ്രകാശമേ എന്ന വലയം ചെയ്തിരിക്കുന്ന ഇരുട്ടിൽനിന്ന് എന്നെ വഴിനടത്തേണമേ. രാത്രി അന്ധകാരനിബിഡമാണ്, ഞാൻ വീട്ടിൽനിന്ന് ഏറെ അകലെയും. എന്നെ നയിക്കേണമേ. എന്റെ പാദങ്ങളെ അങ്ങ് സംരക്ഷിച്ചാലും. ഏറെ അകലെ കാണാൻ എന്നെ അനുവദിക്കണമന്നു ഞാൻ ആവശ്യപ്പെടുന്നില്ല. ഒരു കാലടി വയ്ക്കാനുള്ള അകലം മാത്രം കണ്ടാൽ മതി.
ഒരിക്കലും ഞാൻ ഇതുപോലെ ആയിരുന്നില്ല. എന്നെ വഴിനടത്തണമെന്നു ഞാൻ പ്രാർഥിച്ചിരുന്നുമില്ല. എന്റെ വഴി ഞാൻ തെരഞ്ഞെടുക്കാനും കാണാനുമാണ് ഇഷ്ടപ്പെട്ടത്. എന്നാൽ, ഇപ്പോൾ അങ്ങ് എന്നെ വഴിനടത്തേണമേ. മോടികാട്ടുന്ന രീതിയാണ് ഞാൻ ഇഷ്ടപ്പെട്ടത്. ഭീതിയുടെ ഇടയിലും അഹങ്കാരമാണ് എന്നെ നിയന്ത്രിച്ചത്. എന്റെ കഴിഞ്ഞകാലങ്ങളെ ഓർമിക്കരുതേ.
ഇതുവരെ, അങ്ങയുടെ ശക്തി എന്നെ അനുഗ്രഹിച്ചു. ഇനിയും തീർച്ചയായും അവിടത്തെ അനുഗ്രഹം എന്നെ നയിക്കും.''എന്താണ് ഈ കവിതകൊണ്ട് മുപ്പത്തിരണ്ടുകാരനായ ന്യൂമൻ അർഥമാക്കിയത്? ദൈവം എപ്പോഴും നമ്മെ വഴിനടത്താനുണ്ടാകുമെന്നാണ് ഈ കവിതയുടെ അർഥം. പ്രത്യേകിച്ചും നാം സ്വന്തം വഴിയെ പോയി അന്ധകാരത്തിൽ അലയുന്പോൾ. പക്ഷേ, അതിനായി ന്യൂമൻ ദൈവത്തിലേക്കു തിരിഞ്ഞതുപോലെ നാമും തിരിയണമെന്നു മാത്രം.
നാമാരും മനഃപൂർവം അന്ധകാരത്തിൽ നടക്കാൻ ശ്രമിക്കുന്നവരല്ല. എന്നാൽ, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പലപ്പോഴും നാം ജീവിക്കുന്നതുകൊണ്ട് അന്ധകാരത്തിൽ ചെന്നു വീഴുമെന്നു മാത്രം. അപ്പോൾ വഴികാണാതെ നാം അലയുമെന്നു തീർച്ചയാണ്.
നമുക്കിതുപോലെ സംഭവിച്ചിട്ടുണ്ടെങ്കിൽ നാം നിരാശരാകേണ്ട. നാം എത്രയും വേഗം നമ്മെ വഴിനടത്തുന്ന പ്രകാശമായ ദൈവത്തിലേക്കു തിരിഞ്ഞാൽ മതി. അപ്പോൾ നാം അതിവേഗം രക്ഷയുടെ വഴിയിലെത്തും. ""ഞാൻ വഴിയും വെളിച്ചവുമാകുന്നു. എന്നെ അനുഗമിക്കുന്നവൻ അന്ധകാരത്തിൽ നടക്കുകയില്ല'' (യോഹ 8:12) എന്ന് ദൈവംതന്നെയായ യേശു അരുളിച്ചെയ്തിട്ടുണ്ടല്ലോ. അതെ, അവിടത്തെ അനുഗമിക്കുന്നവരാരും അന്ധകാരത്തിൽ അലയേണ്ടിവരില്ലെന്നു തീർച്ച.
ന്യൂമൻ കവിത എഴുതിയതു ബൈബിളിലെ പുറപ്പാടിന്റെ പുസ്തകത്തെക്കൂടി ആധാരമാക്കിയാണത്രേ. ഇസ്രയേൽ ജനം ഈജിപ്തിൽനിന്നു മരുഭൂമിയിലൂടെ കാനാൻദേശത്തേക്കു പോകുന്പോൾ, പകൽ വഴികാട്ടാൻ മേഘസ്തംഭമായും രാത്രിയിൽ പ്രകാശം നൽകാൻ അഗ്നിസ്തംഭമായും ദൈവം അവരോടൊപ്പം ഉണ്ടായിരുന്നു(പുറപ്പാട് 13: 21-22).
ഇസ്രയേൽ ജനതയെ വഴിനടത്തിയ ദൈവം വഴിനടത്താൻ ഇന്നു നമ്മോടൊപ്പമുണ്ട്. അതു മറക്കാതെ, അവിടന്നു കാണിച്ചുതരുന്ന വഴിയിലൂടെ നാം നടക്കണമെന്നു മാത്രം. അപ്പോൾ നാം ഒരിക്കലും അന്ധകാരത്തിൽ തപ്പിത്തടയില്ല. മാത്രമല്ല, ഏറ്റവും സുരക്ഷിതരായി നാം ദൈവത്തോടൊപ്പം മുന്നോട്ടുപോകും. ആ വഴി നമ്മെ എത്തിക്കുന്നതു സ്വർഗസൗഭാഗ്യത്തിലുമായിരിക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ