അനാഥയായിരുന്നു എസ്തേർ. എന്നാൽ അതീവ സുന്ദരിയും. പിതൃസഹോദരനായ മൊർദെക്കായുടെ സംരക്ഷണയിലാണ് അവൾ വളർന്നത്. മൊർദെക്കായ് അക്കാലത്തു പേർഷ്യൻ രാജാവായിരുന്ന അഹംസ്വരൂസിന്റെ അന്തഃപുരവിചാരിപ്പുകാരനായിരുന്നു. ആയിടയ്ക്ക് രാജാവ് വിവിധ പ്രവിശ്യകളിലെ പ്രഭുക്കൻമാർക്കും നാടുവാഴികൾക്കും ഒരു വിരുന്നു നല്കി.
വിരുന്നിന്റെ ഏഴാം ദിവസം രാജ്ഞിയായ വാഷ്തിയോട് അണിഞ്ഞൊരുങ്ങി രാജസന്നിധിയിലെത്തുവാൻ രാജാവ് ആജ്ഞാപിച്ചു. എന്നാൽ, തന്റെ സൗന്ദര്യം മറ്റുള്ളവരുടെ മുന്പിൽ പ്രദർശിപ്പിക്കാൻ രാജ്ഞി വിസമ്മതിച്ചു. ഇതെത്തുടർന്നു കോപിഷ്ഠനായ രാജാവ് വാഷ്തിയെ രാജ്ഞിപദത്തിൽ നിന്നും മാറ്റി. അതെത്തുടർന്ന്, പുതിയ ഒരു രാജ്ഞിയെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് എസ്തേറിനു നറുക്കുവീണത്. അതിനു പിന്നിൽ പ്രവർത്തിച്ചതാകട്ടെ മൊർദെക്കായിയും.
എന്നാൽ, ഇതിനിടയിൽ ഒരു വില്ലൻ കടന്നുവന്നു. രാജാവിന്റെ ഉന്നതസ്ഥാനപതിയായിരുന്ന ഹാമാൻ ആയിരുന്നു ആ വില്ലൻ. എല്ലാ രാജസേവകരും ഹാമാനെ കുന്പിട്ടുവണങ്ങണമെന്നായിരുന്നു രാജകല്പന. പക്ഷെ, അതിനു മൊർദെക്കായ് തയാറായില്ല. തന്മൂലം, ഹാമാൻ യഹൂദനായ മൊർദെക്കൊയിയെയും യഹൂദവംശത്തിൽപ്പെട്ട എല്ലാവരെയും ഉന്മൂലനം ചെയ്യാൻ ഒരു പദ്ധതി ആവിഷ്കരിച്ചു.
യഹൂദർ രാജകല്പന അനുസരിക്കാത്തവരാണെന്നും അവർക്ക് അവരുടേതായ നിയമമുണ്ടെന്നും ഹാമാൻ രാജാവിനെ വിശ്വസിപ്പിച്ചു. രാജകല്പന മാനിക്കാത്തവരെ ഉന്മൂലനം ചെയ്യണമെന്നു വാദിച്ച ഹാമാന് അപ്രകാരം ചെയ്യാൻ രാജാവ് അനുവാദം നല്കുകയും ചെയ്തു.
അപകടം മണത്തറിഞ്ഞ മൊർദെക്കായ് തന്നെയും തന്റെ ജനത്തെയും രക്ഷിക്കാൻ എസ്തേറിന്റെ സഹായം തേടി. എന്നാൽ, രാജാവിനാൽ വിളിക്കപ്പെട്ടാലല്ലാതെ രാജസന്നിധിയിൽ പ്രവേശിക്കാൻ രാജ്ഞിക്ക് അവകാശമില്ലായിരുന്നു. വിളിക്കപ്പെടാതെ ചെന്നാൽ കഠിനശിക്ഷയും ഉണ്ടാകുമായിരുന്നു.
എങ്കിലും എസ്തേർ നിരാശയായില്ല. സഹായത്തിനായി അവൾ ദൈവത്തിലേക്കു തിരിഞ്ഞു. മാത്രമല്ല, രാജാവിനെ കാണുന്നതിനുള്ള ഒരുക്കമായി മൂന്നു പകലും മൂന്നു രാവും സന്പൂർണ ഉപവാസം എസ്തേർ അനുഷ്ഠിച്ചു. അതോടൊപ്പം ഉപവാസത്തിൽ പങ്കു ചേരാൻ എസ്തേർ ആവശ്യപ്പെടുകയും അവർ അപ്രകാരം ചെയ്യുകയും ചെയ്തു. അതിന്റെ ഫലമായി എന്തുണ്ടായെന്നോ? എസ്തേർ രാജ്ഞിക്കു രാജാവിനെ മുഖം കാണിക്കാൻ അവസരം ലഭിച്ചു. എന്നു മാത്രമല്ല, തന്റെ ജനത്തെ രക്ഷിക്കാനും യഹൂദരുടെ ശത്രുവായിരുന്ന ഹാമാനെ ഇല്ലായ്മ ചെയ്യുവാനും എസ്തേറിനു സാധിച്ചു. അതു സാധിച്ചതാകട്ടെ ഉപവാസം വഴി ദൈവശക്തിയിലാശ്രയിച്ചുകൊണ്ടും.
എസ്തേറിന്റെ വിജയകഥയിൽ നിറഞ്ഞു നിൽക്കുന്നത് ഉപവാസത്തിന്റെ ശക്തിയാണ്. അതായത്, ഭക്ഷണം ത്യജിച്ചുകൊണ്ട് സർവശ്രദ്ധയും ദൈവത്തിലേക്കുയർത്തുന്പോൾ ദൈവത്തിൽനിന്നു ലഭിക്കുന്ന ശക്തി. ആഹാരം കഴിക്കാതെ അധികനാൾ നമുക്ക് ജീവിക്കാനാവില്ല. നമ്മുടെ ജീവിതത്തിന്റെ നിലനില്പിന് അത്രമാത്രം പ്രധാനപ്പെട്ടതാണ് ഭക്ഷണം.
അങ്ങനെ നമുക്കാവശ്യമായ ഭക്ഷണം ഉപേക്ഷിച്ചു നാം ഉപവസിക്കുന്പോൾ ദൈവമാണ് എല്ലാത്തിനെയുംകാൾ പ്രധാനപ്പെട്ടതെന്ന് അംഗീകരിക്കുകയും സ്വന്തം ശക്തിയിലാശ്രയിക്കാതെ ദൈവിക ശക്തിയിൽ നാം ആശ്രയിക്കുകയുമാണ് ചെയ്യുന്നത്. അതിന്റെ അർഥം, നാം ഉപവസിക്കുന്പോൾ നമ്മുടെ മനസും ഹൃദയവും ദൈവത്തിൽ മാത്രമായി ഒതുക്കി നിർത്തുവാൻ നാം ശ്രമിക്കുന്നു എന്നതാണ്.
എസ്തേറും അവളുടെ ജനമായ യഹൂദരും ഉപവസിച്ചപ്പോൾ അതാണ് സംഭവിച്ചത്. അവർ രക്ഷയ്ക്കായി സർവത്തിന്റെയും നാഥനായ ദൈവത്തിലേക്കു തിരിഞ്ഞു. അങ്ങനെ അവർ ചെയ്തതു അവരുടെ ജീവിതത്തിലുണ്ടായ തെറ്റുകൾക്കു മാപ്പ് ചോദിച്ചുകൊണ്ടുകൂടി ആയിരുന്നു. അതായത്, തങ്ങളുടെ ജീവിതത്തെ നവീകരിക്കാനുള്ള സന്നദ്ധതയോടെയായിരുന്നു അവർ ഉപവസിച്ചത്.
നമ്മുടെ ഉപവാസവും അപ്രകാരമുള്ളതായിരിക്കണം. നാം ഉപവസിക്കുന്പോൾ ഭക്ഷണം ഉപേക്ഷിച്ചതുകൊണ്ടു മാത്രമായില്ല. നമ്മുടെ ഉപവാസം ദൈവത്തിനു നമ്മുടെ ജീവിതത്തിൽ പ്രഥമസ്ഥാനം നല്കുവാൻ നമ്മെ സഹായിക്കുന്ന രീതിയിലുള്ളതായിരിക്കണം. അതോടൊപ്പം, അതു നമ്മെ യഥാർഥ മാനസാന്തരത്തിലേക്കും ജീവിത നവീകരണത്തിലേക്കും വഴി തെളിക്കുകയും വേണം.
അങ്ങനെ സംഭവിക്കണമെങ്കിൽ നമുക്ക് ദൈവാനുഗ്രഹം തന്നെ വേണം. അതുകൊണ്ടാണ് ഉപവാസദിനങ്ങൾ പ്രാർഥനയുടെ ദിനങ്ങളാക്കി നാം മാറ്റേണ്ടത്. നാം ഉപവാസമനുഷ്ഠിക്കുന്പോൾ പ്രാർഥിക്കാൻ സ്വഭാവികമായും നമുക്കു സാധിക്കണം. കാരണം, ഉപവാസം വഴി ശരീരം ആത്മാവിനെ അനുസരിക്കാൻ പഠിക്കുന്നു. അപ്പോൾ, പ്രാർഥനയിൽ ആമഗ്നമാകുവാൻ ആത്മാവിനു കൂടുതലായി സാധിക്കുന്നു.
ഉപവാസം വഴി നമ്മുടെ ആത്മാവും ശരീരവും ദൈവത്തിലേക്കു തിരിയുന്പോൾ നാം വിനയമുള്ളവരായി മാറും എന്നതാണ് മറ്റൊരു സവിശേഷത. ഉപവാസം വഴിയായി ശാരീരികമായി നാം തളരുന്പോൾ നമ്മുടെ സകല ശക്തിയുടെയും ഉറവിടം ദൈവമാണെന്ന ബോധ്യം സ്വാഭാവികമായി നമുക്കുണ്ടാകും.
അതായത്, അഹങ്കരിക്കുവാൻ നമുക്ക് ഒരു കാരണവും ഇല്ല എന്നു നമുക്കു വ്യക്തമാകും.
ക്രൈസ്തവലോകം ഈ ദിവസങ്ങളിൽ അന്പതുനോന്പിലേക്കു പ്രവേശിക്കുകയാണ്. ഈ നോന്പുകാലം നമ്മുടെ ആത്മാവ് നമ്മുടെ ശരീരത്തെയും അതിന്റെ ദുർവാസനകളെയും നിയന്ത്രിച്ചു ദൈവത്തിലേക്കു നമ്മെ കൂടുതൽ അടുപ്പിക്കുന്ന ദിവസങ്ങളായി മാറട്ടെ.
അപ്പോൾ ദൈവസ്വരം കൃത്യമായി ശ്രവിക്കാനും ദൈവം കാണിച്ചു തരുന്ന വഴിയിലൂടെ നടന്നു ജീവിതനവീകരണം നേടാനും നമുക്കു സാധിക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ