നേരെ വിപരീതം ചെയ്താൽ
Sunday, February 12, 2023 4:52 AM IST
അമേരിക്കൻ ടെലിവിഷൻ പരന്പരകളുടെ ചരിത്രത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു കോമഡി ഷോ ആണ് ‘സൈൻഫെൽഡ്’. സാംസ്കാരികതലത്തിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള ഈ പരന്പര 1989 ജൂലൈ അഞ്ചു മുതൽ 1998 മേയ് 14 വരെ ആഴ്ചതോറും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പരന്പരയുടെ റീറണ് ഇപ്പോഴും ചില ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നു എന്നതുതന്നെ പരന്പരയുടെ ജനപ്രീതി വ്യക്തമാക്കുന്നു.
ഹാസ്യകലാകാരനായ ജറി സൈൻഫെൽഡ് ആണ് ‘സൈൻഫെൽഡ്’ എന്ന പേരിൽത്തന്നെയുള്ള ഈ പരന്പരയിലെ പ്രധാന കഥാപാത്രം. ഈ പരന്പരയിലും ഹാസ്യകലാകാരനായിട്ടാണ് സൈൻഫെൽഡ് പ്രത്യക്ഷപ്പെടുന്നത്. തന്റെ യഥാർഥ ജീവിതത്തിന്റെ ഭാഗമെന്നപോലെയാണ് പരന്പരയിലുടനീളം അദ്ദേഹത്തെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, ആ കഥകളേറെയും ഭാവനാസൃഷ്ടിയാണു താനും.
പരന്പരയിൽ നിറഞ്ഞുനിൽക്കുന്ന മറ്റു കഥാപാത്രങ്ങളാണു ജറിയുടെ ഏറ്റവും അടുത്ത സുഹൃത്തായ ജോർജ് കസ്റ്റാൻസായും ഒരിക്കൽ ജറിയുടെ ഗേൾഫ്രണ്ടായിരുന്ന ഇലെയ്നും അയൽവാസിയായ ക്രേമറും. ഇവർ പലപ്പോഴും പ്രധാന കഥാപാത്രമായി പ്രത്യക്ഷപ്പെടാറുമുണ്ട്. അവയിലൊന്നാണ് ജോർജ് പ്രധാന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന ‘ദി ഓപ്പസിറ്റ്’ എന്ന പേരിലുള്ള എപ്പിസോഡ്.
ഈ എപ്പിസോഡിൽ ജോർജ് പ്രത്യക്ഷപ്പെടുന്പോൾ ജറി ചോദിക്കുന്നു: “നീ എവിടെയായിരുന്നു?’’ ജറിയുടെകൂടെ ഇലെയ്നുമുണ്ട്. അവർ ഒരു റസ്റ്ററൻറിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്. ജറിയുടെ ചോദ്യം കേട്ടയുടനെ ജോർജ് പറയുന്നു: “ഞാൻ ബീച്ചിൽ പോയിരിക്കുകയായിരുന്നു.’’ അപ്പോൾ ജറി ഇലെയ്നെ നോക്കിക്കൊണ്ട് പറയുന്നു: “ഓ, ബീച്ചിൽ.’’
ഉടനെ നിരാശയോടെ ജോർജ് പറയുന്നു: “കാര്യങ്ങളൊന്നും ശരിയാകുന്നില്ല, ജറി. കാര്യങ്ങളൊന്നും ശരിയാകുന്നില്ല.’’ “എന്താണു ശരിയാകാത്തത്?’’ അപ്പോൾ ജറിയുടെ ചോദ്യം.
ഉടനെ ജോർജ് പറയുന്നു: “എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിച്ചത്. ഞാൻ എത്ര നല്ല ഭാവിയുള്ള ആളായിരുന്നു! എത്ര നല്ല വ്യക്തിത്വമായിരുന്നു എന്റേത്. ഞാൻ മിടുക്കനുമായിരുന്നു. പഠനകാര്യത്തിൽ അത്ര കേമനല്ലായിരുന്നിരിക്കണം. എങ്കിലും എനിക്കു കാര്യങ്ങൾ പെട്ടെന്നു വിവേചിച്ചറിയാനുള്ള കഴിവുണ്ടായിരുന്നു. എന്നാൽ, ഇന്നു ബീച്ചിലിരിക്കുന്പോൾ എനിക്ക് ഒരു കാര്യം വ്യക്തമായി.’’
ജറിയും ഇലെയ്നും ആകാംക്ഷയോടെ കേട്ടിരിക്കുന്പോൾ ജോർജ് തുടർന്നു: “എന്റെ ജീവിതത്തിൽ ഇതുവരെ എടുത്ത തീരുമാനങ്ങൾ തെറ്റായിരുന്നുവെന്നു എനിക്കിന്നു ബോധ്യമായി. ഞാൻ എന്താകുവാൻ ആഗ്രഹിക്കുന്നുവോ അതിനു നേരേ വിപരീതമാണ് എന്റെ ജീവിതം ഇപ്പോൾ. എന്റെ ജന്മവാസന, അതു ഭക്ഷണത്തിന്റെ കാര്യത്തിലോ വസ്ത്രം ധരിക്കുന്ന കാര്യത്തിലോ എന്തുകാര്യത്തിലുമോ ആകട്ടെ അതു തെറ്റായിരുന്നു.’’
ഉടനെ ഒരു വെയ്റ്റ്റസ് പ്രത്യക്ഷപ്പെട്ടു ജോർജിനോട് ചോദിക്കുന്നു: “പതിവുപോലെ ടൂണാ ടോസ്റ്റും കാപ്പിയും, അല്ലേ?’’ അപ്പോൾ ജോർജ് പറയുന്നു: “വേണ്ട, വേണ്ട. ഞാൻ എപ്പോഴും ടോസ്റ്റ് ചെയ്ത ബ്രഡിൽ ടൂണായാണു കഴിക്കുന്നത്. അതിന്റെ നേരെ വിപരീതം മതി എനിക്കിന്ന്. ചിക്കൻ സാലഡും ടോസ്റ്റു ചെയ്യാത്ത ബ്രഡും ചായയും.’’
അപ്പോൾ ഇലെയ്ന്റെ കമൻറ്: “ഇതുവഴി സംഭവിക്കാൻ പോകുന്നതെന്താണെന്നു ഭാവന ചെയ്യാൻ പോലും സാധിക്കില്ല.’’ ഉടനെ ജറി പറയുന്നു: “ടുണായുടെ വിപരീതമായിട്ടുള്ളതു ചിക്കൻ. അല്ല, ടൂണാ ആണ്. കാരണം, സാമണ് മത്സ്യം ഒഴുക്കിനെതിരേ നീന്തുന്പോൾ ടൂണാ മത്സ്യം ഒഴുക്കിനൊത്തായിട്ടാണ് നീന്തുന്നത്.’’
ഈ സമയം റസ്റ്ററന്റിലുണ്ടായിരുന്ന ഒരു സുന്ദരി ജോർജിനെ നോക്കിക്കൊണ്ടിരിക്കുകയാണ്. അതു ശ്രദ്ധിച്ച ഇലെയ്ൻ പറയുന്നു: “പോയി അവളോട് സംസാരിക്കൂ.’’ ഉടനെ ജോർജിന്റെ മറുപടി: “ഇലെയ്ൻ, കഷണ്ടിക്കാരനും തൊഴിൽരഹിതനും പണമില്ലാത്തവനും മാതാപിതാക്കളുടെ ചെലവിൽ കഴിയുന്നവനുമായ ഒരാൾ പരിചയമില്ലാത്ത സുന്ദരിമാരെ സമീപിക്കാറില്ല.’’
അപ്പോൾ ജറി പറയുന്നു: “നേരേ വിപരീതമായിട്ടുള്ളതു പരീക്ഷിക്കാനുള്ള ഒരു അവസരമാണിത്.’’ ആ സമയം ജോർജ് പറയുന്നു: “ശരി, ഞാൻ വിപരീതമായിട്ടുള്ളതു ചെയ്യാം. ദിവസം മുഴുവൻ ഞാൻ വെറുതെയിരുന്നു. ഒന്നും നടക്കുന്നില്ലല്ലോ എന്നോർത്ത് ഇതുവരെ വിലപിക്കുകയായിരുന്നു. ഇനി എന്റെ ജന്മവാസനയ്ക്കു വിപരീതമായതു ഞാൻ ചെയ്യാം.’’
ഇത്രയും പറഞ്ഞിട്ട് ജോർജ് ആ സുന്ദരിയുടെ അടുത്തുചെന്നു പറയുന്നു: “നിങ്ങൾ കുറെ സമയം എന്നെത്തന്നെ നോക്കുന്നതായി ഞാൻ ശ്രദ്ധിച്ചു.’’ ഉടനെ ആ സുന്ദരി പറയുന്നു: “എന്റെ പേരു വിക്ടോറിയ. ഞാൻ ഓർഡർ ചെയ്ത ഭക്ഷണം തന്നെയാണ് നിങ്ങളും ഓർഡർ ചെയ്തത്.’’
അപ്പോൾ ജോർജ് പറയുന്നു: “എന്റെ പേര് ജോർജ്. എനിക്ക് ജോലിയില്ല. മാതാപിതാക്കളുടെ ചെലവിൽ കഴിയുന്നു.’’
ഇതിനുശേഷം നാം പിന്നീട് കാണുന്നത് അവർ ഒരുമിച്ചു നടന്നുനീങ്ങുന്നതാണ്. അതായത്, കള്ളം പറയുന്ന തന്റെ ജന്മവാസനയ്ക്കെതിരേ പോരാടി സത്യം പറയുവാൻ ശ്രമിച്ചതുവഴി ജോർജ് വിജയിക്കുന്നു എന്നതിന്റെ സൂചന.
നമ്മുടെ ജന്മവാസനകൾ പലതും നന്മ ചെയ്യുവാനും നല്ലതു ചെയ്യുവാനുമല്ല. എന്നാൽ, തിന്മ ചെയ്യാനുള്ള ജന്മവാസനയനുസരിച്ച് നാം നീങ്ങിയാൽ നാം ഇന്നല്ലെങ്കിൽ നാളെ പരാജയപ്പെടുമെന്നു തീർച്ച. എന്നാൽ, നല്ലതു മാത്രം ചെയ്തുകൊണ്ടു നന്മയുടെ വഴിയെ പോയാൽ അന്തിമവിജയം നമ്മുടേതായിരിക്കുമെന്നതിൽ സംശയം വേണ്ട.
തെറ്റായ വഴിയെ നടന്നിട്ട് ജോർജിന് ഒരിടത്തും വിജയിക്കാൻ സാധിച്ചില്ല. അപ്പോഴാണ്, താൻ ചെയ്തതിനു നേരേ വിപരീതമായി സത്യത്തിന്റെ വഴി തെരഞ്ഞെടുക്കുവാൻ ജോർജ് തീരുമാനിച്ചത്. അതു വിജയിക്കുകയും ചെയ്തു. പക്ഷേ, ഈ അനുഭവംമൂലം ജോർജ് തന്റെ സ്വഭാവം പാടേ മാറ്റി എന്നു കരുതേണ്ട. പിന്നീടുള്ള എപ്പിസോഡുകളിൽ ജോർജിനെ നാം കാണുന്നതു ജിവിതത്തിൽ വലിയ മാറ്റം വരുത്തിയവനായിട്ടല്ല.
നന്മയുടെ വഴിയും നല്ലതു ചെയ്യേണ്ടത് എങ്ങനെയെന്നും നമുക്കറിയാം. എന്നാൽ, നന്മയുടെ വഴിയെ പോയി നല്ലതു ചെയ്യുന്നതിനു പകരം നമ്മിൽ പലരും നമ്മുടെ ജന്മവാസനയ്ക്കൊത്തു തെറ്റായ വഴിയിലൂടെ നീങ്ങുന്നു. അതിനുപകരം, സെന്റ് ഇഗ്നേഷ്യസ് ലയോള പഠിപ്പിച്ചിട്ടുള്ളതുപോലെ, “ആജരെ കോണ്ട്ര’’ എന്ന തത്വം പാലിക്കുകയാണു വേണ്ടത്. അതായത്, തെറ്റായ വാസനകൾക്കുനേരേ എതിരായതു ചെയ്യുക. മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ ജോർജ് ചെയ്തതും അതായിരുന്നു.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ