ആറു മക്കളുള്ള ഒരു സ്ത്രീ. ഭർത്താവിനു നല്ല വരുമാനമുള്ള ജോലി. മക്കളെല്ലാം പഠിച്ചു മിടുക്കരായി നല്ല നിലയിൽ. അവരെല്ലാവരും സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ആ സ്ത്രീയെ ഒരു പൊതുസമ്മേളനവേദിയിൽ പ്രസംഗത്തിനു ക്ഷണിച്ചത്. പക്ഷേ, സമ്മേളനത്തിനു പോയത് ആ സ്ത്രീ മാത്രമായിരുന്നില്ല. അവർ തന്റെ കുടുംബാംഗങ്ങളെ മുഴുവൻ കൂടെ കൊണ്ടുപോയി.
താൻ ചെറുപ്പമായിരുന്നപ്പോൾ തന്റെ ഭാവിജീവിതം കരുപ്പിടിപ്പിക്കാൻ താൻ എന്തു ചെയ്തു എന്നതിനെക്കുറിച്ചായിരുന്നു ആ സ്ത്രീ സംസാരിച്ചത്. അവരുടെ പ്രസംഗത്തിന്റെ സാരാംശം താഴെക്കൊടുക്കുന്നു:
പന്ത്രണ്ടാം ക്ലാസ് ഉയർന്ന മാർക്കോടെ പാസായപ്പോൾ അഭിമാനപൂർവമായിരുന്നു ഡിപ്ലോമദാനത്തിൽ പങ്കെടുത്തത്. ആ ചടങ്ങിലെ വിശിഷ്ടാതിഥി ചില കാര്യങ്ങൾ പറഞ്ഞത് അന്നു പതിനെട്ടുകാരിയായിരുന്ന ആ സ്ത്രീയെ ഏറെ സ്വാധീനിച്ചു.
അതിലൊന്ന് ഭാവിയിലേക്കു നോക്കി ജീവിതത്തിന് ഒരു പ്ലാനും പദ്ധതിയുമുണ്ടാക്കാനായിരുന്നു. അതോടൊപ്പം, ഏതൊക്കെ ജീവിതമൂല്യങ്ങളാണു പ്രാവർത്തികമാക്കാൻ പോകുന്നതെന്നു തീരുമാനിക്കണമെന്നും ആ വിശിഷ്ടാതിഥി പറഞ്ഞു. അങ്ങനെയാണ് ആ പതിനെട്ടുകാരി തന്റെ ജീവിതത്തിന് ഒരു പ്ലാനും പദ്ധതിയും ആവിഷ്കരിച്ചത്.
ഹൈസ്കൂൾ പഠനം കഴിഞ്ഞാൽ എല്ലാവരും കോളജിൽ പോയിരുന്ന കാലഘട്ടമായിരുന്നില്ല അത്. ത·ൂലം, ആ സ്ത്രീ ഒരു ജോലി സന്പാദിച്ച് കുടുംബജീവിതം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടത്തി. ദൈവത്തിന്റെ അനന്തപരിപാലനയിൽ തനിക്കൊരു ഭർത്താവിനെ ദൈവം കണ്ടുവച്ചിട്ടുണ്ടെന്ന് ആ സ്ത്രീ വിശ്വസിച്ചു. അയാൾ നല്ലവനായിരിക്കാൻവേണ്ടി അവർ പ്രാർഥിച്ചു.
എന്നാൽ, അതോടൊപ്പം താൻ ഉത്തമയായ ഭാര്യയായിത്തീരണമെന്ന കാര്യം അവർ മറന്നുപോയില്ല. അതിനുവേണ്ടി അവൾ പ്രാർഥിക്കുകയും ഉപവസിക്കുകയും തന്റെ സ്വഭാവന്യൂനതകൾ പരിഹരിച്ച് മെച്ചപ്പെട്ട വ്യക്തിത്വത്തിന്റെ ഉടമയാകുവാൻ ആത്മാർഥമായി ശ്രമിക്കുകയും ചെയ്തു.
ഇതിനിടയിൽ, തനിക്കു തന്റെ അമ്മയെപ്പോലെ ആറു മക്കൾക്കെങ്കിലും ജ·ം നൽകണമെന്ന ആഗ്രഹം ഉണ്ടായി. മക്കളെ ജനിപ്പിച്ചാൽ പോരല്ലോ. അവർക്കു നല്ല അമ്മയാവുകയും ചെയ്യണമല്ലോ. അതിനുള്ള വഴി ആലോചിച്ചപ്പോൾ അവൾക്ക് ഒരു ബുദ്ധി തോന്നി. ജനിക്കാൻ പോകുന്ന മക്കൾക്ക് മുൻകൂട്ടി കത്തെഴുതുക.
അവർ മക്കൾക്ക് മുൻകൂട്ടി എഴുതിയ കത്തിലെ ഒരു ഭാഗം ഇങ്ങനെയായിരുന്നു: ’ ഒരു അമ്മ എന്ന രീതിയിൽ നിങ്ങളെ ലജ്ജിപ്പിക്കുന്ന തരത്തിൽ ഇതുവരെയും ദൈവാനുഗ്രഹത്താൽ ഞാൻ ഒന്നും ചെയ്തിട്ടില്ല. ഇനിയും ചെയ്യാതിരിക്കാൻ ഞാൻ ശ്രമിക്കും. നിങ്ങളുടെ അപ്പച്ചനായിത്തീരാൻ പോകുന്ന ആളും ഉന്നതജീവിത മൂല്യമുള്ള ആളാണെന്നു ഞാൻ ഉറപ്പുവരുത്തും. അങ്ങനെയുള്ള ഒരാളെ ദൈവം എനിക്കു തരുമെന്നാണ് എന്റെ പ്രാർഥനയും വിശ്വാസവും.
കുറേനാൾ കഴിഞ്ഞപ്പോൾ ഈ സ്ത്രീ വിവാഹിതയായി. അപ്പോൾ, താൻ മുൻകൂട്ടി തന്റെ മക്കളോടു ചെയ്ത വാഗ്ദാനം അവർ ഭർത്താവിനോടു വിവരിച്ചു. അതു കേട്ടപ്പോൾ അയാൾക്ക് ഏറെ സന്തോഷമായി. തന്റെ ഭാര്യയിൽനിന്നു ജനിക്കാൻപോകുന്ന തന്റെ മക്കളെക്കുറിച്ച് അപ്പോൾത്തന്നെ അയാൾക്ക് അഭിമാനം തോന്നി. അയാൾ ദൈവത്തിനു നന്ദി പറഞ്ഞു.
തന്റെ ഈ ജീവിതകഥ വിവരിച്ചതിനുശേഷം അവർ ഭർത്താവിനെയും മക്കളെയുമൊക്കെ സദസിനു പരിചയപ്പെടുത്തി. അപ്പോൾ, നീണ്ടുനിന്ന കരഘോഷമുയർന്നു.
സ്റ്റേർലിംഗ് സിൽ എന്ന അമേരിക്കൻ എഴുത്തുകാരൻ അവതരിപ്പിച്ച ഈ സംഭവകഥ വായിക്കുന്പോൾ ഈ കഥയിലെ സ്ത്രീയുടെ ദീർഘവീക്ഷണം നമ്മെ അതിശയിപ്പിച്ചേക്കാം. എന്നാൽ, നാം ഏതു ജീവിതതുറയിലുള്ളവരാണെങ്കിലും നമുക്കും ഇതിനു സമാനമായ ഒരു ജീവിതവീക്ഷണം ആവശ്യമാണ്. പ്രത്യേകിച്ചും നാം ഒരു പുതിയ വർഷത്തിലേക്കു കാലെടുത്തുവയ്ക്കുന്പോൾ.
ഒരു പുതിയ വർഷം ആരംഭിക്കുന്പോൾ നമുക്കെല്ലാവർക്കും സന്തോഷമാണ്. എന്നാൽ, നമ്മിൽ എത്രയോ കുറച്ചുപേർ മാത്രം പുതിയ വർഷം ഏറ്റവും നല്ല രീതിയിൽ വിനിയോഗിക്കാൻ പ്ലാനിടുന്നു! അതിലും എത്രയോ കുറച്ചുപേർ മാത്രം നമ്മുടെ ജീവിതാവസാനം വിജയപ്രദമാക്കുമെന്ന് ഉറപ്പുവരുത്തുന്നു.
കഥകളും നോവലുകളുമൊക്കെ വായിക്കുന്നവരിൽ ചിലരെങ്കിലും അവ പൂർണമായി വായിക്കുന്നതിനു മുൻപ് കഥ എങ്ങനെ അവസാനിക്കുന്നു എന്നു മുൻകൂട്ടി അറിയാൻ ശ്രമിക്കാറില്ലേ? അതുപോലെ, നമ്മുടെ ജീവിതകഥ തീരുന്നതിനുമുൻപ്, അത് എങ്ങനെ അവസാനിക്കാനാണു സാധ്യതയെന്ന് ആത്മാർഥമായി ആരായുന്നതു നല്ലതല്ലേ? നമ്മുടെ ഇപ്പോഴത്തെ പോക്കു നോക്കിയാൽ നമ്മുടെ അവസാനം എങ്ങനെയായിരിക്കണമെന്നു കണ്ടുപിടിക്കാൻ അതിസാമർഥ്യമൊന്നും വേണ്ട. അതിനു സാമാന്യബുദ്ധി മാത്രം മതി.
നാം ഇപ്പോൾ സഞ്ചരിക്കുന്നതു ന·യുടെയും വിശുദ്ധിയുടെയും പാതയിലാണോ? അഹങ്കാരത്തിനും അസൂയയ്ക്കും താൻപോരിമയ്ക്കും വാശിക്കും വൈരാഗ്യത്തിനും പകരം നമ്മിൽ കുടികൊള്ളുന്നതു വിനയവും സ്നേഹവും കരുണയും ക്ഷമാശീലവുമൊക്കെയാണെങ്കിൽ നമ്മുടെ പോക്കു നല്ലവഴിക്കുതന്നെയെന്ന് ഉറപ്പാണ്. അതല്ല, ഏതു കാര്യത്തിനും മറ്റുള്ളവരെ കൊച്ചാക്കാനും ഇല്ലാതാക്കാനും അടിച്ചമർത്താനുമൊക്കെയാണു നാം പ്ലാനിടുന്നതെങ്കിൽ നമ്മുടെ അന്ത്യം അതിഭയാനകം തന്നെയായിരിക്കും.
കഴിഞ്ഞ വർഷങ്ങളിലെയും പുതുവർഷത്തിലെയും നമുക്കു വരാനിരിക്കുന്ന വർഷങ്ങളിലെയും നമ്മുടെ മണിക്കൂറുകൾ വിധിക്കപ്പെടുന്ന ഒരു മണിക്കൂർ ഉണ്ട്. നമ്മുടെ അവസാന മണിക്കൂർ! ആ മണിക്കൂർ ശാന്തപൂർണവും വിജയപൂർണവുമാകണമെങ്കിൽ നാം പണ്ടേതന്നെ അതിനുവേണ്ടി ശ്രമിക്കേണ്ടതായിരുന്നു. എന്നാൽ, ദൈവാനുഗ്രഹത്താൽ ഇനിയും സമയമുണ്ട്. ഇപ്പോൾ നമുക്കു ദൈവം തന്നിരിക്കുന്ന മണിക്കൂറുകൾ. അവ പാഴായിപ്പോകാൻ നാം അനുവദിക്കരുത്. അതായിരിക്കട്ടെ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട പുതുവത്സര പ്രതിജ്ഞ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ