സ്നേഹസമൃദ്ധവും സമാധാനപൂർണവും സന്പന്നവുമായ ഒരു ലോകം. അതായിരുന്നു ആ സ്ത്രീ സ്വപ്നം കണ്ടത്. എന്നാൽ, തന്റെ ചുറ്റിലും കണ്ടത് അതായിരുന്നില്ല. എവിടെ നോക്കിയാലും വഴക്കും വക്കാണവും അടിപിടിയും യുദ്ധവും മാത്രം. പത്രവും ടിവിയും ഉൾപ്പെടെയുള്ള വാർത്താമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് അമ്മാതിരിയുള്ള വാർത്തകൾ മാത്രം.
ഇവ ആ സ്ത്രീയുടെ ഉറക്കം നഷ്ടപ്പെടുത്തി. അവരുടെ സമാധാനം ഇല്ലാതാക്കി. മാനസികാരോഗ്യം നഷ്ടപ്പെടുത്തി. അങ്ങനെയാണ്, ഒരുദിവസം ആശ്വാസം തേടി അവർ ഷോപ്പിംഗിനിറങ്ങിയത്. അവർ അന്നു പോയത് ഒരു ഷോപ്പിംഗ് മാളിലേക്കായിരുന്നു.
അവിടെ എത്തിയപ്പോൾ പുതിയൊരു സ്റ്റോർ തുറന്നിരിക്കുന്നത് ആ സ്ത്രീ കണ്ടു. ആ സ്റ്റോറിലേക്ക് കയറിച്ചെന്നപ്പോൾ കൗണ്ടറിന്റെ പിന്നിലിരിക്കുന്ന ആളിന്റെ മുഖം പരിചയമുള്ളതുപോലെ തോന്നി. ചിത്രങ്ങളിൽ കാണാറുള്ള യേശുവിന്റെ മുഖം!
"നിങ്ങൾ യേശുവാണോ?’ ആ സ്ത്രീ സംശയപൂർവം ചോദിച്ചു. "അതേ’ യേശു മറുപടി നൽകി. ഉടൻ ആ സ്ത്രീ ചോദിച്ചു, "അങ്ങ് ഇവിടെ ജോലിചെയ്യുകയാണോ?' "യഥാർഥത്തിൽ ഞാൻ ഈ സ്റ്റോറിന്റെ ഉടമയാണ്-’ ഒരു പുഞ്ചിരിയോടെ യേശു പറഞ്ഞു. "ഈ സ്റ്റോറിലൂടെ ചുറ്റിക്കറങ്ങിയാൽ ഞാൻ വിൽക്കുന്നവ എന്താണെന്നു കണ്ടെത്താനാവും. അപ്പോൾ നിങ്ങൾക്ക് ആവശ്യമുള്ളവയുടെ ലിസ്റ്റ് തയാറാക്കി എനിക്കു തരിക. എന്തുചെയ്യാൻ സാധിക്കുമെന്നു ഞാൻ നോക്കാം.’
ആ സ്ത്രീ ആകാംക്ഷാപൂർവം ആ സ്റ്റോറിലൂടെ ചുറ്റിക്കറങ്ങി. അപ്പോൾ അവിടെ കണ്ടവ അവരുടെ മനംകുളിർപ്പിച്ചു! ഭൂമിയിൽ സമാധാനം, യുദ്ധമില്ലാത്ത ലോകം, വിശപ്പും ദാരിദ്ര്യവുമില്ലാത്ത മനുഷ്യർ, കുടുംബങ്ങളിൽ സമാധാനം, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിറകേ പോകാത്ത ജനം, ശുദ്ധവായു... ലിസ്റ്റ് അങ്ങനെ നീണ്ടുപോയി.
ആ സ്ത്രീ അവിടെ കണ്ടവയുടെയൊക്കെ ലിസ്റ്റ് തയാറാക്കി വീണ്ടും കൗണ്ടറിലെത്തി. അപ്പോൾ, ഒരു മന്ദഹാസവുമായി യേശു അവിടെ കാത്തുനിൽപുണ്ടായിരുന്നു. ഉടനെ ആ സ്ത്രീ തന്റെ കൈയിലുണ്ടായിരുന്ന ലിസ്റ്റ് യേശുവിനെ ഏല്പിച്ചു. യേശു ആ ലിസ്റ്റ് സൂക്ഷിച്ചു വായിച്ചു. എന്നിട്ട് കൗണ്ടറിനടിയിൽനിന്ന് ചില പാക്കറ്റുകൾ എടുത്ത് കൗണ്ടറിൽ വച്ചു.
"എന്താണിവ?' അവിടെ സംഭവിക്കുന്നത് എന്താണെന്നറിയാതെ ആ സ്ത്രീ ചോദിച്ചു. അപ്പോൾ യേശു പറഞ്ഞു, "ഇതു വിത്തുകളുടെ പാക്കറ്റുകളാണ്.' ഉടനെ തന്റെ ദ്വേഷ്യം മറച്ചുവയ്ക്കാതെ അവർ പറഞ്ഞു, "എനിക്കു വേണ്ടത് വിത്തുകളല്ല. അവയുടെ ഫലങ്ങളാണ്!'
വിശദീകരണം എന്നപോലെ യേശു പറഞ്ഞു, "ഇതു സ്വപ്നങ്ങളുടെ ഒരു സ്ഥലമാണ്. നിങ്ങൾ വന്നു നിങ്ങൾക്കു വേണ്ടവ എന്താണെന്നു കാണുന്നു. അപ്പോൾ, ഞാൻ നിങ്ങൾക്ക് അവയുടെ വിത്തുകൾ നൽകുന്നു. നിങ്ങൾ അവ വീട്ടിൽ കൊണ്ടുപോയി പാകി കിളിർപ്പിച്ച് അവയ്ക്ക് ജലവും പോഷകവും നൽകി വളർത്തുന്നു. അപ്പോൾ അവ ഫലം നൽകുന്നു.' ഇതു കേട്ടു നിരാശയായ ആ സ്ത്രീ അവിടെനിന്ന് ഒന്നും വാങ്ങിയില്ല. അവർ മുഖം കറുപ്പിച്ച് വേഗം പുറത്തുകടന്നു.
ഇതൊരു കഥയാണ്. "സ്പിരിച്വൽ ലിറ്ററസി' എന്ന പേരിൽ അമേരിക്കക്കാരായ ഫ്രെഡറിക് ബ്രൂസറ്റും മേരി ആൻ ബ്രൂസറ്റുംകൂടി പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ് ഈ കഥ കൊടുത്തിരിക്കുന്നത്. എന്താണ് ഈ കഥ കൊണ്ട് അർഥമാക്കുന്നത്?
ദൈവപുത്രനായ യേശു ലോകത്തിലേക്കു വന്നത് വലിയ സ്വപ്നങ്ങളുമായിട്ടായിരുന്നു. ലോകത്തെയും അതിലെ സകല ജനങ്ങളെയും രക്ഷപ്പെടുത്താനുള്ള സ്വപ്നം അവർക്ക് എന്നും ശാന്തിയും സമാധാനവും നൽകാനുള്ള സ്വപ്നം. സകല മനുഷ്യരും സന്പൂർണ സ്നേഹത്തിലും സൗഹാർദത്തിലും ജീവിക്കുന്നതു കാണാനുള്ള സ്വപ്നം.
അടിപിടിയും കലഹവും യുദ്ധവുമില്ലാത്ത ലോകമായിരുന്നു യേശു സ്വപ്നം കണ്ടത്. കുടുംബങ്ങൾ സ്നേഹത്തിൽ ചുറ്റപ്പെട്ടു നിൽക്കുന്ന ഒരു ലോകമാണ് അവിടുന്ന് സ്വപ്നം കണ്ടത്. മറ്റുള്ളവരുടെ ജീവിതം ധന്യമാക്കാൻ പരസ്പരം ഭാരം വഹിക്കുന്നവരുടെയും ത്യാഗം വരിക്കുന്നവരുടെയും ഒരു ലോകമാണ് അവിടുന്ന് സ്വപ്നം കണ്ടത്.
യേശു തന്റെ സ്വപ്നങ്ങൾ എല്ലാവരുമായും പങ്കുവച്ചു. എന്നു മാത്രമല്ല, ആ സ്വപ്നങ്ങളുടെ വിത്തുകൾ തന്നെ അനുഗമിക്കുന്നവർക്കായി അവിടുന്ന് നൽകി. അവരാണ് ആ വിത്തുകൾ പാകി കിളിർപ്പിച്ചു ജലവും വളവും നൽകി ഫലങ്ങൾ വിരിയിക്കേണ്ടത്. ഈ ദൗത്യത്തിൽ മാനവകുലം മുഴുവൻ പങ്കുചേരണമെന്നാണ് അവിടത്തെ ആഗ്രഹം. പ്രത്യേകിച്ച്, അവിടുന്നിൽ വിശ്വാസമർപ്പിച്ചിരിക്കുന്നവർ.
ഒരു ഉപമപോലെ അവതരിപ്പിച്ചിരിക്കുന്ന ഈ കഥയിൽ പറയാത്ത പ്രധാനപ്പെട്ട ഒരുകാര്യമുണ്ട്. അതായത് എല്ലാവിധത്തിലും നന്മപൂർണമായ ഒരു ലോകം സൃഷ്ടിക്കുന്നതിനുള്ള സ്വപ്നങ്ങൾ മാത്രമല്ല ദൈവപുത്രനായ യേശു നമുക്ക് നൽകിയത്. ആ സ്വപ്നങ്ങൾ വിരിയിക്കുന്നതിനു നാം മനസാണെങ്കിൽ അതിനുള്ള അനുഗ്രഹവും ശക്തിയും അവിടുന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനുവേണ്ടി നാം അവിടത്തോട് ചേർന്നു നിന്നു പ്രവർത്തിക്കണമെന്നു മാത്രം.
വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ യേശു പറയുന്നു, "ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല.' (15:5). അതായത് അവിടത്തോടു ചേർന്നുനിന്നാൽ നന്മ നിറഞ്ഞ ലോകത്തിനായുള്ള നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുമെന്നു വ്യക്തം.
നാം ക്രിസ്മസിന് ഒരുങ്ങുന്ന ഈ അവസരത്തിൽ ഈ ലോകത്തെക്കുറിച്ചുള്ള യേശുവിന്റെ സ്വപ്നങ്ങളിൽ പങ്കുചേരാം. അവിടത്തോട് എപ്പോഴും ചേർന്നു നിന്നുകൊണ്ട് അവിടത്തെ ശക്തി സ്വീകരിച്ചു നല്ല ഫലങ്ങൾ നമുക്ക് പുറപ്പെടുവിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ