തിരികെ നടക്കാനുള്ള ശക്തി
Saturday, November 12, 2022 11:01 PM IST
തിന്മയുടെ വഴി ഉപേക്ഷിച്ചു നന്മയുടെ വഴി നടക്കാൻ ഗാർഡ്നറെ സഹായിച്ചത് എന്താണെന്നോ? ദൈവാനുഗ്രഹം! തന്റെ ദുശീലങ്ങളിൽനിന്നു മോചിതനാകാൻ ഗാർഡ്നർക്ക് ഒരിക്കലും സ്വയം സാധ്യമായിരുന്നില്ല. അയാൾ ദൈവത്തിന്റെ ശക്തിയിലാശ്രയിച്ചപ്പോഴാണ് അതു സാധ്യമായത്. പിന്നീട് ഗാർഡ്നർ മറ്റുള്ളവരോടു പ്രസംഗിച്ചതും അതുതന്നെയായിരുന്നു.
ഒന്നേകാൽ നൂറ്റാണ്ടു മുന്പ് ജീവിച്ചിരുന്ന ഒരു പ്രൈസ്ഫൈറ്ററുടെ കഥ. അഞ്ചു സഹോദരൻമാരിൽ ഒരാളായിരുന്നു ഹെസക്കിയ ഓർവിൽ ഗാർഡ്നർ (1825-1895). മറ്റു നാലു സഹോദരന്മാരെപ്പോലെ ഗാർഡ്നറും ബോക്സിംഗ് ആണ് ജീവിതമാർഗമായി തെരഞ്ഞെടുത്തത്. ആറടിയിലേറെ ഉയരമുണ്ടായിരുന്ന ഉറച്ച ശരീരത്തിന്റെ ഉടമയായിരുന്നു ഈ മല്ലൻ.
ന്യൂയോർക്ക് സിറ്റിയിലാണ് ജനിച്ചതും വളർന്നതും. അവിടത്തെ തെരുവുകളിൽ അടിപിടിക്കും ഏറ്റുമുട്ടലിനും ഗാർഡ്നർ എപ്പോഴും മുൻപിലുണ്ടായിരുന്നു. ബോക്സിംഗിൽ പേരെടുത്തിട്ടും തന്റെ ദുശീലങ്ങളിൽനിന്ന് അകന്നുനിൽക്കാൻ ഗാർഡ്നർ തയാറായിരുന്നില്ല.
1847ൽ 33 റൗണ്ട് നീണ്ടുനിന്ന ബോക്സിംഗ് മത്സരത്തിൽ അലൻ മക്ഫി എന്ന മല്ലനെ പരാജയപ്പെടുത്തിയതോടെ ഗാർഡ്നർ രാജ്യം മുഴുവൻ അറിയപ്പെടാൻ തുടങ്ങി. അതേത്തുടർന്ന് ബോക്സിംഗ് പരിശീലകനായും ഗാർഡ്നർ കുപ്പായമിട്ടു. അക്കാലത്തെ പല ബോക്സിംഗ് ചാന്പ്യൻമാരും ഗാർഡ്നറിന്റെ ശിക്ഷണം നേടിയവരായിരുന്നു.
ആരെയും തല്ലാനും കൊല്ലാനും മടിയില്ലായിരുന്ന ഗാർഡ്നർ ഒരു തല്ലുകേസിൽപെട്ടപ്പോൾ അധികാരികളിൽനിന്നു രക്ഷനേടാൻ കാനഡയിലേക്ക് ഒളിച്ചോടി. അക്കാലത്ത് ഗാർഡ്നർ മുക്കുടിയനും അസാന്മാർഗിക ജീവിതത്തിന്റെ ഉടമയുമായിരുന്നു.
ഗാർഡ്നർ കാനഡയിലായിരുന്നപ്പോൾ അയാളുടെ ഏകപുത്രൻ മുങ്ങിമരിക്കാൻ ഇടയായി. അതേത്തുടർന്ന് ന്യൂയോർക്കിൽ തിരിച്ചെത്തിയ ഗാർഡ്നർ മറ്റൊരു കേസിൽപ്പെട്ട് ശിക്ഷിക്കപ്പെട്ടു. അന്നു തടവുശിക്ഷ അനുഭവിച്ചത് അതിസുരക്ഷാ സംവിധാനങ്ങളുള്ള ജയിലിലായിരുന്നു.
തടവിൽനിന്നു പുറത്തിറങ്ങിയ ശേഷം ഒരു ദിവസം ഗാർഡ്നർ ഒരു മദ്യശാലയിൽ കൂട്ടുകാരുമൊത്ത് അടിച്ചുപൊളിക്കുകയായിരുന്നു. അതിനിടെ അല്പം ശുദ്ധവായു ശ്വസിക്കാനായി അയാൾ പുറത്തിറങ്ങി. അപ്പോൾ ആകാശത്തു നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു.
പെട്ടെന്ന് അയാൾ തനിക്കു നഷ്ടപ്പെട്ട പുത്രനെ ഓർമിച്ചു. അവൻ ആ നക്ഷത്രക്കൂട്ടത്തിൽ കാണുമോ? അവനെ എന്നെങ്കിലും കാണാൻ സാധിക്കുമോ? അയാൾ സ്വയം ചോദിച്ചു. തന്റെ പുത്രനോട് അത്രമാത്രം സ്നേഹമായിരുന്നു അയാൾക്ക്.
പെട്ടെന്ന് തന്റെ കഴിഞ്ഞകാല ജീവിതം ഒരു കണ്ണാടിയിലൂടെ എന്നവണ്ണം അയാൾ കണ്ടു. പാപപങ്കിലമായ ജീവിതം! താൻ ഈ പോക്കു പോയാൽ തന്റെ മകനെ ഒരിക്കലും കാണാൻപോകുന്നില്ലെന്ന ബോധോദയം അയാൾക്കുണ്ടായി. അയാൾ വേഗം തന്റെ അമ്മയുടെ അടുത്തെത്തി പ്രാർഥനാസഹായം യാചിച്ചു. അമ്മ അപ്പോൾ അയാൾക്കുവേണ്ടി പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.
മദ്യക്കുപ്പികൾ എപ്പോഴും കാലിയാക്കുന്ന സ്വഭാവമായിരുന്നു അയാളുടേത്. അന്നു വീട്ടിൽ അവശേഷിച്ചിരുന്ന പൊട്ടിക്കാത്ത ഏക മദ്യക്കുപ്പിയുമായി അയാൾ പുറത്തിറങ്ങി. കുപ്പിയുടെ അടപ്പ് തുറന്നാൽ തന്റെ ദൗർബല്യം തന്നെ കീഴടക്കുമെന്നു ഭയന്ന് അത് ആരുടെയും കണ്ണുകൾ എത്താത്ത ഒരു സ്ഥലത്ത് കുഴി കുഴിച്ച് മണ്ണിട്ടു മൂടി!
ഇതു ഗാർഡ്നറുടെ മാനസാന്തരത്തിന്റെ തുടക്കമായിരുന്നു. മദ്യപാനം എന്നപോലെ മറ്റു ദുശീലങ്ങളും ഗാർഡ്നർ ഉപേക്ഷിച്ചു. ജീവിത നവീകരണത്തിനുള്ള ദൈവവചനം ശ്രവിച്ചു നൻമയുടെ വഴിയിലൂടെ അയാൾ നടക്കാൻ തുടങ്ങി. സാവധാനം അയാൾ ഒരു സുവിശേഷപ്രസംഗകനായി മാറി.
അങ്ങനെയാണ് താൻ മുൻപ് തടവുശിക്ഷ അനുഭവിച്ച സിംഗ് സിംഗ് പ്രിസണിൽ പോയി പ്രസംഗിച്ച് നിരവധി കുറ്റവാളികളെ മാനസാന്തരപ്പെടുത്താൻ ഗാർഡ്നർക്കു സാധിച്ചത്. തന്നെപ്പോലെ താന്തോന്നിയായി ജീവിച്ചിരുന്ന തന്റെ ഒരു സഹോദരനെയും നല്ലവഴിക്ക് തിരിക്കാൻ ഗാർഡ്നർക്കു സാധിച്ചു. ഇതിനിടെ മദ്യപാനത്തിന് അടിമകളായവരെ അവരുടെ ദുഃശീലത്തിൽനിന്നു രക്ഷിക്കാൻ ചില പരിപാടികളും ആരംഭിച്ചു.
ഗാർഡ്നറുടെ മാനസാന്തരം ന്യൂയോർക്ക് ടൈംസ് ദിനപത്രം അക്കാലത്ത് റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഗാർഡ്നറുടെ ഈ കഥ കേൾക്കുന്പോൾ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. അതായത്, നമ്മുടെ ജീവിതം എത്രമാത്രം പാപക്കറ പുരണ്ടതാണെങ്കിലും അതിൽനിന്നു മോചനം നേടി നന്മയുടെ മനുഷ്യരാകാൻ സാധിക്കുമെന്ന കാര്യം.
ഗാർഡ്നർ തിന്മയുടെ വഴിയെ ബഹുദൂരം പോയിരുന്നു. എന്നാൽ, ആ വഴി അന്ധകാരപൂർണമാണെന്ന ബോധ്യം വന്നപ്പോൾ അയാൾ തിരികെ നടക്കാൻ തുടങ്ങി. അങ്ങനെയാണ് അയാൾ നന്മയുടെ വഴിയിലൂടെ പോയതും ഹൃദയസമാധാനം കണ്ടെത്തിയതും. അതേത്തുടർന്ന്, ആ വഴി മറ്റുള്ളവർക്കും കാണിച്ചുകൊടുക്കാൻ അയാൾക്കു വെന്പലായിരുന്നു. അതു തന്റെ പൂർവകാല പാപജീവിതത്തിനുള്ള പരിഹാരമായി മാറി.
തിന്മയുടെ വഴി ഉപേക്ഷിച്ചു നന്മയുടെ വഴി നടക്കാൻ ഗാർഡ്നറെ സഹായിച്ചത് എന്താണെന്നോ? ദൈവാനുഗ്രഹം! തന്റെ ദുശീലങ്ങളിൽനിന്നു മോചിതനാകാൻ ഗാർഡ്നർക്ക് ഒരിക്കലും സ്വയം സാധ്യമായിരുന്നില്ല. അയാൾ ദൈവത്തിന്റെ ശക്തിയിലാശ്രയിച്ചപ്പോഴാണ് അതു സാധ്യമായത്. പിന്നീട് ഗാർഡ്നർ മറ്റുള്ളവരോടു പ്രസംഗിച്ചതും അതുതന്നെയായിരുന്നു.
പാപത്തിന്റെ വഴിയിൽ നമ്മെ തളച്ചിടുന്ന ഏതെങ്കിലും ദുശീലത്തിന്റെ അടിമയാണോ നമ്മൾ? ആ ദുശീലത്തിൽനിന്നു മോചനമില്ലെന്നു ഭയപ്പെടുന്നവരാണോ നമ്മൾ? എങ്കിൽ, ഏതു ദുശീലത്തെയും മറികടക്കാനുള്ള ശക്തി ദൈവം തരും എന്നതു നാം ഒരിക്കലും മറക്കരുത്. അതിനു നാം മുട്ടിപ്പായി യാചിക്കണമെന്നു മാത്രം. അപ്പോൾ ഗാർഡ്നറുടെ കാര്യത്തിൽ സംഭവിച്ചതുപോലെ ദൈവത്തിന്റെ ശക്തി നമ്മിലേക്കും പ്രവഹിക്കും. അപ്പോൾ അവിടത്തെ ശക്തിവഴി നമുക്കു മോചനം ലഭിക്കുകയും ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ