സ്നേഹത്തിന്റെ കിരീടം
Sunday, April 24, 2022 6:03 AM IST
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21 വയസ് മാത്രം. എങ്കിലും ജർമനിയിലെ ബ്രീമനിൽ ബോംബാക്രമണത്തിനായി നിയമിതരായവരിൽ ബ്രൗണും ഉണ്ടായിരുന്നു.
ബ്രൗണും മറ്റു നാലുപേരും ഉൾപ്പെടെ ബ്രിട്ടനിൽനിന്ന് ഒരു ബി-17 യുദ്ധവിമാനത്തിൽ ജർമനിക്കു പറന്നു. ഈ ദൗത്യത്തിൽ മറ്റു യുദ്ധവിമാനങ്ങളും അവരോടൊപ്പമുണ്ടായിരുന്നു. 27,300 അടി ഉയരത്തിൽ പറന്ന ബ്രൗണിന്റെ വിമാനം ബ്രീമനിൽ ബോംബ് വർഷിച്ചു. പക്ഷേ, അപ്പോഴേക്കും ജർമനിയുടെ യുദ്ധവിമാനങ്ങൾ ബ്രൗണിന്റെയും മറ്റു വിമാനങ്ങളുടെയും നേരെ വെടിവയ്പ് തുടങ്ങി.
ജർമൻ യുദ്ധവിമാനത്തിൽനിന്നുള്ള വെടിയേറ്റ് ബ്രൗണിന്റെ വിമാനത്തിലെ ഒരാൾ മരണമടഞ്ഞു. മറ്റു മൂന്നുപേർക്കു സാരമായ പരിക്കേൽക്കുകയും ചെയ്തു. വിമാനം പറപ്പിച്ചിരുന്ന ബ്രൗണിന്റെ വലതുതോളത്തു വെടിയേറ്റു. നാല് എൻജിനുകളുള്ള ബി-17 യുദ്ധവിമാനത്തിന്റെ മൂന്ന് എൻജിനുകളും വെടിയേറ്റു പ്രവർത്തനരഹിതമായി. ജീവൻ നിലനിർത്തണമെങ്കിൽ പ്രത്യാക്രമണം നടത്തിയേ മതിയാകൂ എന്നു മനസിലാക്കിയ ബ്രൗണ്‍ ജർമൻ യുദ്ധവിമാനങ്ങളോട് ഏകനായി പോരാടാൻ തുടങ്ങി. അതിനിടയിൽ ഓക്സിജന്റെ കുറവുമൂലം ബോധം മങ്ങിയ ബ്രൗണിനു വിമാനം നിയന്ത്രിക്കാനാവാതെ വന്നു. തൻമൂലം വിമാനം വേഗം ഭൂമിയിൽനിന്ന് ആയിരം അടിവരെ താഴ്ന്നു.
ഇതിനിടയിൽ ബോധംവീണുകിട്ടിയ ബ്രൗണ്‍ വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുത്തു സാവധാനം ഉയരത്തിലേക്കു പറന്നുപൊങ്ങി. തന്റെയും സഹപ്രവർത്തകരുടെയും ജീവൻ രക്ഷിക്കാനായി ബ്രൗണ്‍ ബ്രിട്ടനിലേക്കു തിരിച്ചുപറക്കാൻ തീരുമാനിച്ചു. അപ്പോൾ ഒരു ജർമൻ യുദ്ധവിമാനം തന്റെ വിമാനത്തോടൊപ്പം പറക്കുന്നതായി ബ്രൗണിന്റെ ശ്രദ്ധയിൽപ്പെട്ടു. ബ്രൗണ്‍ ആ വിമാനത്തിലേക്കു നോക്കുന്പോൾ ജർമൻ പൈലറ്റ് കൈകൾ വീശി ബ്രൗണിനെ അഭിവാദ്യം ചെയ്തു. അതിനുശേഷം ജർമനിയിൽ ലാൻഡ് ചെയ്യാൻ കൈകൊണ്ടു നിർദേശം നൽകി.
എന്നാൽ, ബ്രൗണ്‍ അതിനു തയാറായില്ല. അദ്ദേഹം ബ്രിട്ടൻ ലക്ഷ്യമാക്കി പറന്നു. അപ്പോൾ, ജർമൻ പൈലറ്റ് കുറെദൂരം ബ്രൗണിനെ അകന്പടി സേവിച്ചു പറന്നു. അതിനുശേഷം ബ്രൗണിനെ സല്യൂട്ട് ചെയ്ത് അദ്ദേഹം തിരികെ പോയി.
എന്തുകൊണ്ടാണ് ബ്രൗണിനെയും സഹപ്രവർത്തകരെയും വെടിവച്ചിടാൻ സുവർണാവസരം ലഭിച്ചിട്ടും ജർമൻ പൈലറ്റ് അതു ചെയ്യാതെ പോയത്? വർഷങ്ങൾക്കുശേഷമാണ് ബ്രൗണിന് അതിന്റെ ഉത്തരം ലഭിച്ചത്. ബ്രൗണ്‍ അന്ന് സുരക്ഷിതമായി ബ്രിട്ടനിൽ മടങ്ങിയെത്തി. സംഭവിച്ച കാര്യങ്ങൾ അദ്ദേഹം അധികാരികളെ അറിയിച്ചു. എന്നാൽ, അതു രഹസ്യമാക്കിവയ്ക്കാനാണ് അവർ തീരുമാനിച്ചത്. ബ്രൗണ്‍ യുദ്ധകാല ജോലി പൂർത്തിയാക്കി അമേരിക്കയിൽ മടങ്ങിയെത്തി കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി എയർഫോഴ്സിലും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലും ഉന്നത ജോലികൾ നിർവഹിച്ചു. ഇതിനിടയിൽ, തന്റെ ജീവൻ എടുക്കാതെ വെറുതെവിട്ട ജർമൻ പൈലറ്റിനെ അദ്ദേഹം മറന്നുപോയില്ല.
1986 ൽ ആ ജർമൻ പൈലറ്റിനെ കണ്ടുപിടിക്കാനുള്ള അന്വേഷണം തുടങ്ങി. അവസാനം 1990ൽ ബ്രൗണ്‍ അദ്ദേഹത്തെ കണ്ടെത്തി. ഫ്രാൻസ് സ്റ്റിഗ്ളർ എന്ന ആ പൈലറ്റ് അപ്പോൾ കാനഡയിൽ താമസക്കാരനായിരുന്നു. ബ്രൗണ്‍ അദ്ദേഹത്തെ സന്ദർശിച്ച് തന്റെ നന്ദി അറിയിച്ചു. അന്നു മുതൽ അവർ ആത്മാർഥ സുഹൃത്തുക്കളായി മാറി. ബ്രൗണും സ്റ്റിഗ്ളറും ആകാശത്തിൽ ഏറ്റുമുട്ടുന്ന ആ അവസരത്തിൽ രണ്ടു വിമാനങ്ങളെ അദ്ദേഹം വെടിവച്ചു വീഴ്ത്തിയിരുന്നു. ഒരു വിമാനംകൂടി വെടിവച്ച് വീഴ്ത്തിയാൽ അദ്ദേഹത്തിനു ജർമൻ ഗവണ്മെന്റിന്റെ വലിയ ആദരം ലഭിക്കുമായിരുന്നു. എങ്കിലും, അദ്ദേഹം അതിനു തയാറായില്ല. ശത്രുവിമാനത്തെ വെടിവച്ചിടാൻ കിട്ടിയ അവസരം വിനിയോഗിച്ചില്ല എന്ന് അധികാരികൾ അറിഞ്ഞാൽ അതിനു വൻ ശിക്ഷയും ഉണ്ടാകുമായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സ്റ്റിഗ്ളർ ബ്രൗണിനെ രക്ഷപ്പെടാൻ അനുവദിച്ചത്.
എന്തുകൊണ്ടാണ് യുദ്ധത്തിന്റെ അവസരമായിരുന്നുവെങ്കിലും സ്റ്റിഗ്ളർ ബ്രൗണിനോടും ബ്രൗണിന്റെ വിമാനത്തിൽ പരിക്കേറ്റ് അവശരായ മറ്റു പോരാളികളോടും കരുണ കാണിച്ചത്.
ഏതു നിമിഷവും നിലംപതിക്കാവുന്ന രീതിയിൽ തകർന്നിരിക്കുന്ന വിമാനം. സ്റ്റിഗ്ളർ ഒരിക്കൽ പറഞ്ഞു. അർഥമൃതരായ മൂന്നുപേർ. പരിക്കേറ്റ് പൈലറ്റും. അവരെ വെടിവച്ചിടുന്നതിനെക്കുറിച്ച് എനിക്കു ചിന്തിക്കാൻപോലും സാധിച്ചില്ല. സ്റ്റിഗ്ളർ യുദ്ധപോരാളിയായിരുന്നെങ്കിലും ഹൃദയമുള്ള മനുഷ്യനായിരുന്നു. തൻമൂലമാണ്, യുദ്ധരംഗത്തുപോലും അദ്ദേഹം കരുണ കാണിച്ചത്. അദ്ദേഹം കരുണ കാണിച്ചതുമൂലം അന്നു നാലു മനുഷ്യരുടെ ജീവൻ രക്ഷപ്പെട്ടു. അതെക്കുറിച്ച് അവർ എന്നും നന്ദിയുള്ളവരായിരുന്നു. സ്നേഹത്തിന്റെ കിരീടം കരുണയിലാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്. ഹൃദയത്തിൽ സ്നേഹമുള്ളവർക്കേ മറ്റുള്ളവരോട് കാണിക്കാൻ സാധിക്കൂ. പ്രത്യേകിച്ചും മറ്റുള്ളവർ കരുണയ്ക്ക് അർഹരല്ല എന്നു തോന്നുന്ന അവസരങ്ങളിൽ. സ്റ്റിഗ്ളറുടെ കാരുണ്യം ലഭിക്കുന്നതിനു ബ്രൗണിന് എന്തെങ്കിലും അർഹത ഉണ്ടായിരുന്നോ? ഒരിക്കലുമില്ല. കാരണം, ബ്രൗണ്‍ സ്റ്റിഗ്ളറെയും അദ്ദേഹത്തിന്റെ സഹപോരാളികളെയും വധിക്കാനായിരുന്നല്ലോ ശ്രമിച്ചത്.
ദൈവത്തിന്റെ ഏറ്റവും വലിയ സ്വഭാവ പ്രത്യേകത കരുണയാണെന്നു പരമകാരുണികനായ യേശുക്രിസ്തുതന്നെ ഒരിക്കൽ സെന്റ് ഫൗസ്റ്റീനയോട് ഒരു ദർശനത്തിൽ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ (ലൂക്കാ 6:36) എന്ന് അവിടുന്നു മുൻപ് പഠിപ്പിച്ചിട്ടുണ്ടല്ലോ. മധുരമായ കരുണ ആഢ്യത്വത്തിന്റെ ലക്ഷണമാണെന്നു വില്യം ഷെയ്ക്സ്പിയർ പറഞ്ഞിരിക്കുന്നതു വെറുതെയല്ല. അങ്ങനെയുള്ള ഒരു കരുണയായിരിക്കട്ടെ നാം നമ്മുടെ ജീവിതത്തിൽ കാണിക്കുന്നത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ