ദൈവത്തോടു മല്ലടിച്ചു തോറ്റുകൊടുക്കുന്പോൾ
Sunday, July 11, 2021 5:23 AM IST
ദൈവവുമായി മല്ലടിക്കുന്നതിനെക്കുറിച്ചു നമുക്കു ചിന്തിക്കാൻപോലും സാധാരണഗതിയിൽ സാധിക്കില്ല. പക്ഷേ, അത്തരമൊരു പോരാട്ടമുണ്ട്...
വിശ്വസാഹിത്യത്തിലെ അതികായന്മാരിലൊരാളാണ് നിക്കോസ് കസാന്റ്സാക്കിസ് (1883-1957). പാരീസിലെ സോർബോൺ സർവകലാശാലയിൽനിന്നു തത്വശാസ്ത്രത്തിൽ ഡോക്ടർ ബിരുദം നേടിയിട്ടുള്ള ഈ ഗ്രീക്കുകാരൻ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് ഒൻപതു തവണ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 1957-ൽ ഒരു വോട്ടിന്റെ വ്യത്യാസത്തിനാണ് അദ്ദേഹത്തിനു നൊബേൽ സമ്മാനം നഷ്ടപ്പെട്ടത്. അക്കൊല്ലം നൊബേൽ സമ്മാനം ലഭിച്ച അൽബേർ കമ്യു പറഞ്ഞത് നൊബേൽ സമ്മാനം ലഭിക്കാൻ തന്നെക്കാൾ നൂറുതവണയിലേറെ യോഗ്യതയുള്ളതു കസാന്റ്സാക്കിസിന് ആണെന്നാണ്.
തത്വചിന്തകനും കവിയും നോവലിസ്റ്റും നാടകകൃത്തും ജേർണലിസ്റ്റുമൊക്കെയായിരുന്ന അദ്ദേഹത്തിന്റെ പ്രസിദ്ധ കൃതികളിൽ "സോർബ ദ ഗ്രീക്ക്’, ’ ദ ലാസ്റ്റ് റ്റെംറ്റേഷൻ ഓഫ് ക്രൈസ്റ്റ്’ എന്നിവ ഉൾപ്പെടുന്നു. ഗ്രീക്ക് ഓർത്തഡോക്സ് സഭാംഗമായിരുന്ന അദ്ദേഹം "റിപ്പോർട്ട് ടു ഗ്രേക്കോ’ എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ വിവരിച്ചിരിക്കുന്ന ഒരു സംഭവം താഴെ കൊടുക്കുന്നു.
കസാന്റ്സാക്കിസിനു പതിനെട്ടു വയസുള്ളപ്പോൾ വടക്കൻ ഗ്രീസിലെ മൗണ്ട് ആത്തോസിലുള്ള ഒരു ആശ്രമത്തിൽ കുറെ സമയം ചെലവഴിക്കാനിടയായി. അവിടെവച്ചു കണ്ടുമുട്ടിയ സന്ന്യാസവൈദികരിലൊരാളായിരുന്നു ഫാ. മക്കാറിയോസ്. വിശുദ്ധനായി പരിഗണിക്കപ്പെട്ടിരുന്ന ഈ വന്ദ്യവയോധികനോട് അന്ന് കസാന്റ്സാക്കിസ് ചോദിച്ചു: ’അങ്ങ് ഇപ്പോഴും പിശാചുമായി മല്ലടിക്കാറുണ്ടോ?’ "ഓ, ഇല്ല,'അദ്ദേഹം പറഞ്ഞു: "ചെറുപ്പമായിരുന്നപ്പോൾ പിശാചുമായി ഞാൻ മല്ലടിക്കാറുണ്ടായിരുന്നു. ഇപ്പോൾ എനിക്കു പ്രായമായി. ഞാൻ ക്ഷീണിതനുമാണ്. അതുപോലെ, പിശാചും എന്നോട് മല്ലടിച്ചു ക്ഷീണിതനാണ്. തന്മൂലം, ഞങ്ങൾ പരസ്പരം ശല്യം ചെയ്യാറില്ല.'
ഉടനെ കസാന്റ്സാക്കിസ് ചോദിച്ചു: "അങ്ങനെയെങ്കിൽ ഇപ്പോൾ കാര്യങ്ങൾ എളുപ്പമായി, അല്ലേ?' ഉടനെ ഫാ. മക്കാറിയോസ് പറഞ്ഞു: "അല്ലേയല്ല. ഇപ്പോൾ കാര്യങ്ങൾ ഏറെ മോശമാണ്! ഇപ്പോൾ ദൈവവുമായിട്ടാണ് ഞാൻ മല്ലടിക്കുന്നത്!'
"അങ്ങ് ദൈവവുമായി മല്ലടിക്കുന്നുവെന്നോ?'താൻ കേട്ടതുവഴിയുണ്ടായ അന്പരപ്പ് മറച്ചുവയ്ക്കാതെ കസാന്റ്സാക്കിസ് ചോദിച്ചു: "ദൈവവുമായുള്ള ഏറ്റുമുട്ടലിൽ വിജയിക്കാമെന്ന് അങ്ങു പ്രതീക്ഷിക്കുന്നുണ്ടോ?' അപ്പോൾ ഫാ. മക്കാറിയോസ് പറഞ്ഞു:"ഇല്ല. ദൈവവുമായുള്ള ഏറ്റുമുട്ടലിൽ ഞാൻ പരാജയപ്പെടണമെന്നാണ് എന്റെ ആഗ്രഹം.'
പിശാചുമായുള്ള മനുഷ്യന്റെ ഏറ്റുമുട്ടലിനെക്കുറിച്ചുപറഞ്ഞാൽ നമുക്ക് അന്പരപ്പു തോന്നില്ല. കാരണം പിശാചിന്റെ പ്രലോഭനങ്ങളെ അതിജീവിക്കുന്നതിനു നാമും പിശാചുമായി മല്ലടിക്കാറുണ്ടല്ലോ. എന്നാൽ, ദൈവവുമായുള്ള ഏറ്റുമുട്ടലിനെക്കുറിച്ചു പറയുന്പോൾ കസാന്റ്സാക്കിനെപ്പോലെ നമുക്കും അതിശയം തോന്നാം. കാരണം, ദൈവവുമായി മല്ലടിക്കുന്നതിനെക്കുറിച്ചു നമുക്കു ചിന്തിക്കാൻപോലും സാധാരണഗതിയിൽ സാധിക്കില്ല.
എന്നാൽ, മനുഷ്യർ ദൈവത്തോടു മല്ലടിക്കാറുണ്ടെന്നതാണു വസ്തുത. ബൈബിളിൽ കാണുന്ന അങ്ങനെയുള്ള ചില പോരാട്ടങ്ങളുടെ കഥ ഇവിടെ അനുസ്മരിക്കട്ടെ. പാപം വർധിച്ചതുമൂലം സോദോം- ഗൊമോറാ നഗരങ്ങളെ നശിപ്പിക്കാൻ ദൈവം തീരുമാനിച്ചു. ഇക്കാര്യം ദൈവം ഏബ്രഹാമിനെ അറിയിച്ചപ്പോൾ ഏബ്രഹാം അവരുടെ രക്ഷയ്ക്കുവേണ്ടി വാദിക്കാൻ തുടങ്ങി. ദൈവവുമായിട്ടുള്ള ഈ സംവാദം ദൈവത്തിന്റെ മനസു മാറ്റിയെടുക്കാനുള്ള ഏബ്രഹാമിന്റെ ഒരു ഏറ്റുമുട്ടലായിരുന്നു. എന്നാൽ, ദൈവത്തിനു മതിയായ കാരണമുണ്ടായിരുന്നതുകൊണ്ട് ഈ ഏറ്റുമുട്ടലിൽ ദൈവംതന്നെ വിജയിച്ചു. (ഉൽപത്തി 18:16-33).
ഇസ്രായേൽ ജനത്തെ ഈജിപ്്റ്റിന്റെ അടിമത്തത്തിൽനിന്നു രക്ഷിക്കാനായി ദൈവം മോശയെ തെരഞ്ഞെടുത്തപ്പോൾ മോശ പറഞ്ഞു: "കർത്താവെ, ദയവുചെയ്തു മറ്റാരെയെങ്കിലും അയയ്ക്കണമെ!' നേതാവായി തന്നെ തെരഞ്ഞെടുക്കാതിരിക്കാൻ താൻ വിക്കനാണെന്ന കാര്യംവരെ മോശ ദൈവത്തെ അനുസ്മരിപ്പിച്ചു. എന്നാൽ, ദൈവം തോറ്റു പിന്മാറാൻ തയാറായില്ല. അവിടന്ന് മോശയെത്തന്നെ നേതാവാക്കി.
ജെറമിയ പ്രവാചകനെ ദൈവം ശുശ്രൂഷയ്ക്കായി വിളിച്ചപ്പോൾ അദ്ദേഹവും ദൈവത്തോടു മല്ലടിക്കാൻ നോക്കി. പ്രവാചകൻ പറഞ്ഞു: "ഞാൻ കേവലം ബാലനാണ്. സംസാരിക്കാൻ എനിക്കു പാടവമില്ല.'ജെറമിയ പ്രവാചകന്റെ കാര്യത്തിലും തോറ്റു പിന്മാറാൻ ദൈവം തയാറായില്ല. അവിടുന്നു തീരുമാനിച്ചതുപോലെ കാര്യം നടന്നു.
ദൈവപുത്രനും ലോകരക്ഷകനുമായ യേശുവിന്റെ കാര്യത്തിലും സംഭവിച്ചത് ഇതുതന്നെയായിരുന്നു. കാൽവരിയിലെ പീഡാസഹനം കണ്മുന്നിൽ കണ്ടപ്പോൾ യേശു പിതാവായ ദൈവത്തോടു പ്രാർഥനാരൂപത്തിൽ മല്ലടിക്കാൻ നോക്കി: "പിതാവേ, കഴിയുമെങ്കിൽ ഈ കാസ എന്നിൽനിന്നു മാറ്റിത്തരണമെ.' പക്ഷേ, അപ്പോഴും വിട്ടുകൊടുക്കാൻ ദൈവം തയാറായില്ല. വിജയിച്ചതു ദൈവംതന്നെയായിരുന്നു.
ദൈവവുമായി വിവിധ രീതിയിലുള്ള ഈ പോരാട്ടങ്ങളുടെ കഥ വായിക്കുന്പോൾ നമ്മെ അദ്ഭുതപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. അതായത്, ദൈവത്തോടു തോറ്റുകൊടുത്തപ്പോഴാണത്രെ അവരൊക്കെ വിജയിച്ചത്! അവരുടെ നേട്ടത്തിനു കാരണം ദൈവതിരുമനസിനു വിധേയമായിക്കൊണ്ടുള്ള അവരുടെ ഈ തോറ്റുകൊടുക്കലായിരുന്നു. ഈ യാഥാർത്യം മനസിലാക്കിയതുകൊണ്ടാണ് ദൈവവുമായിട്ടുള്ള ഏറ്റുമുട്ടലിൽ തോൽക്കാൻ ആഗ്രഹിക്കുന്നതായി ഫാ. മക്കാറിയോസ് പറഞ്ഞത്.
നാമും നിരന്തരമായി ദൈവത്തോട് ഏറ്റുമുട്ടുന്നവരാണ്. നമ്മുടെ ഏറ്റുമുട്ടൽ നടക്കുന്നതാകട്ടെ ഏറെ സമയവും നമ്മുടെ പ്രാർഥനകളിലൂടെയാണ്. ആ പ്രാർഥനകളാകട്ടെ ദൈവത്തിന്റെ മനസ് മാറ്റിയെടുക്കാനുള്ള പോരാട്ടങ്ങളുമാണ്. പലപ്പോഴും എന്തെല്ലാം ന്യായങ്ങൾ നിരത്തി യുക്തിയുക്തമായിട്ടല്ലേ ദൈവത്തോട് നാം വാദിക്കുന്നത്? നമ്മുടെ ന്യായങ്ങൾ കേട്ടു ദൈവം മനസ് മാറ്റി നമുക്കു വിജയം നൽകണമെന്നല്ലേ അതിന്റെ അർഥം.
പ്രാർഥനയിലൂടെയും മറ്റും ദൈവവുമായി മല്ലടിക്കുന്നതു ശരിയല്ലെന്നോ അത് അവസാനിപ്പിക്കണമെന്നോ അല്ല ഇവിടെ വിവക്ഷ. ദൈവവുമായി പ്രാർഥനയിലൂടെ നാം മല്ലടിക്കുന്നതിൽ ഒരു പിശകുമില്ല. എന്നാൽ, ഈ പോരാട്ടത്തിൽ നാം യഥാർഥത്തിൽ വിജയിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ, അതിനു ചെയ്യേണ്ടത് യേശു ചെയ്തതുപോലെ, "എന്റെ ഇഷ്ടമല്ല, അവിടത്തെ ഇഷ്ടം നിറവേറട്ടെ' എന്നു നമ്മുടെ പോരാട്ടവേളയിൽ പറഞ്ഞാൽ മതിയാകും. അതായത്, എപ്പോഴും ദൈവതിരുമനസിനു പൂർണമായി നാം നമ്മെത്തന്നെ വിട്ടുകൊടുക്കണമെന്നു സാരം. അപ്പോഴാണ്, നാം യഥാർഥത്തിൽ വിജയികളാകുക.
കാര്യങ്ങൾ ഇങ്ങനെയായതുകൊണ്ട്, ഫാ. മക്കാറിയോസിനെപ്പോലെ, ദൈവത്തോടു തോറ്റുകൊടുക്കുന്നതിലായിരിക്കട്ടെ നമ്മുടെ ശ്രദ്ധ എപ്പോഴും. പക്ഷേ, അത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ തോറ്റുകൊടുക്കലിനും ദൈവത്തിന്റെ കൃപ ധാരാളം വേണ്ടിവരും. ദൈവത്തിന്റെ കൃപ ഇല്ലാതിരുന്നാൽ നാം ദൈവത്തോടു നിരന്തരം യുദ്ധംചെയ്തു നിരാശരായി മാറാനിടയുണ്ട്. തന്മൂലമാണ്, അപൂർവം ചിലരെങ്കിലും ദൈവത്തെ പാടേ ഉപേക്ഷിച്ചുപോകുന്നതും.
നമ്മുടെ ശ്രദ്ധ ദൈവത്തോടുള്ള പോരാട്ടത്തിൽ തോറ്റുകൊടുത്തുകൊണ്ട് യഥാർഥവിജയം കൈവരിക്കുന്നതിലാകട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ