നമ്മുടെ ശ്രദ്ധ പാഠം പഠിപ്പിക്കുന്നതിലോ?
Sunday, March 14, 2021 3:23 AM IST
അമേരിക്കൻ സുപ്രീം കോടതിയുടെ നാലാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്നു ജോണ് മാർഷൽ (1755-1835). 1801 മുതൽ 1835 വരെ ചീഫ് ജസ്റ്റിസ് സ്ഥാനം അലങ്കരിച്ച അദ്ദേഹമാണ് അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും അധികകാലം ഈ പദവി അലങ്കരിച്ചിട്ടുള്ളത്. പ്രസിഡന്റ് ജോണ് ആഡംസിന്റെ കീഴിൽ സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും നിയമനിർമാണസഭകൾ പാസാക്കുന്ന നിയമങ്ങൾ ഭരണഘടനാനുസൃതമാണോ എന്നുറപ്പുവരുത്താൻ സഹായിക്കുന്ന ജുഡീഷ്യൽ റിവ്യൂ എന്ന തത്ത്വം സ്ഥാപിച്ചെടുക്കുകയും ചെയ്ത ജസ്റ്റിസ് മാർഷൽ അമേരിക്കൻ ജസ്റ്റിസുമാരിൽ ഏറ്റവും ആദരിക്കപ്പെടുന്ന ആളാണ്.
അദ്ദേഹത്തെക്കുറിച്ചൊരു സംഭവകഥ ഇവിടെ കുറിക്കട്ടെ.വിർജീനിയയിലെ റിച്ച്മണ്ടിൽ താമസിച്ചിരുന്ന ജസ്റ്റിസ് മാർഷൽ ഒരു ദിവസം ഷോപ്പിംഗിനായി മാർക്കറ്റിൽ പോയി. സാധാരണക്കാരനെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ വേഷവിധാനം. ടർക്കിക്കോഴി വിറ്റിരുന്ന കടയിൽച്ചെന്ന് അദ്ദേഹം ഡ്രസ് ചെയ്ത ഒരു ടർക്കിക്കോഴി വാങ്ങി. കടയുടമസ്ഥൻ അതു ഭംഗിയായി പൊതിഞ്ഞു ജസ്റ്റിസ് മാർഷലിന്റെ ഷോപ്പിംഗ് ബാഗിൽ വച്ചുകൊടുത്തു.
അപ്പോഴാണ് ആഡംബര വസ്ത്രധാരിയായ ഒരു ചെറുപ്പക്കാരൻ ഷോപ്പിംഗിനായി കടയിൽ എത്തിയത്. അയാൾ അവിടെയുണ്ടായിരുന്ന ഏറ്റവും വലിയ ടർക്കിക്കോഴിയെ തെരഞ്ഞെടുത്തു. "ഞാൻ ഇതു നന്നായി പൊതിഞ്ഞുതരാം,’ കടയുടമസ്ഥൻ ഭവ്യതയോടെ പറഞ്ഞു. അപ്പോൾ ടർക്കിക്കോഴിയുടെ വിലയായ തുക കൗണ്ടറിൽവച്ചുകൊണ്ട് അയാൾ പറഞ്ഞു: "ഇതാ, നിങ്ങൾക്കുള്ള തുക. എത്രയും വേഗം ഇത് എന്റെ വീട്ടിലെത്തിക്കണം.’
ഉടനെ കടയുടമസ്ഥൻ പറഞ്ഞു: ’ അതു സാധിക്കില്ല. എന്നെ സഹായിക്കുന്ന പയ്യൻ അസുഖംമൂലം അവധിയിലാണ്. സഹായിക്കാനാണെങ്കിൽ വേറെ ആരുമില്ല. പിന്നെ, സാധാരണയായി ഞങ്ങൾ ഹോം ഡെലിവറി ചെയ്യാറില്ല.’ അപ്പോൾ ചെറുപ്പക്കാരൻ ചോദിച്ചു: "അങ്ങനെയെങ്കിൽ എങ്ങനെ ഇത് എന്റെ വീട്ടിലെത്തിക്കാനാകും? ’നിങ്ങൾതന്നെ ഇതു കൊണ്ടുപോകേണ്ടിവരും,’ കടയുടമസ്ഥൻ ഭാവ വ്യത്യാസമൊന്നുംകൂടാതെ പറഞ്ഞു. "ഇതിനാണെങ്കിൽ അത്ര വലിയ ഭാരവുമില്ല.’
"ഞാൻതന്നെ കൊണ്ടുപോകണമെന്നോ? ഞാൻ ആരാണെന്നാണു നിങ്ങൾ കരുതുന്നത്? ഞാൻ ഒരു ടർക്കിക്കോഴിയെയും ചുമന്നുകൊണ്ടു പോകുന്നത് ആലോചിക്കാൻപോലും പറ്റുന്ന കാര്യമല്ല!’ അയാളുടെ വാക്കുകളിൽ അമർഷം മുറ്റിനിന്നിരുന്നു. ഈ സമയത്തു ജസ്റ്റിസ് മാർഷൽ തൊട്ടടുത്തു നിൽപുണ്ടായിരുന്നു.
"ക്ഷമിക്കണം സാർ, നിങ്ങൾ എവിടെയാണു താമസിക്കുന്നത്?’ അദ്ദേഹം ചെറുപ്പക്കാരനോടു ചോദിച്ചു. ചെറുപ്പക്കാരൻ അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞു സ്വന്തം വിലാസം പറഞ്ഞു. ഉടനെ അദ്ദേഹം പറഞ്ഞു: "നിങ്ങൾ ഭാഗ്യമുള്ള ആളാണ്. ഞാൻ നിങ്ങൾ താമസിക്കുന്ന വഴിയെയാണു പോകുന്നത്. നിങ്ങൾ അനുവദിക്കുകയാണെങ്കിൽ ഞാൻ നിങ്ങളുടെ ടർക്കിക്കോഴി വീട്ടിലെത്തിച്ചുതരാം.’
അയാൾക്കു സ്വീകാര്യമായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. അയാൾ പറഞ്ഞു: "ഇതാ, ഞാൻ പോകുന്നു. നിങ്ങൾ എന്റെ പിന്നാലെ വന്നാൽ മതി.’ ഇത്രയും പറഞ്ഞിട്ട് അയാൾ അതിവേഗം നടന്നുനീങ്ങി. ജസ്റ്റിസ് മാർഷലാവട്ടെ സാവധാനം ആ ചെറുപ്പക്കാരന്റെ പിന്നാലെ നടന്നു. അധികം താമസിയാതെ അദ്ദേഹം ആ ചെറുപ്പക്കാരന്റെ വീട്ടിലെത്തി ടർക്കിക്കോഴിയുടെ പായ്ക്കറ്റ് അയാളെ ഏൽപിച്ചു.
"ഞാൻ നിങ്ങൾക്ക് എന്തു പ്രതിഫലമാണു നൽകേണ്ടത്?’ പായ്ക്കറ്റ് വാങ്ങിക്കൊണ്ട് അയാൾ ചോദിച്ചു. ഉടനെ അദ്ദേഹം പറഞ്ഞു: "പ്രതിഫലമൊന്നും വേണ്ട. നിങ്ങളെ സഹായിക്കാൻ സാധിച്ചതിൽ സന്തോഷമേയുള്ളു.’ അദ്ദേഹം ആ ചെറുപ്പക്കാരനെ വന്ദിച്ചുകൊണ്ടു നടന്നുനീങ്ങി. അയാൾ കുറച്ചുനേരം അദ്ദേഹം നടന്നുപോകുന്നതു ശ്രദ്ധിച്ചുകൊണ്ട് അവിടെനിന്നു.
അല്പം കഴിഞ്ഞപ്പോൾ അയാൾ നേരേ മാർക്കറ്റിലേക്കു നടന്നു. അവിടെ എത്തിയപ്പോൾ ടർക്കിക്കോഴി വിറ്റിരുന്ന ആളോടു ചോദിച്ചു: ’ ആരാണ് എന്റെ പായ്ക്കറ്റ് കൊണ്ടുവരാൻ സന്മനസ് കാണിച്ച മാന്യനായ ആ വൃദ്ധൻ?’ അപ്പോൾ കടയുടമസ്ഥൻ പറഞ്ഞു: "അദ്ദേഹമാണു സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ജോണ് മാർഷൽ. ഈ രാജ്യത്തെ ഏറ്റവും മഹാത്മാരായവരിൽ ഒരാൾ.’
ചെറുപ്പക്കാരനപ്പോൾ അതിശയവും ലജ്ജയും തോന്നി. ’എന്തുകൊണ്ടാണ് എന്റെ പായ്ക്കറ്റുകൂടി ചുമക്കാൻ അദ്ദേഹം സന്മനസ് കാണിച്ചത്?’ ചെറുപ്പക്കാരൻ ചോദിച്ചു. "നിങ്ങളെ ഒരു പാഠം പഠിപ്പിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരിക്കും,’ കടയുടമസ്ഥൻ പറഞ്ഞു. "എന്തു പാഠം?’ അയാൾ ചോദിച്ചു. "സ്വന്തം ഭാണ്ഡക്കെട്ടു ചുമക്കാൻ ആരും മടിക്കേണ്ടതില്ലെന്ന പാഠം,’ കടയുടമസ്ഥൻ പ്രതിവചിച്ചു.
"ഓ, അതല്ല കാര്യം,’ അവരുടെ സംസാരം കേട്ടുനിന്ന ഒരാൾ പറഞ്ഞു. "മറ്റൊരാൾക്ക് ഉപകാരം ചെയ്യാൻ ഒരവസരം ലഭിച്ചു. അദ്ദേഹം അതു വിനിയോഗിച്ചുവെന്നു മാത്രം! അതാണ് അദ്ദേഹത്തിന്റെ രീതി.’
വെറും പൊങ്ങച്ചത്തിന്റെ പേരിൽ മാത്രം സ്വന്തം ചുമടു ചുമക്കാൻ വിസമ്മതിച്ച ചെറുപ്പക്കാരനെപ്പോലും സഹായിക്കുന്നതിനു തയാറായ വ്യക്തിയായിരുന്നു ജസ്റ്റിസ് മാർഷൽ. സംഭവം കണ്ടുനിന്ന ആൾ സൂചിപ്പിച്ചതുപോലെ, ഒരാളെ സഹായിക്കാൻ അവസരം കിട്ടി. അദ്ദേഹം അതു വിനിയോഗിച്ചു. അത്ര മാത്രം. എന്നാൽ, ആ സംഭവംവഴി ചെറുപ്പക്കാരൻ ഒരു പാഠം പഠിച്ചു എന്നതു വേറെ കാര്യം.
മറ്റുള്ളവരെ സഹായിക്കേണ്ടിവരുന്ന അവസരം ഉണ്ടാകുന്പോൾ എന്താണ് നമ്മുടെ മനോഭാവം? അവർക്കൊരു നന്മ ചെയ്യുന്നതിലാണോ നമ്മുടെ ശ്രദ്ധ? അതോ, അവർ അതിന് അർഹരാണ് എന്നതിലാണോ? കഴിയുമെങ്കിൽ, അവർ സഹായത്തിനർഹരല്ല എന്നു സ്ഥാപിക്കാനായിരിക്കുകയില്ലേ ചിലപ്പോഴെങ്കിലും നമ്മുടെയൊക്കെ ശ്രമം?
നാം മറ്റുള്ളവർക്കു നന്മ ചെയ്യാൻ പോകുന്നതിനുമുൻപ് അവർ അതിന് അർഹരാണോ എന്ന് അന്വേഷിക്കാൻ പോവുകയാണെങ്കിൽ മറ്റുള്ളവർക്കു നന്മ ചെയ്യുന്നതിനുള്ള അവസരം വളരെ കുറവായിരിക്കും. കാരണം, നമ്മുടെ നന്മ പ്രവൃത്തി സ്വീകരിക്കാൻ മറ്റുള്ളവർക്കു പലപ്പോഴും അർഹതയില്ലെന്നു സ്ഥാപിക്കാൻ എളുപ്പമാണ്.
നാം മറ്റുള്ളവർക്കു നന്മ ചെയ്യന്നതു മറ്റുള്ളവർ അതിന് അർഹരായിരിക്കുന്നതുകൊണ്ടു മാത്രമാവരുത്. അങ്ങനെയൊരു പ്രവൃത്തി ചെയ്യാൻ നമുക്കവസരം കിട്ടുന്നതുകൊണ്ടായിരിക്കണം. ആ അവസരമായിരിക്കണം നമ്മെ സംബന്ധിച്ചിടത്തോളം പ്രധാനകാര്യം. മറ്റുള്ളവർ അവരറിയാതെതന്നെ നമ്മുടെ നന്മ പ്രവൃത്തികളിൽനിന്നു ശരിയായ പാഠം പഠിച്ചുകൊള്ളും.
മറ്റുള്ളവരെ പാഠം പഠിപ്പിക്കുന്നതിനേക്കാളേറെ അവർക്കു നന്മ ചെയ്യുന്നതിലായിരിക്കട്ടെ നമ്മുടെ ശ്രദ്ധ. അപ്പോൾ, സ്വാഭാവികമായും അവർക്ക് അതൊരു പാഠമായിരിക്കുകയും ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ