ചരിത്ര സാക്ഷി
എസ്. ജയകൃഷ്ണൻ
Saturday, July 19, 2025 8:30 PM IST
കസ്തേൽ ഗണ്ടോൾഫോ... മാർപാപ്പമാരുടെ വേനൽക്കാല വസതി. ലെയോ പതിനാലാമൻ പാപ്പാ ഈ ദിവസങ്ങൾ ചെലവിട്ടത് ഇവിടെ. വിശേഷണം വേനൽക്കാല വസതി എന്നാണെങ്കിലും ഇതൊരു ചരിത്രഭൂമിയാണ്, വിസ്മയങ്ങളുടെയും കൗതുകങ്ങളുടെയും കാൽവയ്പുകളുടെയും മനോഹര തീരം...
ഇറ്റലിയിലെ ലാസിയോ പ്രവിശ്യയിലെ ഒരു കൊച്ചു പട്ടണം. ആൽബൻ കുന്നുകളുടെ മടിത്തട്ടിൽ അൽബാനോ തടാകവുമായി കിന്നാരം പറയുന്ന ശാന്തസുന്ദരമായ ഇടം. 2013ൽ ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റതിനു പിന്നാലെ വത്തിക്കാനിൽനിന്നു വന്ന വാർത്ത ഈ പട്ടണത്തിലെ താമസക്കാരെ ശരിക്കും അന്പരപ്പിച്ചു.
പലർക്കും കേട്ടത് വിശ്വസിക്കാനേ പറ്റിയില്ല. "അന്പിളി മാഞ്ഞ പൗർണമിപോലെ' എന്നായിരുന്നു കസ്തേൽ ഗണ്ടോൾഫോ എന്ന ആ പ്രദേശത്തെ ഒരു കടയുടമ വിലപിച്ചത്.
കസ്തേൽ ഗണ്ടോൾഫോ. നൂറ്റാണ്ടുകളായി പാപ്പാമാരുടെ വേനൽക്കാല വസതി ഇവിടെയാണ്. ഇനി വേനലവധിക്ക് അങ്ങോട്ടില്ലെന്ന ഫ്രാൻസിസ് പാപ്പായുടെ തീരുമാനമാണ് 2013ൽ പ്രദേശവാസികളുടെ ഹൃദയം തകർത്തത്. ഒരു മാർപാപ്പയുടെ സാന്നിധ്യമില്ലാത്ത 12 വേനൽക്കാലം കഴിഞ്ഞുപോയി.
ഇക്കഴിഞ്ഞ മേയിൽ തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ പാപ്പാ കസ്തേൽ ഗണ്ടോൾഫോയിലെ വേനൽക്കാല വസതി പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചതോടെ അൽബാനോ തടാകത്തിലെ ഓളങ്ങൾ ഉത്സാഹഭരിതമായി. ഈ മാസം ആറിന് കസ്തേൽ ഗണ്ടോൾഫോയിൽ എത്തിയ മാർപാപ്പ ഈയാഴ്ച തിരിച്ചുപോകും. പിന്നീട് ഓഗസ്റ്റ് 15 മുതൽ വീണ്ടും കുറച്ച് ദിവസത്തേക്കു മടങ്ങിയെത്തുമെന്നും അറിയിച്ചിട്ടുണ്ട്.
16-ാം നൂറ്റാണ്ടു മുതൽ
വത്തിക്കാനും കസ്തേൽ ഗണ്ടോൾഫോയും തമ്മിലുള്ള ബന്ധം പതിനാറാം നൂറ്റാണ്ടിൽ തുടങ്ങിയതാണ്. കൃത്യമായി പറഞ്ഞാൽ 1596ൽ.
അന്നു പട്ടണത്തിന്റെ ഹൃദയഭാഗത്ത് ഒരു കോട്ടയുണ്ടായിരുന്നു. സവേല്ലി കുടുംബമായിരുന്നു ഉടമസ്ഥർ. ഫ്ലോറിൻസിലെ ആൾദോബ്രന്തീനി കുടുംബാംഗമായ ക്ലെമന്റ് എട്ടാമൻ മാർപാപ്പയുടെ കാലമായിരുന്നു അത്. അക്കാലത്ത് സവേല്ലി കുടുംബം വലിയൊരു തുകയ്ക്ക് വത്തിക്കാനു ബാധ്യതപ്പെട്ടിരുന്നു.
അതു തിരിച്ചടയ്ക്കാൻ കഴിയാതെ വന്നപ്പോൾ കോട്ടയുടെയും റോക്ക പ്രിയോറ പട്ടണത്തിന്റെയും കൈവശാവകാശം അപ്പസ്തോലിക ചേംബർ ഏറ്റെടുത്തു. തുടർന്ന് മുപ്പതു വർഷത്തോളം കടന്നുപോയി. 1623 ഓഗസ്റ്റ് ആറിനു സ്ഥാനമേറ്റ പോപ്പ് ഊർബൻ എട്ടാമൻ കസ്തേൽ ഗണ്ടോൾഫോയുടെ തലവര മാറ്റിയെഴുതി.
റോമിലെ വീർപ്പുമുട്ടിക്കുന്ന ചൂട് അദ്ദേഹത്തെ ഈ പട്ടണത്തിലെത്തിച്ചു. ഇവിടെ അവധിക്കാലം ആഘോഷിച്ചതോടെ കോട്ടയിൽ പരിഷ്കരണങ്ങൾ വന്നു. അതോടെ മാർപാപ്പമാരുടെ വേനൽക്കാല വസതിയുമായി. വത്തിക്കാന്റെ സവിശേഷ സൗകര്യങ്ങൾക്കും പ്രത്യേകാവകാശങ്ങൾക്കും നേരെ പലപ്പോഴും മുഖംതിരിച്ചിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ കാലംവരെ പാരന്പര്യം തുടർന്നു.
പേപ്പൽ സ്ഥാനത്തിന്റെ ആദ്യ മാസങ്ങളിൽ ആകെ മൂന്നു തവണ മാത്രമേ അദ്ദേഹം വത്തിക്കാനിൽനിന്ന് 29 കിലോമീറ്റർ അകലെയുള്ള കസ്തേൽ ഗണ്ടോൾഫോയിലെത്തിയിട്ടുള്ളൂ. രണ്ടു തവണ കുർബാനയർപ്പിക്കാനും ഒരു തവണ മുൻഗാമിയായ ബെനഡിക്ട് പാപ്പായെ സന്ദർശിക്കാനും. ബാക്കിയുള്ള വേനൽക്കാലങ്ങളിലെല്ലാം അദ്ദേഹം വത്തിക്കാനിലെ എളിയ വസതിയിൽതന്നെയായിരുന്നു.
മ്യൂസിയം മിഴി തുറന്നപ്പോൾ
2015ൽ ചരിത്രം വഴിമാറി. മാർപാപ്പ ഈ കൊട്ടാരത്തെ മ്യൂസിയമാക്കി മാറ്റി. അതോടെ തീർഥാടനകേന്ദ്രത്തിനപ്പുറം ഒരു വിനോദസഞ്ചാരകേന്ദ്രവുമായി.
നവോത്ഥാന കാലഘട്ടത്തിലെ പൂന്തോട്ടങ്ങളിലൂടെയും വിശാലമായ മുറികളിലൂടെയും സന്ദർശകർ ഒഴുകി. പതിനാറാം നൂറ്റാണ്ടു മുതലുള്ള പാപ്പാമാർ ധരിച്ച വസ്ത്രങ്ങൾ അവരെ അദ്ഭുതത്തോടെയും കൗതുകത്തോടെയും നോക്കിക്കണ്ടു.
പാപ്പായുടെ കിടപ്പുമുറിയുടെ ജനാലയിലൂടെ അൽബാനോ തടാകത്തിന്റെ മനോഹാരിതയിൽ ലയിച്ചു.“പാപ്പാ ഞങ്ങളെ ഉപേക്ഷിച്ചതായി തോന്നിയിരുന്നു. ആദ്യത്തെ കുറച്ചുവർഷങ്ങൾ ശരിക്കും വേദനാപൂർണമായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ പദ്ധതികളിൽ ഞങ്ങളുമുണ്ടായിരുന്നെന്ന് തെളിഞ്ഞു.
വിനോദസഞ്ചാര നഗരമാക്കിയ അദ്ദേഹം ഞങ്ങളുടെ ജീവിതത്തിന് ആത്മീയ ഊർജം പകർന്നു”-പ്രദേശത്തുകാർ നന്ദിപൂർവം പരിശുദ്ധ പിതാവിനു മുന്നിൽ തല കുനിക്കുന്നു. ലെയോ മാർപാപ്പയും അദ്ദേഹത്തോടൊപ്പമുള്ള സ്വിസ് ഗാർഡുകളും കൊട്ടാരത്തിന്റെ പരിസരത്തുള്ള നവീകരിച്ച മറ്റൊരു കെട്ടിടത്തിലാണു താമസിക്കുക. കൊട്ടാരം മ്യൂസിയമായിത്തന്നെ തുടരും.
ചരിത്രമുറഞ്ഞ നാൾവഴികൾ
എഡി 81-96 കാലത്ത് റോമൻ ചക്രവർത്തിയായിരുന്ന ഡൊമിഷ്യന്റെ വലിയ വില്ലയായ അൽബാനം ഡൊമിഷിയാനും നിലനിന്നിരുന്ന സ്ഥലത്താണ് പേപ്പൽ വസതിയുടെ ഭാഗങ്ങൾ നിർമിച്ചിരിക്കുന്നത്. ഈ വില്ലയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെ കാണാം.
റോമൻ സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം ഈ പ്രദേശം ക്ഷയിച്ചു. ഏകദേശം 1200ഓടെ, ജെനോവയിൽനിന്നുള്ള ഗണ്ടോൾഫി കുടുംബം ഇവിടെ ഒരു കോട്ട നിർമിച്ചു. ഈ കുടുംബത്തിന്റെ പേരിൽനിന്നാണ് പിന്നീട് കസ്തേൽ ഗണ്ടോൾഫോ എന്ന പേര് ഈ പ്രദേശത്തിനു ലഭിച്ചത്.
പിന്നീട്, ഈ കോട്ട സവേല്ലി കുടുംബത്തിന്റെ കൈവശമെത്തി. മുന്നൂറു വർഷത്തോളം അവർ ഈ കോട്ടയുടെ ഉടമസ്ഥരായിരുന്നു. വത്തിക്കാന്റെ ഉടമസ്ഥതയിലായ ശേഷം 1604ൽ കസ്തേൽ ഗണ്ടോൾഫോയെ വത്തിക്കാന്റെ അവിഭാജ്യ സ്വത്തായി പ്രഖ്യാപിച്ചു.
ഊർബൻ എട്ടാമൻ മാർപാപ്പ വേനൽക്കാല വസതിയായി പ്രഖ്യാപിച്ച ശേഷം പ്രശസ്ത സ്വിസ്- ഇറ്റാലിയൻ വാസ്തുശില്പിയായ കാർലോ മാദേർണോയെ ഉപയോഗിച്ച് അദ്ദേഹം കോട്ടയിൽ വലിയ നവീകരണപ്രവർത്തനങ്ങൾ നടത്തി.
തുടർന്നു വന്ന പല മാർപാപ്പമാരും ഈ വസതി വികസിപ്പിക്കുകയും കൂടുതൽ സൗകര്യങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. ഉദാഹരണത്തിന്, പോപ്പ് അലക്സാണ്ടർ ഏഴാമൻ വിഖ്യാത ശില്പി ബെർണീനിയുടെ സഹായത്തോടെ ഇതിനെ മോടിപിടിപ്പിച്ചു. 135 ഏക്കറിലധികം സ്ഥലത്താണ് കെട്ടിട സമുച്ചയം വ്യാപിച്ചുകിടക്കുന്നത്.
റോമൻ ബറോക്ക് ശൈലി
പതിനേഴാം നൂറ്റാണ്ടിലെ വാസ്തുവിദ്യയുടെ മനോഹരമായ കാഴ്ചയാണ് ഈ അരമന. റോമൻ ബറോക്ക് ശൈലിയുടെ സ്വാധീനം രൂപകല്പനയിൽ പ്രകടമാണ്.
അരമനയുടെ സമീപത്തെ സെന്റ് തോമസ് ഓഫ് വില്ലനോവ പള്ളിയും പ്രധാന ചത്വരത്തിലെ ഫൗണ്ടനും ജിയാൻ ലൊറേൻസോ ബെർണിനിയുടെ സംവിധാനത്തിലാണ് സ്ഥാപിക്കപ്പെട്ടത്.1870ൽ ഇറ്റലി ഏകീകരിക്കപ്പെട്ടതിനു ശേഷം, പേപ്പൽ സ്റ്റേറ്റ് ഇല്ലാതായതോടെ, മാർപാപ്പമാർ വത്തിക്കാൻ വിട്ട് പുറത്തുപോകാത്ത ഒരു കാലം വന്നു.
അങ്ങനെ അറുപതു വർഷത്തോളം കസ്തേൽ ഗണ്ടോൾഫോയിലെ വസതി ഉപേക്ഷിക്കപ്പെട്ടു. 1929ൽ വത്തിക്കാനും ഇറ്റലിയും തമ്മിൽ ലാറ്ററൻ ഉടമ്പടി ഒപ്പുവച്ചതിനു ശേഷം വീണ്ടുമിതു പാപ്പാമാരുടെ വേനൽക്കാല വസതിയായി. പോപ്പ് പീയൂസ് പതിനൊന്നാമൻ ഇവിടെ വലിയ നവീകരണങ്ങൾ നടത്തി.
കാണേണ്ട കാഴ്ചകൾ
മ്യൂസിയമായി മാറിയ അപ്പസ്തോലിക അരമന തന്നെയാണ് ഇവിടത്തെ പ്രധാന കാഴ്ച. വത്തിക്കാനിലെന്നപോലെ കർശനമായ വസ്ത്രധാരണ നിബന്ധനകൾ ഇവിടെയുമുണ്ട്. തോൾ മറച്ചതും കാൽമുട്ടു വരെയെങ്കിലും നീളമുള്ളതുമായ വസ്ത്രം നിർബന്ധമാണ്.
പാപ്പാമാർ താമസിച്ചിരുന്ന മുറികൾ, അവരുടെ സ്വകാര്യ കിടപ്പമുറി, പഠനമുറി, ചാപ്പൽ എന്നിവ ഇവിടെയുണ്ട്. ഓഡിയോ ഗൈഡുകൾ ഓരോ മുറിയുടെയും ചരിത്രം വിശദീകരിക്കുന്നു. അതിവിശാലമായ പൂന്തോട്ടങ്ങളാണ് മറ്റൊരാകർഷണം. റോമൻ ശില്പങ്ങൾ, ജലധാരകൾ, പൂക്കൾ, മരങ്ങൾ എന്നിവ പകരുന്ന ആനന്ദം കാണികളെ വിരുന്നൂട്ടും.
പശ്ചാത്തലത്തിൽ അൽബാനോ തടാകത്തിന്റെ ഇരട്ടിമധുരവും. വത്തിക്കാന്റെ വാനനിരീക്ഷണകേന്ദ്രവും ഇവിടെയാണ്. പിയാസ ദെല്ല ലിബെർത്ത എന്ന ചത്വരം നഗരത്തിന്റെ ഹൃദയഭാഗമാണ്. ബെർണീനിയുടെ ജലധാരയും ആധുനിക കഫേകളും റസ്റ്ററന്റുകളും ഭൂതകാലത്തെയും വർത്തമാനത്തെയും കൂട്ടിയിണക്കുന്നു.
മനം കവരും തടാകം
അൽബാനോ അഗ്നിപർവത തടാകമാണ് കസ്തേൽ ഗണ്ടോൾഫോയുടെ ഏറ്റവും വലിയ സവിശേഷത. ഒരു പുരാതന അഗ്നിപർവതത്തിന്റെ ക്രേറ്ററിൽ (മുഖം) വെള്ളം നിറഞ്ഞ് രൂപപ്പെട്ടതാണിത്. ഈ പ്രദേശത്തെ കുന്നുകളും താഴ്വരകളുമെല്ലാം പുരാതന അഗ്നിപർവത പ്രവർത്തനങ്ങളുടെ ഫലമായി രൂപപ്പെട്ടതാണ്.
170 മീറ്ററോളം ആഴമുള്ള തടാകത്തിന് പുരാതന റോമൻ ചരിത്രവുമായി അഭേദ്യബന്ധമുണ്ട്. അൽബ ലോംഗ എന്ന പുരാതന നഗരം ഈ തടാകത്തിനു സമീപമാണ് സ്ഥിതി ചെയ്തിരുന്നത്. റോമിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിൽ ഈ നഗരത്തിനു വലിയ പ്രാധാന്യമുണ്ട്.
ബിസി 398ൽ റോമൻ സൈന്യം വീയി നഗരം ഉപരോധിച്ചപ്പോൾ, അൽബാനോ തടാകത്തിലെ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയരുന്നതുകണ്ട് അന്തംവിട്ടു. ഇതൊരു ദുഃശകുനമാണെന്നായിരുന്നു വ്യാഖ്യാനം. പ്രശ്നം പരിഹരിക്കാൻ റോമക്കാർ തടാകത്തിൽനിന്ന് ഒരു തുരങ്കം നിർമിച്ചു.
ഇതു തടാകത്തിലെ അധികജലം നിയന്ത്രിതമായി ഒഴുക്കിവിട്ടു. ഈ പുരാതന തുരങ്കം ഇപ്പോഴും നിലവിലുണ്ട്. കസ്തേൽ റൊമാനി പ്രദേശത്തിന്റെ തനത് വൈനുകളും പോർകെറ്റ (റോസ്റ്റ് ചെയ്ത പന്നിയിറച്ചി) പോലുള്ള വിഭവങ്ങളും ആസ്വദിക്കാൻ മറക്കരുതെന്ന ശിപാർശ രസമുകുളങ്ങളെയും ആകർഷിക്കുന്നു.
ലോകത്തിലെ ആദ്യത്തെ പോസ്റ്റ് ബോക്സ് സ്ഥാപിച്ചത് കസ്തേൽ ഗണ്ടോൾഫോയിലെ പിയാസ ദെല്ല ലിബേർത്ത സ്ക്വയറിൽ ആണത്രേ. അതുകൊണ്ടു തന്നെ ഇവിടെ എത്തുന്ന ടൂറിസ്റ്റുകളിൽ ബഹുഭൂരിപക്ഷവും ഇവിടെനിന്ന് ഒരു കത്ത് പോസ്റ്റ് ചെയ്യാറുണ്ട്.
മൂന്നു പാപ്പാമാർ
മൂന്ന് ആധുനിക പാപ്പാമാരെ സംബന്ധിച്ച് കസ്തേൽ ഗണ്ടോൾഫോയ്ക്ക് സവിശേഷ പ്രാധാന്യമുണ്ട്. ബനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തശേഷം ആദ്യം പോയത് ഇവിടേക്കായിരുന്നു.
തന്റെ പിൻഗാമിയെ തെരഞ്ഞടുക്കുന്നതു വരെ അദ്ദേഹം അവിടെ താമസിച്ചു. വൈകാരികമായൊരു ബന്ധം അദ്ദേഹത്തിന് ഈ പ്രദേശവുമായുണ്ടായിരുന്നു. ഫ്രാൻസിസ് മാർപാപ്പ ഇവിടെ താമസിക്കേണ്ടെന്നു തീരുമാനിച്ചെങ്കിലും കൊട്ടാരം മ്യൂസിയമാക്കിയതു ചരിത്രപരമായ തീരുമാനമായി.
ജനങ്ങളിലേക്ക് അടുക്കുക എന്ന അദ്ദേഹത്തിന്റെ തത്വശാസ്ത്രത്തിന്റെ പ്രതിഫലനമായും ഈ തീരുമാനത്തെ വിലയിരുത്തുന്നുണ്ട്. ജോൺ പോൾ രണ്ടാമൻ മാർപാപ്പ രോഗാവസ്ഥയിൽപോലും ഇവിടെയെത്തി വിശ്രമിച്ചിരുന്നു. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ഇടമായിരുന്നു ഇത്. ചരിത്രമുറങ്ങുന്ന ഇടങ്ങൾ കേവലം കൽക്കെട്ടിടങ്ങളോ നിർജീവമായ വിവരണങ്ങളോ അല്ല.
അവ മനുഷ്യന്റെ സ്വപ്നങ്ങൾ, പോരാട്ടങ്ങൾ, വിജയപരാജയങ്ങൾ, മനുഷ്യസ്നേഹത്തിന്റെ അസാധാരണ കൈവഴികൾ എന്നിവയുടെ നിശബ്ദ സാക്ഷികളാണ്. ഓരോ നൂറ്റാണ്ടു പിന്നിടുന്പോഴും അവ പുതിയ പുതിയ കഥകൾ കൂട്ടിച്ചേർക്കുന്നു. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച് ഗണ്ടോൾഫോ കോട്ട മാനവികതയുടെ പുതുകാഴ്ചകൾക്കായി കാത്തിരിക്കുന്നു.
ആയിരങ്ങളുടെ അഭയകേന്ദ്രം
കസ്തേൽ ഗണ്ടോൾഫോയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും നാടകീയവും മാനുഷികവുമായ സംഭവം രണ്ടാം ലോകമഹായുദ്ധ കാലത്തായിരുന്നു. റോം നാസികൾ പിടിച്ചെടുത്ത സമയത്ത്, പോപ്പ് പീയൂസ് പന്ത്രണ്ടാമൻ നിർണായകമായ ഒരു തീരുമാനം എടുത്തു.
പേപ്പൽ കൊട്ടാരവും ചുറ്റുമുള്ള വില്ലകളും പൂന്തോട്ടങ്ങളും ഉൾപ്പെടെ അരമനയുടെ വാതിലുകൾ ആയിരക്കണക്കിന് അഭയാർഥികൾക്കായി അദ്ദേഹം തുറന്നുകൊടുത്തു.
യഹൂദന്മാർ, ഫാസിസ്റ്റ് വിരുദ്ധർ, യുദ്ധത്തിൽനിന്നു പലായനം ചെയ്യുന്നവർ എന്നിവരുൾപ്പെടെ ഏകദേശം 12,000 ആളുകൾ കെട്ടിടത്തിൽ അഭയം കണ്ടെത്തി.
പാപ്പായുടെ കിടപ്പുമുറി പോലും പ്രസവമുറിയായി മാറി. ഉപരോധസമയത്ത് നിരവധി കുട്ടികൾക്ക് അവിടം ഈറ്റില്ലമായി. ഇത് നിഷ്പക്ഷ പ്രദേശമായിരുന്നിട്ടും, ജർമൻകാരുടെ ഷെല്ലാക്രമണത്തിനു കുറവുണ്ടായിരുന്നില്ല. കടുത്ത യുദ്ധഭീതിയിലും ഇത് പ്രതീക്ഷയുടെയും സംരക്ഷണത്തിന്റെയും വിളക്കുമാടമായി.