വെളിപാടിന്റെ നാട്ടിൽ
ഫാ. ബിബിൻ മഠത്തിൽ
Sunday, April 20, 2025 1:16 AM IST
തുർക്കിയുടെ പടിഞ്ഞാറെ തീരത്ത് ആയിരുന്നു വെളിപാടിന്റെ പുസ്തകത്തിൽ പറയുന്ന ഏഴു പള്ളികൾ (സഭാ സമൂഹങ്ങൾ). എന്നാൽ, ആക്രമണങ്ങളും അധിനിവേശങ്ങളും അവയെ തച്ചുതകർത്തു. എങ്കിലും ഈ ഏഴു പള്ളികൾ തേടിയുള്ള തീർഥാടനത്തിനായി ആയിരക്കണക്കിനു പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്നു. ഈ ഉയിർപ്പ് ദിനത്തിൽ ആ ഏഴു പള്ളികളിലേക്കൊരു യാത്ര.
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ഞാൻ ഇസ്താംബുൾ നഗരത്തിൽ. മനസ് തുടിച്ചുകൊണ്ടിരുന്നു. എത്രയോ നാളത്തെ മോഹമാണ് സഫലമാകാൻ പോകുന്നത്. കിഴക്കും പടിഞ്ഞാറും കൂടിച്ചേരുന്ന പഴയ കോൺസ്റ്റാന്റിനോപ്പിൾ നഗരം. നേരത്തേ പറഞ്ഞതുപോലെ മാത്യുവും വിനോദും ഇംഗ്ലണ്ടിൽനിന്ന് എത്തിക്കഴിഞ്ഞു.
വാടകയ്ക്ക് എടുത്ത പ്യൂഷോ 3008 കാറുമായി ഇസ്താംബൂളിലെ തിരക്കേറിയ വീഥിയിലേക്ക് ഇറങ്ങുന്പോൾ ഞങ്ങൾക്ക് വിനോദസഞ്ചാരികളുടെ മനസായിരുന്നില്ല, തീർഥാടകരുടെ മനസായിരുന്നു. കാരണം ഈ യാത്ര ഒരു കാലത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമായിരുന്ന ബൈസന്റൈൻ സാമ്രാജ്യത്തിന്റെ വേരുകൾ തേടിയുള്ള യാത്രയാണ്.
ഇതു തീർഥാടനമല്ലെങ്കിൽ മറ്റെന്താണ്? കോൺസ്റ്റാന്റിനോപ്പിളിന്റെ മകുടമായിരുന്ന ഹാഗിയ സോഫിയയിൽനിന്നുതന്നെ ആരംഭിക്കണമെന്നു ഞങ്ങൾക്കു നിർബന്ധമുണ്ടായിരുന്നു. ഹാഗിയ സോഫിയയിൽനിന്നു നൂറു മീറ്റർ മാത്രം അകലെയായിരുന്നു ഞങ്ങളുടെ ഹോട്ടൽ.
ജനാലയിലൂടെ നോക്കിയാൽ പൗരസ്ത്യസഭയുടെ ഹൃദയമായിരുന്ന ഹാഗിയ സോഫിയ കാണാം. ബൈസന്റൈൻ സാമ്രാജ്യത്തിന്റെ പതനം ആ കത്തീഡ്രൽ പള്ളിയെ ഒരു മോസ്ക് ആക്കി മാറ്റി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മതേതരത്വത്തിന്റെ ലാഞ്ഛന കാണിച്ച തുർക്കിയിൽ ഏതാനും പതിറ്റാണ്ടുകൾ അതു മ്യൂസിയമായി നിലനിന്നു. എന്നാൽ, അടുത്ത കാലത്ത് അവിടത്തെ ഇസ്ലാമിക ഭരണകൂടം അതിനെ വീണ്ടും മോസ്ക് ആക്കി മാറ്റി. ഹാഗിയ സോഫിയയുടെ മിനാരങ്ങളുടെ ഇടയിൽ അലങ്കാര ബൾബുകൾകൊണ്ട് "ലാ ഇലാഹ ഇല്ലല്ലാഹ്'' എന്ന് എഴുതിയിരിക്കുന്നു.
പിറ്റേന്നു രാവിലെതന്നെ ഞങ്ങൾ ഹാഗിയ സോഫിയയിലെത്തി. വിശാലവും പ്രൗഢവുമായ ഉൾവശം ഞങ്ങളെ അദ്ഭുതപ്പെടുത്തി. തച്ചുശാസ്ത്രവിദ്യയുടെ അദ്ഭുതമായ താഴികക്കുടം സ്വർഗത്തിലേക്കുള്ള കമാനം പോലെ തോന്നി. അതിന്റെ താഴെ ചരിത്രത്തെ മായ്ക്കാനും മറയ്ക്കാനുമുള്ള നൂറ്റാണ്ടുകളുടെ ശ്രമങ്ങളെ അതിജീവിച്ച തിരുശേഷിപ്പുകൾ പോലെ ക്രിസ്തുവിന്റെയും കന്യകാമറിയത്തിന്റെയും ചുമർച്ചിത്രങ്ങൾ കാണാമായിരുന്നു.
അല്ലാഹുവിന്റെയും മുഹമ്മദിന്റെയും പേരുകൾ എഴുതിയിരുന്ന വലിയ കാലിഗ്രാഫി ഡിസ്കുകൾ അതിന്റെ നാലുചുറ്റും ഉണ്ടായിരുന്നു. കറുത്ത പശ്ചാത്തലത്തിൽ എഴുതിയിരുന്ന ആ അക്ഷരങ്ങൾ മൊസൈക്കുകൾ കൊണ്ടുള്ള ഐക്കണുകളാൽ മനോഹരമാക്കിയിരുന്ന ഭിത്തികളെ ശ്വാസം മുട്ടിക്കുന്നതു പോലെ തോന്നി. നൂറ്റാണ്ടുകളായി അതിതീവ്രമായ സംവാദത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് കാഴ്ചപ്പാടുകൾ ഹാഗിയ സോഫിയയിൽ കാണാമായിരുന്നു.
ഉച്ചകഴിഞ്ഞ് "കാരിയെ മോസ്ക്’ സന്ദർശിച്ചപ്പോഴും ഇതേ ചിന്തകൾ ഉണർന്നു. ഒരു കാലത്ത് ക്രിസ്തുവിന്റെയും ദൈവമാതാവിന്റെയും അതിമനോഹര മൊസൈക്കുകൾക്കു പേരുകേട്ട "ചോറാ പള്ളി'' എന്ന ക്രൈസ്തവ ദേവാലയമായിരുന്നു കരിയെ മോസ്ക്. ഞങ്ങൾ ചെല്ലുന്പോഴേക്കും നിസ്കാര സമയം ആയിരുന്നു. ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കുന്ന ഐക്കണുകൾക്കു താഴെനിന്നുകൊണ്ട് ആളുകൾ നമസ്കരിക്കുന്നത് വിചിത്രമായ കാഴ്ച.
സാത്താൻ വസിക്കുന്നിടം, വിശുദ്ധർ നിലനിൽക്കുന്നിടം: പെർഗാമോസും സ്മിർണയും
അടുത്ത ദിവസം രാവിലെ ഞങ്ങൾ ഇസ്താംബൂളിൽനിന്നു പുറപ്പെട്ടു. വെളിപാട് പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന ഏഴ് സഭകളിലേക്കാണ് യാത്ര. ക്രിസ്തുവിൽനിന്നു സന്ദേശങ്ങൾ ലഭിച്ച ഏഴ് സഭകൾ!
ഏറ്റവും വടക്ക് സ്ഥിതി ചെയ്തിരുന്ന പെർഗാമോസ് (ആധുനിക ബെർഗാമ) ആയിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം. 400 കിലോമീറ്റർ പിന്നിട്ട് ഉച്ചയോടെ ഞങ്ങൾ ബെർഗാമയിലെത്തി. അവിടെനിന്നു പെർഗാമോസിന്റെ അക്രോപോളിസ് സ്ഥിതി ചെയ്യുന്ന കുന്നുകയറി ഞങ്ങൾ എത്തിയത് പുരാതനമായ ഒരു നഗരത്തിന്റെ ഓർമകളിലേക്ക്. ഗ്രീക്ക് ദേവതയായിരുന്ന അഥീനയുടെ ക്ഷേത്രത്തിന്റെയും അതിപ്രശസ്തമായിരുന്ന പെർഗാമോസ് ഗ്രന്ഥശാലയുടെയും അവശിഷ്ടങ്ങൾ അവിടെ കണ്ടു. (ഒരു ഗ്രീക്ക് നഗരത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത് കോട്ടകൊത്തളങ്ങളാൽ സുരക്ഷിതമാക്കിയ ഭാഗമാണ് അക്രോപോളിസ്).
ആ സാമ്രാജ്യത്വ പ്രൗഢിക്കിടയിലും വെളിപാട് പുസ്തകം ഈ നഗരത്തെക്കുറിച്ചു ഭയാനകമായ മറ്റൊരു സത്യം വെളിപ്പെടുത്തുന്നതു പോലെ തോന്നി. “നീ എവിടെ വസിക്കുന്നുവെന്ന് എനിക്കറിയാം സാത്താന്റെ സിംഹാസനം ഉള്ളിടത്തുതന്നെ” (വെളിപാട് 2:13). രാജഭക്തിയും ഗ്രീക്ക് ആരാധനയും ശക്തമായിരുന്ന ഈ ഇടത്താണ് പെർഗാമോസ് സഭ വളർന്നത്. അന്തിപ്പാസ് ഇവിടെയാണ് രക്തസാക്ഷിയായത് (വെളി 2:13). തകർന്നു കിടക്കുന്ന മാർബിൾ തൂണുകളുടെയും ഗ്രീക്ക് ദേവന്മാരുടെ ബലിപീഠങ്ങളുടെയും ഇടയിലെവിടെയോ രക്തസാക്ഷിയായ അന്തിപ്പാസിന്റെ ഓർമ ഇന്നും ജ്വലിച്ചുനിൽക്കുന്നതായി തോന്നി.
പെർഗാമോസിൽനിന്നു ഞങ്ങൾ സ്മിർണയിലേക്ക് (ആധുനിക ഇസ്മിർ) നീങ്ങി. ഇസ്മിർ ഇന്നൊരു ആധുനിക നഗരമാണ്. എങ്കിലും പുരാതന സ്മിർണയുടെ ഓർമ നിലനിർത്തുന്ന അഗോറ അവിടെ ഉണ്ട്. സഭ വളരെയധികം പീഡിപ്പിക്കപ്പെട്ട ഈ സ്ഥലത്താണ് യോഹന്നാൻ ശ്ലീഹയുടെ ശിഷ്യനായിരുന്ന പോളികാർപ്പ് രക്തസാക്ഷിത്വം വരിച്ചത്.
ഇസ്മിറിൽ ഇന്നു പോളികാർപ്പിന്റെ പേരിൽ ഒരു പള്ളിയുണ്ട്. അവിടം സന്ദർശിക്കണം. അദ്ഭുതമെന്നോണം ഇസ്മിർ രൂപതയുടെ ബിഷപ് ഡോ. മാർട്ടിനെ ഞങ്ങൾക്കു കണ്ടുമുട്ടാൻ സാധിച്ചു. അദ്ദേഹം ഞങ്ങളെ പള്ളിയിലേക്കു ക്ഷണിച്ചു. വിശുദ്ധ പോളികാർപ്പിന്റെ തിരുശേഷിപ്പ് കാണിച്ചു.
ആ തിരുശേഷിപ്പുകൊണ്ട് അദ്ദേഹം ഞങ്ങളെ അനുഗ്രഹിച്ചപ്പോൾ രക്തസാക്ഷിത്വം വഹിക്കാൻ ഒരുങ്ങി നിൽക്കുന്ന പോളികാർപ്പിന്റെ അവസാനവാക്കുകൾ ഓടിയെത്തി. "എൺപത്തിയാറ് വർഷം ഞാൻ അവനെ സേവിച്ചു, അവൻ എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല. എന്നെ രക്ഷിച്ച എന്റെ രാജാവിനെ എനിക്ക് എങ്ങനെ നിന്ദിക്കാനാവും?'' പോളികാർപ്പ് തന്നെ നേരിട്ട് അനുഗ്രഹിക്കുന്നതു പോലെയാണ് എനിക്കു തോന്നിയത്.
ഇസ്മിറിൽ അത്താഴം. തുടർന്ന് ഞങ്ങൾ എഫേസോസിലേക്ക് (ആധുനിക സെൽജൂക്ക്). പൗലോസ് വചനം പ്രസംഗിച്ച, പരിശുദ്ധ മറിയവും യോഹന്നാനും താമസിച്ചിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന അവിടെയാണ് ഞങ്ങൾക്ക് ആ രാത്രി തങ്ങേണ്ടിയിരുന്നത്.
മഹത്വത്തിനും മന്ദതയ്ക്കും ഇടയിൽ: എഫേസൂസ്, ലവോദിക്യാ, ഫിലദെൽഫിയ
കോറെസോസ് മലയിൽ സ്ഥിതിചെയ്യുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ഭവനത്തിൽ (മേര്യം ആനാ എവി) നിന്നാണ് ഞങ്ങളുടെ അടുത്ത പ്രഭാതം ആരംഭിച്ചത്. കല്ലുകൊണ്ടു പണിത ആ ചെറിയ വീട്ടിൽ സമാധാനം നിറഞ്ഞിരുന്നു. യേശുവിന്റെ കുരിശുമരണത്തിനു ശേഷം യോഹന്നാൻ പരിശുദ്ധ അമ്മയുമായി ഇവിടെ എത്തിയെന്നാണ് വിശ്വാസം. അവിടെ ദിവ്യബലി അർപ്പിക്കാൻ ഭാഗ്യം ലഭിച്ചത് ഒരു വലിയ അനുഗ്രഹമായിരുന്നു.
മറിയം ദൈവമാതാവ് മാത്രമല്ല, വിശ്വാസികളുടെ അമ്മ കൂടി ആണ്. അമ്മ ജീവിച്ചിരുന്ന കാലത്ത് ഇതുപോലെ അവളെ കാണാൻ എത്തിയിരുന്നവരെ അവൾ ഒരു അമ്മയുടെ വാത്സല്യത്തോടും സ്നേഹത്തോടുംകൂടെ സ്വീകരിക്കുകയും അവർക്ക് ഭക്ഷണമൊരുക്കുകയും ചെയ്യുമായിരുന്നില്ലേ? ഞങ്ങളെയും അവൾ സ്നേഹപൂർവം ഭക്ഷണത്തിനു ക്ഷണിക്കുന്നതു പോലെ തോന്നി.
ആ കുന്നിൻ മുകളിൽ
അവിടെനിന്നു വിശുദ്ധ യോഹന്നാന്റെ നാമധേയത്തിലുണ്ടായിരുന്ന ബസിലിക്ക സ്ഥിതി ചെയ്തിരുന്ന കുന്നിൻമുകളിലേക്കാണ് പോയത്. ബസിലിക്കയുടേതായി ഇന്നവിടെ ബാക്കിയുള്ളത് ഏതാനും തൂണുകളും ഭിത്തികളും മാർബിൾ ശിലകളും മാത്രം. ഇവിടെയായിരുന്നു ഈശോ സ്നേഹിച്ചിരുന്ന ശിഷ്യന്റെ അന്ത്യവിശ്രമം.
ഒരു കാലത്തു തീർഥാടകരാൽ നിറഞ്ഞിരുന്ന, ആരാധനാഗീതങ്ങളാൽ മുഖരിതമായിരുന്ന മണ്ണിൽ ഇന്ന് ഏതാനും കല്ലുകളും നിശബ്ദതയും മാത്രം. യോഹന്നാന്റെ കല്ലറ എന്ന് അടയാളപ്പെടുത്തിയിരുന്ന സ്ഥലത്തു മുട്ടുകുത്തുമ്പോൾ വിശുദ്ധമായ ആ സ്ഥലത്തിന്റെ ഇന്നത്തെ അവസ്ഥയിൽ വലിയ ദുഃഖം തോന്നി.
ആ ബസിലിക്കയുടെ അവശിഷ്ടങ്ങൾക്കിടയിലൂടെ ചുറ്റിനടക്കുന്നതിനിടയിൽ അതിന്റെ തകർന്നു കിടക്കുന്ന അൾത്താരയുടെ പിറകിലായി കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവൾ തലകുനിച്ചിരുന്നു പ്രാർഥിക്കുകയായിരുന്നു. അവളെ കണ്ടപ്പോൾ ഒരു സന്യാസിനി ആയിരിക്കുമെന്നു തോന്നി.
അതുകൊണ്ട് ഞാൻ അടുത്തു ചെന്ന് അവളോടു പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു, “സഹോദരീ, നിങ്ങൾ ഒരു സന്യാസിനി ആണോ?” അവൾ തലയുയർത്തി ശാന്തമായ പുഞ്ചിരിയോടെ എന്നെ നോക്കി. “അതേ” - അവൾ പറഞ്ഞു. “ഞാൻ സെർബിയയിൽനിന്നാണ്.” "ഹെർമിറ്റേജ് ഓഫ് ദ സെപുൾകർ ഓഫ് സെന്റ് ജോൺ ദ തിയോളജിയൻ’ എന്ന ആശ്രമത്തിന്റെ ഭാഗമായി അവളും മറ്റൊരു സന്യാസിനിയും ആ കുന്നിന്റെ താഴ്വരയിൽ താമസിക്കുകയും പ്രാർഥിക്കുകയും ചെയ്യുകയാണത്രേ!
അവളെ കണ്ടപ്പോൾ ആ ബസിലിക്കയ്ക്ക് ഇന്നും ജീവശ്വാസം ഉള്ളതുപോലെ തോന്നി. അവിടെനിന്നു പുറത്തേക്കു നടക്കുമ്പോൾ, ആ സന്യാസിനിയുടെ ചുണ്ടുകളിൽ കേട്ട പ്രാർഥന എന്റെ മനസിലും ഉയർന്നു, "മിശിഹായെ, ജീവനുള്ള ദൈവത്തിന്റെ പുത്രാ, പാപിയായ എന്നിൽ കനിയണമേ!''
എഫേസൂസിൽനിന്നു ഞങ്ങൾ ലവോദിക്ക്യയിലേക്കാണ് പോയത്. ഒരു കാലത്ത് സമ്പത്തിന്റെയും ആഡംബരത്തിന്റെയും അടയാളമായിരുന്ന നഗരം. അക്കാലത്തെ ഗംഭീരവും ആകർഷകവുമായിരുന്ന ഒരു പള്ളിയുടെ അവശിഷ്ടങ്ങൾ അവിടെ ഉണ്ടായിരുന്നു. തകർന്നു കിടക്കുന്ന ആ പള്ളി എന്നെ ആ സഭയെക്കുറിച്ചുള്ള ക്രിസ്തുവിന്റെ മുന്നറിയിപ്പുകൾ ഓർമിപ്പിച്ചു,
"ഞാൻ ധനവാനാണ്, എനിക്ക് സമ്പത്തുണ്ട്, ഒന്നിനും കുറവില്ല എന്നു നീ പറയുന്നു. എന്നാൽ, നീ നികൃഷ്ടനും ദയനീയനും ദരിദ്രനും ആണെന്നു നീ അറിയുന്നില്ല.” (വെളി 3:17). ചൂടോ തണുപ്പോ ഇല്ലാത്ത മന്ദോഷ്ണനായിരുന്നു ലാവോദിക്യ.
ലവോദിക്യയിൽനിന്നു വൈകുന്നേരത്തോടെ ഞങ്ങൾ ഫിലദെൽഫിയയിൽ (ആധുനിക അലഷെഹിർ) എത്തി.
വെളിപാട് പുസ്തകത്തിൽ വിശ്വസ്തതയ്ക്കു പ്രശംസിക്കപ്പെട്ട സഭയാണ് ഫിലദെൽഫിയ. അവിടുത്തെ പള്ളിയുടെ അവശിഷ്ടങ്ങൾ ലാവോദിക്യയിലെപ്പോലെ സമ്പന്നത അടയാളപ്പെടുത്തുന്നതായിരുന്നില്ല. ഞങ്ങൾ എത്തിയപ്പോഴേക്കും സൂര്യൻ മറഞ്ഞു തുടങ്ങിയിരുന്നു. ക്രൈസ്തവ വിശ്വാസം ജ്വലിച്ചിരുന്ന ഈ സഭകളിൽ ഇന്നത് അസ്തമിച്ചതെങ്ങനെ എന്ന ചോദ്യം ആ സൂര്യാസ്തമയം ഞങ്ങളുടെ മുമ്പിൽ വച്ചു. പീഡനങ്ങളും യുദ്ധങ്ങളും ഭരണമാറ്റങ്ങളും കെട്ടിടങ്ങളെ മാത്രമല്ല, സമൂഹങ്ങളെയും മാറ്റിക്കളയും.
അലാഷെഹിറിൽനിന്ന് അത്താഴം കഴിച്ച് ഞങ്ങൾ സാലിഹ്ലിയിലെ ഞങ്ങളുടെ ഹോട്ടലിലേക്കു യാത്രയായപ്പോഴും ആ ദിവസത്തിന്റെ ഭാരം ഞങ്ങളെ വിട്ടുപോയിരുന്നില്ല. മഹത്വം മങ്ങിപ്പോകും, ആഡംബരം ഇല്ലാതാകും, പീഡനം ചിതറിച്ചു കളയും. അപ്പോഴും ഫിലദെൽഫിയയിലെ സഭയ്ക്കു ക്രിസ്തു നല്കിയ സന്ദേശം പ്രസക്തമാണ് “നിന്റെ കിരീടം ആരും കവർന്നെടുക്കാതിരിക്കാൻ നിനക്കുള്ളത് മുറുകെ പിടിക്കുക” (വെളിപാട് 3:11).
സാർദിസും തിയത്തീറായും
സാലിഹ്ലി സാർദിസിനു സമീപമായിരുന്നു. അതിനാൽ സാർദിസിലെ സിനഗോഗിന്റെ അവശിഷ്ടങ്ങൾ സന്ദർശിച്ചുകൊണ്ട് ആ ദിവസം തുടങ്ങാമെന്നു തീരുമാനിച്ചു.
അവിടെനിന്നു ഗ്രീക്ക് ദേവത ആയിരുന്ന അർത്തേമിസിന്റെ ക്ഷേത്രം കാണാനായി ഞങ്ങൾ അങ്ങോട്ടേക്കു തിരിച്ചു. പുരാതന ലോകത്തെ സപ്താത്ഭുതങ്ങളിൽ ഒന്നായിരുന്നു ഈ ക്ഷേത്രം. തകർന്നുകിടക്കുന്ന മാർബിൾ തൂണുകൾ പോലും എത്ര ഗംഭീരം, പ്രൗഢം! അർത്തേമിസ് ദേവിയുടെ പ്രതിമ ഉണ്ടാക്കിയിരുന്ന എഫേസൂസിലെ വെള്ളിപ്പണിക്കാരെയും പൗലോസിനെതിരേയുള്ള അവരുടെ ലഹളയെയും (അപ്പ. പ്രവ. 19:23-41).
ഓർത്തുകൊണ്ട് അവിടം ചുറ്റിനടക്കുന്നതിനിടയിൽ ആ ക്ഷേത്രത്തിനോടു ചേർന്നുതന്നെ ഒരു ചെറിയ ക്രിസ്ത്യൻ കപ്പേള ഉണ്ടായിരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. അതിസമ്പന്നതയുടെ ആ ക്ഷേത്രത്തിനോടു ചേർന്ന് അതിലളിതമായ ആ കപ്പേള ഒരു വൈരുധ്യം പോലെ തോന്നിച്ചു.
വളരെയധികം എതിർപ്പുകൾ നേരിട്ടായിരുന്നു ഇവിടങ്ങളിൽ സഭ വളർന്നത്. എങ്കിലും ഇന്നു സാർദിസിൽ പ്രകടമായ ക്രിസ്ത്യൻ സാന്നിധ്യമില്ല. അത് ഇങ്ങനെ ഏതാനും കല്ലുകളിലേക്കും പൊട്ടിപ്പൊളിഞ്ഞ ചുവരുകളിലേക്കും ചുരുങ്ങിയിരിക്കുന്നു. വെളിപാട് പുസ്തകത്തിലെ ആഹ്വാനം ആ കപ്പേളയുടെ ചുവരുകളിൽ പ്രതിധ്വനിക്കുന്നതായി തോന്നി, “ഉണരുക, നിന്നിൽ ആസന്നമരണമായി അവശേഷിക്കുന്നതിനെ ഉത്തേജിപ്പിക്കുക” (വെളി 3:2). വിശ്വാസം ഒരു അവശിഷ്ടമായി മാറരുത്. അതിനെ പരിപാലിക്കണം, പുതുക്കണം, അത് ജീവിക്കണം.
തിയത്തീറയിലേക്ക്
ഞങ്ങളുടെ യാത്ര തുടരുകയാണ്. വെളിപാടിലെ ഏഴ് പള്ളികളിൽ ഇനി ഞങ്ങൾക്കു സന്ദർശിക്കാനുള്ളത് തിയത്തീറ(ആധുനിക അഖിസാർ)യാണ്. വസ്ത്രവ്യാപാരത്തിനു പേരുകേട്ട പട്ടണമായിരുന്നു തീയത്തീറ. പട്ടുവിൽപ്പനക്കാരിയായിരുന്ന ലീദിയ ഇവിടുത്തുകാരിയായിരുന്നു (അപ്പ. പ്രവ. 16). തിയത്തീറയിൽ ഇന്നു ക്രൈസ്തവപാരമ്പര്യത്തിന്റേതായി കാര്യമായൊന്നും അവശേഷിക്കുന്നില്ല. ആകെയുള്ളതു പുരാതനനഗരത്തിന്റെ അവശിഷ്ടങ്ങളായ കുറെ കല്ലുകൾ മാത്രം.
ആ കല്ലുകളിൽ ഇരുന്ന് അല്പനേരം പ്രാർഥിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ലീദിയ അവളുടെ ഭവനത്തിൽ ഒരുമിച്ചു കൂടിയിരുന്ന സഭയിലേക്കു ഞങ്ങളെ ക്ഷണിക്കുന്നതു പോലെ എനിക്കു തോന്നി. ഒരു നിമിഷം ആ ആദിമസഭയുടെ ഭാഗമായത് പോലെ! തിയത്തീറയിലെ സഭയോടു ക്രിസ്തു പറയുന്നത് അപ്പോഴും വ്യക്തമായി കേൾക്കാമായിരുന്നു, “നിങ്ങൾക്ക് ലഭിച്ചതിനെ ഞാൻ വരുവോളം മുറുകെപ്പിടിക്കുവിൻ” (വെളി 2:25).
നിഖ്യയുടെ ചാരുത
നിഖ്യ(ആധുനിക ഇസ്നിക്)യിലേക്കാണ് അവിടെനിന്നു ഞങ്ങൾ പോയത്. ഏഴു സഭകളോട് അടുത്തു കിടക്കുന്ന അവിടെയാണ് ക്രൈസ്തവവിശ്വാസം കൃത്യമായി നിർവചിച്ച നിഖ്യാവിശ്വാസപ്രമാണം രൂപം കൊണ്ടത്. അതിനു കാരണമായ നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികമാണ് ഈ വർഷം. ഞങ്ങൾ ഇസ്നിക്കിൽ എത്തിയപ്പോഴേക്കും സൂര്യൻ അസ്തമിച്ചു തുടങ്ങിയിരുന്നു. അസ്തമയ സൂര്യന്റെ സുവർണപ്രകാശം ഇസ്നിക്കിലെ തടാകത്തിന്റെ ഓളങ്ങളിൽ തട്ടി പ്രതിഫലിച്ചു. സൂനഹദോസ് കൂടിയ നിഖ്യയിലെ പ്രസിദ്ധമായിരുന്ന ഹാഗിയ സോഫിയ പള്ളിയുടെ അവശിഷ്ടങ്ങൾ ഇന്ന് ആ തടാകത്തിന്റെ ഉപരിതലത്തിനു താഴെയാണ്.
സായാഹ്നത്തിൽ ആ തടാകക്കരയിൽ കരങ്ങൾ കോർത്തുപിടിച്ചു നിഖ്യാ വിശ്വാസപ്രമാണം ഏറ്റുചൊല്ലി പ്രാർഥിച്ചപ്പോൾ രണ്ടു സഹസ്രാബ്ദങ്ങളോളം ലോകം മുഴുവൻ ഏറ്റുപറഞ്ഞ ക്രൈസ്തവവിശ്വാസത്തിന്റെ പൈതൃകം ഞങ്ങളുടെ തീർഥാടനത്തിനു ചാരുതയേകി. ക്രിസ്തുവിന്റെ ദൈവികതയെ നിഷേധിച്ച ആര്യൻ പാഷണ്ഡതയെ നേരിടാനായിരുന്നു നിഖ്യയിലെ സൂനഹദോസ് വിളിച്ചുചേർത്തത്. തടാകത്തിലെ വെള്ളത്തിൽ പുരാതന പള്ളിയുടെ അവശിഷ്ടങ്ങൾ പോലും കാണാനില്ലെങ്കിലും അത് അവിടെ ഉണ്ടെന്നുള്ള സത്യം നിലനിൽക്കുന്നു. അടിസ്ഥാന സത്യങ്ങളെ മറയ്ക്കാൻ ഒരു ശക്തിക്കും കഴിയില്ലല്ലോ.
മോസ്കാക്കി മാറ്റിയ ഇസ്താംബൂളിലെ ഹാഗിയ സോഫിയയിൽനിന്നു തടാകത്തിൽ മുങ്ങിപ്പോയ ഇസ്നിക്കിലെ ഹാഗിയ സോഫിയയിലേക്ക് എത്തി നിൽക്കുമ്പോൾ ഞങ്ങളുടെ തീർഥാടനം ഒരു പൂർണവൃത്തമെത്തിയത് പോലെ തോന്നി. ഇസ്നിക്കിൽനിന്നു തിരികെ താമസസ്ഥലങ്ങളിലേക്കു യാത്രയാകുമ്പോൾ നഷ്ടബോധങ്ങളുടെ ശൂന്യതയല്ല, മറിച്ച് നിശബ്ദരാകാൻ വിസമ്മതിച്ച രക്തസാക്ഷികളുടെ ശബ്ദങ്ങളും അപ്പസ്തോലിക വിശ്വാസത്തിന്റെ ഇടിമുഴക്കങ്ങളും ആണ് ഞങ്ങളുടെ കാതുകളിൽ മുഴങ്ങിയത്.
ഇസ്നിക്കിലെ ആ തടാകത്തിൽനിന്ന് ഇന്നും വിശ്വാസം പ്രഘോഷിക്കപ്പെടുന്നുണ്ട്, “അവിടന്ന് കഷ്ടതയനുഭവിച്ച് മരിച്ച് അടക്കപ്പെട്ട്, തിരുഹിതപ്രകാരം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ്, സ്വർഗത്തിലേക്ക് കരേറി.” ഉയിർത്തെഴുന്നേറ്റ ആ മിശിഹായിലാണു ക്രൈസ്തവർ വിശ്വാസിക്കുന്നത്. ഏവർക്കും ഉയിർപ്പ് തിരുനാളിന്റെ മംഗളങ്ങൾ.
നഗരങ്ങളുടെ പേരിലാണ് ഏഴു പള്ളികൾ അറിയപ്പെടുന്നത്
1. സ്മിർണ
2. തിയത്തീറ
3. ഫിലാദെൽഫിയ
4. ലവോദീക്യ
5. എഫേസൂസ്
6. പെർഗാമോസ്
7. സാർദിസ്.