കുരിശുകളുടെ താഴ്വര
Saturday, March 1, 2025 8:35 PM IST
കുരിശുമല എന്നു പറയുന്പോൾ മലയാളികളുടെ മനസിലേക്ക് ഒാടിയെത്തുന്നത് മലയാറ്റൂരും അതുപോലെയുള്ള കുരിശുമലകളുമായിരിക്കും. എന്നാൽ, അക്ഷരാർഥത്തിൽ ഒരു കുരിശുമല കാണണമെങ്കിൽ ലിത്വാനിയ എന്ന രാജ്യത്തേക്കു ചെല്ലണം. സത്യത്തിൽ ഇതൊരു മലയല്ല, താഴ്വരയാണ്. അവിടെ ഒരു കുന്നിൽ ഒന്നും രണ്ടുമല്ല പതിനായിരക്കണക്കിനു കുരിശുകൾ. പല വലുപ്പത്തിൽ, പല നിറത്തിൽ, പല ആകൃതിയിൽ... ഹിൽ ഓഫ് ക്രോസസിലേക്കു സ്വാഗതം...
യൂറോപ്യൻ യൂണിയനിലാണ് കൊച്ചുകൊച്ചു രാജ്യങ്ങൾ ഏറെയുള്ളത്. കിഴക്കൻ യൂറോപ്പിലെ മൂന്നു ബാൾട്ടിക് രാജ്യങ്ങളിൽ ഏറ്റവും വലുതാണ് ലിത്വാനിയ.
സോവിയറ്റ് യൂണിയനിൽനിന്നു വിടുതി പ്രഖ്യാപിച്ച ആദ്യ ഘടക റിപ്പബ്ലിക്കും ലിത്വാനിയയാണ്. 62,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണം മാത്രമുള്ള ലിത്വാനിയ ആഹ്ലാദപൂർണമായ ജീവിതശൈലികൊണ്ട് "ബാൾട്ടിക്കിലെ സ്പെയിൻ' എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഒരു കാലത്തു റഷ്യക്കാരുടെ നിരന്തരപീഡനം ഏറ്റുവാങ്ങിയ ലിത്വാനിയ അതിവേഗം പുരോഗതിയിലേക്കു കുതിക്കുന്ന രാജ്യമാണ്. പോളണ്ടിനോടും റഷ്യയോടുമാണ് അതിർത്തി പങ്കിടുന്നത്. ബാൾട്ടിക് കടൽത്തീരത്താണ് തലസ്ഥാനമായ വീൽനസ്(Vilnius). എണ്പത് ശതമാനം റോമൻ കത്തോലിക്കരുള്ള ഇവിടത്തെ ഭാഷ ലിത്വാനിയൻ ആണ്.
യുദ്ധക്കെടുതികൾ
യൂറോപ്പ് സഞ്ചാരികളുടെ ഇഷ്ടസ്ഥലങ്ങളിൽ ഒന്നാണ് ലിത്വാനിയ. അതിസുന്ദരമായ കടൽത്തീരങ്ങളും നിബിഡവനങ്ങളും സഞ്ചാരികളെ ആകർഷിക്കുന്നു.
1991 സെപ്റ്റംബർ ആറിനാണ് ഈ രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചത്. 19-ാം നൂറ്റാണ്ടുവരെ പോളണ്ടിന്റെയും ലിത്വാനിയയുടെയും ചരിത്രം ഒന്നുതന്നെയാണ്. 1386ൽ ലിത്വാനിയൻ ദേശത്തെ മഹാപ്രഭു വാഡിസ്വാവ് പോളിഷ് രാജ്ഞി ജാഡ്വിഗയെ പരിണയിച്ചതോടെ ഇരു രാജ്യങ്ങളും ഒന്നായെന്ന് ചരിത്രം.
1795ൽ ലിത്വാനിയയുടെ ഒരു ഭാഗം റഷ്യയും മറുപകുതി പ്രഷ്യയും കീഴടക്കിയതോടെ രാജ്യംതന്നെ ഇല്ലാതായി. റഷ്യയിലെ സാറിസ്റ്റ് ഭരണത്തിൽ ലിത്വാനിയൻ ഭാഷയും ക്രിസ്തുമതവും നിരോധിക്കപ്പെട്ടു.
1920ൽ പോളണ്ട് ലിത്വാനിയയുടെ തലസ്ഥാനമായ വിൽനസ് പിടിച്ചെടുത്തു. 1939ൽ റഷ്യൻ സൈന്യം ലിത്വാനിയയിൽ താവളമുറപ്പിക്കുകയും പള്ളികളും നഗരകവാടങ്ങളും ഇടിച്ചുനിരത്തുകയും ചെയ്തു. അന്താരാഷ്ട്ര സഹായം തേടിയെങ്കിലും രാജ്യം ഒടുവിൽ റഷ്യയുടെ സൈനികതാവളമായി പരിണമിച്ചു.
1940 മുതൽ കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലായിരുന്നു ലിത്വാനിയ. കമ്യൂണിസ്റ്റ് സർക്കാർ മതനിരോധനം ഏർപ്പെടുത്തി. 1991ൽ പ്രസിഡന്റ് ബോറീസ് യെൽസിന്റെ കാലത്ത് സോവ്യറ്റ് യൂണിയൻ ശിഥിലമായതോടെയാണ് ലിത്വാനിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. യുനെസ്കോയുടെ പൈതൃകനഗര പട്ടികയിൽപെടുന്ന തലസ്ഥാന നഗരമാണ് വിൽനെസ്. കോട്ടയ്ക്കകത്താണ് നഗരം നിലകൊള്ളുന്നത്.
സെന്റ് ആൻസ് ചർച്ച്, വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും നാമത്തിലുള്ള പള്ളി, സെന്റ് ഫ്രാൻസിസിന്റെയും ബർണാഡിനയുടെയും പേരിലുള്ള പള്ളി, 1347ലെ മതപീഡനത്തിൽ തൂക്കിലേറ്റിയ മൂന്നു വിശുദ്ധരായ ആന്റണി, ജോണ്, യൂസ്റ്റാച്ചി എന്നിവരുടെ ഭൗതികദേഹം അടക്കിയിരിക്കുന്ന പരിശുദ്ധാരൂപിയുടെ പള്ളി, വിൽനസ് കത്തീഡ്രൽ, വിശുദ്ധ സ്തനീസ്ലാവോസിന്റെയും വ്ളാഡി സ്ലാവിന്റെയും പള്ളി, പുരാതനമായ ജെഡിമിനാസ് കോട്ട എന്നിവയൊക്കെ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഉദയ കവാടത്തിലെ മാതാവ്
പന്ത്രണ്ട് കവാടങ്ങളുള്ള കോട്ടയ്ക്കകത്തു നിലനിന്നിരുന്ന വിൽനസിൽ അവശേഷിച്ച ഒൻപതെണ്ണം ഇടിച്ചുനിരത്താൻ 1799ൽ റഷ്യൻ സൈന്യമെത്തി. ഉദയകവാടമൊഴികെയുള്ളതെല്ലാം പീരങ്കിയുണ്ടകൾക്കിരയായി.
പരിശുദ്ധ കന്യാമറിയത്തിന്റെ ചിത്രം നിലകൊള്ളുന്ന ഉദയ കവാടം (Gate of Dawn) ഇന്നും അതേപടി നിലകൊള്ളുന്നതിന്റെ കാരണം ചാപ്പലിലുള്ള മാതാവിന്റെ ചിത്രമാണ്. "വിൽനസ് മഡോണ' എന്നറിയപ്പെടുന്ന ഈ ചിത്രത്തിനു നേരേവച്ച പീരങ്കികൾ പ്രവർത്തിപ്പിക്കാൻ റഷ്യൻ സൈന്യത്തിനായില്ല. 1503ലെ നിർമിതിയായ ചാപ്പലും കവാടവും യാതൊരു ഊനവും തട്ടാതെ അതേപടി നിലകൊള്ളുന്നുണ്ട് ഇന്നും.
പതിനാറാം നൂറ്റാണ്ടിൽ ഇറ്റലിയിൽനിന്ന് എത്തിച്ചേർന്ന വിൽനസ് മെഡോണ ചിത്രം വെള്ളിയും തങ്കവും ഉപയോഗിച്ച് ഓക്കുതടിയിൽ പണിതെടുത്തതാണ്. തെരുവിൽനിന്നു ദർശിക്കാവുന്ന വിധം ചാപ്പലിന്റെ ഉള്ളറയിലാണ് ചിത്രം നിലകൊള്ളുന്നത്. ഗോവണി കയറി ചാപ്പലിനു മുകളിലെത്താം. ഞങ്ങൾ ചെല്ലന്പോൾ ചാപ്പലിന്റെ മുന്നിലുള്ള ചത്വരത്തിൽ ഒരു കരിസ്മാറ്റിക് ധ്യാനം നടക്കുന്നുണ്ടായിരുന്നു.
തടാകങ്ങളും ചതുപ്പുകളുമാണ് എന്പാടും. പൈൻ, ദേവദാരു എന്നിവ ഇടതൂർന്ന് വളരുന്ന കാടുകൾ. കുന്തിരിക്കം ഉത്പാദനത്തിൽ പ്രഥമസ്ഥാനം ഈ ദേശത്തിനുണ്ട്. അധിനിവേശത്തിന്റെ ബാക്കിപത്രമെന്നോണം ലിത്വാനിയകാർക്കു റഷ്യൻ ഭാഷ സംസാരിക്കാൻ അറിയാം.
അതേസമയം, യൂറോപ്യൻ യൂണിയനിൽ ചേർന്നതോടെയാണ് ഇവർ സാന്പത്തിക പുരോഗതി നേടിയത്. ശന്പളം കുറവായതുകൊണ്ടും വരുമാനത്തിന്റെ 33 ശതമാനം നികുതി നൽകേണ്ടി വരുന്നതുകൊണ്ടും ഇവിടെനിന്നു തൊഴിലാളികൾ പടിഞ്ഞാറൻ യൂറോപ്പിലേക്കു കുടിയേറുന്നുണ്ട്.
കുരിശുകളുടെ ഉദ്യാനം
ബാറോക്ക്- റിനൈസൻസ് ഗോത്തിക് ശൈലിയിലുള്ള കൊട്ടാരങ്ങളും പള്ളികളും പിന്നിട്ടാണ് യാത്ര. എവിടെയും തിരക്കില്ലാത്ത ശാന്തമായ ഒരു ഭൂതലം. ധ്യാനിച്ചിരിക്കുന്ന നിബിഡ വനസ്ഥലികൾ.
വിൽനെസിൽനിന്ന് 225 കിലോമീറ്റർ ദൂരമുണ്ട് "ഹിൽ ഓഫ് ക്രോസസി'ലേക്ക്. ട്രെയിനിൽ യാത്ര ചെയ്താൽ മൂന്നു മണിക്കൂറെടുക്കും. പത്തു ഡോളറാണ് ചാർജ്. വടക്കൻ ലിത്വാനിയയിലെ Siavliaiയിൽനിന്നു 12 കിലോമീറ്റർ ദൂരമുണ്ട് കുരിശുകളുടെ മലയിലേക്ക്. 1831ൽ Domantai hill fortൽ ആണ് ആദ്യത്തെ കുരിശു നാട്ടൽ ചടങ്ങ് നടന്നതെന്നു പറയപ്പെടുന്നു.
പോളണ്ടുകാരും ലിത്വാനിയക്കാരും റഷ്യയിലെ സാർ ചക്രവർത്തിമാർക്കെതിരേ പൊരുതുന്ന 1831ലും 1863 ലും മരണം വരിച്ച യോദ്ധാക്കളെ കുന്നിനു കീഴെയുള്ള കിടങ്ങിലാണ് തള്ളിയതെന്നു വിശ്വസിച്ചിരുന്നവർ കുന്നിൻ മുകളിലുള്ള കോട്ടയിൽ കുരിശു നാട്ടിയെന്നതാണ് കുരിശുമലയുടെ ചരിത്രം. നിരപ്പായ ഭൂതലത്തിൽ മണ്ണിട്ടു പൊക്കിയപോലെയൊരു തിട്ടയാണ് കുരിശുമല.
1961ൽ റഷ്യക്കാർ കുരിശ് നശിപ്പിക്കലിനു തുടക്കമിട്ടു. പട്ടാളക്കാരുടെ സഹായത്തോടെ മരക്കുരിശുകൾ കൂന്പാരമാക്കി തീയിടുകയും ലോഹക്കുരിശുകൾ പണിശാലകളിലെത്തിച്ച് ഉരുക്കിയെടുക്കുകയും കൽക്കുരിശുകൾ ഉടച്ചു റോഡുപണിക്ക് ഉപയോഗിക്കുകയും ചെയ്തു. എന്നാൽ, ലിത്വാനിയ സ്വതന്ത്രമായപ്പോൾ ജനം വീണ്ടും കുരിശുകളുമായി മലയിലേക്ക് എത്തിത്തുടങ്ങി.
കുരിശുനാട്ടൽ ശക്തമായി. പിന്നീട് കുരിശിന്റെ സ്ഥാനത്ത് തൂങ്ങപ്പെട്ട കൊത്തുരൂപങ്ങളും മാതാവിന്റെ രൂപങ്ങളും ഇവിടെ എത്തിക്കാൻ തുടങ്ങി. ഇവിടെ നാട്ടിനിർത്തിയിരിക്കുന്ന കുരിശുകളിൽ പലരൂപത്തിലും ഭാവത്തിലും തൂങ്ങപ്പെട്ട ക്രിസ്തുവിനെ കാണാം. പല ആകൃതിയിലും വലിപ്പത്തിലുമുള്ള കുരിശുകൾ.
ആയിരക്കണക്കിന് ജപമാലകളാണ് ഇവിടെ കുരിശിൽ ചാർത്തിയിരിക്കുന്നത്. ഒരു കണക്കുപ്രകാരം 1990ൽ ഇവിടെ 55,000 കുരിശുകൾ ഉണ്ടായിരുന്നു. എന്നാൽ, 2006ൽ ഒരു ലക്ഷത്തിലേക്കും 2023ൽ രണ്ടു ലക്ഷത്തിലേക്കും കുരിശുകളുടെ എണ്ണം കൂടി.
ശിക്ഷയിലും പതറാതെ
ഇവിടെ കുരിശു നാട്ടുന്നവരെ സോവിയറ്റ് ഭരണകാലത്തു ശിക്ഷിച്ചിരുന്നുവത്രെ. കുരിശുമലയ്ക്കു തീയിട്ട സംഭവങ്ങളുമുണ്ട്. കത്തിക്കരിഞ്ഞ മരക്കുരിശുകൾ അതിന്റെ ബാക്കിപത്രമെന്ന മട്ടിൽ ഇവിടെ കണ്ടെത്താനാവും. സർ ചക്രവർത്തിമാരെയും സോവിയറ്റ് ഭരണകർത്താക്കളെയും ഏറെ അലോസരപ്പെടുത്തുന്നതായിരുന്നു ഇവിടത്തെ കുരിശുനാട്ടൽ ആചാരം.
റഷ്യൻ യുദ്ധത്തിൽ മരിച്ചവരുടെ ഒാർമയ്ക്കായിട്ടാണ് ജനങ്ങൾ കുരിശുനാട്ടിത്തുടങ്ങിയതെന്നത് അവരെ അസ്വസ്ഥതപ്പെടുത്തി. മരിച്ചവരെക്കുറിച്ചുള്ള ഓർമയുടെ പ്രതീകമായും ദുഷ്ടശക്തിയിൽനിന്നുള്ള സംരക്ഷണമായും കുരിശുകൾ ഇവിടെ ഉയർന്നുനിൽക്കുന്നു. മണ്തിട്ടയിലാണ് കുരിശുകൾ നിലകൊള്ളുന്നത്.
സമീപപ്രദേശത്തുനിന്നു മണ്ണെടുത്തതാണെന്നു സൂചിപ്പിക്കുന്ന കിടങ്ങുകൾ കണ്ടെത്താനാവും. കൊന്നുതള്ളിയ ലിത്വാനിയക്കാരെ കിടങ്ങിലിട്ടു മൂടിയെന്നാണ് കരുതപ്പെടുന്നത്. ഒരു കാലത്ത് ഇതിലൂടെ വെള്ളം തിരിച്ചുവിട്ട് കുന്നിലേക്കുള്ള വഴി അടച്ചിരുന്നുവത്രെ.
കുരിശു നിർമാണം
മരിച്ചവരെ തിരിച്ചറിയാനാവാത്തതുകൊണ്ടും കാണാതായവരുടെ എണ്ണം പെരുകിയതുകൊണ്ടുമാണ് കോട്ടയ്ക്കുള്ളിൽ കുരിശുകളുടെ എണ്ണവും പെരുകിയത്.
1387ലാണ് ലിത്വാനിയയിൽ ക്രിസ്തുമതം കടന്നുവരുന്നത്. അക്കാലത്ത് കുല എന്നപേരിൽ മരം കൊണ്ടൊരു കൊട്ടാരം ഇവിടെയുണ്ടായിരുന്നുവെന്നും ലിത്വാനിയൻ പട്ടാളക്കാർ 1348ൽ അതു നശിപ്പിച്ചെന്നും പറയപ്പെടുന്നു. കുരിശുനിർമാണം ലിത്വാനിയൻ സംസ്കാരത്തിന്റെ ഭാഗമായി ക്രൈസ്തവ സഭയുടെ ആരംഭകാലത്തുതന്നെ തുടങ്ങിയിരുന്നു.
പാരന്പര്യമായി റോമൻ കത്തോലിക്കർ വിവിധ തരത്തിലുള്ള കുരിശുനിർമാണം കുടിൽ വ്യവസായം പോലെ ചെയ്യുന്നുണ്ട്. ഒരു റ്റാറ്റൂ രൂപത്തിൽ ലിത്വാനിയൻ കുരിശ് ശരീരത്തിൽ പതിക്കുന്നവരുമുണ്ട്. ലിത്വാനിയൻ കുരിശിന്റെ ആദ്യത്തെ ക്രോസ്ബാർ മരണത്തെയും രണ്ടാമത്തേത് ക്രിസ്തുവിന്റെ ഉയിർപ്പിനെയും പ്രതിനിധാനം ചെയ്യുന്നു.
ഇവിടെ പത്തൊന്പതാം നൂറ്റാണ്ടിൽ പരിശുദ്ധ കന്യാമറിയം ഉണ്ണീശോയുമായി പ്രത്യക്ഷപ്പെട്ടുവെന്നു വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും വത്തിക്കാന്റെ അംഗീകാരം ഈ പ്രത്യക്ഷപ്പെടലിനു ലഭിച്ചിട്ടില്ല. 1993ൽ ജോണ്പോൾ രണ്ടാമൻ മാർപാപ്പയുടെ സന്ദർശനത്തോടെ കുരിശു മലയിലേക്കു സന്ദർശകരുടെ പ്രവാഹം ഇരട്ടിച്ചു. ജോൺപോൾ രണ്ടാമൻ പാപ്പാ വിശുദ്ധ കുർബാന അർപ്പിച്ച ഒരു മണ്ഡപം ഇവിടെയുണ്ട്.
2000ൽ ഫ്രാൻസിസ്കൻ സന്യാസ സഭ ഇവിടെയൊരു ആശ്രമം സ്ഥാപിച്ചു. ആദ്യകാലങ്ങളിൽ മലമുകളിൽ കുരിശുനാട്ടിയിരുന്നത് ഇടിമിന്നൽ, കൊടുങ്കാറ്റ് എന്നിവയെ തടുക്കാനായിരുന്നു. എന്നാൽ, ഇന്നു ശവകുടീരങ്ങളെയും മരിച്ചവരെയും ഓർമിപ്പിക്കുന്നു. റോമൻ, കൊറീന്ത്യൻ, മാൾട്ടീസ്, റൂണിക്ക്, ഗ്രീക്ക്, ലാറ്റിൻ, താവോ എന്നിങ്ങനെ വിവിധ പാരന്പര്യങ്ങളിലുള്ള കുരിശുകൾ ഇവിടെ കണ്ടെത്താനാവും.
എല്ലാംതന്നെ വ്യത്യസ്തമായ ആകൃതിയിലും രൂപത്തിലുമുള്ളവ. കുരിശുകൾക്കിടയിൽ ക്രിസ്തുവിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വലിയ രൂപങ്ങളും കാണാം. ലിത്വാനിയൻ ഇരട്ടക്കുരിശ് ഭരണകർത്താക്കളുടെയും ബിഷപ്പിന്റെയും അധികാരചിഹ്നം കൂടിയായിരുന്നു. ബൈസന്റൈൻ ചക്രവർത്തിമാരുടെ അധികാരചിഹ്നമായിരുന്നു ഇരട്ടക്കവരയുള്ള കുരിശ്.
കേരളത്തിൽ അങ്കമാലി, പറവൂർ, പുത്തൻചിറ എന്നിവിടങ്ങളിലൊക്കെ പള്ളിക്കു മുന്നിൽ ഇരട്ടക്കുരിശ് കാണപ്പെടുന്നുണ്ട്. ലിത്വാനിയൻ കുരിശുമല കാണുന്പോൾ, കുരിശേന്തി വരുന്നവർ മലയാറ്റൂർ മലമുകളിൽ കുരിശുകൾ കൂട്ടിവയ്ക്കുന്നതാണ് ഒാർമയിൽ വന്നത്.
അസാധാരണ വലിപ്പമുള്ള മരക്കുരിശുകൾ കുരിശുമുടിയിൽ കാണാറുണ്ടല്ലോ. ക്രിസ്തുവഴി മോചനം ലഭിച്ച കുരിശാണ് കുഴിമാടങ്ങളിൽ തലക്കല്ലുകളും അടയാളക്കല്ലുകളുമായി പരിണമിച്ചത്.
സംസ്കൃതത്തിന്റെ വഴികൾ
ആര്യന്മാരുടെ പിൻതുടർച്ചക്കാരാണ് ലിത്വാനിയക്കാർ എന്ന് അവകാശപ്പെടുന്നു. ലിത്വാനിയനും സംസ്കൃതവും പുരാതനഭാഷകളാണെന്നും സമാനതകൾ ഏറെയുണ്ടെന്നും വ്യാകരണവും വാക്കുകളും തമ്മിൽ ബന്ധമുണ്ടെന്നും പറയപ്പെടുന്നു.
ലിത്വാനിയയിലെ വിൽനെസ് യൂണിവേഴ്സിറ്റി പുറത്തിറക്കിയ നിഘണ്ടുവിൽ 108 ലിത്വാനിയൻ വാക്കുകൾക്കു സംസ്കൃതവുമായുള്ള സാമ്യം വിവരിക്കുന്നുണ്ട്. ഉരുളക്കിഴങ്ങ് വിഭവങ്ങളാണ് ഇവരുടെ ഭക്ഷണത്തിൽ മുഖ്യം. മാംസത്തിൽ പന്നിയാണ് പ്രിയം.
ലിത്വാനിയക്കാരുടെ പ്രധാന ഭക്ഷണം സിപ്പിലിയാനിയാണ്. ഉരുളക്കിഴങ്ങിന്റെ ഉരുളയിൽ മാട്ടിറച്ചിയും ചീസും ലിവറും കുഴച്ച് ചേർക്കുന്ന വിഭവമാണത്. ഒരു പഴത്തോട്ടമെന്നും ലിത്വാനിയയെ വിശേഷിപ്പിക്കാം. വഴിയിലൂടനീളം ആപ്പിൾ, പ്ലം, പെയർ തോട്ടങ്ങളാണ് സന്ദർശകരെ വരവേൽക്കുന്നത്.
വർഗീസ് അങ്കമാലി