ചെട്ടിനാട്ടിലെ മാളിക വീടുകൾ
Saturday, February 15, 2025 8:32 PM IST
100 മുതൽ 400 വർഷം പഴക്കമുള്ള നൂറു കണക്കിനു മാളികകൾ നിറഞ്ഞ ഒരു സ്വപ്നലോകം. ഓരോ മാളികയിലും 50ൽ അധികം മുറികൾ, നടുമുറ്റങ്ങൾ. ഇത്രയും മുറികളുണ്ടായിട്ടും സ്വകാര്യത വളരെ കുറവ്. കുടുംബാംഗങ്ങള്‍ നടുമുറ്റത്തിനു വശങ്ങളിലായി ഒരുമിച്ചു കിടന്നുറങ്ങുന്ന രീതി... ചെട്ടിനാടൻ കാഴ്ചകളിലേക്കു സ്വാഗതം...
ചെട്ടിനാട് പൈതൃക ഗ്രാമത്തിലേക്കു സ്വാഗതം എന്ന കൊച്ചു ബോർഡ് കണ്ടാണ് കയറിച്ചെന്നത്. അദ്ഭുതപ്പെട്ടുപോയി, കൺമുന്നിൽ ഒരു മായികലോകം. ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു കാഴ്ച. കുറെ നൂറ്റാണ്ടുകൾ പിന്നിലേക്കു പോയോയെന്നു തോന്നിപ്പോയി.
ടൈം ട്രാവലറിൽ കയറി പ്രാചീനകാലത്ത് എത്തിയതു പോലെയുള്ള കാഴ്ചകളാണ് ചുറ്റും. വഴിയിലുടനീളം റോഡിന് ഇരുവശങ്ങളിലായി കൊട്ടാര സമാനമായ വീടുകൾ. അല്ല, കൊട്ടാരങ്ങൾ തന്നെയെന്നു പറയുന്നതാകും ശരി. 100 മുതൽ 400 വർഷം പഴക്കമുള്ള നൂറു കണക്കിനു വീടുകൾ നിറഞ്ഞ ഒരു സ്വപ്നലോകം.
96 ഗ്രാമങ്ങൾ
"കിടപ്പുമുറിയിൽനിന്ന് അടുക്കളയിലേക്ക് ഓട്ടോ വിളിച്ചു പോകണം'' എന്ന പ്രയോഗം ഈ മാളികകളെ സംബന്ധിച്ചു സത്യമാണ്. അത്രയും വലിപ്പമുണ്ട് ഒരോ വീടിനും. ചെറുമതിലുകൾ മാത്രമാണ് ഈ "കൊട്ടാര''ങ്ങളെ തമ്മിൽ വേർതിരിക്കുന്നത്. ഗ്രാമത്തിനു തലങ്ങും വിലങ്ങും വഴികളുണ്ട്, അവയോടു ചേർന്നാണ് ഈ മാളികകൾ സ്ഥിതിചെയ്യുന്നത്.
ചരിത്രം ഉറങ്ങുന്ന ഇവയിൽ ചിലത് ഇപ്പോഴും പ്രതാപത്തോടെ തലയുയർത്തി നിൽക്കുന്നു. മറ്റുള്ളവ സംരക്ഷിക്കാനാളില്ലാതെ മരണം കാത്തുകിടക്കുന്നു. ദിണ്ഡിഗലിൽനിന്നു രണ്ടു മണിക്കൂർ യാത്ര ചെയ്താൽ ചെട്ടിനാടിന്റെ ഹൃദയഭൂമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന കാരക്കുടിയിൽ എത്താം.
യഥാർഥത്തിൽ ചെട്ടിനാട് എന്ന പേരിൽ കൃത്യമായ ഒരു സ്ഥലമില്ല. ചെട്ടിയാർമാർ താമസിക്കുന്ന 96 ഗ്രാമങ്ങൾ അടങ്ങുന്ന വലിയൊരു പ്രദേശത്തിന്റെ പേരാണിത്. തമിഴ്നാട്ടിലെ ശിവഗംഗ, പുതുക്കോട്ട ജില്ലകളിലായിട്ടാണ് ഈ പ്രദേശം വ്യാപിച്ചുകിടക്കുന്നത്.
നാട്ടുകോട്ടൈ ചെട്ടിയാർ
ചെട്ടിനാട് എന്ന എന്ന പേര് കേൾക്കുന്പോൾ മലയാളിയുടെ മനസിൽ ഓടിയെത്തുന്നതു ചെട്ടിനാട് സിമിന്റും ചെട്ടിനാട് ചിക്കൻകറിയുമാണ്. എന്നാൽ, ചരിത്രവും പൈതൃകവും മനോഹരമായി സംഗമിക്കുന്ന ഒരു യുഗത്തിലേക്കു നമ്മളെ കൊണ്ടുപോകുന്ന ഒരിടമാണിത്.
പണ്ടു കാവേരി പൂന്പട്ടണം, നാഗപട്ടണം എന്നീ സ്ഥലങ്ങളിൽ ആയിരുന്നത്രേ ചെട്ടിയാർ വിഭാഗം ഉണ്ടായിരുന്നത്. 13-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നാട്ടുകോട്ടൈ ചെട്ടിയാർ എന്ന ഗോത്രം വെള്ളപ്പൊക്കത്തെത്തുടർന്ന് കാരക്കുടി പ്രദേശത്തു താമസമാക്കിയതോടെയാണ് ചെട്ടിയാരുടെ നാട് അഥവാ ചെട്ടിനാട് എന്ന ഗ്രാമത്തിന്റെ ഉത്ഭവം എന്നു കരുതപ്പെടുന്നു. ചരിത്രകാരൻമാർക്കിടയിൽ ഇതേക്കുറിച്ചു വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
ചോളസാമ്രാജ്യത്തിനു കീഴിലാണ് നാട്ടുകോട്ടൈ ചെട്ടിയാർമാരുടെ ഉദ്ഭവവും വികാസവും എന്ന് ഒരു കൂട്ടർ അവകാശപ്പെടുന്പോൾ. മറുഭാഗം ചോളരുടെ പീഡനം സഹിക്കവയ്യാതെ രക്ഷപ്പെട്ടെത്തിയ ഇവർക്കു പാണ്ഡ്യ രാജ്യം അഭയം നൽകിയെന്നും അവിടെനിന്നാണ് ഇവരുടെ തുടക്കവും വികാസവും എന്നും വാദിക്കുന്നു.
മികച്ച വ്യാപാരികൾ
മികച്ച വ്യാപാരികൾ ആയിരുന്നു ചെട്ടിയാർ വിഭാഗം. "ചെട്ടി'' എന്ന പദം സന്പത്ത് എന്നർഥമുള്ള സംസ്കൃത പദമാണ്. വ്യാപാരികളായിരുന്ന ഇവരുടെ പ്രധാന കച്ചവടം ഉപ്പും അരിയും സുഗന്ധവ്യഞ്ജനങ്ങളുമായിരുന്നു.
സിലോൺ, ബർമ, മലേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ആയിരുന്നു വ്യാപാരം. കച്ചവടത്തിൽ ബുദ്ധിമാൻമാരായ ഇവർ വളരെ വേഗത്തിൽ അഭിവൃദ്ധി പ്രാപിച്ചു. ബാങ്കിംഗിലും പണമിടപാടിലും അഗ്രഗണ്യൻമാരായിരുന്നു. രാജാക്കന്മാർക്കും ബ്രിട്ടീഷുകാർക്കും കടംകൊടുക്കാൻ മാത്രം അതിസന്പന്നരായി ഇവർ മാറി.
ആധുനിക ചെട്ടിയാർമാർ ബ്രിട്ടീഷുകാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇതിന്റെ ഫലമായി പത്തൊൻപതാം നൂറ്റാണ്ടിൽ അവരുടെ സന്പത്തും സ്വാധീനവും ഗണ്യമായി വർധിച്ചു. ഇതോടെ ശ്രീലങ്ക, മലേഷ്യ, സിംഗപ്പുർ തുടങ്ങി തെക്കുകിഴക്കൻ ഏഷ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇവർ കുടിയേറി.
കൊട്ടാരവീടുകൾ
തങ്ങളുടെ പ്രൗഢിയും പ്രതാപവും പ്രകടിപ്പിക്കാൻ ഇവർ നിർമിച്ച വീടുകളാണ് ചെട്ടിനാട്ടിലെ പ്രധാന കാഴ്ച. ഏറെക്കുറെ ഒരേ ശൈലിയിലാണ് വീടുകളുടെ നിർമിതി. ചെട്ടിയാർമാരുടെ കൊട്ടാരതുല്യമായ വീടുകളിൽ തെക്കുകിഴക്കൻ ഏഷ്യൻ സ്വാധീനം വളരെ പ്രകടം.
വിദേശത്തുനിന്നു കൊണ്ടുവന്ന വസ്തുക്കൾ ഉപയോഗിച്ചാണ് മാളികകൾ നിർമിക്കപ്പട്ടിട്ടുള്ളത്. ഇറ്റാലിയൻ മാർബിൾ, ബർമീസ് തേക്ക്, ബെൽജിയം ഗ്ലാസ് എന്നിവ യഥേഷ്ടം ഉപയോഗിച്ചിരിക്കുന്നു. ഇന്നു കാണുന്നവയിൽ ചിലതിന് 400 വർഷത്തോളം പഴക്കമുണ്ട്. കടുത്ത ചൂടിലും വീടിനകത്തു ചെറുതണുപ്പാണ്.
ചില വീടുകൾ ഇന്നു ഹെറിറ്റേജ് റിസോർട്ടുകളും ഹോട്ടലുകളുമാക്കിയിട്ടുണ്ട്. സന്ദർശകർക്കു പ്രവേശനമുള്ള വീടുകളുടെ എണ്ണം വളരെ കുറവാണ്. അതിമനോഹരമായ കൊത്തുപണികളാൽ അലങ്കരിച്ച മാളികകളും പുരാതന ക്ഷേത്രങ്ങളും ചെട്ടിയാർ സമുദായത്തിന്റെ ഐശ്വര്യത്തിന്റെ തെളിവായി ഇന്നും നിലകൊള്ളുന്നു.
ചെട്ടിനാട്ടിലെ ഗ്രാമങ്ങൾ അതതു കുലക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ഇതിൽ ഒന്‍പത് കുലക്ഷേത്രങ്ങൾ സമുദായത്തിന്റെ അടിത്തറയായി വർത്തിക്കുന്നു. സമുദായത്തെ വളർത്തുന്നതിലും ഘടനയെ രൂപപ്പെടുത്തുന്നതിലും പ്രധാന പങ്ക് വഹിച്ചത് ഈ ക്ഷേത്രങ്ങളാണ്.
ആത്തങ്കുടി ടൈൽ
വർണാഭമായ തിളങ്ങുന്ന ടൈലുകൾ ഉപയോഗിച്ചാണ് ഒരോ വീടിന്റെയും തറകളും മേൽക്കൂരയും മതിലുകളും അലങ്കരിച്ചിരിക്കുന്നത്. ആദ്യകാലത്ത് ഈ അലങ്കാര ടൈലുകൾ ജപ്പാനിൽനിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്.
ഇവയുടെ ഇറക്കുമതിച്ചെലവ് ഭീമമായതിനാൽ തദ്ദേശീയമായി ടൈലുകൾ നിർമിക്കാൻ ചെട്ടിയാർമാർ തീരുമാനിച്ചു. ഇതാണ് ലോകപ്രശസ്തമായ ആത്തങ്കുടി ടൈൽസിന്റെ പിറവിക്കു കാരണം. പൂർണമായും കൈകൾകൊണ്ട് നിർമിച്ചവയാണ് ആത്തങ്കുടി ടൈൽസ്.
ഗ്രാമത്തിലെ സ്വതഃസിദ്ധമായ സാങ്കേതികവിദ്യയിൽ വൈവിധ്യമാർന്ന നിറക്കൂട്ടുകളും ഡിസൈനുകളുമാണ് ഈ ടൈലുകളെ പ്രശസ്തമാക്കുന്നത്. നൂറ്റാണ്ടോളം തെളിമ മങ്ങാതെ നില്ക്കുന്നവയാണ് ആത്തങ്കുടി ടൈലുകൾ എന്നതിന് ചെട്ടിയാർ ഭവനങ്ങൾ തന്നെയാണ് തെളിവ്. ആത്തങ്കുടിയിലെ പ്രത്യേകതരം മണ്ണാണ് ഇങ്ങനെയൊരു ടൈൽ നിർമാണരീതി അവിടെ രൂപപ്പെട്ടു വരാൻ കാരണം.
പ്രകൃതിദത്തമായ കളർ ചേരുവകളാണ് പണ്ട് ഈ ടൈലുകളെ കൂടുതൽ മിഴിവുറ്റതാക്കിയത്. ചില്ല് പ്രതലത്തിനു മുകളിൽ പൂർണമായും കൈകൊണ്ട് തയാറാക്കുന്നവയാണ് ഈ ടൈലുകൾ. ഇന്നു നൂറോളം ആത്തങ്കുടി ടൈൽ ഫാക്ടറികൾ ചെട്ടിനാട്ടിൽ പ്രവർത്തിക്കുന്നുണ്ട്. വീടുകളുടെ ഭീമൻ താക്കോല ുക ളാണ് മറ്റൊരു കൗതുകം.
രുചി വൈവിധ്യം
ഭക്ഷണപ്രേമികളെ സംബന്ധിച്ചു മാളികനഗരം എന്നതിനുപുറമേ രുചി വൈവിധ്യത്തിന്റെ ഒരു കലവറ കൂടിയാണ് ചെട്ടിനാട്. മാംസാഹാരങ്ങൾക്കും സസ്യാഹാരങ്ങൾക്കും പ്രശസ്തം.
ദക്ഷിണേന്ത്യയിലെ പ്രശസ്തവും അപൂർവവുമായ ചില ഭക്ഷണവിഭവങ്ങൾ ഉണ്ടാക്കുന്നത് ചെട്ടിനാട് പാചകരീതിയിലാണ്. നിരവധി സുഗന്ധവ്യഞ്ജനങ്ങൾ ചേർത്തുകൊണ്ടുള്ള പാചകരീതിയാണ് ഇവരുടേത്. അവയിൽ പ്രധാനം ചെട്ടിനാട് ചിക്കൻകറി തന്നെ. ഉക്കരൈ, കണ്ടാരപ്പം, കരുപ്പട്ടി പണിയാരം, കവനറിശി, പാൽ പണിയാരം, തേൻകുഴൽ, സീപ്പു സീടൈ തുടങ്ങിയവയാണ് മറ്റ് ചെട്ടിനാട് ഭക്ഷ്യവിഭവങ്ങൾ.
പ്രൗഢിക്ക് കോട്ടം
കാലചക്രം ചെട്ടിനാടിന്റെ പ്രൗഢിയെ പതിയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. പുതിയ തലമുറ വിദേശത്തു കുടിയേറി. കൊട്ടാരതുല്യമായ മാളികകൾ പലതും അവകാശികളില്ലാതെ ഉപേക്ഷിക്കപ്പെട്ടു. കൂട്ടുകുടുംബ വ്യവസ്ഥിതിയായതിനാൽ വീടുകളുടെ അവകാശം പലർക്കായി. ഈ അവകാശികൾ ലോകത്തിന്റെ നാനാകോണുകളിലേക്കു ചിതറിയതോടെ വീടുകൾ സംരക്ഷിക്കാനാളില്ലാതെ കാടുകയറി നശിച്ചു.
വീടുകളുടെ പരിപാലനച്ചെലവ് ഭീമമായതുകൊണ്ട് ചിലർ റിസോർട്ട് ബിസിനസുകാർക്കു ലീസിനു നൽകി റിസോർട്ടുകളാക്കി മാറി. 1947ൽ 96 ഗ്രാമങ്ങളുടെ ഒരു കൂട്ടമായിരുന്നു ചെട്ടിനാട്. ഇന്ന് 74 ഗ്രാമങ്ങളായി ചുരുങ്ങി. എങ്കിലും ഇന്നും ചെട്ടിയാർമാരുടെ പ്രതാപത്തിനു കോട്ടം തട്ടിയിട്ടില്ല. ലോകത്തിന്റെ വിവിധകോണുകളിൽ ഇവർ അന്നും ഇന്നും സന്പന്നർ തന്നെയായി നിലനിൽക്കുന്നു.
അളഗപ്പ സർവകലാശാല സ്ഥാപിച്ച അളഗപ്പ ചെട്ടിയാർ, ഇന്ത്യൻ ബാങ്കിന്റെയും അണ്ണാമലൈ സർവകലാശാലയുടെയും സ്ഥാപകൻ അണ്ണാമലൈ ചെട്ടിയാർ, എവിഎം പ്രൊഡക്ഷൻസ് സ്ഥാപകൻ എ.വി. മെയ്യപ്പൻ ചെട്ടിയാർ, മുൻ ധനമന്ത്രി പി. ചിദംബരം, പ്രശസ്ത തമിഴ് കവി കവിയരസർ കണ്ണദാസൻ തുടങ്ങിയ പ്രശസ്ത വ്യക്തികൾ ചെട്ടിനാടിന്റെ സംഭാവനയാണ്.
മുറി നവദമ്പതികൾക്കു മാത്രം
ശരാശരി, ഓരോ മാളികയിലും 50ൽ അധികം മുറികളും മൂന്നു മുതല്‍ നാലു വരെ നടുമുറ്റങ്ങളുമുണ്ട്. ഇത്രയും മുറികളും സ്ഥലസൗകര്യങ്ങളുമുണ്ടായിട്ടും സ്വകാര്യത വളരെ കുറവായിരുന്നു. കുടുംബാംഗങ്ങള്‍ എല്ലാം നടുമുറ്റത്തിനു വശങ്ങളിലായി ഒരുമിച്ചു കിടന്നുറങ്ങുകയാണ് പതിവ്.
പുതിയതായി വിവാഹം കഴിച്ചവര്‍ക്കു മാത്രമാണ് പലപ്പോഴും മുറി അനുവദിച്ചിരുന്നത്. ഭൂരിഭാഗം മുറികളും കച്ചവടസാമ്രഗികൾ സൂക്ഷിക്കാനാണ് ഉപയോഗിച്ചിരുന്നത്. വീടുകള്‍ക്കുള്ളില്‍ ഫര്‍ണിച്ചറുകള്‍ കുറവായിരുന്നു. നിലത്തിരുന്നായിരുന്നു ആഹാരം കഴിച്ചിരുന്നത്. ജന്മദിനം, വിവാഹം, നൂലുകെട്ട് തുടങ്ങി ജനനം മുതല്‍ മരണം വരെയുള്ള ആചാരങ്ങളും ആഘോഷങ്ങളും നടുമുറ്റങ്ങളിലായിരുന്നു.
ഏതൊരു മാളികയുടെയും പ്രധാന മുറ്റം ആചാരങ്ങള്‍ നടക്കുന്ന വീടിന്റെ കേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്നു. ക്ഷേത്രങ്ങളിലെ പുരോഹിതന്മാര് ഈ മുറ്റം ശ്രീകോവിലായി കണക്കാക്കി പ്രധാന പൂജാകര്‍മങ്ങള്‍ ഇവിടെ നടത്തുമായിരുന്നു. ഇന്നു ചെട്ടിനാട് മാളികകളില് 10 ശതമാനം വിനോദസഞ്ചാരത്തിനായി പുനര്‍നിര്‍മാണം നടത്തിയിട്ടുണ്ട്, അതേസമയം, 30 ശതമാനം പൂർണമായും നശിപ്പിക്കപ്പെട്ടു.
മാളികക്കുള്ളിലെ കൂട്ടുജീവിതം
ആഡംബരപൂര്‍ണമായ പുറംകാഴ്ചകളില്നിന്നു വ്യത്യസ്തമാണ് മാളികക്കുള്ളിലെ ജീവിതം. മുൻ വാതിലില്‍ കടന്നാല്‍, വാതിലിന് ഇരുവശവും ഉയര്‍ന്ന ഒരു പ്ലാറ്റ്ഫോം ഉണ്ടാകും.
ഇവിടെയിരുന്നാണ് ചെട്ടിയാര്മാര് ബിസിനസ് നടത്തിയിരുന്നത്. പുരുഷന്മാര്ക്കു മാത്രമായിരുന്നു ഇവിടേയ്ക്ക് പ്രവേശനം. മാളികയുടെ കവാടത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനമില്ലായിരുന്നു.
കുടുംബത്തിലെ പുരുഷന്മാര് എപ്പോഴും ബിസിനസുമായി ബന്ധപ്പെട്ടു ദൂരെ ദേശങ്ങളിലായതിനാല്, സ്ത്രീകളും കുട്ടികളും സുരക്ഷിതരായിരിക്കാന്‍ കൂട്ടുകുടുംബങ്ങളായിട്ടായിരുന്നു ഒരോ മാളികയിലും ഇവരുടെ താമസം. ഒരേസമയം 60 മുതല്‍ 80 വരെ താമസക്കാര്‍ ഒരു വീട്ടിൽ ഉണ്ടായിരുന്നു.
അരുണ്‍ ടോം