ഓരോ വീഡിയോയ്ക്കും ലക്ഷക്കണക്കിനു കാഴ്ചക്കാർ, ആരെയും ചിരിപ്പിക്കുന്ന ഭാവചല നങ്ങൾ, വീണ്ടും വീണ്ടും കാണാൻ തോന്നുന്ന കുറുന്പും കുസൃതിയും... സിനിമയിലേക്കും ചുവടുവയ്ക്കുന്ന, സോഷ്യൽ മീഡിയയിലെ സൂപ്പർ താരം ജിയോണ ജിയോ എന്ന അഞ്ചു വയസുകാരി ദേ ഇവിടുണ്ട്.
കൊമ്പൻ മീശ, തലയിലൊരു വട്ടക്കെട്ട്, മടക്കിക്കുത്തിയ കൈലി, മുറിക്കൈയൻ ബനിയൻ, മുഖത്തു ഗർജിക്കുന്ന ഭാവം... ഇങ്ങനെയൊരു കിടിലൻ റൗഡി കണ്ണുരുട്ടുന്പോൾ സാധാരണ ഗതിയിൽ ആരുമൊന്നു പേടിക്കും... എന്നാൽ, ഇവിടെ ഈ റൗഡിയെ കണ്ട് ആളുകൾ പൊട്ടിച്ചിരിക്കും, അടുത്തിരിക്കുന്നവരെ വിളിച്ചു കാണിക്കും, ചിലർ തനിയെ ഇരുന്നു ചിരിക്കും... എന്നിട്ടും മതി വരാത്തവർ "വാച്ച് എഗൈൻ' ഞെക്കി വീണ്ടും വീണ്ടും കണ്ട് ഊറിച്ചിരിക്കും. സോഷ്യൽ മീഡിയ ഭാഷയിൽ പറഞ്ഞാൽ ഈ "കുരുപ്പ്'മലയാളികളുടെ പൊന്നോമനയാണ്.
ഗുണ്ടയായും റൗഡിയായും മുത്തശിയായും മുത്തച്ഛനായും ഫ്രീക്കനായും വീട്ടമ്മയായും വല്യമ്മയായുമൊക്കെ നിരവധി വേഷങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് ജിയോണ ജിയോ എന്ന അഞ്ചു വയസുകാരി.
ലക്ഷങ്ങൾ
സിനിമകളിലെയും കോമഡി പ്രോഗ്രാമുകളിലെയും രസകരമായ രംഗങ്ങൾ പുനരാവിഷ്കരിച്ചു ജിയോണ അവതരിപ്പിക്കുന്ന റീൽസുകൾക്കു ലക്ഷങ്ങളാണ് കാഴ്ചക്കാർ.
ഒാരോ വീഡിയോയും ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ അപ്ലോഡ് ചെയ്യേണ്ട താമസം നിമിഷങ്ങൾക്കുള്ളിൽ കാഴ്ചക്കാർ പതിനായിരങ്ങൾ കടക്കും. ജിയോണയ്ക്കു പൊന്നുമ്മ നൽകിയും അഭിനന്ദനം അറിയിച്ചും നൂറു കണക്കിനു സ്മൈലികളും കമന്റുകളും ഒഴുകിയെത്തും.
എത്ര കണ്ടാലും മതിവരാത്ത കുസൃതി നിറഞ്ഞ ഭാവാഭിനയമാണ് ഈ അഞ്ചു വയസുകാരിയെ മലയാളികളുടെ പ്രിയതാരമാക്കി മാറ്റിയിരിക്കുന്നത്. മുതിർന്നവരെപ്പോലും അന്പരപ്പിക്കുന്ന രീതിയിലാണ് കഥാപാത്രത്തിന്റെ മാനറിസങ്ങൾ ഈ കുഞ്ഞുമുഖത്തു വിരിയുന്നത്. സംഗതി തമാശ കൂടിയാണെങ്കിൽ പറയുകയും വേണ്ട.
ടെലിവിഷനിലെ കോമഡി പ്രോഗ്രാമുകളിൽ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ പല ഡയലോഗുകളും പുനരവതരിപ്പിച്ചു വൈറൽ ആക്കിയതിന്റെ ക്രെഡിറ്റ് ഈ അഞ്ചു വയസുകാരിക്ക് ഉള്ളതാണ്. കോട്ടയം ജില്ലയിലെ കാണക്കാരി പുല്ലാട്ട് വീട്ടിൽ ജിയോയുടെയും ലിറ്റിയുടെയും മകളാണ് കുഞ്ഞുജിയോണ.
കുത്തിവയ്ക്കണം
""എനിക്ക് ഡോക്ടറാകണം എന്നിട്ട് അമ്മയെ കുത്തിവയ്ക്കണം.'- കുഞ്ഞു ജിയോണയുടെ വലിയ മോഹം സൺഡേ ദീപികയോടു പറഞ്ഞു.
സോഷ്യൽ മീഡിയയിലെ സൂപ്പർ താരമാണെന്നോ സിനിമകളിൽ അഭിനയിച്ചെന്നോ എന്നതിന്റെയൊന്നും പകിട്ടും പത്രാസും ജിയോണയെ പിടികൂടിയിട്ടില്ല, അല്ലെങ്കിൽ അതിന്റെയൊന്നും സ്റ്റാർ വാല്യു ഇനിയും മനസിലാക്കാൻ പ്രായമായിട്ടില്ല. നാട്ടുകാർക്കും സ്കൂളിലുമെല്ലാം ജിയോണയാണെങ്കിലും വീട്ടുകാർക്ക് ഇവൾ പൊന്നു ആണ്.
കുട്ടിത്തത്തിന്റെ കൊഞ്ചൽ മാറാത്ത ഈ കുഞ്ഞിപ്പെണ്ണാണോ ദശമൂലം രാമുവും പൊടിയൻ കൊച്ചേട്ടന്റെ കൂട്ടുകാരിയുമായൊക്കെ തകർത്താടുന്നതെന്ന് അദ്ഭുതം തോന്നിപ്പോകും. കാമറയ്ക്കു മുന്നിലെത്തിയാൽ പിന്നെ ജിയോണ ശരിക്കുമൊരു താരമാണ്.
കമിഴ്ന്നു വീണതും വൈറൽ
ജിയോണ കുഞ്ഞായിരിക്കുന്പോൾ കമിഴ്ന്നു കിടക്കുന്ന ഒരു വീഡിയോ എടുത്തു ടിക്ടോക്കിലാണ് ആദ്യം അമ്മ ലിറ്റി പോസ്റ്റ് ചെയ്തത്. ആ കുരുന്നിന്റെ ഭാവങ്ങൾ അന്നേ വൈറലായി. അഞ്ചു ദശലക്ഷത്തോളമായിരുന്നു ആ വീഡിയോയുടെ കാഴ്ചക്കാർ.
പക്ഷേ, ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ടിക്ടോക്കിന് ഇന്ത്യയിൽ നിരോധനം വന്നു. അതോടെ വീഡിയോ പോസ്റ്റിംഗ് നിലച്ചു. പിന്നെ രണ്ടര വയസിലായിരുന്നു അവളുടെ ഗംഭീര തിരിച്ചുവരവ്. "മാനത്തു പറക്കണ കാക്കയെ പിടിച്ചിട്ട്...' എന്ന തമാശപ്പാട്ടിനുള്ള ആക്ഷനുമായിട്ട് ഇൻസ്റ്റഗ്രാമിലേക്കു വലതുകാൽ വച്ചുകയറി.
ആദ്യ വീഡിയോതന്നെ കണ്ടത് പത്തുലക്ഷം പേർ. അമ്മ ലിറ്റിയാണ് മകളുടെ വീഡിയോ ഷൂട്ട് ചെയ്ത് ഇൻസ്റ്റഗ്രാമിലിട്ടത്. ഇത്രയും പേർ ആ ദൃശ്യങ്ങൾ മനസിലേറ്റുമെന്നു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഇതോടെ സംഗതി കൊള്ളാമല്ലോയെന്ന് ലിറ്റിക്കും തോന്നി.
പിന്നീട് ഇടയ്ക്കിടെ ചില വീഡിയോകൾ ഷൂട്ട് ചെയ്ത് ഇട്ടെങ്കിലും ആദ്യ വീഡിയോയ്ക്കു കിട്ടിയ അത്ര ശ്രദ്ധ അവയ്ക്കു ലഭിച്ചില്ല. എങ്കിലും വീഡിയോ പിടിത്തവും അഭിനയവും ഇടയ്ക്കിടെ നടന്നു. മൂന്നര വയസായതോടെ വാക്കുകളൊക്കെ ഏകദേശം ഉറപ്പിച്ചു സംസാരിക്കാൻ തുടങ്ങി.
അങ്ങനെയിരിക്കെയാണ് ലൈഫ് ഒാഫ് ജോസൂട്ടി എന്ന സിനിമയിൽ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച വർക്കിക്കു ഞ്ഞിന്റെ "വാഴ വെക്കട്ടെ, വാഴ കൊലക്കട്ടെ, കൊല വെട്ടട്ടേ...'എന്നുള്ള ദൃശ്യം ജിയോണ അനുകരിക്കുന്നത്.
സംഭവം സോഷ്യൽ മീഡിയയിൽ കത്തിക്കയറി. കുഞ്ഞിപ്പെണ്ണിന്റെ ഫാൻസ് കുതിച്ചുകയറി. അടുത്ത വീഡിയോ ചട്ടമ്പിനാട് എന്ന സിനിമയിലെ സുരാജിന്റെ തന്നെ ദശമൂലം ദാമുവിനെ അനുകരിക്കുന്നതായിരുന്നു. അതും വൈറലായി.
പിന്നെ ചട്ടന്പിനാട് സിനിമയിലെ ദശമൂലം ദാമുവായുള്ള ഭാവപ്പകർച്ചയ്ക്ക് കാഴ്ചക്കാർ അഞ്ച് ദശലക്ഷത്തിലധികമായിരുന്നു. അതോടെ ജിയോണ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവരുടെ എണ്ണം റോക്കറ്റ് പോലെ കുതിച്ചതോടെ പതിയെ ഫേസ്ബുക്കിലേക്കും വീഡിയോകൾ അപ്ലോഡ് ചെയ്തുതുടങ്ങി.
രണ്ടു ലക്ഷത്തിലേറെ
ഫേസ്ബുക്കിൽ പേജ് തുടങ്ങി പതിനായിരം ഫോളോവേഴ്സ് ആകാൻ അല്പം സമയമെടുത്തു. പക്ഷേ, പിന്നീട് ഓരോ ദിവസവും എണ്ണം അതിവേഗം കയറി. ഇപ്പോൾ ഫേസ്ബുക്കിൽ മാത്രം രണ്ടുലക്ഷത്തി രണ്ടായിരം ഫോളോവർമാരുണ്ട്. ഇൻസ്റ്റഗ്രാമിൽ രണ്ടുലക്ഷത്തിനാൽപത്തിമൂവായിരം ഫോളോവർമാരും.
യൂ ട്യൂബ് ചാനലുണ്ടെങ്കിലും അതിൽ വീഡിയോകൾ അപ്ലോഡ് ചെയ്യുന്നത് കുറവാണ്. യൂ ട്യൂബിൽ പതിനാറായിരം ഫോളോവർമാരാണുള്ളത്. അതേസമയം, മൂന്നു പ്ലാറ്റ്ഫോമിലും കാഴ്ചക്കാർ ലക്ഷങ്ങൾ...
കോമഡി ഇഷ്ടം
ജിയോണയ്ക്ക് ഏതു തരം കഥാപാത്രം ചെയ്യുന്നതാണിഷ്ടം എന്ന ചോദ്യത്തിന് കോമഡി എന്നാണുത്തരം. ചില വീഡിയോകൾ കാണുന്പോൾ ജിയോണ തന്നെ അമ്മയോടു പറയും, നമുക്ക് ഇതു ചെയ്താലോ?. എങ്കിലും അമ്മയാണ് കൂടുതലും കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത്. അവധി ദിവസങ്ങളിലാണ് അഭിനയവും ഷൂട്ടിംഗുമൊക്കെ.
കുഞ്ഞായിരുന്നപ്പോൾ ഒരു വീഡിയോ കണ്ട് പഠിച്ച് അവതരിപ്പിക്കാൻ രണ്ടു മൂന്നു ദിവസം വേണമായിരുന്നു. ആൾക്ക് എക്സ്പീരിയൻസ് കൂടിയതോടെ ഇഷ്ടപ്പെട്ടതാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ അതു പഠിച്ചെടുത്ത് അവതരിപ്പിക്കും. പലപ്പോഴും മികച്ച അഭിനേതാക്കളുടെ മട്ടിലുള്ള ഭാവമാണ് ഡയലോഗുകൾക്കൊപ്പം മുഖത്തുവിരിയുന്നത്.
ഒരു അഞ്ചു വയസുകാരിക്ക് ഇതൊക്കെ എങ്ങനെ കഴിയുന്നുവെന്ന് പലരും അതിശയപ്പെടും. തുടക്കത്തിൽ ഡയലോഗുകൾ കാണാതെ പഠിച്ചുവച്ചിട്ട് വീഡിയോ ഷൂട്ട് ചെയ്യുന്ന സമയത്ത് അമ്മയുടെ മുഖത്തുവരുന്ന ഭാവങ്ങൾ നോക്കിയായിരുന്നു ചെയ്തിരുന്നത്. പിന്നെപ്പിന്നെ വീഡിയോ കണ്ടുപഠിക്കുന്പോൾ ഒാരോ ഡയലോഗിനും വേണ്ട ഭാവങ്ങളും പഠിച്ചെടുക്കും.
അമ്മയാണ് താരം
അമ്മ ലിറ്റിയാണ് ജിയോണയെ താരമാക്കി മാറ്റിയതെന്നു പറയാം. കുഞ്ഞിന്റെ അഭിനയശേഷി തിരിച്ചറിഞ്ഞതും അതു വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടതുമെല്ലാം ലിറ്റിയാണ്. ഇപ്പോൾ മേക്കപ്പ്, വസ്ത്രം തെരഞ്ഞടുക്കൽ, സംവിധാനം, ഷൂട്ടിംഗ്, എഡിറ്റിംഗ് തുടങ്ങിയതിനെല്ലാം പിന്നിൽ ലിറ്റി തന്നെ.
വീഡിയോകൾ ശ്രദ്ധിക്കപ്പെട്ടതോടെ മകൾക്കു വേണ്ടി വീഡിയോ ഷൂട്ടിംഗും എഡിറ്റിംഗുമെല്ലാം ഈ അമ്മ പഠിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ ചില വീഡിയോകളിൽ അഭിനയിക്കുകയും ചെയ്യുന്നു. ജിയോണ ജിയോ എന്ന പേരിലാണ് സോഷ്യൽ മീഡിയ പേജുകളുള്ളത്.
സിനിമയിലും
കൊല്ലം ആര്യങ്കാവ് സ്വദേശിയാണ് ജിയോണയുടെ പിതാവ് ജിയോ. കാണക്കാരിയിൽ വാടകയ്ക്കാണ് കുടുംബം താമസിക്കുന്നത്.
കോട്ടയം തെള്ളകത്തു മഹീന്ദ്രയുടെ സർവീസ് സെന്റർ ജീവനക്കാരനാണ് ജിയോ. വാടക വീടിന്റെ ഉടമയുടെ വീടാണ് ജിയോണയുടെ റീലുകളുടെ ലൊക്കേഷൻ. പഠിക്കുന്ന കോതനല്ലൂർ ഇമ്മാനുവൽ സ്കൂളിലും മിന്നും താരമാണ് ജിയോണ. അധ്യാപകരും കൂട്ടുകാരുമൊക്കെ വീഡിയോകളുടെ ആരാധകർ.
സോഷ്യൽ മീഡിയയിൽ വൈറലായതോടെ സിനിമാക്കാരും തേടിയെത്തിത്തുടങ്ങി. സൗബിൻ ഷാഹിറും നമിത പ്രമോദുമൊക്കെ അഭിനയിക്കുന്ന "മച്ചാന്റെ മാലാഖ'''' എന്ന സിനിമയിൽ ജിയോണ ചെറിയൊരു വേഷം അഭിനയിച്ചിരുന്നു. നാലു ഷോർട് ഫിലിമുകളിലും അഭിനയിച്ചു. എല്ലാം റിലീസാകാനിരിക്കുന്നതേയുള്ളൂ.
"ഒരു ചിരി ഇരുചിരി ബംപർ ചിരി' എന്ന റിയാലിറ്റിഷോയിൽ മൂന്നു വയസ് മാത്രമുള്ളപ്പോൾ ജിയോണ പങ്കെടുത്തിട്ടുണ്ട്. പൊടിയൻ കൊച്ചേട്ടൻ എന്ന വൈറൽ കോമഡി സ്കിറ്റിലെ ഭാഗങ്ങൾ അനുകരിച്ചതും ജിയോണയെ പ്രശസ്തയാക്കി.
അതിനെത്തുടർന്നു ചാനലുകാർതന്നെ അവരുടെ "ഇത് ഐറ്റം വേറെ' എന്ന പ്ലാറ്റ്ഫോമിൽ ജിയോണയ്ക്ക് അവസരം നൽകി. ആളുകളെയും വേദിയുമൊന്നും കാണുന്പോൾ അറച്ചുനിൽക്കുന്ന രീതി ജിയോണയ്ക്കില്ല. അഭിനയം ഹരമാണ്. സ്കൂൾ വാർഷികത്തിനും വിവിധ പരിപാടികളിൽ പങ്കെടുത്തു.
ഒപ്പം കുടുംബമൊന്നാകെ
ജിയോണയ്ക്ക് എല്ലാ പ്രോത്സാഹനവും നൽകി കുടുംബം കൂടെയുണ്ട്. ലിറ്റിയുടെ മാതാപിതാക്കളും ജിയോയുടെ മാതാപിതാക്കളും ജിയോണയ്ക്കൊപ്പം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല സിനിമയുടെ ഷൂട്ടിംഗിനൊക്കെ പോകേണ്ടി വരുന്പോൾ ജിയോയുടെ അമ്മ സാലിയാണ് കൂടെ വരാറുള്ളത്.
ജിയോണയുടെ പിതാവ് ജിയോ, ജിയോയുടെ അനുജൻ, ലിറ്റിയുടെ അനുജത്തി, ലിറ്റിയുടെ ചേച്ചിയുടെ കുട്ടികൾ തുടങ്ങിയവരും ജിയോണയ്ക്കൊപ്പം റീലുകളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ പെരുന്നാൾ സ്ഥലത്തും പരിപാടികളിലുമൊക്കെ ചെല്ലുന്പോൾ ആളുകൾ തിരിച്ചറിയും. കൂടെനിന്നു സെൽഫിയെടുക്കും, ഒാടി വന്ന് അഭിനന്ദിക്കും.
അമ്മാ എന്ന ഒറ്റ വിളിയിൽ ...
ജിയോണയുടെ ഏറ്റവുമധികം കാഴ്ചക്കാരുള്ള വീഡിയോ 23 ദശലക്ഷം പേർ കണ്ടതാണ്. കൈയിൽ സോക്സ് പിടിച്ച് അമ്മാ എന്നു വിളിക്കുന്നത്.
ജിയോണയുടെ വീഡിയോകളുടെ കുറഞ്ഞ കാഴ്ചക്കാർതന്നെ രണ്ട് ദശലക്ഷം, മൂന്നു ദശലക്ഷമൊക്കെയാണ്. കൊളാബുകൾ ചെയ്ത് വരുമാനവും ഈ അഞ്ചു വയസുകാരി നേടുന്നു.
ഇഷ്ട താരം
ജിയോണയ്ക്ക് ഇഷ്ടപ്പെട്ട നടൻ ആരാണെന്നു ചോദിച്ചാൽ മറുപടിക്ക് ഒരു നിമിഷം പോലും വൈകില്ല, മമ്മൂട്ടി. പക്ഷേ, കൂടുതൽ കാണണമെന്ന് ആഗ്രഹം തോന്നിയിട്ടുള്ളത് ഹരിശ്രീ അശോകൻ അങ്കിളിനെയാണത്രേ. പറക്കുംതളിക എന്ന സിനിമ എത്ര തവണ കണ്ടെന്ന് ജിയോണയ്ക്കു പോലും നിശ്ചയമില്ല.
അതിലെ ഹരിശ്രീ അശോകന്റെ അഭിനയം ഈ കുഞ്ഞ് അഭിനേത്രിക്ക് പെരുത്ത് ഇഷ്ടം. ഭാവിയുടെ മികച്ച അഭിനേത്രികളിൽ ഒരാളാണ് ജിയോണയെന്നാണ് പലപ്പോഴും വീഡിയോകളുടെ താഴെ വരുന്ന കമന്റുകളിൽ പലരും എഴുതുന്നത്. ആ ദിനങ്ങളിലേക്ക് ചിരിക്കഥകളിലൂടെ അവൾ ഇനിയും കുതിക്കട്ടെ.
നൊമിനിറ്റ ജോസ്