ഫാ. സക്കറിയാസ് നടയ്ക്കൽ, മലയാള പത്രപ്രവർത്തന ചരിത്രത്തിൽ പല പുതുമകളിലേക്കും വായനക്കാരെ നടത്തിയ പത്രപ്രവർത്തകൻ, നിരവധി പ്രതിഭകളെ കൈപിടിച്ചു നടത്തിയ ഗുരുഭൂതൻ, ഹൃദയങ്ങളിലേക്കു നടന്നുകയറിയ സുഹൃത്ത്, നടനമില്ലാത്ത സന്യാസി...
“ഹലോ സക്കറിയാസ് നടയ്ക്കലച്ചനല്ലേ...'' “അതേ, ആരാണ് വിളിക്കുന്നത്?'' പതിഞ്ഞതെങ്കിലും ഊർജസ്വലമായ സ്വരം. സൺഡേ ദീപികയിൽനിന്നാണെന്നും അച്ചനെ കണ്ട് ഒന്നു സംസാരിക്കണമെന്നും പറഞ്ഞപ്പോൾ താനിവിടെ കാഞ്ഞിരപ്പള്ളിയിൽ സിഎംഐ പ്രീസ്റ്റ് ഹോമിൽ ഉണ്ടെന്നും വരുന്നതിനു മുന്പ് ഒന്നു വിളിച്ചാൽ മതിയെന്നുമായിരുന്നു മറുപടി.
അങ്ങനെയാണ് കാഞ്ഞിരപ്പള്ളി പ്രശാന്ത് ഭവൻ പ്രീസ്റ്റ് ഹോമിലേക്ക് ഞങ്ങൾ എത്തിയത്. ഞങ്ങളെ സ്വീകരിച്ചവർ സക്കറിയാസ് നടയ്ക്കലച്ചന്റെ മുറിയിലേക്കു വഴി കാട്ടി. ഞങ്ങൾ ചെല്ലുന്പോൾ മുറിയിൽ സന്ദർശകരുണ്ട്. അടുത്ത ചില ബന്ധുക്കളാണ്. ദീപികയിൽനിന്ന് അച്ചനെ കാണാനെത്തിയവരാണെന്ന് അറിഞ്ഞതോടെ സന്ദർശകർ പെട്ടെന്നുതന്നെ അച്ചനോടു യാത്ര പറഞ്ഞിറങ്ങി.
ഞങ്ങൾ അകത്തേക്ക്. അത്യാവശ്യ സൗകര്യങ്ങളെല്ലാമുള്ള മുറിയിൽ വീൽചെയറിൽ നിറഞ്ഞ പുഞ്ചിരിയോടെ ഫാ. സക്കറിയാസ് നടയ്ക്കൽ സിഎംഐ.
അറിയാനേറെയുണ്ട്
കേരളത്തിന്റെ പത്രപ്രവർത്തന ചരിത്രത്തിൽതന്നെ ശ്രദ്ധേയമായ ചില പരീക്ഷണങ്ങൾക്കും വഴിത്തിരിവുകൾക്കും ചുക്കാൻ പിടിച്ച പത്രപ്രവർത്തകൻ, കേരളത്തിലെ എണ്ണം പറഞ്ഞ ഒരുപിടി പത്രപ്രവർത്തക പ്രതിഭകളുടെ ഗുരുഭൂതൻ, പെരുമാറ്റംകൊണ്ട് ആരെയും വീഴ്ത്തിക്കളയുന്ന സഹൃദയൻ, സന്യാസത്തിന്റെ തീ ഇന്നും ഒട്ടും ചോരാതെ ഉള്ളിൽ പേറുന്ന സന്യാസി, രോഗങ്ങൾക്കും പ്രതിസന്ധികൾക്കും മുന്നിൽ മനംമടുക്കാത്ത പോരാളി, എത്ര സമ്മർദങ്ങൾക്കിടയിലും നർമം കണ്ടെത്താൻ കഴിയുന്ന രസികൻ... ഇങ്ങനെ പ്രിയപ്പെട്ടവർക്ക് ഈ പേരിനോടു ചേർത്തുവയ്ക്കാൻ നിരവധി വിശേഷണങ്ങളുണ്ട്.
എന്നാൽ, ഇതെല്ലാം തനിക്ക് ഇണങ്ങുമോയെന്ന് അറിയില്ലെന്ന മട്ടിൽ ലാളിത്യം കലർന്ന ഒരു പുഞ്ചിരിയിൽ ഒതുങ്ങും എൺപത്തേ േഴിലെത്തിയ നടയ്ക്കലച്ചന്റെ പ്രതികരണം. പൊതുസമൂഹം ഇനിയും വേണ്ടത്ര തിരിച്ചറിയാതെ പോയ പ്രതിഭയാണ് ഫാ. സക്കറിയാസ് നടയ്ക്കൽ എന്ന് കൂടെ പ്രവർത്തിച്ച പ്രഗല്ഭ പത്രപ്രവർത്തകർ ഒരേ സ്വരത്തിൽ പറയും.
മാധ്യമരംഗം അല്ലെങ്കിലും അങ്ങനെയാണ്. പലപ്പോഴും മുന്നണിയിൽ നിറഞ്ഞു നിൽക്കുന്ന കുറച്ചുപേരെ മാത്രമേ പൊതുസമൂഹം തിരിച്ചറിയൂ. എന്നാൽ, മുന്നണിയിൽ വരുന്നവരേക്കാൾ വലിയ പ്രതിഭകൾ ആരുമറിയാതെ പിന്നണിയിലുണ്ടാകും. അങ്ങനെയുള്ള പ്രതിഭകളിലൊരാളാണ് നടയ്ക്കലച്ചൻ.
മാറ്റത്തിന്റെ കാറ്റ്
1966ൽ എഡിറ്റോറിയൽ വിഭാഗത്തിൽ ന്യൂസ് എഡിറ്റർ പദവിയിൽ ദീപികയുടെ പടിചവിട്ടിയ ഫാ. നടയ്ക്കൽ ദീപികയുടെ ജേർണലിസത്തിന് ആധുനിക മുഖം നൽകി എന്നതു മാത്രമല്ല, ചില പുതുമകൾ അവതരിപ്പിച്ചുകൊണ്ട് മലയാള പത്രപ്രവർത്തന രംഗത്തെ വഴിത്തിരിവിനുതന്നെ വഴിയൊരുക്കി. സെമിനാരി പഠനകാലത്തുതന്നെ വായനയും എഴുത്തും തുടങ്ങിയിരുന്നു.
ഇതു ശ്രദ്ധയിൽപ്പെട്ട സിഎംഐ സഭാധികാരികൾ ബോംബെ യൂണിവേഴ്സിറ്റിയിൽ ജേർണലിസം പഠിക്കാൻ പറഞ്ഞുവിട്ടു. ബോംബെ കെ.എം. മുൻഷി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ടൈംസ് ഒാഫ് ഇന്ത്യയുടെ സ്വർണമെഡലോടെയാണ് പത്രപ്രവർത്തനത്തിൽ ബിരുദം നേടിയത്.
മാത്രമല്ല, ടൈംസ് ഒാഫ് ഇന്ത്യയുടെയും ഇന്ത്യൻ എക്സ്പ്രസിന്റെയുമൊക്കെ ഒാഫീസുകളിൽ പതിവു സന്ദർശകനായിരുന്ന അച്ചൻ പത്രപ്രവർത്തന രംഗത്തെ പുതുമാറ്റങ്ങളെ അടുത്തറിഞ്ഞു. താൻ കണ്ടതും പഠിച്ചതുമൊക്കെ മാറ്റുരച്ചുനോക്കാനുള്ള വലിയ അവസരമാണ് ദീപിക അദ്ദേഹത്തിനു മുന്നിൽ തുറന്നുകൊടുത്തത്. കൂട്ടിന് പ്രഗല്ഭമതികളായ ഒരു സംഘം സഹപ്രവർത്തകരും.
ഫാ. കൊളംബിയർ കയത്തിൻകര മാനേജിംഗ് എഡിറ്റർ ആയിരിക്കുമ്പോഴാണ് നടയ്ക്കലച്ചന്റെ തുടക്കം. പിൽക്കാലത്ത് ന്യൂസ് എഡിറ്റർ പദവിയിൽനിന്ന് അദ്ദേഹം ചീഫ് എഡിറ്റർ പദവിയിലെത്തി. പത്രത്തെ അടിമുടി മാറ്റുന്ന ചില പരിഷ്കാരങ്ങൾക്കു പുതിയ മേധാവി തുടക്കമിട്ടു. ശൈലിയിലും ലേഒൗട്ടിലും മാറ്റങ്ങൾ വന്നു.
കൂടുതൽ ജേർണലിസ്റ്റുകളെ നിയമിച്ചു. എഴുപതുകളിൽ ദീപിക ആധുനിക പത്രമായി മാറുകയായിരുന്നു. സാധു ഇട്ടിയവിര എഴുതിയിരുന്ന കോളം മാത്രമായിരുന്നു ദീപികയിൽ അതുവരെ പതിവായി വന്നിരുന്നത്. പുതിയ കോളങ്ങളും കോളമിസ്റ്റുകളും പത്രത്തിൽ ഇടംപിടിച്ചു. കോളങ്ങൾ എന്നും പതിവ് സ്ഥാനത്തുതന്നെ വരണമെന്നത് അച്ചനു നിർബന്ധം. പ്രഫഷ ണൽ പത്രങ്ങൾ ഇന്നും പിന്തുടരുന്ന രീതിയാണിത്.
സ്ത്രീകൾക്കു വേണ്ടി ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കണമെന്ന ആശയം അച്ചൻ മുന്നോട്ടുവച്ചു. വൈകാതെ ദീപിക പത്രത്തിനൊപ്പം ആഴ്ചയിൽ ഒരു ദിവസം "സരിത'എന്ന പുള്ളൗട്ട് പുറത്തിറങ്ങി. മലയാള പത്രങ്ങളിൽ ആദ്യമായിട്ടായിരുന്നു ഒരു ടാബ്ലോയ്ഡ് പുള്ളൗട്ട്. എഴുത്തിലേക്കും പത്രപ്രവർത്തനത്തിലേക്കും നിരവധി സ്ത്രീകൾക്കു വഴികാട്ടിയ സംരംഭംകൂടിയായിരുന്നു "സരിത'.
മാത്രമല്ല, മലയാളത്തിൽ സ്ത്രീകൾക്കായി പിന്നീട് പുറത്തിറങ്ങിയ പ്രസിദ്ധീകരണങ്ങളുടെയെല്ലാം പ്രചോദനവും "സരിത'യുടെ വിജയം ആയിരുന്നു. യുവാക്കളെ ലക്ഷ്യമിട്ട് "പ്രതിഭ'എന്നൊരു പതിപ്പ് ആഴ്ചയിലൊരിക്കൽ പുറത്തിറക്കാനും അച്ചൻ മുൻകൈയെടുത്തു. സ്ത്രീകൾക്കും യുവതലമുറയ്ക്കുമായി പ്രത്യേക പ്രസിദ്ധീകരണമെന്ന ആശയത്തിന് അങ്ങനെ നടയ്ക്കലച്ചന്റെ മുൻകൈയിൽ ദീപിക തുടക്കമിട്ടു.
ശീലങ്ങൾ മാറ്റിയയാൾ
ബംഗ്ലാദേശിൽ മുജിബുർ റഹ്മാൻ തെരഞ്ഞെടുപ്പിൽ ജയിച്ചപ്പോൾ ദീപിക മുൻപേജിൽ പകുതിയിലേറെ ഭാഗം നിറയുന്ന അദ്ദേഹത്തിന്റെ ഒറ്റച്ചിത്രം നൽകി മലയാള പത്രലോകത്തെ അദ്ഭുതപ്പെടുത്തി. കാരണം അതുവരെ അങ്ങനെ വലിയ ചിത്രങ്ങൾ നൽകുന്ന ശീലം മലയാള പത്രങ്ങൾക്ക് ഇല്ലായിരുന്നു.
ഇന്നു വലിയ സംഭവങ്ങളുണ്ടാകുന്പോൾ മുഴുവൻ പേജ് പടങ്ങളുമായി മലയാള പത്രങ്ങൾ പുറത്തിറങ്ങുന്നതു കാണുമ്പോൾ ഒാർക്കുക ആ പരീക്ഷണത്തിനു തുടക്കമിട്ടയാൾ ഇതെല്ലാം മാറിനിന്ന് ആസ്വദിച്ച് കാഞ്ഞിരപ്പള്ളിയിൽ വിശ്രമജീവിതത്തിലാണ്.
സ്പോർട്സ്, സിനിമ സംബന്ധിയായ ലേഖനങ്ങളും തുടർച്ചയായി ദീപികയിൽ ഇടംപിടിച്ചു തുടങ്ങിയതും വലിയ സിനിമ, സ്പോർട്സ് പ്രേമിയായിരുന്ന അച്ചന്റെ കാലത്തുതന്നെ. ഒന്നര പതിറ്റാണ്ട് ദീപികയുടെ എഡിറ്റോറിയൽ വിഭാഗത്തിനു ചുക്കാൻ പിടിച്ച നടയ്ക്കലച്ചൻ ഫാ. കൊളംബിയറിനും പിന്നീട് ഫാ. വിക്ടറിനുമൊപ്പം അടിയന്തരാവസ്ഥ അടക്കം രാജ്യത്തു സുപ്രധാന നിരവധി സംഭവങ്ങൾ അരങ്ങേറിയ കാലഘട്ടത്തിൽ നിർഭയം പത്രത്തെ അണിയിച്ചൊരുക്കി.
ദീപികയിലെ സേവനത്തിനു ശേഷം അമേരിക്കയിലേക്കു പോയി ഇടവക ചുമതല ഏറ്റെടുത്ത അച്ചനെ തിരികെ വിടാൻ ഇടവകക്കാരും ബിഷപ്പും മടിച്ചതോടെ മുപ്പതു വർഷത്തോളമാണ് ശുശ്രൂഷ നീണ്ടത്.
ന്യൂയോർക്കിലെ ഒരേ പള്ളിയിൽ നീണ്ട 22 വർഷങ്ങൾ അദ്ദേഹം ശുശ്രൂഷ ചെയ്തു എന്നു പറയുന്പോൾത്തന്നെ ആ ജനത്തിന്റെ മനസിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്ഥാനം വ്യക്തം. ഇപ്പോഴും അവരിൽ ചിലർ അച്ചനെ ബന്ധപ്പെടാറുണ്ട്. ഇനിയുള്ള ചില വിശേഷങ്ങൾ അച്ചൻതന്നെ പറയട്ടെ.
എഴുപതുകളിലെ പത്രപ്രവർത്തനം?
ഇന്നു കാണുന്ന ആധുനിക സങ്കേതങ്ങൾ ഒന്നുമില്ല. ആകെയുള്ളതു ടെലിഫോൺ. അതിൽത്തന്നെ വിളിക്കണമെങ്കിൽ ട്രങ്ക് കോൾ ബുക്ക് ചെയ്യണം.
വാർത്തകൾക്ക് ആശ്രയം പിടിഐ, യുഎൻഐ ഏജൻസികൾ. അവർ തരുന്ന വാർത്തകൾ മലയാളത്തിലാക്കും. അച്ചുകൂടത്തിൽ അക്ഷരങ്ങൾ പെറുക്കിപ്പെറുക്കി വച്ചാണ് പത്രം തയാറാക്കുന്നത്. വാർത്തകളുടെ ശേഖരണമൊക്കെ അക്കാലത്ത് ദുഷ്കരമായിരുന്നു.
എങ്കിലും രാവിലെ എട്ടരയോടെ എത്തിയാൽ രാത്രി പന്ത്രണ്ടരയോടെയായിരുന്നു മടക്കം. അത്രയ്ക്ക് ആവേശമായിരുന്നു പത്രപ്രവർത്തനം.
അടിയന്തരാവസ്ഥയിലെ പത്രപ്രവർത്തനം?
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ ഉഗ്രപ്രതാപിയായ ഇന്ദിരാഗാന്ധിയോട് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു അന്നത്തെ ചീഫ് എഡിറ്റർ ഫാ. കൊളംബിയർ കയത്തിൻകര സ്വീകരിച്ചിരുന്നത്. അടിയന്തരാവസ്ഥയെത്തന്നെ എഡിറ്റോറിയൽ കോളം ശൂന്യമാക്കിയിട്ടു പ്രതിഷേധിച്ചുകൊണ്ടാണ് ദീപിക സ്വീകരിച്ചത്.
ഇതോടെ പത്രവും ചീഫ് എഡിറ്ററും അധികാരികളുടെ നോട്ടപ്പുള്ളികളായി. വിമർശിക്കുന്നവർ അകത്തുപോകുന്ന കാലം. എങ്കിലും കിട്ടുന്ന അവസരത്തിലൊക്കെ ദീപിക വിമർശനം ഉന്നയിച്ചു. അങ്ങനെയിരിക്കെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കോട്ടയത്ത് എത്തുന്നു. വിമർശനം ഉയർത്തുന്ന പത്രത്തിന്റെ ചീഫ് എഡിറ്റർ ഫാ. കൊളംബിയറിനെ കാണണമെന്ന് അവർ ആഗ്രഹം പ്രകടിപ്പിച്ചു.
എന്നാൽ, കടുത്ത നിലപാടുകാരനായിരുന്ന കൊളംബിയറച്ചൻ ഇന്ദിരാഗാന്ധിയെ കാണാൻ കൂട്ടാക്കാതെ ഒാഫീസിൽനിന്നിറങ്ങി സ്ഥലംവിട്ടു. അധികാരികളെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. വെളിച്ചിയാനി പള്ളിയിലേക്കാണ് അച്ചൻ രഹസ്യമായി പോയത്.
അടിയന്തരാവസ്ഥയിൽ നടയ്ക്കലച്ചൻ കൊടുത്ത ഒരു പടം വിവാദമായല്ലോ?
അതെ. ഒരു അമേരിക്കൻ വീക്ക്ലിയിൽ പിസ ഗോപുരത്തിൽ ഒരു സ്ത്രീ തൊട്ടുനിൽക്കുന്ന രീതിയിൽ ഒരു പടം പ്രസിദ്ധീകരിച്ചു. "ഗോപുരം താങ്ങുന്ന വനിത' എന്ന അടിക്കുറിപ്പ് നൽകി ഈ ചിത്രം ദീപികയിൽ പ്രസിദ്ധീകരിച്ചു.
ഇന്ദിരാഗാന്ധിയെ പരിഹസിക്കാനാണ് ഇതു കൊടുത്തെന്ന് ആരോപിച്ച് അധികാരികൾ വിശദീകരണം തേടി. എന്തായാലും വിശദീകരണത്തിൽ കാര്യമൊതുങ്ങി. ചങ്ങലയിട്ടു നിന്ന ആനയുടെ ചിത്രത്തിന് "സ്വാതന്ത്ര്യമേ വിട' എന്ന അടിക്കുറിപ്പ് ഇട്ടു നൽകിയതും പ്രശ്നം സൃഷ്ടിച്ചിരുന്നു.
പ്രധാനമന്ത്രി മൊറാർജി ദേശായിയുമായി ഒന്നു മുട്ടിയല്ലോ?
അതു ഡൽഹിയിൽ കേന്ദ്രസർക്കാർ വിളിച്ച ഒരു വിദ്യാഭ്യാസ കോൺഫറൻസിൽ ആയിരുന്നു. അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി ആയിരുന്നു മുഖ്യാതിഥി. ഹിന്ദിയിലായിരുന്നു പ്രസംഗം. എനിക്കു ഹിന്ദി വശമില്ല. പ്രസംഗം ഇംഗ്ലീഷിലാണെങ്കിൽ കാര്യം മനസിലാകുമെന്ന് ഞാൻ എഴുന്നേറ്റുനിന്നു പറഞ്ഞു.
ഉദ്യോഗസ്ഥരടക്കം സ്തബ്ധരായി. മൊറാർജി ദേശായി എന്നെ രൂക്ഷമായൊന്നു നോക്കി. എങ്കിലും മടങ്ങുന്നതിനു മുന്പായി എന്റെ തോളിൽ പിടിച്ച് പരിചയപ്പെട്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ആരോഗ്യപ്രശ്നം ജീവിതത്തെ ആകെ അലട്ടിയല്ലോ..?
ശ്വാസംമുട്ടൽ എന്നെ വിടാതെ പിന്തുടർന്നു. പത്രപ്രവർത്തനം സമ്മാനിച്ച അലർജിയുടെ ഭാഗമായിരുന്നു അത്. അക്കാലത്ത് അച്ചടിക്ക് ഉപയോഗിക്കുന്ന മഷിയും മറ്റു കെമിക്കലുകളുമാണ് എനിക്ക് അലർജിയായത്. വൈകാതെ അത് കടുത്ത ശ്വാസം മുട്ടലായി മാറി.
അമേരിക്കയിലേക്ക് എന്നെ വിടാൻ തീരുമാനിച്ചപ്പോൾ ഈ ശ്വാസം മുട്ടൽ ഒാർത്ത് ആദ്യം ഞാൻ ആശങ്കയിലായിരുന്നു. ഞാൻ ഭയന്നതുപോലെ സംഭവിച്ചു. അമേരിക്കയിൽ ചെന്നു കടുത്ത തണുപ്പ് തുടങ്ങിയതോടെ എന്റെ ബ്രീത്തിംഗ് കപ്പാസിറ്റി 17 ശതമാനം മാത്രമായി. വൈകാതെ മരിച്ചുപോയേക്കുമെന്ന് എനിക്കു തോന്നി.
പിന്നെ എന്ത് അദ്ഭുതമാണ് ജീവിതത്തിൽ സംഭവിച്ചത്?
ഞാൻ ശുശ്രൂഷ ചെയ്തിരുന്ന ഇടവകയിൽനിന്ന് 35 രോഗികളെ വലിയ അദ്ഭുത രോഗസൗഖ്യങ്ങൾ നടക്കുന്ന തീർഥാടനകേന്ദ്രമായ ലൂർദിലേക്കു വിമാനം ചാർട്ട് ചെയ്തു സന്ദർശത്തിനു കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നു. എന്നെയും ഇടവകാംഗങ്ങൾ നിർബന്ധിച്ചു.
എന്നാൽ, 17 ശതമാനം മാത്രം ശ്വസനശേഷിയുള്ള എനിക്ക് ഈ യാത്രയെ അതിജീവിക്കാൻ കഴിയുമെന്ന പ്രതീക്ഷയില്ലായിരുന്നു. യാത്ര പോകുന്നതിന്റെ തലേന്ന് ഞാനൊരു സ്വപ്നം കണ്ടു. ലൂർദിലൂടെ ഞാൻ നടക്കുന്നതായിരുന്നു സ്വപ്നം. പിറ്റേന്ന് എന്തുംവരട്ടെയെന്നു കരുതി ഞാൻ അവർക്കൊപ്പം പോയി.
അവിടെ വച്ച് എനിക്ക് സൗഖ്യം ലഭിച്ചു. പിന്നീട് ശ്വാസം മുട്ടൽ എന്നെ അലട്ടിയിട്ടില്ല. അതിലേറെ എന്നെ അദ്ഭുതപ്പെടുത്തിയ കാര്യം സ്വപ്നത്തിൽ ഞാൻ ദർശിച്ച ദൃശ്യങ്ങൾതന്നെയാണ് അവിടെ കണ്ടത് എന്നതാണ്. അന്നു മുതൽ ഒരു മരുന്നും ഞാൻ കഴിക്കുന്നില്ല. ചില്ലറ വ്യായാമം ചെയ്യുമായിരുന്നു. ഇപ്പോൾ വീൽ ചെയറിൽ ആയതിനാൽ അതിനു കഴിയുന്നില്ലെന്ന ഒരു ചെറിയ സങ്കടമുണ്ട്.
പഴയകാല സഹപ്രവർത്തകർ?
എന്റെ സെമിനാരിക്കാലം മുതലുള്ള പ്രിയപ്പെട്ട സുഹൃത്താണ് അലക്സാണ്ടർ പൈകടയച്ചൻ. ഞങ്ങളൊന്നിച്ച് ദീപികയിലും പ്രവർത്തിച്ചു. അദ്ദേഹം എഴുതിയിരുന്ന മുഖപ്രസംഗങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു. 2011ൽ അദ്ദേഹം ചീഫ് എഡിറ്റർ ആയിരുന്നപ്പോൾ അമേരിക്കയിൽനിന്ന് അവധിക്കു വന്ന എനിക്ക് പഴയ സഹപ്രവർത്തകരെ കാണാൻ ഒരു സംഗമം ഒരുക്കി.
ജോസ് മാത്യു, അലക്സാണ്ടർ സാം, റ്റി.സി. മാത്യു, എൻ.എസ്. ജോർജ്, ടി. ദേവപ്രസാദ്, ജോസഫ് കട്ടക്കയം, ജോൺ ആന്റണി, മാടവന ബാലകൃഷ്ണപിള്ള, എൻ.യു. വർക്കി തുടങ്ങിയവരെയൊക്കെ കാണാനായി. മുട്ടത്തു വർക്കി, കെ.സി. സെബാസ്റ്റ്യൻ, പി.പി. സ്കറിയ, മാത്തുക്കുട്ടി കുന്നപ്പള്ളി, കെ.ആർ. പൗലോസ്, എം.ഒ. ദേവസ്യ, എൻ.ജെ. ചാണ്ടി, ഫോട്ടോഗ്രാഫർ രവി എന്നിവരെയൊന്നും മറക്കാനാവില്ല.
വീൽ ചെയറിലാണെങ്കിലും യാതൊരു മടുപ്പുംകൂടാതെ എത്ര സമയം വേണമെങ്കിലും സംസാരിക്കാൻ സന്നദ്ധനായിട്ടായിരുന്നു നടയ്ക്കലച്ചന്റെ ഇരിപ്പ്. ഇവിടെ താൻ ഹാപ്പിയാണെന്നും എല്ലാവരും ഹാപ്പിയായിരിക്കട്ടെയെന്നും പറഞ്ഞാണ് ഇഞ്ചിയാനി നടയ്ക്കൽ വീട്ടിൽ സക്കറിയാസച്ചൻ ഞങ്ങളെ യാത്രയാക്കിയത്.
ചിലരോടു സംസാരിച്ചു കഴിയുന്പോൾ ഒരു സന്തോഷവും മതിപ്പും നമുക്കു തോന്നാറില്ലേ. അതേ സന്തോഷം മടക്കയാത്രയിൽ ഞങ്ങളുടെ ഉള്ളിലും ചേക്കേറിയിരുന്നു.
ജോൺസൺ പൂവന്തുരുത്ത്