നാളെ അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് ആയി ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നു. പല കാരണങ്ങൾകൊണ്ടും ലോകം ആകാംക്ഷയോടെ വൈറ്റ്ഹൗസിലേക്ക് കണ്ണുംനട്ടിരിക്കുന്നു. അമേരിക്കൻ ഭരണത്തിന്റെ സിരാകേന്ദ്രമായ വൈറ്റ്ഹൗസിൽ എന്തൊക്കെയാണ് സംഭവിക്കുക?. ദീപികയ്ക്കു വേണ്ടി അമേരിക്കൻ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്ത പ്രമുഖ പത്രപ്രവർത്തകൻ പി.ടി. ചാക്കോ വൈറ്റ്ഹൗസിൽ കണ്ട കാഴ്ചകൾ...
ജനുവരി 20ന് ഏതു ബൈബിള്‍ തൊട്ടായിരിക്കും ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുക? 2017ല്‍ അദ്ദേഹം ആദ്യം പ്രസിഡന്റായപ്പോള്‍ ഏബ്രഹാം ലിങ്കണ് സത്യപ്രതിജ്ഞ ചെയ്യാന്‍ ഉപയോഗിച്ചതും അമ്മ ചെറുപ്പത്തില്‍ സമ്മാനിച്ചതുമായ രണ്ടു ബൈബിളുകള്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഉപയോഗിച്ചിരുന്നു. അമേരിക്കയുടെ 47 പ്രസിഡന്റ്മാരില് ട്രംപ് മാത്രമാണ് ഇരട്ട ബൈബിള്‍ ഉപയോഗിച്ചത്. ചരിത്രം ആവര്‍ത്തിക്കുമോ?
അമേരിക്കന്‍ പ്രസിഡന്റിന്റെ ഭരണസിരാകേന്ദ്രമായ ഓവല്‍ ഓഫീസിന് എന്തൊക്കെ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്? ഓവല്‍ ഓഫീസില്‍ പ്രസിഡന്റ് ഉപയോഗിക്കുന്ന ഡെസ്ക് ഏതായിരിക്കും? റസലൂട്ട് ഡെസ്ക് എന്നറിയപ്പെടുന്നതും ഇപ്പോള്‍ ഉപയോഗത്തിലുള്ളതും ട്രംപ് നേരത്തെ ഉപയോഗിച്ചതുമായ അതേ ഡെസ്ക് തന്നെയായിരിക്കുമോ? വൈറ്റ് ഹൗസില്‍ പ്രസിഡന്റിന് ഉപയോഗിക്കാന്‍ പറ്റുന്ന ആറ് ഡെസ്കുകളില്‍ മറ്റേതെങ്കിലും ആയിരിക്കുമോ?
വൈറ്റ്ഹൗസിനു പകരം ഫ്ളോറിഡയില്‍ പാം ബീച്ചില്‍ 62,500 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ട്രംപിന്റെ മാര്‍ എ ലാഗോ ബീച്ച് റിസോര്‍ട്ട് ഭരണസിരാകേന്ദ്രമാക്കുമോ? ഇത്തരം കൗതുകങ്ങള്‍ക്കു വരും ദിവസങ്ങളില്‍ മറുപടി ഉണ്ടാകും. ഇനി കാര്യത്തിലേക്കു കടക്കുമ്പോള്‍ പുതിയ പ്രസിഡന്റിന്റെ നയങ്ങളും തീരുമാനങ്ങളും അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോള്‍ ഹില്ലില്‍ നടക്കുന്ന വര്‍ണശബളമായ സത്യപ്രതിജ്ഞയ്ക്കു ശേഷമുള്ള ഉദ്ഘാടന പ്രസംഗത്തില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഉച്ചയ്ക്കുശേഷം ക്യാപിറ്റോള്‍ ഹില്ലില്നിന്നു വാഹനാകമ്പടിയോടെ അഞ്ചു കിലോമീറ്റർ അകലെയുള്ള പെന്‍സില്‍വനിയ അവന്യൂ റോഡിലൂടെ വൈറ്റ് ഹൗസിലെത്തും. അവിടെ അനേകം തീരുമാനങ്ങള്‍ അദ്ദേഹത്തിന്റെ കൈയൊപ്പിനായി കാത്തിരിക്കുന്നു.
വൈറ്റ് ഹൗസ്
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലേക്കും അതിന്റെ ഹൃദയമായ ഓവല്‍ ഓഫീസിലേക്കും ദീപികയുടെ സ്പെഷല്‍ കറസ്പോണ്ടന്റ് (യുഎസ്എ) എന്ന നിലയിലാണ് സന്ദര്‍ശനാനുമതി ലഭിച്ചത്. 225 വര്‍ഷമായി ലോകത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന ശക്തികേന്ദ്രത്തില്‍ കാലുകുത്തിയപ്പോള്‍ ആദ്യമൊന്നു ഇടറിയെങ്കിലും പിന്നീടെല്ലാം ഊഷ്മളമായിരുന്നു. മൂന്നു തട്ടുള്ള സുരക്ഷാ പരിശോധന കഴിഞ്ഞ് അകത്തു കടന്നപ്പോള്‍ പ്രത്യക്ഷത്തില്‍ വലിയ സുരക്ഷാസംവിധാനമൊന്നും അവിടെ കണ്ടില്ല.
ലോകത്തിലേറ്റവും സുരക്ഷാഭീഷണിയുള്ള വൈറ്റ്ഹൗസിലെ വന്‍ സുരക്ഷാസന്നാഹങ്ങള്‍ സാങ്കേതിക വിദ്യയിലധിഷ്ഠിതമായതിനാല് നഗ്നനേത്രങ്ങള്‍ക്കു കാണാനായില്ല. കറുത്ത യൂണിഫോമിലുള്ള അമേരിക്കന്‍ സീക്രട്ട് സര്‍വീസിനാണ് വൈറ്റ് ഹൗസിന്റെ സുരക്ഷാ ചുമതല. അവര്‍ സന്ദര്‍ശകരോട് ഊഷ്മളമായി ഇടപെടുന്നു. കാലോചിതമായ പരിഷ്കാരങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ വൈറ്റ് ഹൗസിന്റെ പഴമയും പ്രൗഢിയും ലാളിത്യവും നിലനിര്‍ത്തിയിട്ടുണ്ട്.
ഈസ്റ്റ്, വെസ്റ്റ്
വൈറ്റ്ഹൗസിന് ഈസ്റ്റ് വിംഗ്, വെസ്റ്റ് വിംഗ് എന്നിങ്ങനെ പ്രധാനപ്പെട്ട രണ്ടു ഭാഗമുണ്ട്. സാധാരണഗതിയില്‍ ഈസ്റ്റ് വിംഗിലാണ് സന്ദര്‍ശനാനുമതി. അപൂര്‍വമായി ഓവല്‍ ഓഫീസ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഓഫീസുകളുള്ള വെസ്റ്റ് വിംഗിലും സന്ദര്‍ശനാനുമതി ലഭിക്കാറുണ്ട്. വാഷിംഗ്ടണ്‍ ഡിസിയില്‍ വെറും 18.7 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഇരുനില വൈറ്റ്ഹൗസ് കെട്ടിടം 99,800 ചതുരശ്ര അടി വരും. ഏതാണ്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിന്റെ അത്ര വലുപ്പം. 1812ല്‍ ബ്രിട്ടീഷുകാര്‍ തീയിട്ട് നശിപ്പിച്ചതിനെത്തുടര്‍ന്ന് പുനര്‍നിര്‍മിച്ചപ്പോള്‍ കറുത്ത പാടുകള്‍ മറയ്ക്കാന്‍ വെള്ളപെയിന്റ് അടിച്ചാണ് വൈറ്റ്ഹൗസായത്.
ഒന്നാം നിലയില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഇരിപ്പിടമായ ഓവല്‍ ഓഫീസിന് 816 അടി വലിപ്പമേയുള്ളു. മുട്ടയുടെ ആകൃതിയില്‍ ദീര്‍ഘവൃത്താകൃതി ഉള്ളതിനാലാണ് ഓവല്‍ ഓഫീസ് എന്ന പേരു വീണത്. സീക്രട്ട് സര്‍വീസിലെ ഒരാള്‍ മാത്രമാണ് ഓവല്‍ ഓഫീസിനു കാവല്‍ നിന്നിരുന്നത്. പ്രസിഡന്റ് മാറിയാലും ഓവല്‍ ഓഫീസിനു കാര്യമായ മാറ്റങ്ങളില്ല.
എന്നാല്‍, പ്രസിഡന്റിന്റെ അഭിരുചിക്കനുസരിച്ച് കര്ട്ടന്, പരവതാനി, പെയിന്റിംഗ് തുടങ്ങിയവ മാറാറുണ്ട്. ജോ ബൈഡന് അമേരിക്കന്‍ പ്രസിഡന്റിന്റെ എംബ്ലം പതിച്ച കടുംനീല ഓവല്‍ ആകൃതിയുള്ള പരവതാനി ഉപയോഗിക്കുന്നു. കര്‍ട്ടനുകള്‍ക്കു സ്വര്‍ണവര്‍ണം. ട്രംപിന്റെ മാറ്റങ്ങള്‍ക്ക് ഓവല്‍ ഓഫീസ് കാത്തിരിക്കുന്നു.
ആ മേശയും കസേരയും
ഓവല്‍ ഓഫീസില്‍ ഏറ്റവും പ്രധാനപ്പെട്ടതു പ്രസിഡന്റിന്റെ മേശയും കസേരയുമാണ്. റസലൂട്ട് ഡെസ്ക് എന്നാണിത് അറിയപ്പെടുന്നത്. മുന്‍ പ്രസിഡന്റ് ട്രംപ് ഉപയോഗിച്ച അതേ ഡെസ്കാണ് ബൈഡനും ഉപയോഗിച്ചത്. എച്ച്എംഎസ് റസലൂട്ട് എന്ന കപ്പലിലെ ഓക്ക് തടിയില്‍ തീര്‍ത്ത് 1880ല്‍ ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞി സമ്മാനിച്ച ഡെസ്കാണിത്. അമേരിക്കയില്‍ ഏറ്റവും ദീര്‍ഘകാലം പ്രസിഡന്റായിരിക്കുകയും (1933-1945) മഹാസാമ്പത്തിക മാന്ദ്യത്തെയും രണ്ടാം ലോകമഹായുദ്ധത്തെയും വിജയകരമായി നേരിടുകയും ചെയ്ത ഫ്രാങ്ക്ളിന് റൂസ്വെല്‍റ്റിന്റെ വലിയ പെയിന്റിംഗ് പ്രസിഡന്റിന്റെ നേരേ എതിര്‍വശത്തുണ്ട്.
പരസ്പരം കലഹിച്ചിരുന്ന മുന്‍ പ്രസിഡന്റ് തോമസ് ജെഫേഴ്സന്റെയും അദ്ദേഹത്തിന്റെ ട്രഷറി സെക്രട്ടറി ഹാമില്‍ട്ടന്റെയും എതിര്‍വശങ്ങളിലേക്കു നോക്കിയിരിക്കുന്ന പെയിന്റിംഗ് വ്യത്യസ്ത ആശയങ്ങള്‍ക്ക് ജനാധിപത്യത്തില്‍ ഇടമുണ്ടെന്ന സന്ദേശം നല്കുന്നു. ഏതാനും പ്രമുഖരുടെ അര്‍ധകായ പ്രതിമകളും മുറിയിലുണ്ട്. ചന്ദ്രനില്നിന്നുകൊണ്ടുവന്ന പാറക്കഷണങ്ങള്‍ ബുക്ക് ഷെല്‍ഫില്‍ വച്ചിരിക്കുന്നു. ഇവയില്‍ ട്രംപിന്റെ മാറ്റങ്ങള്‍ വരാം.
വെള്ള മാര്‍ബിളിലുള്ള ഫയര്‍ പ്ലേസ്, അമേരിക്കന്‍ പ്രസിഡന്റിന്റെ സീല്‍, മേശയ്ക്കു പിറകിലുള്ള അമേരിക്കന്‍ പതാക, പ്രസിഡന്റിന്റെ പതാക എന്നിവ മാറാറില്ല. തൊട്ടടുത്തുള്ള കാബിനറ്റ് റൂമില്‍ നടക്കുന്ന പ്രതിവാര മന്ത്രിസഭായോഗത്തില്‍ 25 പേരാണ് പങ്കെടുക്കുന്നത്. മധ്യത്തിലുള്ള പ്രസിഡന്റിന്റെ കസേരയ്ക്കു നേരിയ ഉയരക്കൂടുതലുണ്ട്. നേരേ എതിര്‍വശത്ത് വൈസ് പ്രസിഡന്റിന്റെ കസേര. മുന്‍ പ്രസിഡന്റുമാരുടെ ഛായചിത്രങ്ങള്‍ ഭിത്തിയില്‍ ഇടംപിടിച്ചിരിക്കുന്നു. 1776 ജൂലൈ നാലിന് നടന്ന അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനവും ഭിത്തിയിലുണ്ട്.
ഇതിനോടു ചേര്‍ന്നാണ് റൂസ്വെല്‍റ്റ് റൂം. തിയഡോര്‍ റൂസ്വെല്‍റ്റ് അമേരിക്കന്‍ പ്രസിന്റായിരുന്നപ്പോള്‍ 1902ലാണ് വെസ്റ്റ് വിംഗ് തുടങ്ങിയത്. അന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസായിരുന്ന ഈ മുറി അദ്ദേഹത്തിന്റെ പേരില്‍ പിന്നീട് നാമകരണം ചെയ്തു. അദ്ദേഹം ഇതില്‍ അക്വേറിയം സൂക്ഷിച്ചിരുന്നതിനാല്‍ "ഫിഷ് റൂം'' എന്നും അറിയപ്പെടുന്നു. റൂസ്വെല്‍റ്റാണ് നൊബേല്‍ സമ്മാനം കിട്ടിയ ആദ്യത്തെ അമേരിക്കനും ആദ്യത്തെ സിറ്റിംഗ് പ്രസിഡന്റും. നൊബേല്‍ സമ്മാനം ഈ മുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
താഴത്തെ നിലയിലുള്ള സിറ്റുവേഷന് റൂമിലാണ് നിര്‍ണായക സമയങ്ങളില്‍ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ യോഗം ചേരുന്നത്. 24 മണിക്കൂറും ലോകമെമ്പാടുമുള്ള സംഭവങ്ങള്‍ ഇവിടെനിന്നു വീക്ഷിക്കുന്നു. 1961ല്‍ ക്യൂബല് മിസൈല്‍ പ്രതിസന്ധി ഉണ്ടായപ്പോള്‍ അന്നത്തെ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയാണ് വൈറ്റ് ഹൗസിലേക്കു നേരിട്ട് വിവരങ്ങള്‍ ലഭിക്കാന്‍ ഈ മുറി തുടങ്ങിയത്. വൈസ് പ്രസിഡന്റിന്റെ മൂന്നു മുറികളിലൊന്ന്, നേവി മെസ്, ഫോട്ടോ ഓഫീസ് എന്നിവയും താഴത്തെ നിലയിലുണ്ട്.
വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനാണ് മറ്റൊരു ആകര്‍ഷണം.
1913ല്‍ ലേഡി എലന്‍ വില്‍സനാണ് ടുലിപ് പൂക്കളും റോസാപ്പൂക്കളും നിറഞ്ഞ പൂന്തോട്ടം തുടങ്ങിയത്. നീന്തല്‍ കുളം, കിച്ചണ്‍ ഗാര്ഡന്, കുട്ടികളുടെ പൂന്തോട്ടം, വിശാലമായ പുല്‍ത്തകിടി തുടങ്ങിയവ ഇവിടെയുണ്ട്. ഈസ്റ്റ് വിംഗിലെ ജാക്വിലിന് കെന്നഡി ഗാര്‍ഡനാണ് ഒന്നുകൂടി ഗംഭീരം. ഡിന്നറുകളും പത്രസമ്മേളനവുമൊക്കെ അപൂര്‍വമായി ഗാര്‍ഡനില്‍ നടത്താറുണ്ട്. ജോണ്‍ എഫ്. കെന്നഡിയുടെ പത്നിയായിരുന്ന ജാക്വിലിന് കെന്നഡിയാണ് വൈറ്റ് ഹൗസിനെ മികച്ച ഫര്‍ണിഷിംഗും ഗാര്‍ഡനും മറ്റുമൊരുക്കി മനോഹരമാക്കിയത്.
കുളത്തിനു മുകളിൽ പ്രസ് റൂം
ഒന്നാം നിലയില്‍ ഏറ്റവും അറ്റത്താണ് ജെയിംസ് എസ്. ബ്രാഡി പ്രസ് ബ്രീഫിംഗ് റൂം. 1981ല്‍ അന്നത്തെ പ്രസിഡന്റ് റൊണാള്‍ഡ് റീഗനെ വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍വച്ച് വെടിവച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന പ്രസ് സെക്രട്ടറി ജെയിംസ് എസ് ബ്രാഡിക്ക് ഗുരുതരമായ പരിക്കേറ്റു. ദീര്‍ഘകാലം വീല്‍ ചെയറില്‍ കഴിഞ്ഞ ശേഷം 2014ല്‍ മരിച്ചു. ആദരസൂചകമായി വൈറ്റ്ഹൗസിലെ പ്രസ് ബ്രീഫിംഗ് മുറിക്ക് അദ്ദേഹത്തിന്റെ പേരാണ് നല്‍കിയത്.
കേവലം 49 സീറ്റുകള്‍ മാത്രമാണ് മുറിയിലുള്ളത്. പ്രമുഖ മാധ്യമങ്ങളുടെ പേരുകള്‍ സീറ്റില്‍ എഴുതിവച്ചിട്ടുണ്ട്. ഇവര്‍ക്കു സ്ഥിരമായും ബാക്കിയുള്ളവര്‍ക്ക് ഊഴമനുസരിച്ചും പത്രസമ്മേളനത്തില്‍ പങ്കെടുക്കാം. 500 അംഗങ്ങളുള്ള വൈറ്റ്ഹൗസ് കറസ്പോണ്ടന്‍സ് അസോസിയേഷനാണ് ഇതിന്റെ നിയന്ത്രണം. കരീന്‍ ഷോംപിയായിരുന്നു ബൈഡന്റെ പ്രസ് സെക്രട്ടറി. പ്രസ് സെക്രട്ടറിയാകുന്ന ആദ്യത്തെ കറുത്ത വംശജ, ആദ്യത്തെ ട്രാന്‍സ്ജെൻഡര്‍ തുടങ്ങിയ പ്രത്യേകതകള്‍ കരീനുണ്ട്. ഹെയ്തിയില്നിന്നുള്ള ഈ കുടിയേറ്റക്കാരി കമല ഹാരിസിനോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
വെറും 27 വയസുള്ള കരോളിന് ലെവിറ്റ് ആണ് ട്രംപിന്റെ പ്രസ് സെക്രട്ടറി. 2017ല്‍ ട്രംപിന്റെ അസിസ്റ്റന്റെ പ്രസ് സെക്രട്ടറിയായിരുന്നു. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ ട്രംപിന്റെ നാഷണല്‍ പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.വൈറ്റ് ഹൗസ് എന്ന് ആലേഖനം ചെയ്തിട്ടുള്ള പോഡിയത്തിനു പിറകില്‍ ഓവല്‍ മാതൃകയില്‍ വൈറ്റ് ഹൗസ് എംബ്ലം. 50 നക്ഷത്രങ്ങളും ഇടവിട്ട് ചുവപ്പും വെള്ളയും വരകളുള്ള അമേരിക്കന്‍ പതാക തൊട്ടടുത്ത്. ഏറ്റവും പിറകില്‍ ചാനല്‍ കാമറകള്‍.
പ്രസിഡന്റ് റൂസ് വെല്‍റ്റിന് ഫിസിയോ തെറാപ്പി ചെയ്യാന്‍ 1933ല്‍ നിര്‍മിച്ച നീന്തല്‍ കുളത്തിനു മുകളിലാണ് 1970ല്‍ പ്രസിഡന്റ് നിക്സണ് പ്രസ് റൂം നിര്‍മിച്ചത്. പത്രക്കാരെ കുളത്തിലെറിഞ്ഞേക്കൂ എന്ന് ഒരിക്കല്‍ നിക്സണ് പറഞ്ഞത് അച്ചട്ടായി. സ്വിമ്മിംഗ് പൂളിലേക്കു സ്വാഗതം എന്നു പറഞ്ഞാണ് ബൈഡന് ഒരിക്കല്‍ പത്രസമ്മേളനം തുടങ്ങിയത്.ലോകം അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കു കാതോര്‍ക്കുന്നത് ഈ ചെറിയ മുറിയില്‍നിന്നാണ്.
ഈസ്റ്റ് വിംഗ്
പ്രസിഡന്റിന്റെ പത്നിയുടെ വസതിയാണ് ഇവിടത്തെ മുഖ്യആകര്‍ഷണം. ചെറിയൊരു മൂവി തിയേറ്ററിന്റെ മുന്‍നിര പ്രസിഡന്റിന്റെ കുടുംബത്തിനാണ്. വിവിധ നിറങ്ങളില്‍ കുളിച്ചുനില്ക്കുന്ന മുറികളാണ് ഇവിടെ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മെറൂണ്‍ നിറത്തില്‍ കുളിച്ചുനില്ക്കുന്ന വെര്മല് മുറി, ചുവപ്പില്‍ ചൈനാ റൂമും റെഡ് റൂമും, പച്ചയില്‍ ഗ്രീന്‍ റൂം, നീലയില്‍ ബ്ലൂ റൂം. വെര്മല് മുറിയില്‍ 1500ലധികം അപൂര്‍വ ആര്‍ട്ട് ശേഖരമുണ്ട്.
20-ാം നൂറ്റാണ്ടിലെ പ്രസിഡന്റുമാരുടെ ഭാര്യമാരുടെ ഛായചിത്രങ്ങളും ശ്രദ്ധേയം. വൈറ്റ് ഹൗസില്‍ ആകെ 60,000ൽ അധികം ആര്‍ട്ട് ശേഖരമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് റോണള്‍ഡ് റീഗനും മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും കൂടി നില്ക്കുന്ന മനോഹരമായ ഫോട്ടോ ശ്രദ്ധേയം.അമേരിക്കയുടെ പ്രഥമ പ്രസിഡന്റ് ജോര്‍ജ് വാഷിംഗ്ടണിന്റെ പെയിന്റിംഗാണ് വൈറ്റ് ഹൗസ് ആദ്യം സ്വന്തമാക്കിയ ആര്‍ട്ട് വര്‍ക്ക്.
1814ല്‍ ബ്രിട്ടീഷ് പട്ടാളം വൈറ്റ് ഹൗസിനു തീയിട്ടപ്പോള്‍ അന്നത്തെ പ്രഥമ വനിത ഡോളി മാഡിസന്‍ ഈ പെയിന്റിംഗ് സുരക്ഷിതമായി പുറത്തുകൊണ്ടുപോയി സംരക്ഷിച്ച ചരിത്രവുമുണ്ട്. ഏറ്റവും വലിപ്പമുള്ള ഈസ്റ്റ് റൂമിലാണ് അന്തരിച്ച പസിഡന്റിന് അന്തിമോപചാരം അര്‍പ്പിക്കുന്നത്. രണ്ടാമത്തെ വലിപ്പമുള്ള മുറി ഡൈനിംഗ് റൂമാണ്. ഔദ്യോഗിക ഡിന്നര്‍ ഇവിടെയാണ് നൽകപ്പെടുന്നത്.
1800ല്‍ പ്രസിഡന്റ് ജോണ്‍ ആദം ആണ് വൈറ്റ്ഹൗസില്‍നിന്നു ഭരണം തുടങ്ങിയ ആദ്യത്തെ പ്രസിഡന്റ്. അദ്ദേഹം അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്നു. ആദ്യത്തെ പ്രസിഡന്റ് ജോര്‍ജ് വാഷിംഗ്ടണ്‍ ആണ് വൈറ്റ് ഹൗസിന്റെ നിര്‍മാണം തുടങ്ങിയത്. 1814ല്‍ ബ്രിട്ടീഷ് പട്ടാളം വൈറ്റ് ഹൗസ് തീയിട്ടു പൂര്‍ണമായി നശിപ്പിച്ചു. എന്നാല്‍, നാലു വര്‍ഷംകൊണ്ട് പുനര്‍നിര്‍മിച്ചു.
ചരിത്രം സൃഷ്ടിക്കാം
47-ാം പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് എത്തുമ്പോള്‍ വൈറ്റ് ഹൗസില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത് പ്രോജ്ജലമായ ചരിത്രം കൂടിയാണ്. അതില്‍ അദ്ദേഹം കൂടുതലായി എന്തെങ്കിലും എഴുതിച്ചേര്‍ക്കുമോ എന്നു കാത്തിരുന്നു കാണാം. കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനമാക്കണം, പനാമ കനാലും ഡെന്മാര്ക്കിന്റെ കീഴിലുള്ള ഗ്രീന്‍ലാന്‍ഡും പിടിച്ചെടുക്കണം, മെക്സിക്കന്‍ ഉള്‍ക്കടലിന്റെ പേര് അമേരിക്കന്‍ ഉള്‍ക്കടല്‍ എന്നാക്കണം തുടങ്ങിയ വിവാദ വിഷയങ്ങൾ ട്രംപ് ഉയര്‍ത്തിക്കഴിഞ്ഞു.
അനിതരസാധാരണമായ സ്വാധീനത്തോടെയാണ് ട്രംപ് അധികാരമേല്‍ക്കുന്നത്. സെനറ്റിലും കോണ്‍ഗ്രസിലും ഭൂരിപക്ഷം. സുപ്രീംകോടതിയില്‍ ട്രംപിനെ പിന്തുണയ്ക്കുന്ന ജഡ്ജിമാര്‍. കേസുകളില്‍ കോടതി ശിക്ഷിച്ചാലും അതിനെ മറികടക്കാന്‍ പ്രസിഡന്റിനു പ്രത്യേകാധികാരം. അതെങ്ങനെ ദുരുപയോഗിക്കണമെന്നു പ്രസിഡന്റ് ജോ ബൈഡന് തന്റെ മകന്റെ കാര്യത്തില്‍ കാണിച്ചതിനാല്‍ ട്രംപ് അത്തരം നീക്കം നടത്തിയാലും ഡെമോക്രാറ്റുകള്‍ നിശബ്ദരാകേണ്ടി വരും.
''ദൈവമേ, അവിടത്തെ അനുഗ്രഹങ്ങള്‍ ഈ വീടിനുമേലും ഇതില്‍ അധിവസിക്കുന്നവരുടെ മേലും ചൊരിയണമേ.. സത്യസന്ധരും വിവേകമതികളുമായ വ്യക്തികള്‍ ഈ മേല്‍ക്കൂരയുടെ കീഴിലിരുന്നു ഭരിക്കാന്‍ അനുവദിക്കണമേ... '' മുന്‍ പ്രസിഡന്റ് ജോണ്‍ ആദംസിന്റെ വാക്കുകള്‍ വൈറ്റ് ഹൗസിലെ ഡൈനിംഗ് റൂമില്‍ ഉദ്ധരിച്ചിരിക്കുന്നു.നമുക്കും പ്രാര്‍ഥിക്കാം!
പി.ടി. ചാക്കോ