പന്തല്ലൂർ മോഴയാന ഗൂഡല്ലൂരിലെ പന്തല്ലൂർ ഗ്രാമവാസികൾക്ക് പേടിസ്വപ്നമായിരുന്നു. എട്ടുപേരെ അരുംകൊല ചെയ്യുകയും എഴുപതു വീടുകൾ തകർക്കുകയും കൃഷി അപ്പാടെ നശിപ്പിക്കുകയും ചെയ്തിരുന്ന പരാക്രമി. ആന കൊല്ലുമെന്ന ഭീതിയിൽ ചിലരൊക്കെ നാടുവിട്ടു.
ജനകീയ പ്രക്ഷോഭത്തിനൊടുവിൽ വനംവകുപ്പ് മോഴയാനയെ റേഡിയോ കോളറിട്ട് ഉൾവനത്തിൽ കയറ്റിവിട്ടു. സത്യമംഗലം കാടുകളിൽനിന്ന് ഇരുനൂറു കിലോമീറ്ററോളം നടന്ന് ഇതേ ആന വയനാട് സുൽത്താൻ ബത്തേരി ടൗണിലിറങ്ങി അക്രമം തുടങ്ങി. പൊറുതിമുട്ടിയതോടെ കഴിഞ്ഞ ജനുവരിയിൽ വനംവകുപ്പ് മയക്കുവെടിവച്ച് വയനാട് മുത്തങ്ങ ആനപ്പന്തിയിലെത്തിച്ചു.
കലിയടങ്ങാതെ രണ്ടു മാസം ആനക്കൂടു തകർക്കാനും കൂടിനു മുകളിൽ കയറാനും ശ്രമിച്ച പന്തല്ലൂർ മോഴയാന ഇപ്പോൾ മര്യാദ പഠിച്ചുവരികയാണ്. പിഎം 2 എന്ന് പേരിട്ടിരിക്കുന്ന ആന പാപ്പാനെ പുറത്ത് കയറാൻ അനുവദിച്ചുതുടങ്ങി. കൊലയും കൊള്ളയും നടത്തിവന്ന കരിവീരൻ പാപ്പാൻ ബാലുവിന്റെ ശിക്ഷണത്തിൽ മുത്തങ്ങയിലെ മുൻനിര കുങ്കിയായി വൈകാതെ പുറത്തുവരും.
ഇത്തരത്തിൽ പല നാടുകളെയും വിറപ്പിച്ചുപോന്ന കൊലകൊന്പൻമാരെ ചട്ടക്കൂടിനുള്ളിൽ മെരുക്കി ആനപ്പടയുടെ ഭാഗമാക്കുന്ന കഥകളാണ് മുത്തങ്ങ ആനപ്പന്തിക്കുള്ളത്. ബ്രിട്ടീഷ് ഭരണത്തിൽ ആനപിടിത്തം അനുവദിച്ചിരുന്ന കാലത്ത് തുടങ്ങിയതാണ് മുത്തങ്ങയിലെ ആനപ്പന്തി. നൂറോളം ആനകളെ പരിപാലിച്ചിരുന്ന പ്രതാപകാലം ഇവിടെയുണ്ടായിരുന്നു.
1976-ൽ അടച്ച കേന്ദ്രം രണ്ട് പതിറ്റാണ്ടുകൾക്കുശേഷം തുറക്കാൻ നിർബന്ധിതമായി. നാട്ടിലിറങ്ങി ഭീകരത സൃഷ്ടിക്കുന്ന കാട്ടാനകളെ തുരത്താനും കീഴടക്കാനും അവയുമായി നേർക്കുനേർ പോരാടുന്ന കുങ്കിയാനകളുടെ പരീശീലനമാണ് ഇവിടെയിപ്പോൾ. കുങ്കി എന്ന പേരിന്റെ ഉത്ഭവം പേർഷ്യൻ പദം ‘കുമക്’ ൽ നിന്നാണ്. സഹായിക്കുക എന്നാണ് അർഥം.
വിവിധയിടങ്ങളിൽനിന്ന് പിടികൂടിയ കൊലയാനകളും തള്ളയാനയിൽ നിന്ന് ഒറ്റപ്പെട്ടുപോയതും പ്രളയത്തിൽ ഒഴുകിവന്നതുമുൾപ്പെടെ മുത്തങ്ങ ആനപ്പന്തിയിലിപ്പോൾ പതിമൂന്ന് ആനകളാണുള്ളത്. ഓരോ ആനയ്ക്കും തനിച്ചുള്ള ചട്ടങ്ങൾ മാത്രമല്ല കുങ്കി ആനകളെ ഒരുമിച്ചു നിറുത്തി അവയെ ഐക്യത്തിലും ഒരുമയിലും ഒരു സേനയാക്കുംതരത്തിൽ പരിശീലിപ്പിച്ച് ഭീഷണി ഉയർത്തുന്ന വന്യമൃഗങ്ങളെ നേരിടാനുള്ള പരിശീലനമാണ് നൽകുക.
കുങ്കികൾ ഒരുമയോടെ നിന്നാൽ മാത്രമേ അരിക്കൊന്പനെപ്പോലുള്ള അക്രമികളെ മുട്ടുകുത്തിക്കാൻ കഴിയൂ. കൊലവിളി നടത്തുന്ന കാട്ടാനകൾക്കുനേരേ മൂന്നാംമുറ വരെ പ്രയോഗിക്കാൻ കുങ്കികൾ ധൈര്യം കാണിക്കും. കന്പിനും കന്പിക്കും കല്ലിനും എറിഞ്ഞും തല്ലിയും അടിച്ചും മാത്രമല്ല പതിനെട്ടാമത്തെ അടവന്നോണം കുത്തിയും ചവിട്ടിയുമൊക്കെയാണ് കുങ്കികൾ ധീരപോരാളികളായി അരിക്കൊന്പൻമാരോടു പോരാടുക. ധൈര്യം തെല്ലും ചോരാതെ കുങ്കി ആനകളുടെ പുറത്തിരിക്കുന്ന പാപ്പാൻമാർ അപ്പപ്പോൾ നൽകുന്ന നിർദേശം കൃത്യമായി അനുസരിച്ചാണ് കുങ്കികൾ ഓരോ ചുവടും വയ്ക്കുക.
ഇങ്ങനെയും മാറ്റമോ
ആറു വർഷം നാടിനെ മുൾമുനയിൽ നിർത്തിയ ഭീകരനാണ് കല്ലൂർ കൊന്പൻ. സുൽത്താൻ ബത്തേരിക്കടുത്ത് കല്ലൂരുകാരുടെ പേടിസ്വപ്നമായിരുന്നു ഇവൻ. കല്ലൂർ കൊന്പനെ കീഴടക്കി മുത്തങ്ങയിലെത്തിച്ച് ഭരത് എന്നു പേരിട്ട് പരിശീലനത്തിലൂടെ കുങ്കിയാക്കി.
ബത്തേരിക്കടുത്ത് വടക്കനാട്ടുകാരെ വിറപ്പിച്ചുപോന്ന കാട്ടുകൊന്പൻ മൂന്നു പേരെ അരുംകൊല ചെയ്തിട്ടുണ്ട്. ദേശവാസികൾ പരാതികളും സമരങ്ങളുമായി രംഗത്തിറങ്ങിയതോടെ വടക്കനാട് കൊന്പൻ പിടിയിലായി. വിക്രം എന്ന പേരിൽ അറിയപ്പെടുന്ന മുത്തങ്ങയിലെ മുൻനിര കുങ്കികളിലൊന്നാണ് വിക്രം. പാപ്പാൻ മണിയുടെ നോട്ടവും നിഴലും ചലനവും തിരിച്ചറിഞ്ഞു വേണ്ടവിധം പെരുമാറാൻ വിക്രമിനു കഴിയും. അരിക്കൊന്പനെ പെരിയാറിലേക്കു കാടുകടത്താൻ ചിന്നക്കനാലിലേക്കു പോയ സംഘത്തിൽ വിക്രം പ്രധാനിയായിരുന്നു.
മുത്തങ്ങയിലെ ആദ്യത്തെ കുങ്കി കോടനാട് നിന്നു ലഭിച്ച കുഞ്ചുവാണ്. ഏറ്റവും കൂടുതൽ ദൗത്യങ്ങളിൽ പങ്കെടുത്തതും മുപ്പത്തിയഞ്ചു വയസുള്ള കുഞ്ചുതന്നെ. വയനാടിനെ വിറപ്പിച്ച കല്ലൂർ കൊന്പനുൾപ്പെടെ നാലു കാട്ടാനകളെ കുഞ്ചുവാണ് വരുതിയിലാക്കിയത്.
1995ൽ മുത്തങ്ങയിൽ നിന്നു ലഭിച്ച കുട്ടിയാന സൂര്യൻ പാപ്പാൻ ബൊമ്മന്റെ ശിക്ഷണത്തിൽ മികച്ച കുങ്കികളിലൊന്നായി. പാലക്കാട്ട് കൊലയും കൊലവിളിയുമായി വിറപ്പിച്ച പിടി 7 നെ കീഴടക്കാൻ മുന്നിൽ നിലകൊണ്ടത് കുങ്കി നിരയിലെ സുരേന്ദ്രനാണ്. പിടി 7 നെയും പിഎം 2 വിനെയും മര്യാദ പഠിപ്പിച്ചതും സുരേന്ദ്രൻതന്നെ. 1999ൽ രാജാന്പാറയിൽ തള്ളയാന ചരിഞ്ഞ് ഒറ്റപ്പെട്ടുപോകുന്പോൾ ഇവനു പ്രായം മൂന്നു മാസം. കോന്നി ആനക്കൊട്ടിലിൽ വളർത്തിയശേഷമാണ് സുരേന്ദ്രനെ മുത്തങ്ങയിലെത്തിച്ചത്. അമ്മു, സുന്ദരി തുടങ്ങി വേറെയും ആനകൾ ഇവിടെയുണ്ട്.
പരിശീലനം
ലക്ഷണമൊത്ത ആനകളെയാണ് കുങ്കികളാക്കി മാറ്റുന്നത്. മറ്റ് ആനകളിൽനിന്നു വ്യത്യസ്തമാണ് ഇവയുടെ പരിശീലനം. കളരിമുറകൾ അഭ്യസിക്കുംപോലെ കുങ്കികൾ തമ്മിൽ തമ്മിൽ ഉന്തിയും തള്ളിയും തുന്പിക്കൈ കോർത്തുമൊക്കെ പരിശീലനം. ഇതിനിടയിലും കുങ്കികൾ തമ്മിൽ സൗഹൃദവും ഐക്യവും നിലനിറുത്തുകയും ചെയ്യും.
ഇവർ പരസ്പരം ശത്രുതയിലായാൽ പല ദൗത്യങ്ങളും പരാജയപ്പെടും. കുങ്കികളുടെ ആക്രമണസ്വഭാവം കാത്തുസൂക്ഷിച്ചുതന്നെയാണ് ഇവയുടെ പരിശീലനം. എങ്കിൽമാത്രമേ ഉൾക്കാട്ടിൽവരെ കയറി ആനയോടും കടുവയോടും കരടിയോടും നേർക്കുനേർ പോരടിക്കാൻ സാധിക്കൂ. ഏതു ദൗത്യവും വിജയിപ്പിക്കുന്നതിൽ കുങ്കികളുടേയും പാപ്പാൻമാരുടേയും ടീം വർക്ക് പ്രധാനപ്പെട്ടതാണ്. 2015ൽ മുത്തങ്ങയിലെത്തിയ ചന്തുവിന് എട്ടുവയസ് വയസ് പ്രായം. ചന്തുവിനെക്കൂടാതെ ഉണ്ണികൃഷ്ണൻ, ചന്ദ്രനാഥ്, സുന്ദരി എന്നീ ആനകളും കുങ്കിയാകാനുള്ള ട്രെയിനിംഗിലാണ്.
ദിനചര്യ
രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് കുങ്കികൾക്ക് പരിചരണവും പരിശീലനവും. രാവിലെതന്നെ പാപ്പാൻമാർ ആനകളെ കെട്ടുന്ന സ്ഥലം വൃത്തിയാക്കും. തുടർന്ന് ഉന്തുകയും തള്ളുകയും തൊഴിക്കുകയും കന്പുകൾ എറിയുകയും ചെയ്യുന്നതുൾപ്പെടെ ഒരു മണിക്കൂർ പരിശീലനം. പിന്നാലെ തൊട്ടടുത്ത പുഴയിൽ നീരാട്ട്. മടങ്ങിവന്നാലുടൻ പോഷക സമൃദ്ധമായ തീറ്റ. ഓരോ ആനയുടേയും തൂക്കം, ഉയരം, പ്രായം എന്നിവ കണക്കാക്കിയാണ് ഭക്ഷണം. അരി, ആട്ട, റാഗി, മുതിര, ചെറുപയർ എന്നിവയാണ് മെനു.
ഓരോ ആനയ്ക്കും വെറ്ററിനറി ഡോക്ടർ നിശ്ചയിക്കുന്ന ആഹാരക്രമമാണ്്. ഭാരം, ഉയരം എന്നിവ മൂന്നു മാസം കൂടുന്പോൾ പരിശോധിക്കും. ഒൻപതരയോടെ കുങ്കികളെ 345 ചതുരശ്ര കിലോമീറ്റർ വിസ്തൃതമായ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ മേയാൻ വിടും. കാലിൽ 20 മീറ്റർ നീളമുള്ള ചങ്ങലയുമായി വൈകുന്നേരംവരെ കാട്ടിൽ തീറ്റ തുടരും. ഇതിനിടയിൽ വനത്തിലെ കാട്ടാനകളുമായി സൗഹൃദവും ഇണചേരലും വരെ നടക്കാറുണ്ട്. കാട്ടാനയോട് എത്ര അടുപ്പമുണ്ടാക്കിയാലും കുങ്കികൾ കാടുകയറി മുങ്ങിയ അനുഭവമില്ല. വൈകുന്നേരം തിരിച്ചെത്തിയാൽ പുല്ല് നൽകും. തുടർന്ന് ഒരു മണിക്കൂർ കൂടി പരിശീലനത്തിനു ശേഷമാണ് വിശ്രമം.
നല്ലനടപ്പ്
മയക്കിയും ഒതുക്കിയും ബന്ധിച്ചു കൊണ്ടുവരുന്ന ആക്രമണകാരികളായ ആനകളുടെ പരിശീലനം ഏറെ ക്ലേശകരമാണ്. കൂട്ടിൽ അടച്ചാലും മാസങ്ങളോളം ആക്രമണ സ്വഭാവവും പകയും പ്രകടിപ്പിക്കും. ഒരു ആനയെ മെരുക്കാൻ രണ്ടു പാപ്പാൻമാരെയാണ് നിയോഗിക്കുന്നത്. ഇതിലൊരാൾ എപ്പോഴും ആനയുടെ സമീപമുണ്ടാകും. ആനയുമായി നല്ല ബന്ധം സ്ഥാപിക്കാൻ പാപ്പാൻ ഉറങ്ങുന്നതുപോലും കൂടിനു സമീപമാണ്. ആനയുടെ കലിയും പകയും അടങ്ങിത്തുടങ്ങിയാൽ അവയെ പാപ്പാൻ സ്പർശിക്കാനും തലോടാനും തുടങ്ങും.
കൂടുതൽ അടുപ്പത്തിലാകുന്നതോടെ പുറത്തിറക്കി കുളിപ്പിക്കാൻ തുടങ്ങും. പൂർണമായി അനുസരിക്കുന്ന ഘട്ടമെത്തിയാൽ കൂടിന്റെ ഒരു ഭാഗത്ത് പാപ്പാനും ഉറങ്ങും. പാപ്പാന്റെ നിർദേശങ്ങൾ അപ്പാടെ ആന പാലിക്കും. ഇതോടെ കുങ്കിയാക്കാനുള്ള പരിശീലനത്തിലേക്കു കടക്കും. മിലിട്ടറി ട്രെയിനിംഗ് പോലുള്ള ഈ പരിശീലനത്തിന് മാസങ്ങളോ വർഷങ്ങളോ വേണ്ടിവരും. ആനയുടെ സ്വഭാവവും പാപ്പാന്റെ കഴിവും അനുസരിച്ചായിരിക്കും ഓരോ കാട്ടാനയും മെരുങ്ങുക.
മുത്തങ്ങ ആനപ്പന്തിയിൽ പാപ്പാൻമാർ ചെറിയൊരു വടിയിലാണ് ആനയെ നിയന്ത്രിക്കുക. ചില ആനകൾക്ക് വടിയുടെ നിയന്ത്രണവും വേണ്ട. പാപ്പാൻമാരുടെ നോട്ടം, നടപ്പ്, ആംഗ്യം, സംസാരം എന്നിവ സൂക്ഷ്മതയോടെ ശ്രദ്ധിച്ചാണ് ആനകൾ പെരുമാറുക. മുത്തങ്ങയിൽ 24 പാപ്പാൻമാരാണുള്ളത്. ഇവർ സ്ഥിരനിയമനം ലഭിച്ചവരുമല്ല.
ഓപ്പറേഷൻ അരിക്കൊന്പൻ
പ്രശ്നക്കാരായ കാട്ടാനകൾക്ക് നാട്ടുകാരും വനംവകുപ്പും സ്റ്റൈലൻ പേരിടാറുണ്ട്. നാട്ടുകാർ പെരുമാറ്റവും സ്വഭാവവും അനുസരിച്ചണ് പേരിടുന്നതെങ്കിൽ ആവാസസ്ഥലത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പിന്റെ പേരിടീൽ. ആദ്യം വിഹാരപ്രദേശത്തെ സൂചിപ്പിക്കുന്ന അക്ഷരം നൽകും. കൊന്പൻ, പിടി, മോഴ എന്നിങ്ങനെ ലിംഗവ്യത്യാസം രണ്ടാമത്തെ അക്ഷരമാകും.
ഒരിടത്തുനിന്ന് വേറെ ആനയെ പിടിച്ചിട്ടുണ്ടെങ്കിൽ അത് കണക്കാക്കിയാകും നന്പർ നൽകുക. പാലക്കാട് ധോണിയിൽനിന്ന് പിടികൂടിയ പി ടി-7 എന്നതിന്റെ ചുരുക്കം ഇങ്ങനെയാണ്. പി (പാലക്കാട്), കൊന്പനെന്നു സൂചിപ്പിക്കുന്ന ടസ്കർ(ടി), പിടികൂടിയത് ഏഴാമനായതുകൊണ്ട് 7. ബത്തേരിയിൽ ഇറങ്ങിയ പന്തല്ലൂർ കൊന്പൻ പിഎം-2 ആയി. പി എം-2 എന്നാൽ പന്തല്ലൂർ മഖ്ന-2. (മഖ്ന എന്നാൽ മോഴ).
ചിന്നക്കനാൽ പ്രദേശവാസികളുടെ ഉറക്കം കളഞ്ഞ അരിക്കൊന്പനെ കീഴടക്കാനുള്ള ദൗത്യം ഏറ്റെടുത്തത് മുത്തങ്ങയിലെ വിക്രം, സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നീ കുങ്കികളാണ്. മുൻപ് കാടും നാടും വിറപ്പിച്ച് ദുഷ്പേരുമായി നടന്നിരുന്ന ഗജവീരൻമാരെ മുത്തങ്ങയിലെ ആനപ്പന്തിയിൽ പട്ടാളച്ചിട്ടയിൽ കാണുന്പോൾ ആർക്കും അത്ഭുതം തോന്നും.
അദീപ് ബേബി