ബ്രിട്ടണിൽ ഇതു വസന്തകാലമാണ്. പൂത്തുലഞ്ഞ ഓക്ക് മരങ്ങൾ വീഥികളെ അലങ്കരിച്ചു നിൽക്കുന്നു. ഡാഫഡിൽസ്, ട്യൂലിപ് പുഷ്പങ്ങൾ വർണരാജി പൊഴിക്കുന്നു. പ്രകൃതിതന്നെ അലങ്കാരം മെനഞ്ഞിരിക്കെ ബ്രീട്ടീഷ് രാജസിംഹാസനത്തിൽ ചാൾസ് മൂന്നാമന്റെ സ്ഥാനാരോഹണത്തിനായി ബ്രിട്ടൻ അവസാനവട്ടം ഒരുക്കങ്ങളിലാണ്.
ഏഴു പതിറ്റാണ്ട് കിരീടം ചൂടിയ എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയെ വാഴിക്കുന്ന മേയ് ആറിലെ പ്രഭാതത്തിനായി തെംസ് നദിയിലെ കുഞ്ഞോളങ്ങൾവരെ കാത്തിരിക്കുന്നു. ചരിത്രത്തിന്റെയും ആത്മീയതയുടെയും ഇഴയടുപ്പമുള്ള വെസ്റ്റ് മിൻസ്റ്റർ ആബിയിൽ ചാൾസ് മൂന്നാമൻ എന്ന സ്ഥാനപ്പേരോടെ പുതിയ രാജാവ് കാൽവയ്ക്കുന്പോൾ അതൊരു പുതിയ യുഗത്തിന്റെ തുടക്കമാകും.
ആഡംബരവും പ്രതീകാത്മകതയും ഇഴചേർന്ന പ്രൗഢമായ ചടങ്ങിന് സാക്ഷിയാകുന്നത് ലോകത്തിലെ ക്ഷണിക്കപ്പെട്ട പ്രമുഖരാണ്. സ്ഥാനാരോഹണത്തിലെ ഓരോ ചടങ്ങിനും അർഥവും അടയാളവുമുണ്ടെന്നതാണ് വാസ്തവം.
വെസ്റ്റ് മിൻസ്റ്റർ ആബിയിലേക്ക്
സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്നറിയപ്പെട്ടിരുന്ന ബ്രിട്ടന്റെ രാജാവായി ചാൾസ് അധികാരമേറ്റെടുക്കുന്പോൾ ബ്രിട്ടീഷ് ആംഗ്ലിക്കൻ സഭയുടെ ഔദ്യോഗിക ദേവാലയമായ ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ ആബിക്കുള്ള പ്രാമുഖ്യം വാക്കുകൾക്ക് അതീതമാണ്.
1066 മുതൽ ബ്രിട്ടണിൽ സ്ഥാനാരോഹണം നടക്കുന്നത് വെസ്റ്റ് മിൻസ്റ്റർ ആബിയിലാണ് . സഹസ്രാബ്ദകാലം മാറ്റമില്ലാത തുടരുന്ന പാരന്പര്യം. 39 കിരീടധാരണങ്ങളും 18 മൃതസംസ്കാരശുശ്രൂഷകളും 16 രാജകീയ വിവാഹങ്ങളും ഇവിടെ നടന്നു. എലിസബത്ത് രാജ്ഞിയുടെ സംസ്കാര ശുശ്രൂഷകൾക്കാണ് ഒടുവിലായി ഇവിടം സാക്ഷ്യം വഹിച്ചത്.
വെസ്റ്റ്മിൻസ്റ്റർ ആബിക്ക് മതപരമോ രാജകീയമോ ആയ പൗരാണികത മാത്രമല്ല ഉള്ളത്. പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാൾസ് ഡാർവിൻ, കവികളായ ജോണ്‍ കീറ്റ്സ്, റോബർട്ട് ബ്രൗണിങ്, റോബർട്ട് ഫ്രോസ്റ്റ്, ശാസ്ത്രപ്രതിഭ ഐസക് ന്യൂട്ടൻ എന്നിവർ അന്ത്യവിശ്രമം കൊള്ളുന്ന വെസ്റ്റ് മിൻസ്റ്റർ ആബി സാംസ്കാരിക ഒൗന്നിത്യത്തിന്റെ പ്രതീകമാണ്. കവികളുടെയും നാടകകൃത്തുക്കളുടെയും എഴുത്തുകാരുടെയും ശവകുടീരങ്ങളും സ്മാരകങ്ങളും സ്ഥിതി ചെയ്യുന്ന ഇടം ‘പോയറ്റ്സ് കോർണർ’ എന്ന് അറിയപ്പെടുന്നു. വിഖ്യാത സാഹിത്യപ്രതിഭ വില്യം ഷേക്സ്പിയർ ഉൾപ്പെടെ മഹാരഥൻമാർക്ക് ഇവിടെ സ്മാരകമുണ്ട്.
തുടക്കം എഴുന്നെള്ളത്ത്
മേയ് ആറിന് രാവിലെ 11 ന് നിയുക്ത രാജ്ഞി കാമില്ലക്കൊപ്പം ആബിയിലേക്ക് ചാൾസും രാജകുടുംബാംഗങ്ങളും വിശിഷ്ട വ്യക്തികളും എത്തിച്ചേരുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.
സ്ഥാനാരോഹണ പ്രതിജ്ഞ അഥവാ രാജപ്രതിജ്ഞയോടെയാണ് അധികാരം ഏറ്റെടുക്കൽ. പ്രജാക്ഷേമം ലക്ഷ്യംവച്ച് നിയമവും നീതിയും കരുണയും ഉറപ്പാക്കിയാകും ഭരണമെന്ന് ചാൾസ് പ്രതിജ്ഞ ചെയ്യും. ആംഗ്ലിക്കൻ പ്രൊട്ടസ്റ്റന്റ് സഭയെയും അതിന്റെ പാരന്പര്യങ്ങളെയും സംരക്ഷിക്കുമെന്നുകൂടി ഉൾപ്പെട്ട പ്രതിജ്ഞയാണ് ചൊല്ലുക.
പാരന്പര്യത്തിന്റെ പൂജ്യത
‘കിംഗ് എഡ്വേർഡ് ചെയർ’ എന്നറിയപ്പെടുന്ന സിംഹാസനത്തിലാകും നിയുക്ത രാജാവ് ഇരിക്കുക. അവിടെ കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി പൂജ്യ തൈലത്താൽ രാജാവിനെ അഭിഷേകം ചെയ്യും. ബ്രിട്ടീഷ് രാജകുടുംബം ദൈവികമായി അവകാശം സിദ്ധിച്ച വംശമായാണ് പാരന്പര്യമെന്നതിനാൽ ചടങ്ങുകളിൽ മതാചാരകർമങ്ങൾ ഏറെയുണ്ടാകും. ഈ ദിനങ്ങളിൽ പ്രജകൾ അഥവാ പൗരൻമാർക്കു ചൊല്ലാൻ പ്രാർഥനാ പുസ്തകംതന്നെ പുറത്തിറക്കിയിട്ടുണ്ട്.
ചാൾസ് രണ്ടാമന്റെ സ്വർണ തളികയിൽ വച്ചാണ് തൈലം അഭിഷേകം ചെയ്യുക. തൈലാഭിഷേകത്തിനു പിന്നാലെയാണ് അധികാരകൈമാറ്റവും കിരീടധാരണ ചടങ്ങുകളും. അംശവടി കൈമാറുന്നതോടെ ഒൗദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുകയായി. അധികാരസൂചകമായി മുകളിൽ കുരിശോടു കൂടിയ സ്വർണഗോളം, സ്ഥാന മോതിരം, ചെങ്കോൽ, ദണ്ഡ് എന്നിവ ഉൾപ്പെടുന്നതാണ് അംശവടി.
കാന്റർബറി ആർച്ച് ബിഷപ്പ് ചാൾസിനെ ‘സെന്റ് എഡ്വേഡ് കിരീടം’ അണിയിക്കുന്നതോടെ ഗായകസംഘം ‘ഗോഡ് സേവ് ദി കിംഗ്’ ഗാനം ആലപിക്കും. ഈ സമയം ദേവാലയമണി മുഴക്കി സ്ഥാനാരോഹണം ഔദ്യോഗികമായി അറിയിക്കും. ഗോപുരത്തിൽ നിന്ന് 62 ആചാരവെടി മുഴക്കും.
തുടർന്ന് രാജാവിനെ സിംഹാസനത്തിലേക്ക് ആനയിക്കുന്ന ചടങ്ങാണ്. അവിടെവച്ച് പ്രഭുക്കൻമാരും വൈദികരും രാജാവിനു കൂറ് പ്രഖ്യാപിക്കും. കാന്റർബറി ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിൽ മറ്റു ബിഷപ്പുമാരും പ്രഭുക്കൻമാരും പുതിയ രാജാവിന് വിധേയത്വം പ്രഖ്യാപിക്കും. ചടങ്ങിലുടനീളം പരന്പരാഗത ഗ്രീക്ക് സംഗീതവുമുണ്ടാകും. ഗ്രീസിന്റെയും ഡെൻമാർക്കിന്റെയും രാജകുമാരനായിരുന്ന പിതാവ് അന്തരിച്ച ഫിലിപ്പ് രാജകുമാരന്റെ സ്മരണാർഥം പുതിയ രാജാവിന്റെ താൽപര്യ പ്രകാരമാണ് ഗ്രീക്ക് സംഗീതം ഉൾപ്പെടുത്തിയിരിക്കുത്.
ബക്കിങ്ഹാമിലേക്ക്
സ്ഥാനാരോഹണത്തിനു ശേഷം ചാൾസ് രാജാവിനെയും കാമില്ല രാജ്ഞിയെയും 1.3 മൈൽ നീളുന്ന രാജകീയഘോഷയാത്രയിൽ റോഡിനിരുവശവും ജനങ്ങൾ വരവേൽക്കും. ആബിയിൽ തുടങ്ങുന്ന ഘോഷയാത്ര ഒൗദ്യോഗിക വസതിയായ ബക്കിങ്ഹാം കൊട്ടാരത്തിലാണ് അവസാനിക്കുക.
ഇതോടെ ചാൾസിന്റെ ഭാര്യ കാമില്ലയുടെ പദവി ക്യൂൻ കണ്‍സോർട്ട് എന്നായി മാറും. രാജപത്നിക്കു നൽകുന്ന പദവിയാണിത്. ചാൾസ് രാജാവാകുന്നതോടെ മൂത്ത മകൻ വില്യമായിരിക്കും അടുത്ത രാജകുമാരൻ. അദ്ദേഹത്തിന്റെ മക്കൾക്കായിരിക്കും രാജപരന്പരയിൽ ആദ്യ സ്ഥാനങ്ങൾ ലഭിക്കുന്നതും. കുടുംബവുമായി അകന്നു കഴിയുന്ന ഹാരി രാജകുമാരന് സ്ഥാനാരോഹണ ചടങ്ങിന്റെ പിൻനിരയിലാകും ഇരിപ്പിടം.
1837 ൽ വിക്ടോറിയ രാജ്ഞിയുടെ സ്ഥാനാരോഹണത്തിനു പിന്നാലെയാണ് ബക്കിങ്ഹാം കൊട്ടാരം ഒൗദ്യോഗിക വസതിയായത്. വിൻഡ്സർ കാസിലും കെൻസിങ്ടണ്‍ പാലസും സെന്റ് ജെയിംസ് പാലസും ഹോളിറൂഡ് പാലസും ബാൽമൊറാൽ കാസിലും ഉൾപ്പെടെ വേറെയും കൊട്ടാരങ്ങളുണ്ടെങ്കിലും ഒൗദ്യോഗിക വസതി ബക്കിങ്ഹാം പാലസാണ്. ഇന്ത്യയുൾപ്പെടെ കോളനി രാജ്യങ്ങളെ അടക്കിഭരിച്ച ഭൂതകാലം ഈ കൊട്ടാരത്തിനുണ്ട്. ബക്കിങ്ഹാം കൊട്ടാരത്തിലെത്തുന്ന രാജാവും രാജ്ഞിയും മട്ടുപ്പാവിൽനിന്ന് ജനങ്ങളെ കൈവീശി യാത്രയാക്കുന്നതോടെ ഔദ്യോഗിക ചടങ്ങുകൾക്ക് തിരശീല വീഴും.
രാജ്യത്തിന്റെ ആഘോഷങ്ങൾ ഇതുകൊണ്ട് അവസാനിക്കില്ല. ഏഴിന് കൊറോണേഷൻ ബിഗ് ലഞ്ച് നടക്കും. കാമില്ലകൂടി പങ്കാളിയായ ഈഡൻ പ്രോജക്ടാണ് ഇതു സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി റിഷി സുനകിന്റെ വക കമ്മ്യുണിറ്റി വോളണ്ടിയർമാർക്കായി സ്ട്രീറ്റ് ലഞ്ചുമുണ്ട്. എട്ടിന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നു. രാത്രി പുലരുവോളം ബ്രിട്ടീഷ് ജനത ആഘോഷിക്കും. അവർ മതിമറന്നു പാടും... ഗോഡ് സേവ് ദി കിങ്....
കഥ പറയും കിരീടങ്ങൾ
ബ്രിട്ടീഷ് രാജവംശത്തിന്റെ അപ്രമാദിത്വത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും പ്രതീകമാണ് നൂറ്റാണ്ടുകളായി സൂക്ഷിക്കുന്ന കിരീടങ്ങൾ. വിവിധ രാജ്യങ്ങളിലെ അമൂല്യ രത്നങ്ങളെല്ലാം വിവിധ കിരീടങ്ങളെ അലങ്കരിക്കുന്പോൾ അത് ബ്രിട്ടീഷ് അധിനിവേശത്തിന്റെ ബാക്കിപത്രം കൂടിയാണ്. സാധാരണക്കാരിൽനിന്നു വേറിട്ടു നിർത്തുന്നതിന്റെ അടയാളംകൂടിയാണ് കിരീടങ്ങൾ. സ്ഥാനാരോഹണം മുതൽ നിരവധി കിരീടങ്ങളാണ് രാജാവ് വിവിധ അവസരത്തിൽ അണിയുക.
1661 ൽ ചാൾസ് രണ്ടാമനുവേണ്ടി തയാറാക്കിയ സെന്റ് എഡ്വേർഡ് കിരീടമാണ് രാജാരോഹണ ചടങ്ങിൽ ഉപയോഗിക്കുക. 1661 ലാണ് രത്നങ്ങൾ പതിച്ച ഈ കിരീടം ചടങ്ങിന്റെ ഭാഗമായത്. 400 അമൂല്യരത്നങ്ങൾ പതിച്ച സ്വർണകിരീടത്തിന് 2.23 കിലോയാണ് തൂക്കം.
ഇംപീരിയൽ സ്റ്റേറ്റ് ക്രൗണ്‍
സ്ഥാനാരോഹണത്തിനുശേഷം വെസ്റ്റ് മിൻസ്റ്റർ ആബിയിൽ നിന്ന് പുറത്തിറങ്ങുന്പോൾ ഇംപീരിയൽ സ്റ്റേറ്റ് ക്രൗണാണ് രാജാവ് അണിയുക. എലിസബത്ത് രാജ്ഞിയുടെ പിതാവ് ജോർജ് ആറാമനായി 1937ൽ നിർമിച്ചതാണിത്. ഈ കീരിടത്തിനുണ്ട് 1.60 കിലോഗ്രാം തൂക്കം. 317 കാരറ്റ് കള്ളിനൻ ഡയമണ്ടാണ് ഇതിനെ വർണാഭമാക്കുന്ന രത്നങ്ങളിൽ പ്രധാനം.
ഒൗദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്പോഴും രാജാവ് ഇതുതന്നെയാണ് അണിയുക. 2868 വജ്രക്കല്ലുകളും 17 ഇന്ദ്രനീലക്കല്ലുകളും 11 മരതക കല്ലുകളും 269 മുത്തുകളും നാലു മാണിക്യക്കല്ലുകളും പതിപ്പിച്ചതാണിത്. ബ്ലാക് പ്രിൻസ് റൂബി, സ്റ്റുവർട്ട് സഫയർ വജ്രക്കല്ലുകളും പതിപ്പിച്ചിട്ടുണ്ട്.
1905 ആഫ്രിക്കയിലെ ഒരു ഖനിയിൽനിന്ന് കണ്ടെടുത്ത കള്ളിനൻ ഡയമണ്ട് ബ്രിട്ടണിൽ എത്തിച്ചശേഷം മുറിച്ച് ഒന്‍പത് കഷണങ്ങളാക്കിയിരുന്നു. ഇതിൽ വലിയ കഷണം ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക എന്നാണ് അറിയപ്പെടുന്നത്. ബ്രിട്ടീഷ് രാജവംശത്തിന്റെ അംശവടിയിലാണ് ഈ രത്നം ഇപ്പോഴുള്ളത്.
കോഹിനൂറും രാജ്ഞിയുടെ കിരീടവും
രാജ്ഞിമാർക്കുമുണ്ട് കിരീടങ്ങൾ. 1685 ൽ തന്റെ ഭർത്താവായ ജെയിംസ് രണ്ടാമന്റെ കിരീടധാരണത്തിനായി മേരി ഓഫ് മെഡോനയ്ക്ക് ഒരു മകുടം, കിരീടധാരണ കിരീടം, രാജകിരീടം എന്നിവ നിർമിച്ചു. ഷാർലറ്റ്, അലക്സാന്ദ്ര, മേരി, എലിസബത്ത് തുടങ്ങിയ രാജ്ഞിമാർക്കെല്ലാം അവരുടെ ഭർത്താവിന്റെ കിരീടധാരണത്തിനായി നിർമിച്ച കിരീടങ്ങളുണ്ടായിരുന്നു. ക്വീൻ മേരി തന്റെ കിരീടധാരണ കിരീടത്തിൽ ഇന്ത്യയിൽനിന്നുള്ള കോഹിനൂർ വജ്രം ചേർത്തു മോടികൂട്ടി. ഇത് പിന്നീട് ക്വീൻ മേരിയുടെ കിരീടം എന്നറിയപ്പെട്ടു. പിന്നീട് എലിസബത്ത് രാജ്ഞിയുടെ ‘ദ ക്വീൻ മദേഴ്സ് ക്രൗണി’ലേക്ക് കോഹിനൂർ രത്നവും ചേർക്കപ്പെട്ടു.
ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും ശേഖരിച്ച വിലമതിക്കാനാകാത്ത രത്നങ്ങളും വജ്രക്കല്ലുകളും പതിച്ചതാണ് രാജ്ഞിയുടെ കിരീടം. 2868 രത്നക്കല്ലുകളും 273 പവിഴമുത്തുകളും 17 ഇന്ദ്രനീലങ്ങളും 11 മരതകരത്നങ്ങളും അഞ്ച് മാണിക്യക്കല്ലുമാണ് ഇതിന്റെ മാറ്റ് കൂട്ടുന്നത്. 105 കാരറ്റ് കോഹിനൂർ രത്നം അലങ്കരിച്ച കിരീടം ഇനി കാമിലയ്ക്കാണ്. കിരീടധാരണ ചടങ്ങിൽ ഇംപീരിയൽ സ്റ്റേറ്റ് ക്രൗണ്‍ രാജാവിനെ അണിയിക്കുന്പോൾ കോഹിനൂർ അടങ്ങിയ ക്യൂൻ മദറിന്റെ കിരീടം കാമില രാജ്ഞിയും അണിയും. ടവർ ഓഫ് ലണ്ടനിലെ മ്യൂസിയത്തിലാണ് ഈ രാജകീയ വസ്തുക്കളെല്ലാം സൂക്ഷിക്കുന്നത്.
അംശവടിയും കുരിശു പതിപ്പിച്ച ഗോളവും
1661 ൽ ചാൾസ് രണ്ടാമന്റെ സ്ഥാനാരോഹണ ചടങ്ങിലാണ് കുരിശു പതിപ്പിച്ച അമൂല്യ രത്നങ്ങൾ മുദ്രചെയ്ത അംശവടി ആദ്യമായി ഉപയോഗിച്ചത്. 1910 ൽ ജോർജ് അഞ്ചാമൻ, ലോകത്തെ ഏറ്റവും വർണരഹിത വജ്രക്കല്ല് 530.2 കാരറ്റുള്ള കള്ളിനൻ 1 ഡയമണ്ട്കൂടി ഇതിന്റെ ഭാഗമായി കൂട്ടിച്ചേർത്തു. 3106 കാരറ്റുള്ള കള്ളിനൻ വണ്‍ ലോകത്തെ ഏറ്റവും മൂല്യമുള്ള അണ്‍കട്ട് ഡയമണ്ടാണ്. ഇത് ഒൻപത് വലിയ ഡയമണ്ടുകളും 96 ചെറു ഡയമണ്ടുകളുമായി പിന്നീട് വിഭജിച്ചു.
സോവറിൻസ് ഓർബ് എന്നറിയപ്പെടുന്ന കുരിശു പതിച്ച ഗോളം രാജാവിന്റെ ക്രിസ്തീയവിശ്വാസത്തിന്റെകൂടി പ്രതീകമാണ്. 1.32 കിലോഗ്രാം തൂക്കം വരുന്ന ഇതിൽ നിറയെ അമൂല്യ രത്നങ്ങൾ പതിപ്പിച്ചിരിക്കുന്നു. 9 എമറാൾഡ്, 18 റൂബി, 9 സഫയർ, 365 ഡയമണ്ട്, 375 പേളുകൾ എന്നിവയെല്ലാം ഇതിലുണ്ട്.
പൂജ്യ തൈലം
രാജാവിനെ അഭിഷേകം ചെയ്യുന്നതിൽ പ്രധാനമാണ് തൈലം പൂശൽ. ജറുസലേമിലെ തിരുവുത്ഥാനപ്പള്ളിയിൽ നടന്ന പ്രത്യേക ചടങ്ങിൽ, ജറൂസലേം പാത്രിയർക്കീസ് തിയോഫിലോസ് മൂന്നാമൻ, ജറൂസലേമിലെ ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് ഹോസാം നൗം എന്നിവർ ആശിർവദിച്ച തൈലമാണ് ചാൾസിനെ പൂശുന്നത്.
ഒലിവുമലയിലെ മഗ്ദലൻ മേരിയുടെ ആശ്രമത്തിലും അസൻഷൻ ആശ്രമത്തിലുമുള്ള രണ്ട് ഒലിവുതോട്ടങ്ങളിൽനിന്ന് വിളവെടുത്ത ഒലിവ് ഉപയോഗിച്ചാണ് തൈലം തയാറാക്കിയിരിക്കുന്നത്. രാജാവിന്റെ മുത്തശ്ശിയായ ഗ്രീസിലെ ആലീസ് രാജകുമാരിയുടെ ശ്മശാന സ്ഥലംകൂടിയാണ് മേരി മഗ്ദലീന ആശ്രമം.
രാജകീയ ഗ്രന്ഥം
കൃത്യമായ മാർഗനിർദേശങ്ങൾ അടങ്ങിയ കൗൈയ്യെഴുത്തു പുസ്തകം ‘ലിബർ റെഗാലിസ്’ അഥവാ റോയൽ ബുക്ക് ആണ് സ്ഥാനാരോഹണ ചടങ്ങുകളുടെ ഔദ്യോഗിക ഗ്രന്ഥം. 1382-ൽ ലത്തീൻ ഭാഷയിൽ എഴുതപ്പെട്ട ഗ്രന്ഥം 1603-ൽ ജെയിംസ് ഒന്നാമന്റെ കിരീടധാരണത്തിനായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. കിരീടധാരണ ക്രമം ഇതിൽ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.
മോടി കാട്ടാനില്ല
ആഡംബരത്തിന്റെ അവസാനവാക്കാണ് എക്കാലവും ബ്രിട്ടീഷ് രാജസ്ഥാനാരോഹണങ്ങൾ. ഇരുപതാം നൂറ്റാണ്ടിൽ നടന്ന അവസാന രണ്ടു സ്ഥാനാരോഹണങ്ങളിലും 8000 അതിഥികളെയാണ് ക്ഷണിച്ചിരുന്നത്. 1937 ൽ ജോർജ് ആറാമനും പിന്നീട് 1953ൽ എലിസബത്ത് രാജ്ഞിയും സ്ഥാനം ഏറ്റെടുത്തപ്പോൾ കൊട്ടാരത്തിൽനിന്നു ക്ഷണക്കത്ത് പോയത് എണ്ണായിരം പ്രമുഖര്‍ക്കാണ്. ഇക്കുറി ചടങ്ങ് അത്ര ആഡംബരമാകേണ്ട എന്നാണ് ചാൾസിന്റെ തീരുമാനം. രണ്ടായിരം അതിഥികളെയാകും ഇക്കുറി ഒൗദ്യോഗികമായി ക്ഷണിക്കുക.
ഷൈമോൻ തോട്ടുങ്കൽ