ചക്കയുടെ ഔഷധസാധ്യതകളിൽ എട്ടു വർഷമായി ഗവേഷണം തുടരുകയാണ് ജെയിംസ് ജോസഫ് മൂലക്കാട്ട്. പ്രമേഹം മുതൽ കാൻസർ വരെ നിയന്ത്രിക്കാൻ ചക്ക പ്രയോജനപ്പെടും. അരി, ഗോതന്പ് പൊടികൾക്കൊപ്പം അല്പം ചക്കപ്പൊടി കൂടിയായാൽ അത് രോഗങ്ങളെ പ്രതിരോധിക്കും.
ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായതിന്റെ അഞ്ചാം വാർഷികമെത്തിയിരിക്കുന്നു. ഇന്നാട്ടിൽ ഒരു സീസണിൽ കോടിക്കണക്കിനു ചക്ക വിളയുന്നതിൽ 60 ശതമാനവും പാഴായിപ്പോകുന്നുണ്ടെന്നും അത് സംസ്കരിച്ച് പതിനയ്യായിരം കോടി രൂപ വരുമാനമുണ്ടാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. ചക്ക ഗവേഷണത്തിന് അഞ്ചു കോടി രൂപ ബജറ്റിൽ വകയിരുത്തുകയും ലക്ഷക്കണക്കിന് പ്ലാവിൻ തൈകൾ വിതരണം ചെയ്യുകയും ചെയ്തു.
ചക്കച്ചുളയും കുരുവും ഭക്ഷണം മാത്രമല്ല ഔഷധമാണെന്ന് അധികമാരുമറിയുന്നില്ല. തമിഴർ ഇവിടെനിന്നും ഇടിച്ചക്ക പറിച്ചുകൊണ്ടുപോകുന്പോൾ വച്ചുനീട്ടുന്ന പത്തു രൂപയാണ് മലയാളിക്ക് ചക്കയിൽനിന്നുള്ള ഏക വരുമാനം. ചുള മുതൽ കൂഞ്ഞിവരെ നിരവധി രോഗങ്ങളെ പ്രതിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുമെന്ന് തെളിയുന്പോഴും മലയാളികൾക്ക് ചക്കയെന്നാൽ പുഴുക്കും പഴവും ചിപ്സും മാത്രമാണ്.
ചക്കപ്പൊടി പ്രമേഹം നിയന്ത്രിക്കുമെന്ന തിരിച്ചറിവിൽ പൊടിക്കും ഇത് തയാറാക്കുന്ന യന്ത്രത്തിനും പേറ്റന്റ് നേടി എട്ടു വർഷവുമായി ചക്കയിൽ ഗവേഷണം തുടരുകയാണ് ആലുവ സ്വദേശി ജെയിംസ് ജോസഫ് മൂലക്കാട്ട്. മൈക്രോസോഫ്റ്റ് കന്പനിയിലെ വിദേശജോലി ഉപേക്ഷിച്ച് നാട്ടിൽ മടങ്ങിയെത്തിയശേഷമാണ് ഈ മെക്കാനിക്കൽ എൻജിനീയർ ജാക്ക് ഫ്രൂട്ട് 365 എന്ന കന്പനിക്കു തുടക്കമിട്ടത്.
ദിവസം 15 ടണ് ചക്കയുടെ ചുള പൊടിയാക്കി സ്വന്തം ബ്രാൻഡിൽ രാജ്യത്തും വിദേശത്തും വിൽക്കുന്നതിൽ മാത്രമല്ല ഇദ്ദേഹത്തിന്റെ നേട്ടം. ഈ ഉത്പന്നം അഞ്ചു ലക്ഷം പ്രമേഹരോഗികൾ ദിവസവും കഴിച്ച് പ്രമേഹത്തെ വരുതിയിൽ നിറുത്തുന്നു.
ആന്ധ്രാ പ്രദേശിലെ ശ്രീകാകുളം മെഡിക്കൽ കോളജിൽ നടന്ന പഠനത്തിൽ തൊണ്ണൂറു ദിവസം തുടരെ ചക്കപ്പൊടി കഴിച്ചവരിൽ ടൈപ്പ്-2 പ്രമേഹം നിയന്ത്രിക്കപ്പെട്ടതായി കണ്ടെത്തുകയും ആ പഠനം അമേരിക്കൻ ഡയബെറ്റിക് അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിനാലാവണം ജെയിംസിന്റെ ചക്കപ്പൊടി വാങ്ങുന്ന രണ്ടു ലക്ഷം പേരും ആന്ധ്ര, തെലങ്കാന സംസ്ഥാനക്കാരാണ്.
അവിടെ പലരും ഇഡ്ഡലിലും ദോശയും ചപ്പാത്തിയും തയാറാക്കുന്പോൾ മാവിൽ അൽപം ചക്കപ്പൊടിയും ചേർക്കുന്നു. നിലവിൽ ആമസോണിൽ ജാക്ക് ഫ്രൂട്ട് 365 ചക്കപ്പൊടി വിൽപനയിൽ മൂന്നാം സ്ഥാനത്തുണ്ട്. ചക്കയിൽ ഒൗഷധമൂല്യം ഏറെയുണ്ടെന്ന തിരിച്ചറിവിലാണ് സംസ്ഥാനഫലത്തിന്റെ ഗവേഷണത്തിന് സർക്കാർ അഞ്ചു കോടി രൂപ മാറ്റിവച്ചത്. ഇക്കാര്യത്തിൽ ഇന്നേ വരെ ഒരു പഠനവും നടന്നിട്ടില്ലെന്നതാണ് വസ്തുത.
ദേശീയ ബഹുമതി
ദേശീയ സ്റ്റാർട്ടപ്പ് മിഷൻ ഭക്ഷ്യസംസ്കരണ വിഭാഗത്തിൽ മികച്ച സംരംഭകത്വ അവാർഡ് ചക്കപ്പൊടിയെ വിപണിയിലെത്തിച്ച ജെയിംസ് ജോസഫിനു 2020ൽ ലഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിൽ ജെയിംസ് നടത്തിയ അവതരണം ചക്കപ്പൊടിയുടെ നിലയും വിലയും വർധിപ്പിച്ചു.
കോതമംഗലത്തുള്ള ഫാക്ടറിയിൽ ദിവസേന 15 ടണ് ചക്ക സംസ്കരിക്കുന്നതിനൊപ്പം 60 ടണ് ശേഷിയുള്ള മറ്റൊരു ഫാക്ടറി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. ഡിസംബറിൽ പാറശാലയിൽ വിളഞ്ഞുതുടങ്ങുന്ന ചക്കക്കാലം സെപ്റ്റംബർ അവസാനം ഇടുക്കിയിലാണ് അവസാനിക്കുന്നത്. കിലോയ്ക്ക് എട്ടു രൂപ മുതൽ 19 രൂപവരെ നൽകിയാണ് ഏജൻസികളിലൂടെ സംഭരണം. ഇരുപത് കിലോയുള്ള ഒരു ചക്കയ്ക്ക് മൂന്നുറു രൂപയിലേറെ വിലയുണ്ടെന്നു സാരം.
ചക്കയുടെ സാധ്യതകളുടെ നൂറിലൊരംശംപോലും ഇന്നാട്ടിൽ പ്രയോജനപ്പെടുത്തുന്നില്ല. കോടിക്കണക്കിനു ചക്ക ഒരു സീസണിൽ വിളയുന്നതിൽ 4500 ടണ് മാത്രമേ തനിക്ക് സംസ്കരിക്കാനുള്ളുവെന്നതാണ് ജെയിംസിന്റെ പരിഭവം. ശാസ്ത്രീയമായി പ്രയോജനപ്പെടുത്തിയാൽ കേരളീയരെ അതിസന്പന്നരാക്കാൻ മുതൽമുടക്കില്ലാത്ത ചക്ക മതിയാകും.
മായം കലരാത്ത ചക്കയും കപ്പയുമായിരുന്നു കഴിഞ്ഞ തലമുറയുടെ ആയുസിന്റെ ബലം. ചക്ക പ്ലാവിൽ വിളയുന്ന വെജിറ്റബിളും കപ്പ മണ്ണിലുണ്ടാകുന്ന കിഴങ്ങുമാണ്. ഭക്ഷ്യസംസ്കാരം മാറ്റിമറിച്ചതോടെ പൊറോട്ടയും ബർഗറും പിസയും ഫാസ്റ്റ് ഫുഡ്ഡും തീൻമേശയിലെത്തി. അതോടെ പുതുതലമുറ അകാലത്തിൽ രോഗികളായി, അറുപതെത്തും മുൻപേ കിടക്കയിലുമായി. വരുമാനത്തിന്റെ വലിയ ഭാഗം ആശുപത്രികളിലും മരുന്നുകടകളിലും കൊടുക്കാനാണ് അവരുടെ വിധി.
ആയുസിനും ആരോഗ്യത്തിനും
നാരില്ലാത്ത മൈദയാണ് ബർഗറിലേയും പിസയിലേയും പൊറോട്ടയിലേയും പ്രധാന ഘടകം. പച്ചച്ചക്കപ്പൊടിയിൽ കാർബോഹൈഡ്രേറ്റിന്റെ അംശം ധാന്യങ്ങളിലേതിനേക്കാൾ തുലോം കുറവാണ്. ദോശ, പുട്ട്, ഉപ്പുമാവ്, അപ്പം പൊടിയിൽ മുപ്പതു ശതമാനം ചക്കപ്പൊടി ചേർത്താൽ പ്രമേഹവും പൊണ്ണത്തടിയും ഗണ്യമായി ചെറുക്കാനാകുമെന്നാണ് ജെയിംസിന്റെ നീരീക്ഷണവും അനുഭവസ്ഥരുടെ സാക്ഷ്യവും. പലഹാരത്തിന് പൊടി കുഴയ്ക്കുന്പോൾ ഒരു ടേബിൾ സ്പൂണ് ചക്കപ്പൊടി ചേർത്താൽ അത് പല രോഗങ്ങളെയും ചെറുക്കാൻ സഹായിക്കും.
ചക്ക വിളയുന്ന സീസണിൽ പ്രമേഹം നിയന്ത്രിക്കാനുള്ള ഇൻസുലിൻ വിൽപനയിൽ പരക്കെ കുറവുണ്ടായതും ചക്കപ്പുഴുക്ക് പതിവായി കഴിച്ചവരിൽ ഇൻസുലിൻ അളവ് കുറയ്ക്കാനായതുമായ പഠനങ്ങൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്. അതേസമയം ചക്കയും ചോറും ഒരുമിച്ചുകഴിച്ചാൽ പ്രമേഹം കുറയുകയുമില്ല. ചക്കയുടെ ഗുണം മുൻപേയറിഞ്ഞാണ് സായിപ്പ് കേരളത്തിൽ നിന്ന് പ്ലാവിനെ വിദേശങ്ങളിൽ പ്രചരിപ്പിച്ചത്. ചക്ക എന്ന മലയാളം വാക്കിൽനിന്നാണ് പോർച്ചുഗീസുകാർ ജക്ക, ജാക്ക് ഫ്രൂട്ട് പദങ്ങളുണ്ടാക്കിയത്.
ആഫ്രിക്ക, തായ്ലാൻഡ്, ജമൈക്ക, വിയറ്റ്നാം, മലേഷ്യ, ശ്രീലങ്ക, ബ്രസീൽ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലൊക്കെ പ്ലാവുണ്ടെങ്കിലും ചക്കയ്ക്ക് കേരളത്തോളം സാധ്യതയും ലഭ്യതയുമില്ല. ഇവിടെ ചക്കയിൽ കീടനാശിനിയുടെ അംശവുമില്ല.
ചക്കച്ചുളയിലെ നാരുകൾ വൻകുടലിലെ ക്യാൻസറിനെ പ്രതിരോധിക്കും. ദഹനപ്രക്രിയ സുഗമമാക്കും. ചക്കപ്പഴത്തിലെ സെലീനിയം ഹൃദയത്തെ സംരക്ഷിക്കുന്നു തുടങ്ങി ഇദ്ദേഹത്തിന്റെ പഠനങ്ങൾ ഏറെയാണ്. പ്രമേഹക്കാർക്ക് പച്ചച്ചക്ക ഒൗഷധവും ചക്കപ്പഴം അപകടകാരിയുമാണെന്നതു വേറെ കാര്യം. പാകമായ ചുളയിൽ 74 ശതമാനം വെള്ളവും 23 ശതമാനം അന്നജവും രണ്ട് ശതമാനം പ്രൊട്ടീനും ഒരു ശതമാനം കൊഴുപ്പുമുണ്ട്. 100 ഗ്രാം ചക്ക 95 കലോറി ഉൗർജം തരും.
ഇരുന്പ് ധാരാളം അടങ്ങിയതിനാൽ വിളർച്ച മാറുന്നതിനും രക്തപ്രവാഹം ശരിയായ രീതിയിലാകുന്നതിനും സഹായിക്കും. ആത്സ്മയ്ക്കും തൈറോയ്ഡിനും മെച്ചം. ഹോർമോണ് ഉൽപാദനം ശരിയായി രീതിയിൽ നടക്കും. മഗ്നീഷ്യവും കാൽസ്യവും നന്നായുള്ളതിനാൽ എല്ലുകളെ ബലപ്പെടുത്തും. ഇതിലെ വൈറ്റമിൻ സി കണ്ണുകളുടെ പരിരക്ഷ ഉറപ്പുവരുത്തും. ബാക്ടീരിയ സംബന്ധമായ അസുഖങ്ങൾ ചെറുക്കാനും ശ്വേതാണുക്കളുടെ പ്രവർത്തനം ത്വരിതപ്പെടുത്തി പ്രതിരോധശേഷി നൽകാനും കഴിയും. ചക്കയിലുള്ള ലിഗ്നാൻസ് എന്ന പോളിന്യൂട്രിയന്റുകൾ കാൻസറിനു കാരണമാകുന്ന പോളിന്യൂട്രിയന്റുകളെ തടയും.
പച്ചച്ചക്കയോ പുഴുക്കോ കഴിച്ചാലാണ് പഞ്ചസാരയുടെ അളവ് കുറയുക. ചക്ക പുഴുങ്ങിക്കഴിക്കുന്നവരാണ് കേരളീയരെപ്പോലെ ശ്രീലങ്കക്കാരും. പ്ലാവ് അവിടെ മുറിച്ചുമാറ്റുന്നതിൽ നിയന്ത്രണമുള്ള ദേശീയ വൃക്ഷവുമാണ്. ശ്രീലങ്കയിലെ മെഡിക്കൽ ജേണലിലാണ് ചക്കയുടെ ഒൗഷധഗുണം വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ ആദ്യമായി പുറത്തുവന്നത്.
പഠനം തുടരുകയാണ്
പ്രമേഹരോഗിയായ ഒരു സുഹൃത്ത് ചോറ് ഒഴിവാക്കി ഒരു നേരംവീതം ചക്കപ്പുഴുക്ക് കഴിച്ചപ്പോൾ ഇൻസുലിൻ എടുക്കുന്നതിന്റെ അളവ് കുറയ്ക്കാനായി എന്ന അനുഭവമാണ് ആദ്യഘട്ടത്തിൽ ഇതിലെ ഒൗഷധഗുണം കൂടുതൽ പഠിക്കാൻ ജെയിംസിനെ പ്രേരിപ്പിച്ചത്. ഒരു കപ്പ് ചക്കപ്പുഴുക്കും ഒരു കപ്പ് ചോറും തമ്മിലുള്ള നൂട്രീഷ്യൻ വാല്യൂ പരിശോധിച്ചപ്പോൾ പച്ചച്ചക്കയിൽ അന്നജം ധാന്യങ്ങളെക്കാൾ 40 ശതമാനം കുറവാണെന്ന് കണ്ടെത്തി. കലോറിയും 35- 40 ശതമാനം കുറവ്. പ്രമേഹം കുറയ്ക്കുന്ന പ്രധാന ഘടകമാണ് പച്ചച്ചക്കയിലെ നാരുകൾ. നാരുകൾ ധാന്യങ്ങളിലേതിന്റെ മൂന്നിരട്ടിയാണുതാനും.
നാരുകൾ ഭക്ഷണത്തിലെ ഗ്ലൂക്കോസിന്റെ അമിതാഗീകരണത്തെ തടയും. ഗ്ലൈസീമിക് ലോഡ് കുറവായതിനാൽ ചക്കപ്പുഴുക്ക് പ്രമേഹക്കാർക്ക് ഉത്തമവുമാണ്. നാരുകൾ മൂലം വേഗം വയറ് നിറയുന്നതിനാൽ കൂടുതൽ അളവിൽ കഴിക്കുന്നത് ഒഴിവാകുകയും ചെയ്യും. പച്ചച്ചക്കയിലെ നാരുകളിൽ 40 ശതമാനവും വെള്ളത്തിൽ അലിയുന്നവയാണ്. ഇത് കൊഴുപ്പിന്റെ ആഗിരണം തടയുകയും കൊളസ്ട്രോൾ നിയന്ത്രിക്കുകയും ചെയ്യും. വൻകുടലിൽ അർബുദത്തിന് കാരണമാകുന്ന കാർസിനോജനുകളെ പുറന്തള്ളാനും നാരുകൾ സഹായിക്കും. ദഹനപ്രക്രിയ സുഗമമാക്കും.
ചക്ക പ്രമേഹം നിയന്ത്രിക്കുമെന്ന് പലരുടെയും അനുഭവങ്ങളിൽ കണ്ടെങ്കിലും ഇത് ശാസ്ത്രീയമായി തെളിയിക്കണമല്ലോ. ഭക്ഷണത്തിലൂടെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിന്റെ തോത് കണ്ടുപിടിക്കുന്നതിനുള്ള ഗ്ളൈസിമിക് ലോഡ് പരിശോധിക്കാൻ 2016ൽ സിഡ്നി സർവകലാശാലയിൽ ചക്കയുടെ സാന്പിൾ അയച്ചു കൊടുത്തപ്പോൾ ഇത് പ്രമേഹരോഗം നിയന്ത്രിക്കുന്നതിന് സഹായകരമാണന്നു തെളിഞ്ഞു.
പ്രമേഹരോഗികൾ അകറ്റിനിറുത്തുന്ന അരിക്കും ഗോതന്പിനും പകരം റേഷൻ കടകളിൽ കുടുംബശ്രീ സഹകരണത്തോടെ ചക്ക സംഭരിച്ച് കൊടുത്തുകൂടേയെന്നാണ് ജെയിംസിന്റെ ചോദ്യം. ചുള അരിഞ്ഞു ശീതികരിച്ചോ ഉണക്കിപ്പൊടിച്ചോ പുട്ടിലും അപ്പത്തിലും ഉൾപ്പെടുത്തിയാൽ അതും രോഗങ്ങളെ തടയും.
ചുളയിൽ മാത്രമല്ല ചക്കക്കുരുവിലും ഒൗഷധമൂല്യമേറെയുണ്ട്. കാൻസർ മരുന്നുകളിൽ ഉൾപ്പെടെ ചക്കക്കുരുവിന്റെ സാധ്യതകളിൽ ഗവേഷണം നടക്കുന്നുണ്ട്. ജാക്ക് ഫ്രൂട്ട് 365 ചക്കപ്പൊടിക്കും ഇതുണ്ടാക്കുന്ന യന്ത്രസംവിധാനത്തിനുമാണ് ജെയിംസ് ജോസഫിന് പേറ്റന്റ് ലഭിച്ചിട്ടുള്ളത്. കൂടാതെ കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ തടയുന്നതിൽ ചക്കപ്പൊടി ഗുണപ്രദമാണെന്ന പഠനങ്ങൾ മെഡിക്കൽ ജേർണലുകളിലും അതിനുള്ള പേറ്റന്റ് അമേരിക്കയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോവിഡിനു തൊട്ടുമുൻപു നടന്ന ഈ പഠനം കോവിഡ് കാലത്ത് നാനൂറിലധികം രോഗികൾക്ക് തടസമില്ലാതെ കീമോതെറോപ്പി തുടരാൻ സഹായിച്ചു. ശ്വേതരക്താണുക്കളുടെ അളവ് കുറയുന്നില്ലെന്നതാണ് ഇതിനു കാരണം.
കീമോതെറാപ്പിക്കു ശേഷം ശ്വേത രക്തകോശങ്ങൾ കുറയുന്ന ലൂകോപേനിയ തടയാൻ പെഗ്ഫിൽഗ്രാസ്റ്റിമിനോടൊപ്പം ചക്കപ്പൊടി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു സഹായിക്കും. റിനൈ മെഡിസിറ്റിയിലെ കാൻസർ വിദഗ്ധൻ ഡോ. തോമസ് വർഗീസ് ജാക്ക് ഫ്രൂട്ട് 365 ചക്കപ്പൊടി കീമോതെറാപ്പിക്കു ശേഷമുളള ലൂകോപേനിയയും പാർശ്വഫലങ്ങളും തടയുന്നതായി കണ്ടെത്തി. ചക്കപ്പൊടി മറ്റ് രോഗങ്ങൾക്കും പ്രയോജനപ്പെടുത്താവുന്ന സാധ്യതകളുടെ പഠനത്തിലാണ് ജെയിംസ്.
ഇറിറ്റബിൾ ബവൽ സിൻഡ്രോം അഥവാ ഭക്ഷണം കഴിച്ചാലുടൻ ടോയ്ലറ്റിൽ പോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ ഇതിന് സാധിക്കുമെന്നാണ് നീരീക്ഷണം. ആർത്തവ തകരാറും അണ്ഡാശയ മുഴയും തടയുന്നതിലെ സാധ്യതകളും പഠനത്തിലാണ്. കരളിലെ കൊഴുപ്പിനെ കുറയ്ക്കുന്നതിലും നേട്ടമാകുമോ എന്നും പഠിക്കുകയാണ്. ചക്കയ്ക്കു പുറമേ കേരളത്തിൽ സുലഭമായ വാഴച്ചുണ്ടിലാണ് ജെയിംസിന്റെ പുതിയ ഗവേഷണം.
വാഴച്ചുണ്ട് സാൻഡ്വിച്ച് പോലുള്ള വിഭവങ്ങളിൽ ഉൾപ്പെടുത്താനായാൽ വാഴക്കുലയേക്കാൾ വിലയേറും വെറുതെ കളയുന്ന വാഴച്ചുണ്ടിന്. അനുഭവങ്ങളിലും പഠനങ്ങളിലും ജെയിംസിന് ഉപദേശിക്കാൻ ഒന്നു മാത്രം. ‘ ഈ സീസണിലെങ്കിലും ചക്ക പച്ചയായും പുഴുക്കായും തോരനായും ഉപയോഗിക്കുക. പ്രമേഹം ഉൾപ്പെടെ നിരവധി രോഗങ്ങളെ നിയന്ത്രിക്കാൻ ഇടയാക്കുന്നതായി അനുഭവപ്പെട്ടാൽ ചക്ക തുടർന്നും പതിവാക്കുക. ചക്ക ഗുണമല്ലാതെ ദോഷമൊന്നും വരുത്തില്ലെന്ന് ഉറപ്പ് ’
റെജി ജോസഫ്