ഈശോസഭാംഗമായ ഫ്രാൻസിസ് മാർപാപ്പ ആഗോളകത്തോലിക്കാ സഭയുടെ നേതൃപദവിയിലെത്തിയിട്ട് പത്ത് വർഷം. ആരോഗ്യകാരണങ്ങളാൽ മുൻഗാമിയെപ്പോലെ ഫ്രാൻസിസ് പാപ്പായും വിരമിച്ചേക്കുമെന്ന് പരക്കെ കേൾവി. സഭാശുശ്രൂഷയിൽ പാപ്പാ തന്റെ ശൈലിയും കാഴ്ചപ്പാടും മാധ്യമങ്ങളോടു പങ്കുവയ്ക്കുന്നു.
2022 ജൂലൈ ഒന്നിന് അർജന്റീനയിലെ ദേശീയ ന്യൂസ് സർവീസായ ടെലാം സംപ്രേഷണം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുമായുള്ള പ്രത്യേക അഭിമുഖത്തിൽ അവരുടെ പ്രതിനിധി ബർണാർഡ് ലൊറേന്താ ചോദിച്ചു. 2023 അങ്ങ് മാർപാപ്പ ആയതിന്റെ പത്താം വാർഷികമാണ്. കണക്കെടുക്കുന്നതിനുള്ള നല്ല സമയം. അങ്ങേക്ക് ലക്ഷ്യങ്ങൾ പൂർത്തിയാക്കാനായോ? ഏതെല്ലാം പദ്ധതികളാണ് ബാക്കിയുള്ളത് ?
പാപ്പാ മറുപടി പറഞ്ഞു.
“ഞാൻ ചെയ്തതൊന്നും എന്റെ കണ്ടുപിടിത്തമോ ഒരു രാത്രി കണ്ട സ്വപ്നങ്ങളോ അല്ല. പുതിയ മാർപാപ്പ നടപ്പാക്കണമെന്ന് പ്രീ കോണ്ക്ലേവിൽ കർദിനാൾമാർ നിർദേശിച്ചവയെല്ലാം ഞാൻ ഏറ്റെടുത്ത് നിറവേറ്റുകയായിരുന്നു. അതിൽ എന്റേതായി ഒന്നുമുണ്ടായിരുന്നില്ല.
ഉദാഹരണത്തിന് കർദിനാൾമാർ നിർദേശിച്ച കൂരിയ നവികരണം. അതാണ് ‘പ്രെദിക്കാത്തെ എവാഞ്ചേലിയും’എന്ന അപ്പസ്തോലിക് കോണ്സ്റ്റിറ്റ്യൂഷനിലുടെ പൂർത്തിയാക്കപ്പെട്ടത്. അതിന് എട്ടര വർഷത്തെ അധ്വാനവും അന്വേഷണങ്ങളും വേണ്ടിവന്നു. പ്രെദിക്കാത്തെ എവാഞ്ചേലിയും എന്നാൽ ഒരു മിഷനറി ആവുക, ദൈവവചനം പ്രഘോഷിക്കുക.
പ്രീ കോണ്ക്ലേവിൽ ഒരു കർദിനാൾ കൗതുകകരമായി പറഞ്ഞു. “ഈശോ പറഞ്ഞു. ഞാനാണ് വാതിലും വിളിയും. ആരെങ്കിലും തുറന്നുതന്നാൽ ഞാൻ പ്രവേശിക്കും. ഇപ്പോൾ അവിടത്തെ ആവശ്യം തന്നെ പുറത്തു വിടണമെന്നാണ്. എന്തെന്നാൽ നാം അവിടത്തെ തടവിലാക്കിയിരിക്കുന്നു.
’’ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ ഞാൻ അതിനു യോജിച്ചവിധം പ്രവർത്തിച്ചുതുടങ്ങി. ഞാൻ ചെയ്യുന്നത് എന്റെ മാത്രമല്ല കർദിനാൾ തിരുസംഘത്തിന്റെയും നിർദേശങ്ങളിൽ നിന്നാണ്.
അങ്ങ് അങ്ങയുടെ മുദ്ര പതിപ്പിച്ചു കഴിഞ്ഞു. ലാറ്റിനമേരിക്കൻ സഭയുടെ മുദ്ര.
സത്യമായും.
മാറ്റങ്ങൾ എങ്ങനെയാണ് അവരിലൂടെ സാധ്യമാവുക.
ലാറ്റിനമേരിക്കൻ സഭയ്ക്ക് ജനങ്ങളോടു ചേർന്നുനിൽക്കുന്നതിന്റെ സുദീർഘമായ ചരിത്രമാണുള്ളത്. എപ്പിസ്ക്കോപ്പൽ കോണ്ഫറൻസുകളിൽ അതാണ് വ്യക്തമാകുന്നത്. ആദ്യം മെഡലിനിൽ, പിന്നെ പുവെബ്ലയിൽ, സാന്തോ ഡോമിനിംഗോയിൽ, അപ്രെസെഡായിൽ... എല്ലാം ജനങ്ങളുമായുള്ള സംവാദമായിരുന്നു. അവ സത്യത്തിൽ എനിക്ക് വളരെ സഹായകരമായി.
നാം അക്ഷരാർഥത്തിൽ ഒരു ജനകീയ സഭയായി. ദൈവജനത്തിന്റെ സഭ. ജനം ആരെന്ന് നന്നായി തിരിച്ചറിയുന്ന ഒരു അർജന്റീനിയൻ ഫിലോസഫറാണ് റുഡോൾഫോ കുഷ്. കുഷിനെ വായിക്കണമെന്ന് ഞാൻ ശക്തമായി ശിപാർശ ചെയ്യുന്നു. ജനങ്ങളുടെ ഫിലോസോഫിയെക്കുറിച്ചാണ് അദ്ദേഹം എഴുതിയത്.
അങ്ങ് കാലത്തിന്റെ തിന്മകളായി ആത്മാരാധന, വിഷാദം, ദോഷൈകദൃഷ്ടി എന്നീ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവയോട് എങ്ങനെയാണ് പോരാടേണ്ടത്.
ആത്മാരാധന, വിഷാദം, ദോഷൈകദൃഷ്ടി എന്നിവ വരുന്നത് മിറർ സൈക്കോളജി എന്നതിലാണ്. ആത്മാരാധനക്കാരൻ കണ്ണാടിയിലേക്കെന്നപോലെ തന്നിലേക്കു നോക്കുന്നു. അത്തരത്തിലുള്ള നോട്ടം മുന്നോട്ടുനോക്കുന്ന ഒന്നല്ല. അതു നിന്നിലേക്കു തിരിഞ്ഞ് സ്വന്തം മുറിവുകൾ നോക്കുന്നതാണ്.
ഒരാളെ മുന്നോട്ടു നയിക്കുന്നത് അപരനെന്ന ദർശനമാണ്. ഞാൻ കണ്ണാടിയിൽ നോക്കുന്നത് സ്വയം കാണാനും എന്നെക്കുറിച്ച് സങ്കടപ്പെടാനുമാണ്. 40 വർഷമായി ഞാൻ ചൊല്ലുന്ന വിശുദ്ധ തോമസ് മൂറിന്റെ ഒരു പ്രാർത്ഥന ഇങ്ങനെയാണ്.
‘കർത്താവേ എനിക്ക് നല്ല ദഹനശക്തി തരണമെ. ദഹിപ്പിക്കുവാൻ എന്തെങ്കിലും തരണമെ. എനിക്ക് നർമബോധം നൽകണമേ. തമാശ ആസ്വദിക്കാനുളള കൃപ തരണമെ.’ നർമബോധം നല്ല കാഴ്ചപ്പാടിൽ കാര്യങ്ങളെ കാണാൻ നമ്മെ സഹായിക്കുന്നു. ദോഷൈകദൃക്കാവുന്നതിനും കണ്ണീരിന്റെ മനോഭാവത്തിൽ ജിവിക്കുന്നതിനും എതിരാവും അത്.
ഈശോസഭയെപ്പറ്റി
2022 ഓഗസ്റ്റിൽ കാനഡയിൽനിന്നു മടങ്ങുന്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയവേ പാരിസ് മാച്ചിന്റെ പ്രതിനിധി കരോളിന പിഗോസി ചോദിച്ചു. വിദേശ യാത്രകളിൽ പതിവുള്ളതുപോലെ അങ്ങ് അംഗമായ ഈശോസഭയിലെ വൈദികരുമായി ആർച്ച് ബിഷപ്പ്സ്ഹൗസിൽ ഇന്ന് കൂടിക്കണ്ടു.
2013 ജൂലൈ 28ന് ബ്രസീലിൽനിന്നു മടങ്ങുന്പോൾ ഞാൻ ചോദിച്ചു. ഇപ്പോഴും അങ്ങ് ഒരു ഈശോസഭാംഗം എന്ന തോന്നലുണ്ടോയെന്ന്. ഉണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബർ നാലിന് ഗ്രീസിൽ ആഥൻസിലെ ഈശോസഭക്കാരെ കണ്ടശേഷം അങ്ങു പറഞ്ഞു. ആരെങ്കിലും ഒരു പ്രക്രിയക്കു തുടക്കം കുറിച്ചാൽ അതിനെ വളരാൻ അനുവദിക്കേണ്ടതുണ്ട്. അത് പക്വത പ്രാപിക്കട്ടെയെന്ന്. ഓരോ ഈശോസഭാംഗവും ഇതു ചെയ്യണം. തുടർന്ന് അവർ പാർശ്വത്തിലേക്കു മാറണം.
ഈ അഭിപ്രായം ഈശോസഭക്കാരനായ പാപ്പായ്ക്കു ബാധകമാകുമോ ?
ബാധകമാണെന്നാണ് ഞാൻ കരുതുന്നത്.
അതായത് പല ഈശോസഭാമേധാവികളെയും പോലെ അങ്ങും രാജിവയ്ക്കുമെന്നാണോ?
അതെ. അതെ അതൊരു ദൈവവിളിയാണ്. കർത്താവിന്റെ ഹിതം ചെയ്യാൻ അയാൾ ശ്രമിക്കും. ഈശോസഭക്കാരനായ മാർപാപ്പയും അതുതന്നെ ചെയ്യും. അവിടന്നു മുന്നോട്ടുപോകുവാൻ പറഞ്ഞാൽ മുന്നോട്ടു പോവുക. മൂലയിലേക്കു മാറാൻ പറഞ്ഞാൽ മൂലയിലേക്ക് മാറുക.
കർത്താവാണ് എല്ലാം നിയന്ത്രിക്കുന്നത്. അവിടന്ന് എന്തെങ്കിലും പറയുന്നതായി കണ്ടാൽ അതെന്തെന്ന് വിവേചിക്കണം. കർത്താവ് എന്നെ മൂലയിലേക്ക് മാറ്റുകയാവും. അതവിടത്തെ കാര്യമാണ്. അവിടന്നാണ് എല്ലാറ്റിനും ഉത്തരവാദി. ഇതാണ് ഈശോസഭക്കാരുടെ ആത്മീയരീതി. തീരുമാനങ്ങളിലെത്തുന്നതിന് ആത്മീയ വിവേചനം നടത്തുക.
ഈശോസഭാ ദൈവവിളിയുടെ മർമമാണ് വിവേചനം. ഇക്കാര്യത്തിൽ ഈശോ സഭാസ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള ഉറച്ച നിലപാടുകാരനായിരുന്നു. ആത്മീയാനുഭവങ്ങളിലൂടെ കൈവന്ന വിവേചനമാണ് അദ്ദേഹത്തെ മാനസാന്തരത്തിലേക്ക് നയിച്ചത്.
ആത്മീയ അഭ്യാസങ്ങൾ വിവേചനത്തിന്റെ പാഠശാലയാണ്. അതുകൊണ്ട് ഈശോസഭാംഗം വിളിയാലെ വിവേചനത്തിന്റെ മനുഷ്യനായിരിക്കണം. സാഹചര്യങ്ങളെ വിവേചിക്കുക, ഒപ്പം തന്നെ മനസാക്ഷിയെ വിവേചിക്കുക. എടുക്കാൻ പോകുന്ന തീരുമാനങ്ങളെ വിവേചിക്കുക.
അങ്ങിപ്പോൾ കൂടുതലായും മാർപാപ്പായോ, ഈശോസഭാംഗമോ
ഒരിക്കലും താരതമ്യം നടത്തിയിട്ടില്ല. ഈശോസഭക്കാരുടെ രീതിയിൽ പ്രവർത്തിക്കുന്ന കർത്താവിന്റെ ദാസൻ എന്നാണ് കരുതുന്നത്. കാരണം പേപ്പൽ ആത്മീയത എന്ന ഒന്നില്ലല്ലോ. ഓരോ പാപ്പായും താൻ അനുകരിച്ചുവന്ന ആത്മീയത പിൻചെല്ലുന്നു. മനോഹരമായി മരിയൻ ആത്മീയത പിൻചെന്നിരുന്ന വിശുദ്ധ േജാണ് പോൾ രണ്ടാമനെക്കുറിച്ച് ഓർമിക്കുക.
അദ്ദേഹത്തിന് മരിയഭക്തി മുൻപേയുണ്ടായിരുന്നു. മാർപാപ്പ ആയപ്പോഴും തുടർന്നു. പാപ്പാസ്ഥാനം ആത്മീയതയല്ല, അതൊരു ദൗത്യമാണ്. ഒപ്പം ചുമതലയും ശുശ്രൂഷയുമാണ്. അതിനാൽ ഈശോസഭാ ആത്മീയതയെയും പേപ്പൽ ആത്മിയതയെയും താരമ്യപ്പെടുത്താനാവില്ല.
2016 ജൂലൈയിൽ പോളണ്ട് സന്ദർശനത്തിനിടെ ക്രാക്കോവ് ആർച്ച്ബിഷപ്സ് ഹൗസിൽ ഈശോസഭാ വൈദികരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒരംഗം ചോദിച്ചു.
അങ്ങെന്തുകൊണ്ടാണ് ഈശോ സഭയിൽ അംഗമായത്.
സന്യാസദൈവവിളി ഉണ്ടായിരുന്നതുകൊണ്ടാണ് ഞാൻ സെമിനാരിയിൽ ചേർന്നത്. അക്കാലത്തെ എന്റെ കുന്പസാരക്കാരൻ ജസ്യൂട്ട് വിരുദ്ധനായിരുന്നു. എനിക്കും ഡൊമിനിക്കൻ സന്യാസസഭക്കാരെയും അവരുടെ ബൗദ്ധികജീവിതത്തെയും ആയിരുന്നു താത്പര്യം. അക്കാലത്ത് ഞാൻ രോഗിയായി എനിക്ക് ശ്വാസകോശത്തിൽ ഒരു ഓപ്പറേഷൻ വേണ്ടിവന്നു.
അതിനുശേഷം മറ്റൊരു വൈദികനായിരുന്നു എന്റെ ആത്മീയ നിയന്താവ്. പിൽക്കാലത്ത് ഈശോസഭയിൽ ചേരുന്നതിനെക്കുറിച്ച് എന്റെ ആദ്യത്തെ ആത്മീയ നിയന്താവിനോടു സംസാരിച്ചപ്പോൾ അദ്ദേഹം സമ്മതിച്ചില്ല. അവിടെയാണ് കർത്താവിന്റെ കളി നടന്നത്.
അക്കാലത്ത് എനിക്ക് സെമിനാരിയിൽ സന്യാസത്തിലെ പ്രാരംഭ പട്ടങ്ങൾ കിട്ടിയിരുന്നു. ഒന്നാം വർഷ ദൈവശാസ്ത്രം പഠിക്കുന്പോഴായിരുന്നു ടോണ്ഷർ പട്ടം. റെക്ടറച്ചൻ എന്നോട് ബ്യൂണോസ് അയിരസിലെ സഹായമെത്രാൻ ബിഷപ് ഓസ്കാർ വില്ലെനയെ ചെന്നുകണ്ട് തിരുക്കർമത്തിന് ക്ഷണിക്കാൻ പറഞ്ഞു.
ഞാൻ ചെല്ലുന്പോൾ വില്ലെന രോഗിയായി കിടക്കുകയാണെന്നറിഞ്ഞു. അപ്പോൾ അദ്ദേഹത്തിന്റെ സ്ഥാനത്തുണ്ടായിരുന്ന മോണ്സിഞ്ഞോർ എന്റെ ആത്മീയ നിയന്താവായ ആ പഴയ വൈദികനായിരുന്നു! ഞാൻ അദ്ദേഹത്തിൽനിന്നു ടോണ്ഷർ പട്ടം സ്വികരിച്ചു. പല വർഷങ്ങൾക്കുശേഷമാണ് ഞങ്ങൾ അനുരഞ്ജനപ്പെട്ടത്. എന്താ പറയുക, ഞാൻ ഈശോസഭയിൽ ചേർന്ന് അങ്ങനെ സംഭവിക്കുകയായിരുന്നു.
കോംഗോയിലെ ഈശോസഭക്കാരുമായി ഫെബ്രുവരി രണ്ടിന് നടത്തിയ സംഭാഷണത്തിൽ ഒരു ചോദ്യമുണ്ടായി.
ഈശോസഭാംഗമെന്ന നിലയിൽ അങ്ങ് സഭയിൽ അധികാരപദവികളൊന്നും മോഹിക്കില്ലെന്ന് വ്രതമെടുത്തയാളാണ്. മെത്രാൻസ്ഥാനവും കർദിനാൾപദവിയും പാപ്പാസ്ഥാനവും സ്വീകരിക്കുവാൻ പ്രേരിപ്പിച്ച ന്യായം എന്താണ്
ഞാൻ ആത്മാർഥമായാണ് ഈശോസഭാംഗമായി വ്രതമെടുത്തത്. മുൻപ് സാൻ മിഗിവേലിലെ സഹായമെത്രാൻ പദവി വാഗ്ദാനം ചെയ്തപ്പോൾ ഞാൻ നിരസിച്ചു. ഉത്തര അർജന്റീനയിലെ കൊറിയെന്തസ് മേഖലയിൽ ബിഷപ്പാകാൻ ആവശ്യപ്പെട്ടപ്പോൾ അതും നിരസിച്ചു. ഞാനെടുത്ത വ്രതത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടു പദവികളും തിരസ്കരിച്ചത്.
മൂന്നാം തവണ എന്ന കാണാൻ നുണ്ഷ്യോ വന്നത് ഈശോസഭാ സുപ്പീരിയർ ജനറൽ ഫാ. പീറ്റർ ഹാൻസ് കോൾവൻബാക്ക് ഒപ്പുവച്ച സമ്മതപത്രവുമായിട്ടാണ്. ഞാൻ മെത്രാൻസ്ഥാനം സ്വീകരിക്കുന്നതിന് അദ്ദേഹം അംഗീകാരം നൽകുന്നതായിരുന്നു ആ കത്ത്. ബ്യൂണോസ് അയിരസിലെ ഒരു സഹായമെത്രാനായിട്ടായിരുന്നു നിയമനം.
അനുസരണത്തിന്റെ അരൂപിയിൽ ഞാനതു സ്വീകരിച്ചു. തുടർന്ന് കോ അഡ്ജുത്തോർ ബിഷപ്പായി അവിടെ നിയമിതനായി. 2001ൽ കർദിനാൾ സംഘത്തിൽ എന്നെ അംഗമാക്കി. ബനഡിക്ട് മാർപാപ്പ വിരമിച്ച ഒഴിവിൽ പുതിയ പോപ്പിനെ തെരഞ്ഞെടുക്കാൻ നടന്ന കോണ്ക്ലേവിൽ അർജന്റീനയിലെ രൂപതാ ആസ്ഥാനത്തേക്ക് വളരെ പെട്ടെന്ന് മടങ്ങാനായി ഒരു ചെറിയ ബ്രീഫ് കേസുമായിട്ടാണ് ഞാൻ വന്നത്. എന്നാൽ എനിക്കവിടെ നിൽക്കേണ്ടിവന്നു.
വ്രതം സംബന്ധിച്ച ഈശോസഭയുടെ വ്യത്യസ്തത ഞാൻ മനസിലാക്കുന്നു. മെത്രാൻ സ്ഥാനം സ്വീകരിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചതാണ്.
ഈശോസഭാ മെത്രാൻമാരിൽനിന്ന് അങ്ങ് ആഗ്രഹിക്കുന്നതെന്താണ്
ഈശോസഭയിൽ നിന്നൊരു മെത്രാനുണ്ടാകുന്നത് സഭയുടെ ആവശ്യമനുസരിച്ച് മാത്രമാണ്. ഈശോസഭാവൈദികരെ ബിഷപ്പാകുന്നതിൽനിന്നു തടയുന്ന വ്രതത്തിൽ ഞാൻ വിശ്വസിക്കുന്നു. എന്നാൽ സഭയുടെ നന്മയ്ക്ക് നമ്മുടെ സേവനം അത്യാവശ്യമാകുന്പോൾ അതാണ് നടക്കേണ്ടത്.
ഞാൻ നിങ്ങളോടൊരു സത്യം പറയാം. ഈശോസഭയിൽ നിന്നൊരാളെ മെത്രാനാക്കാൻ സഭാതലത്തിൽ ആലോചന നടക്കുന്നതായി പ്രോവിൻഷ്യാളോ ജനറാളോ അറിഞ്ഞാൽ അവർ ഇടപെടാറുണ്ട്. എങ്ങനെ ഈശോസഭയെ പ്രതിരോധിക്കണമെന്ന് അവർക്കറിയാം. എന്നാൽ അങ്ങനെ തീരുമാനിക്കപ്പെട്ടാൽ, അത് അനിവാര്യമാകുന്ന സാഹചര്യത്തിൽ നടപ്പാകണം.
ഒരു പ്രത്യേക സംഭവം മനസിൽവച്ചാണ് ഞാൻ പറയുന്നത്. ഒരു സാഹചര്യത്തിൽ മെത്രാനായി പരിഗണിക്കപ്പെടുന്ന മൂന്നു പേരിലെ ഒന്നാമൻ ഈശോ സഭാംഗമാണെങ്കിലും രണ്ടാമനെ ആ പദവിയിൽ മതിയാക്കാമെങ്കിൽ രണ്ടാമനെത്തന്നെയാവും നിയമിക്കുക.
രാജിക്കുള്ള സാധ്യത. പിതാവേ ഓഗസ്റ്റ് അവസാനം ഒരു കണ്സിസ്റ്ററി ഉണ്ട്. പലരും ചോദിക്കുന്നത് അങ്ങ് രാജിയെക്കുറിച്ച് ചിന്തിക്കുന്നുവോ എന്നാണ്. ഞാൻ അതു ചോദിക്കുന്നില്ല. എങ്കിലും പിൻഗാമിക്ക് എന്തെങ്കിലും ഗുണങ്ങൾ ഉണ്ടാകണമെന്ന് അങ്ങ് ആഗ്രഹിക്കുന്നുണ്ടോ ( ഈവാ ഫെർണാണ്ടസ് - കഡേന കോപ്പ്)
അതു പരിശുദ്ധാത്മാവ് ചെയ്യുന്ന കാര്യമാണെന്ന് നിങ്ങൾക്കറിയില്ലേ. അതേക്കുറിച്ച് ചിന്തിക്കുവാൻ ഞാൻ ഒരിക്കലും ധൈര്യപ്പെടില്ല. അത് എന്നെക്കാൾ, നമ്മിൽ ആരെക്കാളും മനോഹരമായി ചെയ്യാൻ പരിശുദ്ധാത്മാവിനാകും. കാരണം അവിടന്നാണ് പാപ്പായുടെ തീരുമാനങ്ങളെ പ്രചോദിപ്പിക്കുന്നത്.
അവിടന്ന് സഭയിൽ ജീവിക്കുന്നു. പരിശുദ്ധാത്മാവിനെ കൂടാതെ സഭയെക്കുറിച്ച് ചിന്തിക്കാനേയാവില്ല. അവിടന്നാണ് മാറ്റങ്ങൾ വരുത്തുന്നത്. ഐക്യത്തെക്കാൾ യോജിപ്പിനെക്കുറിച്ച് സംസാരിക്കേണ്ടത് വളരെ പ്രധാനമാണ്. പരിശുദ്ധാത്മാവിനെക്കുറിച്ചു വിശുദ്ധ ബേസിൽ പറയുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. ഇപ്സെ അർമോണിയ എസ്ത്. അതായത് അവിടന്ന് യോജിപ്പാണ്.
ഇനി എന്റെ രാജിയെക്കുറിച്ച്. രാജിയിലേക്കു നയിക്കാവുന്നതിന്റെ സൂചനകൾ ഉൾപ്പെടുത്തി നിങ്ങളിലൊരാൾ എഴുതിയ മനോഹരമായ ലേഖനത്തിന് എനിക്കു നന്ദിയുണ്ട്. ഒരു പത്രപ്രവർത്തകൻ വളരെ ശ്രദ്ധാപൂർവം നിറവേറ്റിയ ദൗത്യമായിരുന്നു അത്. അദ്ദേഹം ഒരു നിഗമനത്തിലെത്തുകയും ചെയ്തിരിക്കുന്നു.
കേവലം പ്രസ്താവനകൾ മാത്രമല്ല അടയാളങ്ങളാകാവുന്ന ദുർഗ്രഹമായ ഭാഷവരെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അടയാളങ്ങളെ വായിച്ചെടുക്കുവാൻ സാധിക്കുന്നതും അവയെ വ്യാഖ്യാനിക്കുവാൻ പരിശ്രമിക്കുന്നതും മനോഹരമായ പ്രവൃത്തിയാണ്. ഞാൻ അതിനു മാധ്യമപ്രവർത്തകരായ നിങ്ങൾക്കു നന്ദി പറയുന്നു.
ആരോഗ്യപരമായ ബുദ്ധിമുട്ടുകളാൽ വിരമിക്കാറായതായി തോന്നിയിട്ടുണ്ടോ. അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതെന്തെങ്കിലുമുണ്ടോ?
( പോബെ നാടസ്ണ്-എബിസി ന്യൂസ്).
വാതിൽ തുറന്നുതന്നെ കിടക്കുകയാണ്. അത് സ്വാഭാവികമായ സാധ്യതയാണ്. ആ സാധ്യതയെക്കുറിച്ച് ചിന്തിക്കേണ്ടത്ര ബുദ്ധിമുട്ടുകൾ എനിക്കിനിയും ഉണ്ടായിട്ടില്ല. അതിനർഥം നാളെ ഞാൻ അങ്ങനെ ചിന്തിക്കില്ല എന്നല്ല. ആത്മാർത്ഥമായി പറയട്ട,െ ഇപ്പോൾ ഞാൻ അങ്ങനെ ചിന്തിക്കുന്നില്ല. എല്ലാം കർത്തവല്ലേ പറയുക. വാതിൽ തുറന്നു കിടക്കുന്നു.
അങ്ങ് രാജിയെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ. (ദക്ഷിണ സുഡാൻ സന്ദർശനത്തിൽ അവിടത്തെ ഈശോസഭാ വൈദികരുടേത്)
ഇല്ല. അക്കാര്യം മനസിൽ ഇതുവരെ വന്നിട്ടില്ല. എന്നാൽ ഞാൻ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു രണ്ടുമാസം കഴിഞ്ഞപ്പോൾ ഞാൻ ഒരു കത്തെഴുതി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ തര്സീസിയോ ബെർത്തോണെയെ ഏൽപ്പിച്ചിരുന്നു.
ഇപ്പോൾ ആ കത്ത് എവിടെയുണ്ടെന്നുപോലും എനിക്കറിയില്ല. എനിക്ക് രാജി എഴുതിക്കൊടുക്കാനുള്ള ആരോഗ്യമോ മാനസികാവസ്ഥയോ ഇല്ലാതായാൽ അതെന്റെ രാജിക്കത്താവും. ഹിറ്റ്ലർ തന്നെ ജർമനിയിലേക്കു കൊണ്ടുപോകുമെന്നു സംശയിച്ച പന്ത്രണ്ടാം പീയുസ് പാപ്പാ അത്തരമൊരു കത്ത് എഴുതിയിരുന്നു. യുജിനോ മരിയ ജിയോവാനി പച്ചെല്ലിയെ (പാപ്പായുടെ പഴയ പേര്) മാത്രമാവും കീഴടക്കുക. കീഴടങ്ങുന്നത് പന്ത്രണ്ടാം പീയൂസ് മാർപാപ്പ ആവില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
അങ്ങ് പത്രോസിന്റെ സിംഹാസനം ഉപേക്ഷിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ?
ബനഡിക്ട് പതിനാറാമൻ മാപാപ്പായ്ക്ക് രാജിവയ്ക്കാനുള്ള ധൈര്യം ഉണ്ടായിരുന്നു. ആരോഗ്യകാരണങ്ങളാൽ ചുമതലയിൽ തുടരാനാവില്ലെന്ന് അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഇപ്പോൾ രാജിക്കാര്യം എന്റെ അജണ്ടയിലില്ല. മാർപാപ്പായുടെ ദൗത്യം ജീവിതകാലത്തേക്കുള്ളതാണ് (ആദ് വീത്താം) എന്നാണ് ഞാൻ കരുതുന്നത്. അങ്ങനെ ആകാതിരിക്കുന്നതിന് ന്യായമൊന്നും ഞാൻ കാണുന്നില്ല. ചരിത്രപാരന്പര്യവും സുപ്രധാനമാണ്. നേരേമറിച്ച് നാട്ടിലെ സംസാരങ്ങൾ കേട്ടാൽ ആറുമാസം കൂടുന്പോൾ നമുക്കു മാർപാപ്പമാരെ മാറേണ്ടി വരും.
ഈശോസഭയുടെ കാര്യത്തിലും ഞാൻ യാഥാസ്ഥിതികനാണ്. അതു ജീവിതകാലത്തിനാകെ വേണം. മാർപാപ്പയുടെ കാര്യംപോലെ തന്നെയാണത്. എന്നാൽ ഈശോസഭയുടെ മുൻ ജനറാൾമാരായ ഫാ. കോൾവൻബാക്കും ഫാ. നിക്കോളാസും ആരോഗ്യപരമായ കാരണങ്ങളാൽ രാജി വയ്ക്കുകയായിരുന്നു.
സ്വകാര്യപ്രാർഥന
ദക്ഷിണ സുഡാൻ യാത്രയിൽ 2023 ഫെബ്രുവരി നാലിന് ജുബായിൽ ഈശോസഭാ വൈദികന്റെ ചോദ്യം.
അങ്ങയുടെ പ്രാർത്ഥന എങ്ങനെയാണ്
ദിവസവും ഞാൻ വിശുദ്ധ കുർബാന അർപ്പിക്കും. യാമപ്രാർത്ഥനകളും ജപമാലയും ചൊല്ലും. സുവിശേഷം ധ്യാനിക്കും. എല്ലാവരെയും പോലെ വ്യക്തിപരമായ പ്രാർഥനകൾ നടത്തുന്നതിനുള്ള ഏറ്റവും നല്ല വഴി ഞാനും കണ്ടെത്തും.
ഈ യാത്രയിൽ സുഡാന്റെ കിഴക്കു നടന്ന യുദ്ധത്തിൽ ഇരകളായവരെ കണ്ടപ്പോൾ മുറിവേറ്റതിന്റെയും സംസാരശേഷി നഷ്ടപ്പെട്ടതിന്റെയും ദുരുപയോഗിക്കപ്പെട്ടതിന്റെയും വേദനിക്കുന്ന സംഭവങ്ങൾ അവരിൽ നിന്നു കേൾക്കാനിടയായി. അതിനുശേഷം എനിക്ക് ഉത്തമഗീതം പാടി പ്രാർഥിക്കാനായില്ല. യാഥാർഥ്യത്തിൽ മുങ്ങുന്നതാവണം പ്രാർഥന. പ്രാർഥന ജിവനുള്ളതാകണം.
ടി. ദേവപ്രസാദ്