ജോഷിമഠ് വാര്ത്തകളില് നിറഞ്ഞുനില്ക്കുന്നത് ഏതു നിമിഷവും മണ്ണിനടിയിലാവുന്ന പട്ടണമെന്ന നിലയിലാണ്. ഇപ്പോള് ദുരന്തഭൂമികയായി മാറിയ ഈ പട്ടണത്തിന് നൂറ്റാണ്ടുകളുടെ ചരിത്രകഥകളാണ് പറയാനുള്ളത്. സഞ്ചാരികളെയും തീർഥാടകരെയും ഒരേപോലെ വരവേറ്റ ഈയിടം ഭൗമോപരിതലത്തിൽനിന്ന് അപ്രത്യക്ഷമാവുന്നുവോ... !
മലയാളികളിൽ ഏറെപ്പേർക്കും അത്ര പരിചിതമല്ലാത്തയിടമാണ് വാർത്തകളിൽ ഈയിടെയായി നിറഞ്ഞുനിൽക്കുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠ്. ഹിമാലയൻ താഴ്വരകളിൽ നിരവധി പൗരാണിക നഗരികളുണ്ടെങ്കിലും ജോഷിമഠിന്റെയത്രയും പ്രാധാന്യം മറ്റിടങ്ങൾക്കില്ല. ഹിമാലയ സാനുക്കൾ കയറുന്നവരെല്ലാം ആത്മീയ ഉണർവിനും ശാരീരിക ഉന്മേഷത്തിനും സംഗമിക്കുന്ന ഇടമാണ് ദേവഭൂമിയായ ജോഷിമഠ്.
ഹിമാലയ പർവതം അതിരിടുന്ന ഏറ്റവും പുരാതന നഗരികളിലൊന്നാണിത്. സഹസ്രാബ്ദങ്ങൾക്കു മുന്പ് അദ്വൈതാചാര്യൻ ശ്രീശങ്കരാചാര്യർ സ്ഥാപിച്ച നാലു മഠങ്ങളിൽ ആദ്യത്തേത് ജോഷിമഠിലാണ്. പത്തു മണ്കുടിലുകൾ മാത്രമുണ്ടായിരുന്ന അവിടം വളർന്ന് വലിയ പട്ടണമായതിനു പിന്നിൽ ഈ മഠത്തിന് സുപ്രധാന പങ്കാണുള്ളത്.
വലുതും ചെറുതുമായ നാലായിരത്തിലധികം നിർമിതികൾ ഇക്കാലത്ത് ഇവിടെയുണ്ടായിരിക്കുന്നു. ഇന്തോ-ടിബറ്റൻ അതിർത്തിയിലെ മന പാസുമായി ഡൽഹിയെ ബന്ധിപ്പിക്കുന്ന ദേശീയപാത-58 കടന്നുപോകുന്ന ചമോലി ജില്ലയിലെ മഞ്ഞുപുതച്ച കുന്നോരമാണ് ജോഷിമഠ്. സമുദ്രനിരപ്പിൽനിന്ന് ആറായിരം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ജോഷിമഠ് പച്ചക്കറികൃഷിയും ഒാറഞ്ചുതോട്ടങ്ങളും ദേവദാരുമരങ്ങളും നിറഞ്ഞ അതിമനോഹര പ്രദേശമാണ്.
കല്പവൃക്ഷവും ഗുഹകളും
ശങ്കരാചാര്യർ സ്ഥാപിച്ച നാലു മഠങ്ങളിൽ ആദ്യത്തേതാണ് ജോഷിമഠ് നഗരിയുടെ മുകൾഭാഗത്തു സ്ഥിതിചെയ്യുന്ന ജ്യോതിർമഠ്. ദേവദാരു ഉൾപ്പെടെയുള്ള തടികളാൽ നിർമിതവും അതിപുരാതനവുമായ ആശ്രമമാണിത്.
സഞ്ചാരികൾക്കും തീർഥാടകർക്കും ഒരുപോലെ സന്ദർശനം നടത്താൻ ഇവിടെ അനുമതിയുണ്ട്. മഠത്തിനു താഴ്ഭാഗത്തായി രണ്ടര സഹസ്രാബ്ദം പഴക്കമുള്ള പടുകൂറ്റൻ കല്പവൃക്ഷം ഇപ്പോഴുമുണ്ട്. ഈ മരച്ചുവട്ടിലിരുന്നു ധ്യാനിച്ചപ്പോഴാണ് ശങ്കരാചാര്യർക്കു ബോധോദയമുണ്ടായതെന്നാണ് പാരന്പര്യ വിശ്വാസം.
വൃക്ഷത്തിനടിയിൽ കാണുന്ന ചെറിയൊരു ഗുഹയിലാണ് ശങ്കരാചാര്യർ താമസിച്ചിരുന്നതത്രെ. ജ്യോതിർമഠത്തിനു സമീപം നിരവധി ചെറുക്ഷേത്രങ്ങളും ഗുഹകളും ശങ്കരാചാര്യരുടെ ശിഷ്യന്മാർ ഉപയോഗിച്ചിരുന്ന വസ്തുക്കളും കാണാം.
ജ്യോതിർമഠ് ലോപിച്ചാണ് ഈ പുണ്യനഗരിക്ക് ജോഷിമഠ് എന്ന പേരുവന്നതെന്നു പറയപ്പെടുന്നു. ജോഷിമഠ് പ്രദേശത്തെ ഇടിഞ്ഞുതാഴൽ പ്രതിഭാസത്തിൽ ജോതിർമഠ് ആശ്രമത്തിനും ഈയിടെ വിള്ളൽ സംഭവിച്ചിട്ടുണ്ട്.
താഴുന്ന നരസിംഹമന്ദിർ
ബദരീനാഥ് ക്ഷേത്രം ഹിമപാളികളിൽ മൂടിക്കിടക്കുന്ന ആറു മാസക്കാലത്ത് പകരം പൂജാകർമങ്ങൾ നടത്തുന്ന ഇടമാണ് നരസിംഹമന്ദിർ ക്ഷേത്രം. ജോഷിമഠ് പട്ടണത്തിനു താഴ്ഭാഗത്തായാണ് ഇതിന്റെ സ്ഥാനം.
തടിയിൽ നിർമിച്ച പഴയ നരസിംഹക്ഷേത്രത്തിനു മുന്നിൽ പുതിയ ക്ഷേത്രം പണിതിട്ട് ഏറെക്കാലമായിട്ടില്ല. നയനമനോഹരമായ ഈ ക്ഷേത്രം പൂർണമായും കൽപ്പാളികളിലാണ് നിർമിച്ചിരിക്കുന്നത്.
നരസിംഹ അവതാരത്തിലുള്ള മഹാവിഷ്ണുപ്രതിഷ്ഠയുള്ള അതിപുരാതനമായ ക്ഷേത്രമാണിത്. ഒപ്പം ജോഷിമഠിലെ പ്രധാന ക്ഷേത്രവും. ഇവിടെ മഹാവിഷ്ണുവിന്റെ നരസിംഹാവതാര വിഗ്രഹം ശങ്കരാചാര്യർ സ്വന്തം കൈകൾകൊണ്ട് പ്രതിഷ്ഠിച്ചതാണെന്ന് തലമുറകളായി വിശ്വസിക്കപ്പെടുന്നു. ഐഎസ്ആർഒയുടെ റിപ്പോർട്ട് പ്രകാരം പുണ്യ പുരാതനമായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശവും ആഴങ്ങളിലേക്ക് താഴ്ന്നുകൊണ്ടിരിക്കുകയാണ്.
മഞ്ഞുമല കയറാം
ഹിമാലയ സാനുക്കളിലെ പ്രധാന സ്കീയിംഗ് കേന്ദ്രമാണ് ഓലി. ജോഷിമഠ് പർവതശിഖരത്തിന് ഏറ്റവും മുകൾഭാഗമാണിവിടം. ഏഷ്യയിലെ ഏറ്റവും നീളംകൂടിയ കേബിൾ കാർ (നാലു കിലോമീറ്റർ) തുടങ്ങുന്നത് ജോഷിമഠിൽനിന്നാണ്. അവസാനിക്കുന്നത് ഓലിയിലും. 25 പേർക്ക് ഇതിൽ ഒരേസമയം ഇതിൽ യാത്ര ചെയ്യാൻ കഴിയും.
മഞ്ഞുപെയ്യാത്ത മാസങ്ങളിൽ കൃത്രിമമായി മഞ്ഞുണ്ടാക്കി സ്കീയിംഗ് നടത്തുന്ന ഇടങ്ങളും ഇവിടെയുണ്ട്. ഇന്തോ-ടിബറ്റൻ അതിർത്തിരക്ഷാസേനയുടെ പരിശീലനകേന്ദ്രവും ഓലിയിലാണ്. സമീപമായി വലിയൊരു കൃത്രിമതടാകവും കാഴ്ചയുടെ വിസ്മയമാണ്.
സ്കീയിംഗ് കൂടാതെ ട്രക്കിംഗ് റൂട്ടും ഇവിടെയുണ്ട്. അപ്രതീക്ഷിത കാലാവസ്ഥാവ്യതിയാനം സംഭവിക്കുന്ന ഓലിയിൽ മഞ്ഞിടിച്ചിൽ മൂലം അപകടങ്ങൾ പതിവാണ്. ഭൂമി ഇടിഞ്ഞു താഴലിൽ കേബിൾ കാറിന്റെ ഒന്നാം നന്പർ തൂണിന്റെ അടിത്തറയിൽ ശക്തമായ വിള്ളൽ രൂപപ്പെട്ടതിനെത്തുടർന്ന് താത്കാലികമായി സർവീസ് നിർത്തിവച്ചിരിക്കുന്നു.
തിളച്ചുമറിയുന്ന തപോവൻ
ഭൂമിക്കടിയിൽനിന്ന് ചൂടു നീരുറവ പുറത്തേക്ക് പ്രവഹിക്കുന്ന വിസ്മയക്കാഴ്ചയുടെ ഇടമാണ് തപോവൻ. ജോഷിമഠിൽനിന്ന് പതിനാലു കിലോമീറ്റർ മാറിയാണ് തപോവൻ. തീർത്തും വിജനമായ വിനോദസഞ്ചാരകേന്ദ്രം. തട്ടുതട്ടായുള്ള മലഞ്ചെരിവുകളിൽനിന്ന് തിളച്ചുമറിയുന്ന ചൂടുറവ പതഞ്ഞൊഴുകി ധൗലിഗംഗ നദിയിൽ പതിക്കുന്ന അദ്ഭുതക്കാഴ്ചയാണ് ഇവിടെ കാണാനാവുക.
സഞ്ചാരികളും തീർഥാടകരും കൊടും ചൂടുറവയിലേക്ക് അരി തോർത്തിൽ കെട്ടിയിട്ട് വേവിക്കുകയും മുട്ട പുഴുങ്ങിക്കഴിക്കുകയും ചെയ്യാറുണ്ട്. അഗ്നിപർവതത്തിൽനിന്ന് ലാവ പുറത്തേക്കൊഴുകി വരുന്നതിനു സമാനമാണ് ഈ പ്രതിഭാസം.
ഗന്ധകത്തിന്റെ അംശം കൂടുതലുള്ളതുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നതെന്നാണ് ശാസ്ത്രനിരീക്ഷണം. ഉറവയിൽനിന്നു പുറന്തള്ളുന്ന ചന്ദനനിറമുള്ള മണ്ണ് സൗന്ദര്യവർധക വസ്തുക്കളിൽ ഉപയോഗിക്കുന്നുണ്ട്.
കോച്ചിവിറയ്ക്കുന്ന അന്തരീക്ഷത്തിൽ ചൂടുവെള്ളത്തിൽ കുളിക്കുന്ന സുഖമാണ് ഈ നീരൊഴുക്ക് സമ്മാനിക്കുക. ഇതിൽ കുളിച്ചാൽ ത്വക്രോഗങ്ങൾ മാറിക്കിട്ടുമെന്നാണ് വിശ്വാസം. ഇവിടേക്ക് ബസ് സർവീസ് ഇല്ലാത്തതിനാൽ ജോഷിമഠിൽനിന്ന് ടാക്സി വിളിച്ചു വേണം ഇവിടെയെത്താൻ.
താഴ്വരയിലെ പൂക്കാലം
പൂക്കളുടെ താഴ്വര എന്നറിയപ്പെടുന്ന ലോകപ്രശസ്തമായ ‘വാലി ഓഫ് ഫ്ളവേഴ്സ്’ ഇവിടെയാണുള്ളത്. പ്രകൃതി താനേയൊരുക്കുന്ന ഈ പൂന്തോട്ടം യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
89 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പൂക്കളുടെ താഴ്വരയിൽ മുന്നൂറിലധികം ഇനത്തിൽപ്പെട്ട പൂച്ചെടികളാണു വളരുന്നത്. നിറത്തിലും വലുപ്പത്തിലും ആകൃതിയിലും വ്യത്യസ്തമായ ചെടികളും പൂക്കളും. പൂക്കൂട എന്നു പറഞ്ഞാൽ പറ്റില്ല, പൂമല എന്നുതന്നെ പറയേണ്ടിവരും ഈ താഴ്വരകളെ.
ഹിമപ്പുലി, ഹിമാലയൻ കരടി, കസ്തൂരിമാൻ തുടങ്ങി നിരവധി മൃഗങ്ങളുടെ വാസസ്ഥലം കൂടിയാണിവിടം. ജൂലൈ മുതൽ ഒക്ടോബർ വരെയാണ് പൂക്കളുടെ വസന്തകാലം. മറ്റു മാസങ്ങളിൽ ഇവിടം മഞ്ഞ് മൂടിക്കിടക്കും. ഇംഗ്ലീഷ് പർവതാരോഹകരായ ഫ്രാങ്ക് സ്മിത്ത്, ഹോർഡ് സ്വർത്ത് എന്നിവർ 1931ൽ യാദൃച്ഛികമായി കണ്ടെത്തിയ ഒരു പ്രദേശമാണിത്.
പുഷ്പാവതി നദി ഈ മലയിടുക്കിലൂടെ നുരഞ്ഞുപതഞ്ഞ് ഒഴുകുന്നുണ്ട്. ജോഷിമഠിൽനിന്ന് 21 കിലോമീറ്റർ മാറിയുള്ള ഗോവിന്ദ്ഘട്ട് വരെ വാഹനത്തിലും തുടർന്ന് 17 കിലോമീറ്റർ മല നടന്നുകയറിയും വേണം വാലി ഓഫ് ഫ്ളവേഴ്സ് പൂങ്കാവനക്കുന്നിലെത്താൻ.
തടാകക്കരയിൽ
സിക്ക് മതവിശ്വാസികളുടെ പുണ്യസ്ഥലമാണ് ഹേമ്കുണ്ഡ്. ഹേമ്കുണ്ഡ് സാഹിബ് ജിയുടെ ഗുരുദ്വാരയാണ് ഇവിടത്തെ പ്രത്യേകത. സിക്ക് മതാചാര്യന്മാരിൽപ്പെട്ട പത്താമത്തെ ഗുരു ഗോവിന്ദ് സിംഗ് പൂർവ ജന്മങ്ങളിലൊന്നിൽ ഹേമകുണ്ഡ് തടാകക്കരയിൽ ധ്യാനിച്ചിരുന്നതായാണ് വിശ്വാസം.
ഈ തടാകത്തിൽനിന്നാണ് ഹിമഗംഗ എന്ന അരുവിയുടെ ഉത്ഭവം. വാലി ഓഫ് ഫ്ളവേഴ്സ് ദേശീയോദ്യാനത്തിലേക്ക് ഇവിടെനിന്ന് അഞ്ച് കിലോമീറ്ററേയുള്ളൂ. ഗോവിന്ദ്ഘട്ട്വരെ വാഹനത്തിലും തുടർന്ന് പതിമൂന്നു കിലോമീറ്റർ ട്രക്കിംഗ് ചെയ്തും വേണം ഹേമ്കുണ്ഡിലെത്താൻ.
മഞ്ഞുകാലത്ത് ഗുരുദ്വാര മഞ്ഞിൽ പുതഞ്ഞുകിടക്കും. ശ്രീരാമന്റെ സഹോദരൻ ലക്ഷ്മണൻ യുദ്ധത്തിൽ ഗുരുതര പരിക്കേറ്റ് ഹേമകുണ്ഡ് തീരത്ത് ധ്യാനിച്ച് ആരോഗ്യം വീണ്ടെടുത്തതായി വിശ്വാസമുണ്ട്. ലക്ഷ്മണൻ ധ്യാനിച്ചതെന്നു പറയപ്പെടുന്ന സ്ഥലത്ത് ലക്ഷ്മണ ക്ഷേത്രവും നിർമിച്ചിട്ടുണ്ട്.
സൈന്യം കാവലിരിക്കുന്ന ക്ഷേത്രം
ഹിമാലയത്തിലെ ഏറ്റവും പ്രശസ്തമായതും വർഷത്തിൽ ആറു മാസം മഞ്ഞുമൂടിക്കിടക്കുന്നതുമായ ക്ഷേത്രമാണ് ബദരീനാഥ്. ശങ്കരാചാര്യർ പ്രതിഷ്ഠ നടത്തിയ ഈ വിഷ്ണുക്ഷേത്രത്തിലെ പ്രധാന പൂജാരി മലയാളിയാണെന്ന പ്രത്യേകതയുണ്ട്. റാവിൻജി എന്ന പേരിൽ അറിയപ്പെടുന്ന പൂജാരിക്ക് ഇവിടെ രാജാവിന്റെ സ്ഥാനമാണുള്ളത്.
വർഷത്തിലെ ആറ് മാസവും മഞ്ഞിൽ മൂടിക്കിടക്കുന്ന ഈ ക്ഷേത്രം ഇന്ത്യൻ സൈന്യത്തിന്റെ സുരക്ഷയിലാണ്. നവംബർ അവസാനം ക്ഷേത്രം അടയ്ക്കുകയും മേയ് പകുതിയോടെ തുറക്കുകയും ചെയ്യും. സൂര്യകുണ്ഡ് എന്ന പേരിൽ തപോവനിൽ കാണുന്ന തരത്തിലുള്ള ചൂട് നീരുറവ ക്ഷേത്രത്തിനു തൊട്ടുതാഴെയുണ്ട്. ഇതിൽ കുളിക്കാം, തണുപ്പിൽനിന്ന് ആശ്വാസം തേടാം.
മഞ്ഞുമലകൾക്കിടയിൽ പ്രശസ്തമായ അളകനന്ദ നദിയുടെ തീരത്താണ് ബദരീനാഥ് ക്ഷേത്രം. ജൈനമതത്തിലും ഈ സ്ഥലം പൂജ്യമാണ്. ഗൗരീശങ്കർ, കൈലാഷ്, ബദരീനാഥ്, നന്ദ, ദ്രോംഗിരി, നരനാരായണ, ത്രിശൂലി എന്നീ എട്ട് പർവതനിരകൾ ഉള്ളതിനാൽ ജൈനമതത്തിൽ ഹിമാലയത്തെ അഷ്ടപദ് എന്നും വിളിക്കുന്നുണ്ട്.
അവസാന ഗ്രാമം
ബദരീനാഥിൽനിന്ന് നാലു കിലോമീറ്റർ അകലെ അതിർത്തിയിലെ അവസാന ഇന്ത്യൻ ഗ്രാമം എന്ന പേരിൽ പ്രശസ്തമാണ് മന. ബദരീനാഥിനു സമീപമുള്ള ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് മന.
ആറു മാസം മഞ്ഞിനടിയിലാകുന്ന ഈ ഗ്രാമത്തിലാണ് വ്യാസഗുഹ സ്ഥിതി ചെയ്യുന്നത്. വ്യാസൻ മഹാഭാരതം രചിച്ചത് ഈ ഗുഹയിൽവച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. ആറു മാസക്കാലമേ മനയിൽ മനുഷ്യവാസമുള്ളൂ. മഞ്ഞുവീണു തുടങ്ങുന്പോൾ ദേശവാസികൾ മലയിറങ്ങും. ഒരേസമയം രണ്ടിടത്തു വീടുകളുള്ളവരാണ് മന നിവാസികൾ.
ഇന്ത്യൻ സൈന്യത്തിന്റെ ഹെലിപ്പാഡും സൈനിക കേന്ദ്രവും ഗ്രാമത്തിനു തൊട്ടുമുന്നിലാണ്. ഇന്തോ-ടിബറ്റ് അതിർത്തിയിലെ ഈ ഗ്രാമം സരസ്വതീ നദിക്കരയിലാണ്. സരസ്വതീ നദിയും അളകനന്ദയും കൂടിച്ചേരുന്നത് ഇവിടെവച്ചാണ്. മന ഗ്രാമത്തിൽനിന്ന് ആറു കിലോമീറ്റർ ദൂരത്തിലാണ് വസുന്ധര വെള്ളച്ചാട്ടം.
400 അടി ഉയരത്തിൽനിന്നു പതിക്കുന്ന വെള്ളച്ചാട്ടത്തിലെ വെള്ളത്തിന് ഒൗഷധഗുണമുണ്ടെന്നാണു വിശ്വസം. ആറു കിലോമീറ്റർ നടന്നു വേണം ഈ വെള്ളച്ചാട്ടത്തിനരികിലെത്താൻ.
അരുണ് ടോം