ബോ​ബ​നും മോ​ളി​യും
ബോ​ബ​നും മോ​ളി​യ്ക്കും പ്രാ​യം എ​ഴു​പ​തിലേക്ക് അ​ടു​ക്കു​ന്നു. മ​ല​യാ​ളി​ക​ൾ ഈ "കു​ട്ടി​ക​ളു’ മാ​യി ച​ങ്ങാ​ത്തം കൂ​ടി​യി​ട്ട് ആ​റു പ​തി​റ്റാ​ണ്ട് പി​ന്നി​ടു​ക​യും ചെ​യ്തിരിക്കുന്നു. ത​ല​മു​റ​ക​ളെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്ത കാർട്ടൂണിസ്റ്റ് ടോം​സി​ന്‍റെ ബോ​ബ​നും മോ​ളി​യും മു​ത്ത​ച്ഛ​നും മു​ത്ത​ശ്ശി​യു​മാ​യി വ​ള​ർ​ന്നി​ട്ടും വായനാമ​ന​സു​ക​ളി​ൽ ഇ​വ​ർ മ​ഹാകു​സൃ​തി​ക​ൾ​ത​ന്നെ. ഒ​രു പ​ക്ഷെ ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​ക കാ​ർ​ട്ടൂ​ണ്‍ ക​ഥാ​പാ​ത്ര​ങ്ങ​ളും ബോ​ബ​നും മോ​ളി​യും മാ​ത്ര​മാ​യി​രി​ക്കും.

കു​ട്ട​നാ​ട്ടി​ലെ വെ​ളി​യ​നാ​ട് ഗ്രാമത്തിൽ അ​ത്തി​ക്ക​ളം വാ​ട​യ്ക്ക​ൽ തോ​പ്പി​ൽ തോ​മ​സ് എ​ന്ന വി.​റ്റി.​തോ​മ​സാ​ണ് കാ​ർ​ട്ടൂ​ണി​സ്റ്റ് ടോം​സ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​യ​ൽ​വാ​സി​ക​ളും ബ​ന്ധു​ക്ക​ളു​മാ​യി​രു​ന്നു ക​രിവേ​ലി​ത്ത​റ ചാ​ക്കോ-മേ​രി ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ബോ​ബ​നും അ​നു​ജ​ത്തി മോ​ളി​യും. ടോം​സി​ന്‍റെ വീ​ടു മാ​ത്ര​മ​ല്ല മു​റ്റ​ത്തെ പേ​ര​യും ചാ​ന്പ​യും മാ​വു​മൊ​ക്കെ സ്വ​ന്തം പോ​ലെ അവകാശമാക്കിയിരുന്ന ആങ്ങളയുടെയും പെങ്ങളുടെയും ബാ​ല്യ​കാ​ല വി​കൃ​തി​ക​ളെ അ​ദ്ദേ​ഹം വ​ര​ക​ളി​ലൂ​ടെ ഒ​പ്പി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സൈ​ന്യ​ത്തി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ടോം​സ് ജ്യേ​ഷ്ഠ​ൻ കാ​ർ​ട്ടൂ​ണി​സ്റ്റ് പീ​റ്റ​ർ തോ​മ​സി​നെ മാ​തൃ​ക​യാ​ക്കി​യാ​ണ് വ​ര​യി​ലേ​ക്ക് വി​ര​ൽ വച്ചത്. അ​ന്നു ടോം​സി​ന് മു​പ്പ​ത് വ​യ​സ്. "ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന തെ​ങ്ങി​ൽ ചാ​രി​നി​ന്ന് ടോം​സ് വ​ര​യ്ക്കു​ന്ന ആ​ന​യു​ടെ​യും വ​ള്ള​ത്തി​ന്‍റെ​യു​മൊ​ക്കെ പ​ട​ങ്ങ​ൾ കാ​ണാ​നാ​ണ് ഞ​ങ്ങ​ൾ അ​ടു​ത്തു​കൂ​ടി​യ​ത്. അ​ന്നൊ​ക്കെ ടോം​സി​നും പിതാവ് തൊ​മ്മ​ച്ച​നും ഞ​ങ്ങ​ളു​ടെ കുരുത്തക്കേടുകൾ അ​ത്ര​യ​ങ്ങ് പി​ടി​ച്ചി​രു​ന്നി​ല്ല. അ​വ​രു​ടെ നാ​ലേ​ക്ക​ർ പുരയിടത്തിനു ന​ടു​വി​ലൂ​ടെ​യാ​യി​രു​ന്നു വെ​ളി​യ​നാ​ട് എ​ൽ​പി സ്കൂ​ളി​ലേ​ക്കു​ള്ള ഞ​ങ്ങ​ളു​ടെ ന​ട​പ്പ്. ആ ​ക​യ്യേ​റ്റം ഒ​ഴി​പ്പി​ക്കാ​ൻ തൊ​മ്മ​ച്ച​ൻ അ​തി​രോ​ളം നീ​ള​ത്തി​ൽ പ​ത്ത​ൽ വേ​ലി​കെ​ട്ടി. ന​ട​പ്പു​ദൂ​രം കു​റ​യ്ക്കാ​ൻ മാ​ത്ര​മാ​യി​രു​ന്നി​ല്ല അ​യ​ല​ത്തെ ക​ടി​ക്കു​ന്ന പ​ട്ടി​യെ ഭ​യ​ന്നുകൂ​ടി​യാ​ണ് ടോം​സി​ന്‍റെ പ​റ​ന്പ് വ​ഴി​യാ​​ക്കേ​ണ്ടി​വ​ന്ന​ത്. ക​ടി​യ​ൻ​പ​ട്ടി പാ​ഞ്ഞു​വ​രു​ന്പോ​ൾ ഞങ്ങൾക്ക് തോ​ട്ടി​ൽ ​ചാ​ടി ര​ക്ഷ​പ്പെ​ടേ​ണ്ടി​വ​ന്നി​ട്ടു​മു​ണ്ട്. ആ ​വ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കു​നി​ഞ്ഞു ക​യ​റാ​ൻ പാ​ക​ത്തി​ൽ വേ​ലി​ക്ക് ദ്വാ​ര​മു​ണ്ടാ​ക്കി അ​തു​വ​ഴി​യു​ള്ള ന​ട​പ്പ് തു​ട​ർ​ന്നു. ഞ​ങ്ങ​ളെ പു​റ​ത്താ​ക്കാ​ൻ അ​വ​ർ മു​ള്ളു​വേ​ലി കെ​ട്ടി​യ​തോ​ടെ പു​തി​യ ഉ​പാ​യം ക​ണ്ടെ​ത്തി. വ​ള്ളം​പോ​ലെ ചാ​ഞ്ഞു നി​ന്നി​രു​ന്ന തെ​ങ്ങി​ലൂ​ടെ കയറി വേ​ലി ചാ​ടി സ​ഞ്ചാ​രം തു​ട​ർ​ന്നു. നി​റ​യെ കാ​യു​ള്ള തെ​ങ്ങ് വെ​ട്ടി​മാ​റ്റാ​ൻ മ​ന​സി​ല്ലാ​തെ തൊ​മ്മ​ച്ച​ൻ ഞ​ങ്ങ​ൾ​ക്കു മു​ന്നി​ൽ തോ​റ്റു.

അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് അ​യ​ല​ത്തു​കാ​രു​ടെ മാ​ന്പ​ഴ​വും പേ​ര​യ്ക്ക​യു​മൊ​ക്കെ ക​ണ്ടും കാ​ണാ​തെ​യും പെ​റു​ക്കി സ​മ്മാ​നി​ച്ച് ടോം​സി​ന്‍റെ ച​ങ്ങാ​ത്തം ഞ​ങ്ങ​ൾ ഒ​രു​വി​ധം സ്വ​ന്ത​മാ​ക്കി​യ​ത്. ചാ​ർ​ട്ട് പേ​പ്പ​റി​ൽ പെ​ൻ​സി​ൽ​കൊ​ണ്ടു​ള്ള ആ ​പ​ടം​വ​ര അ​ടു​ത്തു​കാ​ണു​ക ഒ​ന്നു​ മാത്രമായിരുന്നു ആഗ്രഹം’-ബോബൻ ഓർമിക്കുന്നു.

അ​ന​ശ്വ​ര​മാ​യ ആ​ദ്യ​വ​ര

"ഒ​രി​ക്ക​ൽ ഞാ​ൻ ടോം​സി​നോ​ടു ചോ​ദി​ച്ചു എ​ന്നെ​യൊ​ന്നു ക​ട​ലാ​സി​ൽ വ​ര​ച്ചു ത​രു​മോ​യെ​ന്ന്. ഒ​ട്ടും വൈ​കി​യി​ല്ല, ചു​രു​ള​ൻ മു​ടി​യും വ​ട്ട​ക്ക​ണ്ണും കു​ട്ടി​ഫ്രോ​ക്കു​മൊ​ക്കെ​യാ​യി വ​ര​ച്ച​പ്പോ​ൾ ഞാ​ൻ അ​സ​ലാ​യി. അ​തു​മാ​യി സ്കൂ​ളി​ൽ ചെ​ന്ന​പ്പോ​ൾ കൂ​ട്ടു​കാ​രും പ​റ​ഞ്ഞു പടം എ​ന്നെ​പ്പോ​ലെ​ത​ന്നെ​യാ​ണെ​ന്ന്.’ ആ​ദ്യ വ​ര​യു​ടെ ഓ​ർ​മ മോ​ളി അ​യ​വി​റ​ക്കി. മോ​ളി​യെ​പ്പോ​ലെ വ​ര​ച്ചു​കി​ട്ടാ​ൻ ബോ​ബ​നും മോ​ഹം. ഉടുപ്പും നി​ക്ക​റുമിട്ട ബോ​ബ​ൻ എ​ന്ന കു​സൃ​തി​യെ​യും ടോം​സ് വ​ര​ച്ചു.
മൂ​ന്നാം ക്ലാ​സു​കാ​ര​ൻ ബോ​ബ​നും ര​ണ്ടാം ക്ലാ​സു​കാ​രി മോ​ളി​യും അങ്ങനെ ടോം​സി​ന്‍റെ കൈ​വ​ര​യി​ൽ തെ​ളി​ഞ്ഞു, ഒ​പ്പം ത​ലേ​വ​ര​യും.

"ഞ​ങ്ങ​ളു​ടെ ഓ​ട്ട​വും പൊ​ട്ട​ത്ത​ര​ങ്ങ​ളു​മൊ​ക്കെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ച് ടോം​സ് വ​ര​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. ഞ​ങ്ങ​ളി​രു​വ​രു​ടെ​യും ബാ​ല്യ​ത്തി​ലെ ​ര​സ​ക്കൂ​ട്ടു​ക​ളാ​ണ് ലോ​ക​മ​ല​യാ​ളി​ക​ളെ കാലങ്ങളോളം ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്തത്. ’
ബോ​ബ​നെ​യും മോ​ളി​യെ​യും വരച്ച ക​ട​ലാ​സു​ക​ൾ അ​ക്കാ​ല​ത്തു കാ​ണാ​നി​ട​യാ​യ വെ​ളി​യ​നാ​ട് പ​ള്ളി​യി​ലെ വി​കാ​രി ഫാ.​ജോ​സ​ഫ് വ​ട​ക്കും​മു​റി ഒ​രി​ക്ക​ൽ ടോം​സി​നോ​ടു ചോ​ദി​ച്ചു, ഇ​തൊ​ക്കെ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​നു കൊ​ടു​ത്തു​കൂ​ടേ​യെ​ന്ന്. അ​ങ്ങ​നെ ആ ​വ​ര​ക​ളു​മാ​യി പ​ല പ​ത്ര​മോ​ഫീ​സു​ക​ൾ ടോം​സ് ക​യ​റി​യി​റ​ങ്ങി. പ​ത്ര​മാ​സി​ക​ക​ളി​ൽ കാ​ർ​ട്ടൂ​ണ്‍ അ​ക്കാ​ല​ത്ത് അ​പൂ​ർ​വ​മാ​യി​രു​ന്നു. ത​ടി​യി​ലും അലുമിനിയത്തിലും ബ്ലോ​ക്ക് ത​യാ​റാ​ക്കി കാ​ർ​ട്ടൂ​ണ്‍ അ​ച്ച​ടി​ക്കു​ന്ന​തി​നു ഭാ​രി​ച്ച ചെ​ല​വും. പ​ല പ​ത്രാ​ധി​പ​ൻ​മാ​രെ​യും നേ​രി​ൽ​ക​ണ്ടും ത​പാ​ലി​ൽ അ​യ​ച്ചും ടോംസ് അ​വ​സ​രം ചോ​ദി​ച്ചു. പ​ല​രും ത​ള്ളി​ക്ക​ള​യു​ക​യും പി​ൽ​ക്കാ​ല​ത്ത് മാ​ധ്യ​മ​ങ്ങ​ൾ കൊ​ണ്ടാ​ടു​ക​യും ചെ​യ്ത ബോ​ബ​നും മോ​ളി​യും വൈകാതെ വാ​യ​നാ​ലോ​ക​ത്തെ ര​സ​ഗു​ള​യാ​യി പ​രി​ണ​മി​ച്ചു. ആ​ദ്യ​വ​ർ​ഷ​ങ്ങ​ളി​ലൊ​ക്കെ ഞ​ങ്ങ​ളു​ടെ കു​ട്ടി​ത്തം മാ​ത്ര​മാ​യി​രു​ന്നു ബോ​ബ​നും മോ​ളി കാ​ർ​ട്ടൂ​ണി​ലെ വി​ഷ​യം. ര​ണ്ടു കു​ട്ടി​ക​ളി​ൽ ആ​ശ​യ​ലോ​കം ഒ​തു​ക്കാ​തെ വി​ശാ​ല​മാ​യ ചി​ന്ത​യും ചി​രി​യും ജ​നി​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ദ്ദേ​ഹം കൂട്ടി​ച്ചേ​ർ​ത്തു.

മ​ധ്യ​വ​ർ​ഗ ജീ​വി​ത​ത്തി​ന്‍റെ ത​മാ​ശ​ക​ളും ആ​നു​കാ​ലി​ക രാ​ഷ്്‌ട്രീയ, സാ​മൂ​ഹി​ക സം​ഭ​വ​ങ്ങ​ളും അ​പാ​ര ​ഭാ​വ​ന​യോ​ടെ വ​ലി​യ കാ​ൻ​വാ​സി​ൽ ടോം​സ് വ​ര​ച്ചു​തു​ട​ങ്ങി.

ഉ​പ്പാ​യി മാ​പ്ല​യു​ടെ വ​ര​വ്

"ഞ​ങ്ങ​ളെ​ക്കൂ​ടാ​തെ ടോം​സ് ആ​ദ്യം കൊ​ണ്ടു​വ​ന്ന ക​ഥാ​പാ​ത്ര​മാ​ണ് ഉ​പ്പാ​യി മാ​പ്ല. ഉ​പ്പാ​യി ഞങ്ങളുടെയൊക്കെ അ​യ​ൽ​വാ​സി​ത​ന്നെ​യാ​യി​രു​ന്നു. ടോം​സി​ന്‍റെ പു​ഞ്ച​വ​യ​ലി​നു സ​മീ​പ​മാ​യി​രു​ന്നു ഉ​പ്പാ​യി​യു​ടെ വീ​ട്. ​സ​ദാ​സ​മ​യവും കൈ പി​ന്നി​ൽ കെ​ട്ടി വീ​ടി​ന്‍റെ തെ​ക്കു​വ​ട​ക്കു ന​ട​ക്കു​ന്ന ഒ​രാ​ൾ. അ​ങ്ങ​നെ ഉ​പ്പാ​യി മാ​പ്ല​യു​ടെ വി​ഡ്ഡി​ത്ത​ങ്ങ​ളും വി​വ​ര​ക്കേ​ടുകളും വാ​യ​ന​ക്കാ​രെ ചി​രി​പ്പി​ച്ചു.

തു​ട​ർ​ന്നാ​ണ് വെ​ളി​യ​നാ​ട്ടെ നാ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ കി​ഴു​ക്കാം​തൂ​ക്ക് എ​ന്ന സാ​ങ്ക​ൽ​പി​ക പ​ഞ്ചാ​യ​ത്തി​ലെ ക​ഥാ​ലോ​ക​മാ​യി മാ​റ്റി​യ​ത്. ത​മാ​ശ​ക​ൾ​ക്കും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും മാ​നം ന​ൽ​കാ​ൻ ടോംസ് കൂ​ടു​ത​ൽ ക​ഥാ​പാ​ത്ര​ങ്ങ​ൾക്ക് ഇടംകൊടുത്തു. കാ​ർ​ട്ടൂ​ണി​ൽ കുട്ടികളുടെ പപ്പയായി ചി​ത്രീ​ക​രി​ച്ച പോ​ത്ത​ൻ വ​ക്കീ​ൽ ഞ​ങ്ങ​ളു​ടെ പി​തൃ​സ​ഹോ​ദ​ര പു​ത്ര​ൻ അ​ഡ്വ. ​കെ. ​എം. അ​ല​ക്സാ​ണ്. പോ​ത്ത​ൻ​വ​ക്കീ​ൽ എ​ന്ന കേ​സി​ല്ലാ വ​ക്കീ​ൽ. ച​ട്ട​യും മു​ണ്ടുമു​ടു​ത്ത മേ​രി​ക്കു​ട്ടി​യെ കുട്ടികളുടെ അ​മ്മ​യാ​യി വ​ര​ച്ചു.

അ​ക്കാ​ല​ത്ത് ഒ​രു പ​ട്ടി​ക്കു​ട്ടി​യെ സ​ദാ ക​യ​റി​ൽ വ​ലി​ച്ചു​കൊ​ണ്ടാ​ണ് ഞ​ങ്ങ​ളു​ടെ ന​ട​പ്പ്. ടി​റ്റോ എ​ന്നാ​യി​രു​ന്നു നാ​യ​ക്കു​ട്ടി​യു​ടെ പേ​ര്. അ​ങ്ങ​നെ ഞ​ങ്ങ​ളു​ടെ നാ​യ​ക്കു​ട്ടി​യും ക​ണ്ണു​തി​രി​ഞ്ഞാ​ൽ ക​ട്ടു​തി​ന്നു​ന്ന പൂ​ച്ച​യും കാ​ർ​ട്ടൂ​ണ്‍ പ്ലോ​ട്ടു​ക​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി.
ഒ​ന്നി​നും കൊ​ള്ളാ​ത്ത പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ട്ടു​ണ്ണ​നും അ​യ​ൽ​വാ​സി​ത​ന്നെ. ഉ​ണ്ണി​ട്ട​ൻ എ​ന്നാ​യി​രു​ന്നു അ​ങ്ങേ​രു​ടെ ശ​രി​ക്കു​ള്ള പേ​ര്. വ​ര​യി​ലെ സാ​മ്യം​ക​ണ്ട് ഉ​ണ്ണി​ട്ട​ൻ ത​ന്നെ​യെ​ന്നു തി​രി​ച്ച​റി​ഞ്ഞ​തോ​ടെ അ​യാ​ളു​ടെ ഭാ​ര്യ ഭീ​ഷ​ണി​യു​മാ​യി മു​ന്നി​ലെ​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്ി​നെ ഭ​യ​പ്പെ​ടേ​ണ്ടി​യി​രു​ന്നി​ല്ലെ​ങ്കി​ലും ഭാ​ര്യ​യു​ടെ ആ​ക്രോ​ശം ഭ​യ​ന്ന് ചേ​ട്ട​ൻ എ​ന്ന പേ​രി​ലേ​ക്ക് ഉ​ണ്ണി​ട്ട​നെ മാ​റ്റി. ച​ട്ട​യും മു​ണ്ടും ധ​രി​ച്ച ചേ​ട്ട​ത്തി​യെ​ന്ന് കാ​ർ​ട്ടൂ​ണി​ൽ പ​റ​യു​ന്ന ഭാ​ര്യ​ക്ക് മ​ജി​സ്ട്രേ​റ്റ് മ​റി​യാ​മ്മ എ​ന്നു വി​ളി​പ്പേ​രു​ണ്ടാ​യി​രു​ന്നു. ഹെ​ഡ് ന​ഴ്സാ​ണെ​ന്നു പ​റ​ഞ്ഞ് ക​ല്യാ​ണം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ഇ​വ​ർ സ്വീ​പ്പ​ർ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന് വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്.

കേ​ര​ള​ത്തി​ൽ എ​ഴു​പ​തു​ക​ളി​ൽ ഹി​പ്പി​സം ഫാ​ഷ​നാ​യ കാ​ല​ത്ത് ഹി​പ്പി​ക​ളെ ക​ളി​യാ​ക്കാ​നാ​ണ് പൂ​വാ​ല​ൻ അ​പ്പി​ഹി​പ്പി​യെ ടോം​സ് അ​വ​ത​രി​പ്പി​ച്ച​ത്. കോ​ട്ട​യം ആ​ർ​ട്സ് സൊ​സൈ​റ്റി​യി​ലെ ഗി​റ്റാ​റി​സ്റ്റാ​യി​രു​ന്നു ആ ​ചെ​റു​പ്പ​ക്കാ​ര​ൻ. ഉൗ​ശാ​ൻ​താ​ടി​യും ഹി​പ്പി​ത്ത​ല​മു​ടി​യും കൈ​യി​ലൊ​രു ഗി​റ്റാ​റു​മാ​യി കാ​ണാ​നി​ട​യാ​യ ര​സി​ക​നെ അ​പ്പി​ഹി​പ്പി എ​ന്ന പേ​രി​ൽ വരച്ചപ്പോൾ ജനത്തിന് ന​ന്നേ ര​സി​ച്ചു. രാ​ഷ്‌ട്രീ​യ വി​ഷ​യ​ങ്ങ​ളെ വി​മ​ർ​ശ​നാ​ത്മ​ക​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ പ​റ്റി​യ ഒ​രു നേ​താ​വി​നെ കി​ട്ടാ​ൻ ടോംസ് ഏ​റെ​ക്കാ​ലം ശ്ര​മി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ​രി​ഹാ​ര​മാ​യി ആ​ർ. ശ​ങ്ക​റി​ന്‍റെ മു​ടി​യും സി.​എം. സ്റ്റീ​ഫ​ന്‍റെ നെ​റ്റി​യും സി.​കേ​ശ​വ​ന്‍റെ മൂ​ക്കും കെ.​എം. മാ​ണി​യു​ടെ മീ​ശ​യും കെ. ​ക​രു​ണാ​ക​ര​ന്‍റെ പ​ല്ലും വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ താ​ടി​യും വ​യ​ലാ​ർ ര​വി​യു​ടെ കീ​ഴ്ത്താ​ടി​യും കൂ​ട്ടി​ച്ചേ​ർ​ത്ത് വ​ര​ച്ച രൂ​പ​മാ​ണ് കാർട്ടൂണിലെ നി​റ​സാ​ന്നി​ധ്യ​മാ​യ രാ​ഷ്‌ട്രീയ​നേ​താ​വ്. മൊ​ട്ട, ആ​ശാ​ൻ, കു​ട്ടേ​ട്ട​ൻ, പ​രീ​ത് തു​ട​ങ്ങിയ ക​ഥാ​പാ​ത്ര​ങ്ങ​ൾ ടോം​സി​ന്‍റെ ഭാ​വ​നാ​സൃ​ഷ്ടി​ക​ളാ​യി​രു​ന്നു.

അ​വ​രെ​ന്നും കു​ട്ടി​ക​ൾ​

" ചെ​റി​യ പ്രാ​യ​മ​ല്ലേ, ബോ​ബ​നും മോ​ളി​യി​ലും അ​ച്ച​ടി​ച്ചു വ​രു​ന്ന​തൊ​ക്കെ ഞ​ങ്ങ​ളു​ടെ വി​കൃ​തി​ത്ത​ര​ങ്ങ​ളാ​ണെ​ന്നോ ഉ​ള്ള​ട​ക്ക​മെ​ന്തെ​ന്നോ അ​ക്കാ​ല​ത്ത് തി​രി​ച്ച​റി​വി​ല്ല. ആ​റേ​ഴു വ​ർ​ഷം ക​ഴി​ഞ്ഞ​തോ​ടെ ഞ​ങ്ങ​ൾ വെ​ളി​യ​നാ​ട്ടു നി​ന്നും ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കു താ​മ​സം മാ​റ്റി. കോ​ള​ജി​ലും മ​റ്റും പ​ഠി​ക്കു​ന്ന കാ​ല​ത്തും ടോം​സ് ഞ​ങ്ങ​ളു​ടെ ബാ​ല്യം ഭാ​വ​ന​യി​ൽ ക​ണ്ടും പ​ഴ​യ കാ​ര്യ​ങ്ങ​ൾ ഓ​ർ​മിച്ചും വ​ര തു​ട​ർ​ന്നു​. ഞാ​ൻ പി​ൽ​ക്കാ​ല​ത്ത് സൈപ്രസിൽ ജോ​ലി​ക്കു പോ​യി മ​ട​ങ്ങി​വ​ന്ന് എ​റ​ണാ​കു​ള​ത്ത് താ​മ​സ​മാ​ക്കി. മോ​ളി കു​ടും​ബി​നി​യാ​യി ആ​ല​പ്പു​ഴ​യി​ൽ താ​മ​സി​ക്കു​ന്നു. 2016ൽ ​മ​രി​ക്കു​ന്ന​തു വ​രെ, അ​താ​യ​ത് അ​ര നൂ​റ്റാ​ണ്ട് ടോംസ് ഞ​ങ്ങ​ളെ വ​ര​ച്ചു​കൊ​ണ്ടേയിരുന്നു. വ​ല്യ​പ്പ​നും വ​ല്യ​മ്മ​യു​മാ​യി വ​ള​ർ​ന്ന​പ്പോ​ഴും ടോം​സി​ന്‍റെ കൈ​വ​ര​യി​ൽ ഞ​ങ്ങ​ൾ കു​ട്ടി​ക​ൾ​ത​ന്നെ. വെ​ളി​യ​നാ​ട്ടെ വീ​ട്ടി​ൽ ടോം​സു​മാ​യി തു​ട​ങ്ങി​യ ച​ങ്ങാ​ത്തം അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം വ​രെ തു​ട​ർ​ന്നു​പോ​ന്നു. അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​യ​തി​നാ​ൽ എ​ല്ലാ വി​ശേ​ഷ​ങ്ങ​ളി​ലും ഒ​രു​മി​ച്ചു കാ​ണു​ക​യും പ​ഴ​യ ക​ഥ​ക​ൾ അ​യ​വി​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു.’

ബോ​ബ​നും മോ​ളി​യും കാ​ർ​ട്ടൂ​ണി​ലെ എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ളും ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ​പ്പോ​ലും ടോം​സി​നൊ​പ്പം ഒ​രു​മി​ച്ചു​കൂ​ടി​യി​ല്ല. അ​തി​ന് സാ​ഹ​ച​ര്യം ആ​രും ഒ​രു​ക്കി​യി​ട്ടു​മി​ല്ല. ഇ​പ്പോ​ൾ ഞാ​നും മോ​ളി​യും അ​പ്പി ഹി​പ്പി​യും ഒ​ഴി​കെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​രും ജീ​വി​ച്ചി​രി​പ്പു​മി​ല്ല.
ബോ​ബ​നും മോ​ളി​യും അ​ൻ​പ​താം വ​ർ​ഷ​ത്തി​ലെ​ത്തി​യ​പ്പോ​ൾ നാ​ഷ​ണ​ൽ കാ​ർ​ട്ടൂ​ണ്‍ അ​ക്കാ​ദ​മി ഡ​ൽ​ഹി​യി​ൽ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷം ന​ട​ത്തി​. അ​ന്ന് ടോം​സി​നെ​യും ഞ​ങ്ങ​ൾ ഇ​രു​വ​രെ​യും അ​ക്കാ​ദ​മി ആ​ദ​രി​ച്ചി​രു​ന്നു. ഒ​ട്ടേ​റെ പ്ര​മു​ഖ​രും ഡ​ൽ​ഹി​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​വും നേ​രി​ൽ കാ​ണാ​നും ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്കാ​നും അ​തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. പ്ര​വാ​സി മ​ല​യാ​ളി​ക​ൾ ഞ​ങ്ങ​ളെ അ​തി​ഥി​ക​ളാ​ക്കി നി​ര​വ​ധി ച​ട​ങ്ങു​ക​ളും സം​ഘ​ടി​പ്പി​ച്ചു. ബോ​ബ​നും മോ​ളി​യും ഇ​ത്ര​യേ​റെ ജ​ന​ഹൃ​ദ​യ​ങ്ങ​ളെ കീ​ഴ​ട​ക്കി​യ​വ​രാ​ണെ​ന്ന് അ​റി​യു​ന്ന​ത് അ​പ്പോ​ഴാ​ണ്.

"വ​ര​ക​ളി​ൽ പ്ര​വാ​ച​ക ദ​ർ​ശ​നം ടോം​സി​നു​ണ്ടാ​യി​രു​ന്നു​വെ​ന്നു തോ​ന്നി​പ്പോ​കും. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ ജ​ന​ങ്ങ​ളെ ഹെ​ലി​കോ​പ്ട​റി​ൽ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ങ്കി​ൽ പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ൻ​പ് ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം ടോം​സ് കാ​ർ​ട്ടൂ​ണി​ന് വി​ഷ​യ​മാ​ക്കി​യി​രു​ന്നു. ബ​സി​ലും ബോ​ട്ടി​ലു​മൊ​ക്കെ യാ​ത്ര ചെ​യ്യു​ന്പോ​ൾ ബോ​ബ​നും മോ​ളി​യും വാ​യി​ച്ചി​രു​ന്നു ചി​രി​ക്കു​ന്ന യാ​ത്ര​ക്കാ​രെ കാ​ണാ​നി​ട​യാ​യി​ട്ടു​ണ്ട്. ഈ ​ക​ഥാ​പാ​ത്രം ഞാ​നാ​ണെ​ന്നു പ​റ​യു​ന്പോ​ൾ അ​വ​രു​ടെ മു​ഖ​ത്തു​വി​രി​യു​ന്ന വി​സ്മ​യം കാ​ണേ​ണ്ട​തു​ത​ന്നെ​യെ​ന്ന് ഒ​റി​ജി​ന​ൽ ബോ​ബ​ൻ. ബോ​ബ​നും മോ​ളി​യും കാ​ർ​ട്ടൂ​ണു​ക​ളു​ടെ എ​ല്ലാ കോ​പ്പി​ക​ളും ഇ​രു​വ​രും സൂ​ക്ഷി​ക്കു​ന്നു​ണ്ട്.

ത​ല​മു​റ​ക​ളു​ടെ ചി​രി

"മ​ക്ക​ളെ​യും കൊ​ച്ചു​മ​ക്ക​ളെ​യു​മൊ​ക്കെ ഞ​ങ്ങ​ൾ ബോ​ബ​നും മോ​ളി​യും വാ​യി​ച്ചു​കേ​ൾ​പ്പി​ക്കു​ന്പോ​ൾ അ​വ​രു​ടെ മു​ഖ​ത്ത് വി​രി​യു​ന്ന ചി​രി​യാ​ണ് ഞ​ങ്ങ​ളു​ടെ സ​ന്തോ​ഷ​മെ​ന്നു ഒറിജിനൽ ബോ​ബ​നും മോ​ളി​യും. ചി​ത്ര​ത്തി​ൽ കാണുന്ന മോ​ളി ഞാ​നാ​ണെ​ന്നു പ​റ​യു​ന്പോ​ൾ പേ​ര​ക്കു​ട്ടി​ക​ൾ ചോ​ദി​ക്കും, മ​മ്മി ഇ​ത്ര​ത്തോ​ളം കു​സൃ​തി​യാ​യി​രു​ന്നോ​യെ​ന്ന്. ’
ന​ർ​മ​ഭാ​വ​ന​യു​ടെ അ​പാ​ര റീ​ച്ചു​ള്ള ക​ലാ​കാ​ര​നാ​യി​രു​ന്ന ടോം​സി​ന് അ​ർ​ഹ​മാ​യ ആ​ദ​രം ഇ​ന്നും കി​ട്ടി​യി​ട്ടി​ല്ലെ​ന്ന പ​രി​ഭ​വ​മാ​ണ് ബോ​ബ​നും മോ​ളി​ക്കു​മു​ള്ള​ത്. ഒ​രി​ക്ക​ലെ​ങ്കി​ലും ബോ​ബ​നും മോ​ളി​യും വാ​യി​ക്കാ​ത്ത മ​ല​യാ​ളി​യു​ണ്ടാ​വി​ല്ല. ആ ​വാ​യ​ന​യി​ൽ വ​ലി​പ്പ​ച്ചെ​റു​പ്പം ഉ​ണ്ടാ​യി​രു​ന്നു​മി​ല്ല.
ഇ​ത്ര​യേ​റെ ര​സ​ഗു​ണ്ടു​ക​ൾ അ​ര നൂ​റ്റാ​ണ്ടി​ലേ​റെ മു​ട​ങ്ങാ​തെ വ​ര​യി​ലും വാ​ക്കി​ലും സമ്മാനിച്ച ടോം​സ് കാ​ഴ്ച​യി​ൽ വ​ള​രെ ഗൗ​ര​വ​ക്കാ​ര​നാ​യി​രു​ന്നു​വെ​ന്ന് ബോ​ബ​ൻ. ആ​രെ​യും ചി​രി​പ്പി​ക്കു​ന്ന സീ​നു​ക​ൾ വ​ര​ച്ചി​ടു​ന്പോ​ഴും ആ ​മു​ഖ​ത്തു ചി​രി​യു​ണ്ടാ​വി​ല്ല. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ കാ​ർ​ട്ടൂ​ണ്‍ പ​ത്രം ഓ​ഫീ​സി​ലേ​ക്കു ത​പാ​ലി​ൽ അ​യ​യ്ക്കാൻ ഇ​വ​രു​ടെ കൈ​വ​ശ​മാ​ണ് അദ്ദേഹം കൊ​ടു​ത്ത​യ​ച്ചി​രു​ന്ന​ത്.

പി​ൽ​ക്കാ​ല​ത്ത് പ​ല പൊ​തു​ച​ട​ങ്ങു​ക​ൾ​ക്കും ക​ട ഉ​ദ്ഘാ​ട​ന​ങ്ങ​ൾ​ക്കും ബോ​ബ​നെ​യും മോ​ളി​യെ​യും സെ​ലി​ബ്രി​റ്റി​ക​ളാ​യി പ​ല​രും ക്ഷ​ണി​ച്ചി​ച്ചി​ട്ടു​ണ്ട്. കം​പ്യൂ​ട്ട​ർ ആ​നി​മേ​ഷ​നും ന​വീ​ന സാ​ങ്കേ​തി​ക രീ​തി​ക​ളു​മൊ​ക്കെ കാ​ർ​ട്ടൂ​ണി​ൽ വ​ന്ന​തി​നു​ശേ​ഷ​വും ക​റു​പ്പി​ലും വെ​ളു​പ്പി​ലു​മുള്ള ടോം​സ് വ​ര​ക​ൾ​ക്ക് ആ​സ്വാ​ദ​ക​രേ​റെ​യായിരുന്നു. ടോം ​ആ​ൻ​ഡ് ജെ​റി പോ​ലെ വി​ശ്വോ​ത്ത​ര കാ​ർ​ട്ടൂ​ണു​ക​ൾ​ക്കി​ട​യി​ലും ബോ​ബ​നും മോ​ളി​യും മ​ന​സു​ക​ളി​ൽ ചി​രി പ​ട​ർ​ത്തി. ഒ​ട്ടു​മു​ക്കാ​ലും നേ​താ​ക്ക​ളെ​യും ടോം​സ് ഒ​രി​ക്ക​ലെ​ങ്കി​ലും കാ​ർ​ട്ടൂ​ണി​ൽ വി​ഷ​യ​മാ​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ പ്ര​യാ​ണ​ത്തെ​യും നാ​ടി​ന്‍റെ സ്പ​ന്ദ​ന​ങ്ങ​ളെ​യും ഒ​പ്പി​യെ​ടു​ത്തു​വെ​ന്നു പ​റ​യാം. അ​ർ​ഹ​മാ​യ ഒ​രു ആ​ദ​ര​വും ബ​ഹു​മ​തി​യും സ​ർ​ക്കാ​ർ ടോം​സി​ന് ന​ൽ​കി​യി​ല്ലെ​ന്ന പ​രി​ഭ​വ​മാ​ണ് ബോ​ബ​നും മോ​ളി​ക്കു​മു​ള്ള​ത്.
അലക്സ് എന്നാണ് ബോബന്‍റെ യഥാർഥ പേര്. ബോബൻ വീട്ടിലെ വിളിപ്പേരാണ്. ബോ​ബ​ന്‍റെ ഭാ​ര്യ ലാ​ലി ചാ​ല​ക്കു​ടി ക​ല്ലേ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കെ​വി​ൻ, ഡേ​വി​ഡ്, ആ​ൻ മേ​രി. ബോ​ബ​നു മൂ​ന്നു പേ​ര​ക്കു​ട്ടി​ക​ൾ.

മോ​ളി​യു​ടെ ഭ​ർ​ത്താ​വ് ഇ​ല​ഞ്ഞി തൊ​ട്ടു​വേ​ലി​ൽ അ​ഗ​സ്റ്റി​ൻ. മ​ക്ക​ൾ ബ​ബി​ത, ക​വി​ത. കി​ര​ണ്‍. ഇ​വ​ർ​ക്ക് ഒ​ൻ​പ​ത് പേ​ര​ക്കു​ട്ടി​ക​ൾ. കാ​ർ​ട്ടൂ​ണി​സ്റ്റ് ടോം​സി​ന് ആ​റ് മ​ക്ക​ളു​ണ്ട്. ബോ​സ്, ബോ​ബ​ൻ, മോ​ളി, റാ​ണി, ഡോ.​പീ​റ്റ​ർ, ഡോ. ​പ്രി​ൻ​സി. പേ​ര​ക്കു​ട്ടി ഉ​ണ്ണി​ക്കു​ട്ട​നെ​യും ടോം​സ് ത​ന്‍റെ ക​ഥാ​പാ​ത്ര​മാ​ക്കി.

റെജി ജോസഫ്