ബിസിനസുകാരുടെ രക്ഷകൻ
Sunday, March 27, 2022 2:42 AM IST
എട്ടു വര്‍ഷം മുമ്പ് ഒരു ബുധനാഴ്ച. കോഴിക്കോട് ടാഗോര്‍ ഹാളിനു സമീപം ദോഹ കോംപ്ലക്സില്‍ നിഷാന്ത് അസോസിയേറ്റ്സിന്റെ ഓഫീസിലേക്ക് ഒരാള്‍ കയറി വന്നു.അമ്പതിനോടടുത്ത് പ്രായം. കേരളത്തിലെ ഒരു പ്രമുഖ ജ്വല്ലറിയുടെ പാര്‍ട്ണറായിരുന്നു അത്. നിഷാന്ത് അസോസിയേറ്റ്സ് മാനേജിംഗ് ഡയറക്ടറും പ്രശസ്ത ട്രെയിനറുമായ നിഷാന്ത് തോമസ് (45) അദ്ദേഹത്തെ സ്വീകരിച്ചിരുത്തി. നിരാശ പടരുന്ന മുഖം. പ്രതീക്ഷ അസ്തമിച്ച വാക്കുകൾ. തകര്‍ച്ചയുടെ പടുകുഴിയിലെത്തിയ തന്റെ ജ്വല്ലറിയുടെ കഥ അദ്ദേഹം നിഷാന്തിനു വിവരിച്ചുകൊടുത്തു. ഇരുപത്തിരണ്ടു ജീവനക്കാരുള്ള സ്ഥാപനത്തെ രക്ഷപ്പെടുത്താന്‍ മാനേജ്മെന്റ് ശ്രമിച്ചിട്ടും ഫലമില്ലാത്തതിന്റെ സങ്കടം അദ്ദേഹം പങ്കുവച്ചു. ഇരുപത്തിയൊന്നു വര്‍ഷമായി സ്വര്‍ണവ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹം തന്റെ ജ്വല്ലറിയുടെ ദയനീയാവസ്ഥ പറയുമ്പോള്‍ കണ്ഠമിടറി. നഷ്ടം കുന്നുകൂടിയതോടെ പാര്‍ട്ണര്‍മാര്‍ അകന്ന് അടച്ചുപൂട്ടലിന്റെ വക്കില്‍ എത്തിനില്‍ക്കുകയാണ് ജ്വല്ലറി.
എങ്ങനെയെങ്കിലും സ്ഥാപനത്തെ കരകയറ്റിത്തരുമോയെന്ന ചോദ്യമായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത്. തകര്‍ച്ചയുടെ കഥ കേട്ട നിഷാന്ത് തോമസ് അദ്ദേഹത്തിനു ധൈര്യം പകരുകയും അടച്ചുപൂട്ടാതെ സ്ഥാപനത്തെ മുന്‍നിരയിലെത്തിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുനല്‍കുകയും ഒപ്പം ആ ദൗത്യം ഏറ്റെടുക്കുകയും ചെയ്തു. ജ്വല്ലറിയെ അധഃപതനത്തിലേക്കു നയിക്കാനിട യാക്കിയതിന്റെ കാരണങ്ങള്‍ പഠിച്ചശേഷം മെല്ലെമെല്ലെ പുരോഗതിയിലേക്കു കൈപിടിച്ചുയര്‍ത്തി. ഒരു വര്‍ഷം കൊണ്ട് പുതുജീവനായി. ലാഭം വന്നുതുടങ്ങയതോടെ മറ്റൊരു ബ്രാഞ്ച് കൂടി തുറന്നു. ഇപ്പോള്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുകയാണ് ഈ സ്ഥാപനം.
രോഗികള്‍ക്കെന്നപോലെ ചികിത്സ
രോഗം കണ്ടെത്തി ചികിത്സിക്കുന്നവരാണ് ഡോക്ടര്‍മാര്‍. രോഗികളുടെ ആരോഗ്യ പരിപാലനവും ചികിത്സയുമാണ് ഡോക്ടര്‍മാരുടെ പ്രധാന തൊഴില്‍. ജീവന് രക്ഷിക്കുകയാണ് ഉത്തരവാദിത്വം. ഇത് ഡോക്ടര്‍മാരുടെ കാര്യം. എന്നാല്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്കു മാത്രമായി ഒരു ചികിത്സകന് ഉണ്ടായാലോ. നഷ്ടത്തിലോടുന്ന വ്യവസായ സ്ഥാപനങ്ങളുടെയും ബിസിനസ് യൂണിറ്റുകളുടെയും രോഗം എവിടെയാണെന്ന് കണ്ടെത്തി ചികില്സിക്കുകയും രോഗം മാറ്റുകയും ചെയ്യുന്നയാളാണ് നിഷാന്ത് തോമസ്. ദൈവം മനുഷ്യനെ എല്ലാറ്റിന്റെയും അധിപനായി സൃഷ്ടിച്ചുവെന്ന ബൈബിള്‍ വാക്യമാണ് നിഷാന്തിന്റെ മനസിലുള്ളത്. ബിസിനസിനെ അവന്റെ സൃഷ്ടിയായാണ് നിഷാന്ത് കാണുന്നത്. മനുഷ്യശരീരരത്തെപ്പോലെ ബിസിനസ് സ്ഥാപനങ്ങളെ കണക്കാക്കിയാണ് ചികിത്സ. ഇവയ്ക്ക് തലച്ചോറും മനുഷ്യശരീരത്തിലേതുപോലെ എല്ലാ അവയവങ്ങളും ഉണ്ടെന്ന് കണക്കാക്കുന്നു. ഏത് അവയവത്തിനു രോഗം ബാധിച്ചാണ് സ്ഥാപനം തകര്‍ച്ച നേരിടുന്നതെങ്കില്‍ ആ ഭാഗത്ത് ചികിത്സ നടത്തുന്നു.
ശസ്ത്രക്രിയ നടത്തണമെങ്കില്‍ അതും നിര്‍വഹിക്കുന്നു. മരുന്നു വയ്ക്കേണ്ട മുറിവുകളില്‍ മരുന്നു പുരട്ടുന്നു. തുന്നിക്കെട്ടുന്നു. സത്യത്തില്‍ ഒരു ഡോക്ടറുടെ എല്ലാ ചുമതലകളും നിര്‍വഹിക്കുന്നു. ഇത്തരത്തില്‍ ചികിത്സ നടത്തി ഇദ്ദേഹം ലാഭത്തിലാക്കിയ ബിസിനസ് യൂണിറ്റുകള്‍ കുറച്ചൊന്നുമല്ല സംസ്ഥാനത്തുള്ളത്. ഇപ്പോള്‍ നാല്പതോളം സ്ഥാപനങ്ങള്‍ക്കു മുന്നോട്ടുനയിക്കാന്വേണ്ട വഴികാട്ടിയാണ് ഇദ്ദേഹം. സ്ഥാപനങ്ങള്‍ക്കു മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്.
കുടിയേറ്റത്തിന്റെ വഴി
വിത്തുതേങ്ങയ്ക്കു പുകള്‍പെറ്റ നാടാണ് കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ കുറ്റ്യാടി. അത്യുല്പാദനശേഷിയുള്ള തെങ്ങിന്‍തൈകളാണ് ഈ ഗ്രാമത്തിന്റെ പെരുമ കൂട്ടിയത്. ഈ ഗ്രാമത്തില്‍ നിന്നാണ് നിഷാന്തിന്റെ വരവ്. കുറ്റ്യാടി മരുതോങ്കര പരേതനായ പൊങ്ങന്‍പാറ പി.ഡി. തോമസിന്റെയും റോസമ്മയുടെയും മകൻ. കുടിയേറ്റ കുടുംബമാണിത്. മലബാറിലേക്ക് 1944ല്‍ കോട്ടയം വാഴൂരില്‍ നിന്നാണ് കുടിയേറിയത്. വല്യപ്പച്ഛന് പൊങ്ങന്‍പാറ ദേവസ്യ മരുതോങ്കരയിലും പശുക്കടവിലും നൂറേക്കര്‍ സ്ഥലം വാങ്ങി കൃഷിയാരംഭിച്ചു. കഠിനാധ്വാനത്തിലൂടെ അദ്ദേഹം മണ്ണില്‍ പൊന്നുവിളയിച്ചു. ആ പാരമ്പര്യമാണ് നിഷാന്തിന്റെ പിതാവും പിന്തുടര്ന്നത്. റബ്ബര്‍, കവുങ്ങ്, ജാതി, കൊക്കോ കൃഷികൾക്കൊപ്പം കുറ്റ്യാടി വിത്തുതേങ്ങയുടെ വിതരണവും നിര്‍വഹിച്ചിരുന്നു.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവ് പി.ഡി. തോമസിന്റെ അപ്രതീക്ഷിത വേര്‍പാടാണ് നിഷാന്തിന്റെ ജീവിതം മാറ്റിമറിച്ചത്. പതിനാലാം വയസില്‍ കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തങ്ങളും നിഷാന്തില്‍ വന്നുചേര്‍ന്നു. അന്ന് അനുജൻ നിതിന്‍ ആറാം ക്ലാസിലും അനുജത്തി നീലിമ രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. കൃഷിയിടത്തില്‍ ഇരുപതിലധികം ജോലിക്കാരുണ്ടാകും. വല്യപ്പച്ഛനും വല്യമ്മയും നിഷാന്തിനൊപ്പമാണ് താമസം. പ്രായമെത്തിയതിനാൽ വല്യപ്പച്ഛനു കൃഷി നോക്കാന്‍ പറ്റില്ല.അതിനാല്‍ വീട്ടുകാര്യങ്ങള്‍ മുതല്‍ കൃഷിയിടം വരെ എല്ലാ ചുമതലയും നിഷാന്തിനായിരുന്നു. വീട്ടില്‍ നിന്ന് മാറിനില്ക്കാന് പറ്റാത്ത സാഹചര്യം. പുറത്തുപോയി പഠിക്കാനും കഴിഞ്ഞില്ല. അതിനാല്‍ ബിരുദാനന്തരബിരുദമെടുത്തതുവരെ പ്രൈവറ്റായി പഠിച്ചാണ്.വല്യപ്പച്ഛനാണ് തന്റെ റോള്‍ മോഡലെന്ന് നിഷാന്ത് പറയുന്നു. തികഞ്ഞ ദൈവവിശ്വാസിയായിരുന്നു വല്യപ്പച്ഛന്. പ്രാര്‍ഥനയ്ക്കും പള്ളിയില്പോകുന്നതിനുമെല്ലാം മുഖ്യപരിഗണനയാണ് നല്‍കിയിരുന്നത്. തൊഴിലാളികളെ ഹൃദയത്തോടു ചേര്‍ത്തു പിടിച്ചാണ് വല്യപ്പച്ഛന് കാര്‍ഷികവൃത്തി നടത്തിയിരുന്നത്.
തുടക്കം ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സില്‍
2004ല്‍ ഇരുപത്തിയേഴാം വയസില്‍ വിവാഹം കഴിയുന്നതുവരെ തികഞ്ഞ കര്‍ഷകനായിരുന്നു നിഷാന്ത് തോമസ്. ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്മാന് ഡോ.ബോബി ചെമ്മണ്ണൂരിന്റെ ഭാര്യാസഹോദരി ലക്ഷ്മിയാണ് നിഷാന്തിന്റെ ഭാര്യ. വിവാഹശേഷമാണ് ബിസിനസ് രംഗത്തേക്ക് ഇറങ്ങിത്തിരിച്ചത്. കുറ്റ്യാടിയിലെ ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ചുമതല ഡോ.ബോബി ചെമ്മണ്ണൂര്‍ നിഷാന്തിനെ ഏല്‍പ്പിക്കുകയായിരുന്നു. പതിനഞ്ച് ജീവനക്കാരുള്ള ഷോറൂമിനെ മികച്ച ഷോറൂമാക്കി മാറ്റിയെടുക്കാന്‍ നിഷാന്തിനു കഴിഞ്ഞു. നിഷാന്തിന്റെ മാനേജ്മെന്റ് പാടവം തിരിച്ചറിഞ്ഞ ബോബി 2007ല്‍ അദ്ദേഹത്തെ ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ ഡയറക്ടറാക്കി. എന്നാല്‍, തന്റേതായ ഒരു പ്രസ്ഥാനം ആരംഭിക്കണമെന്ന ചിന്തയിലായിരുന്നു നിഷാന്ത്. 2013 വരെ ചെമ്മണ്ണൂരിന്റെ ഡയറക്ടറായി തുടര്‍ന്ന അദ്ദേഹം സ്വന്തം പാത കണ്ടെത്തുകയായിരുന്നു. അങ്ങിനെയാണ് കോഴിക്കോട് ടാഗോര്‍ ഹാളിനു സമീപം നിഷാന്ത് ആന്‍ഡ് അസോസിയേറ്റ്സ് എന്ന പേരില്‍ ബിസിനസ് സപ്പോര്‍ട്ടിംഗ് കമ്പനിക്ക് രൂപം നല്‍കിയത്. പിന്നീട് അരയിടത്ത്പാലം എംപിഎസ് ടവറിലെ ഒമ്പതാം നിലയിലേക്ക് മാറ്റി. ഐഎസ്ഒ സര്‍ട്ടിഫൈഡ് ബിസിനസ് സ്ഥാപനമാക്കി ഇതിനെ വളർത്തി.
ബിസിനസ് സംരംഭകര്‍ക്കു മാര്‍ഗനിര്‍ദേശം നല്കുന്ന സ്ഥാപനമാണിത്. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ബിസിനസില്‍ പരിശീലനം നല്കുന്നു. യാതൊരു പരസ്യവുമില്ലാതെ നൂറുകണക്കിന് ബിസിനസുകാര്‍ ഇദ്ദേഹത്തിന്റെ സേവനം തേടിയെത്തിയിട്ടുണ്ട്. ഫാം, സ്കൂള്‍, ജ്വല്ലറി, ഹോസ്പിറ്റല്‍, ഹോട്ടല്‍, കാര്‍വാഷ്, പ്ലൈവുഡ്, ഹാര്‍ഡ്്വെയര്‍, തുണിത്തരങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്. പത്തു ലക്ഷം മുതല്‍ ആയിരം കോടിയുടെ വിറ്റുവരവുള്ള ബിസിനസുകാര്‍ വരെ നിഷാന്തിന്റെ ഉപദേശം തേടി എത്തിയിട്ടുണ്ട്.
അര്‍ഹതപ്പെട്ടവര്‍ക്ക് ഒരു കൈത്താങ്ങ്
വരുമാനത്തിന്റെ മൂന്നു ശതമാനം തുക പാവപ്പെട്ടവര്‍ക്കായി മാറ്റിവയ്ക്കുന്നതാണ് നിഷാന്തിന്റെ പ്രത്യേകത. കുറ്റ്യാടിയില്‍ ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സില്‍ നിന്ന് ആദ്യ ശമ്പളമായി കിട്ടിയ പതിനായിരം രൂപയില്‍ നിന്നാണ് ഇതിന്റെ തുടക്കം. അന്ന് അര്‍ഹതപ്പെട്ടവര്‍ക്കായി മൂന്നുശതമാനം തുക നല്കി. പിന്നീട് മാസ വരുമാനത്തില്‍നിന്ന് മൂന്നു ശതമാനം തുക പാവങ്ങള്‍ക്കായി മാറ്റിവച്ചു. ‘മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ തന്റെ വരുമാനത്തില്‍ വര്‍ധനവു മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഒരിക്കല്‍പോലും വരുമാനം താഴോട്ടുപോയ അവസരമുണ്ടായിട്ടില്ല. ജീവിതത്തിന്റെ ഉയര്‍ച്ചയ്ക്കു കാരണവും ഇതാണെന്ന് കരുതുന്നു. മാറ്റിവയ്ക്കുന്ന മൂന്നു രൂപ അടുത്ത മാസം വര്‍ധിക്കുന്നുണ്ടോ എന്നാണ് നോക്കുന്നത്.’ നിഷാന്ത് പറഞ്ഞു.
സ്വന്തക്കാരായാലും നാട്ടുകാരായാലും ജോലിക്കാരായാലും അര്‍ഹതപ്പെട്ട ആര്‍ക്കും സഹായം നല്‍കും. ട്രെയിനിംഗ് ക്ലാസില്‍ ബിസിനസുകാരോട് ഇക്കാര്യം പറയാറുണ്ട്. ഇദ്ദേഹത്തോടു സഹകരിച്ചു പ്രവര്‍ത്തിക്കുന്ന 40 സ്ഥാപനങ്ങളും ഈ പാതയിലാണ് സഞ്ചരിക്കുന്നത്.പാവപ്പെട്ടവരെ സഹായിച്ചതുകൊണ്ട് അവര്‍ക്കാര്‍ക്കും നഷ്ടം വന്നിട്ടില്ല. ഉയര്‍ച്ചയുടെ പടവുകള്‍ മാത്രമാണ് അവരെല്ലാം ചവിട്ടിക്കയറിയതെന്ന് നിഷാന്ത് അടിവരയിടുന്നു.
ജ്വല്ലറികള്‍ക്ക് വഴികാട്ടാന്‍ ഗൈഡ്
ജ്വല്ലറി ബിസിനസിനെക്കുറിച്ചുള്ള ഗൈഡ് പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് നിഷാന്ത് തോമസ്. ജ്വല്ലറി തുടങ്ങുന്നതുമുതല്‍ ലാഭകരമായി നടത്തിക്കൊണ്ടുപോകുന്നതുവരെയുള്ള എല്ലാ ഗൈഡന്‍സും ഇതില്‍നിന്ന് സംരംഭകനു ലഭിക്കും. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരത്തില്‍ സ്വര്‍ണവ്യാപാര രംഗത്തിനുമാത്രമായി ഗൈഡ് പുറത്തിറങ്ങുന്നത്. സ്വര്‍ണം വാങ്ങല്‍, വില്പന, കാഷ്, ചെലവ്, സ്റ്റോക്ക്, സ്റ്റാഫ്, ലാഭം, പഴയ സ്വര്‍ണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി എല്ലാം. ഗ്രാഫായും വിവരണ രൂപത്തിലും വിവരങ്ങൾ കിട്ടും. രണ്ടു വര്‍ഷത്തെ ശ്രമഫലമായി തയാറാക്കിയ ഇംഗ്ളീഷിലുള്ള ഗൈഡ് ജ്വല്ലറി ബിസിനസ് നടത്തുന്നവര്‍ക്കും പുതുതായി ആരംഭിക്കുന്നവര്‍ക്കും മികച്ച വഴികാട്ടിയായിരിക്കും.
ലൈഖ ഗോള്‍ഡ്
ജ്വല്ലറികളും ബിസിനസ് സ്ഥാപനങ്ങളും തുടങ്ങുന്നതിന് ഉപദേശം നല്കുന്നതില് ഒതുങ്ങുന്നില്ല പ്രവര്‍ത്തനമേഖല. ഉപദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തിട്ടുണ്ട്. സൗഹൃദത്തിന്റെ സ്വര്ണകമ്പികള് ചേര്‍ത്ത് രൂപം നല്കിയ ലൈഖ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഇതിന്റെ തെളിവാണ്. നിഷാന്തും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് രൂപം നല്‍കിയതാണ് ലൈഖ. എം.ആര് മുഹമ്മദലി(വടകര), ജോര്‍ജ് ജോസഫ് (റോയിച്ചന് പെരുമാലില്‍ മരുതോങ്കര), സി.സുബൈര്‍ (കുറ്റ്യാടി) എന്നിവരാണ് സൗഹൃദക്കൂട്ടായ്മയിലെ ഈടുറ്റ കണ്ണികള്‍. വടകര, താമരശേരി, മാനന്തവാടി, എടവണ്ണപ്പാറ എന്നിവിടങ്ങിലാണ് ലൈഖയുടെ ഷോറൂമുകളുള്ളത്. അരയിടത്ത്പാലത്ത് ഹോള്‍സെയില്‍ ഡിവിഷനുമുണ്ട്. ഇരുപതു വര്‍ഷത്തെ സൗഹൃദമാണ് നാല്‍വര്‍ സംഘത്തിന്റെ വിജയത്തിന്റെ കാതല്‍. ലൈഖയുടെ എംഡിയാണ് നിഷാന്ത്.
വടകരയിലെ സ്വര്‍ണമഹല്‍ ജുവല്ലറി ശൃംഖലയുടെ സാരഥിയായ എം.ആര് മുഹമ്മദലി കണ്‍സള്‍ട്ടന്‍സിക്കായി നിഷാന്തിനെ കാണാനെത്തിയപ്പോഴാണ് കൂട്ടായ്മയുടെ ആശയം ഉരുത്തിരിഞ്ഞത്. കോഴിക്കോട്ടെ മൈക്രോലാബ് ഗ്രൂപ്പിന്റെ ഉടമയായ സി. സുബൈറും ജോര്‍ജ് ജോസഫും ഈ തീരുമാനത്തിനൊപ്പം നിന്നു. ജീവനക്കാര്‍ക്ക് ലൈഖയില് കൃത്യമായ വര്‍ക്ക് പ്രൊഫൈല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ജീവനക്കാരനും ചെയ്യേണ്ട കാര്യങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. അവരെല്ലാം ഇതിനു സമ്മതമാണെന്ന് കാണിച്ച് ഒപ്പിട്ടു നല്കുന്നു. വര്‍ക്ക് പ്രൊഫൈല്‍ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കാണ് വഹിക്കുന്നത്.
ടോപ്പാസ് ബില്‍ഡ് മാര്‍ട്ട്
ജ്വല്ലറി കൂടാതെ മറ്റു മേഖലകളിലേക്കും നിഷാന്തും സുഹൃത്തുക്കളും കാലെടുത്തുവയ്ക്കുകയാണ്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയ്ക്ക് കോഴിക്കോട് കാരന്തൂരില്‍ ടോപ്പാസ് ബില്‍ഡ് മാര്‍ട്ട് എന്ന പുതിയൊരു സംരംഭത്തിനു തുടക്കംകുറിക്കുകയാണ്. ഒരു വീട്ടിലേക്ക് ആവശ്യമായ ഹാര്‍ഡ്്വെയര്‍, സാനിറ്ററിവെയര്‍, മോഡുലാര്‍ കിച്ചണ്‍, എസി, ബ്രാന്‍ഡഡ് ഫര്‍ണിച്ചര്‍, ഡിസൈനര്‍ ടൈല്‍സ്, ഡിസൈനര്‍ ഫാന്‍ എന്നിവ ഇവിടെ ലഭിക്കും. നാലു നിലകളിലായി 8500 ചതുരശ്ര അടിയില്‍ ആധുനിക സംവിധാനത്തോടെ ടോപ്പാസ് അടുത്തമാസം മിഴിതുറക്കും. സാബു തോമസ്, സുരേഷ് സ്കറിയ, മന്‍സൂര്‍ അട്ടിയാട്ട് എന്നിവരാണ് നിഷാന്തിനൊപ്പം ടോപ്പാസില് കൈകോര്‍ക്കുന്നത്. കുറ്റ്യാടിയില്‍ നിഷാന്തും മറ്റു സുഹൃത്തുക്കളുംചേര്‍ന്ന് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്.
കുടുംബം
ലക്ഷ്മിയാണ് ഭാര്യ. മക്കള്‍: നീല്‍ (പ്ലസ്ടു വിദ്യാര്‍ഥി), ഏതന് (മൂന്നാം ക്ലാസ് വിദ്യാര്‍ഥി). ഇരുവരും കോഴിക്കോട് ദേവഗിരി സി.എം.ഐ സ്കൂളിലാണ് പഠിക്കുന്നത്. സഹോദരങ്ങള്‍: നിതിന്‍(അനുപമ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്, പേരാമ്പ്ര), നീലിമ (കോഴിക്കോട്). ഡ്രൈവിംഗ് ഇഷ്ടപ്പെടുന്ന നിഷാന്ത് യാത്രകളെ സ്നേഹിക്കുന്നയാളാണ്. സഹോദരനും കസിനുമൊപ്പം മാസത്തില്‍ ഒരു തവണയാണ് യാത്ര. കുടുംബയാത്രകളും നടത്താറുണ്ട്. പ്രകൃതിരമണീയമായ സ്ഥലങ്ങളാണ് സന്ദര്‍ശന കേന്ദ്രങ്ങള്‍. ജോലിത്തിരക്കിനിടയില്‍ മനസിനും ശരീരത്തിനും കുളിര്‍മയും നവോന്മേഷവും നല്‍കുന്നതിനുള്ള ഉപാധിയായാണ് യാത്രകളെ അദ്ദേഹം വീക്ഷിക്കുന്നത്.
ബിസിനസില്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ
1. സ്റ്റോക്ക് അല്ലെങ്കില്‍ സര്‍വീസ്
2. മാര്‍ക്കറ്റിംഗ്
3. കസ്റ്റമര്‍
4. സ്റ്റാഫ്
5. സെയില്‍സ്
6. കാഷ്
7. പര്‍ച്ചേസ്
8. ഇന്സ്പെക്ഷന്
9. കംപ്ലയിന്റ്സ്
10. പ്രൊഫിറ്റ്
ഈ പത്ത് കാര്യങ്ങളില്‍ ഒന്നില്‍ പോലും വീഴ്ച വരാന്‍ പാടില്ലാത്തതാണ്. വീഴ്ച വന്നാല്‍ ആ ബിസിനസ് സ്ഥാപനം തകര്‍ച്ചയിലേക്ക് നീങ്ങും. സ്ഥാപനത്തില്‍ കൃത്യമായ സ്റ്റോക്ക് ആവശ്യമാണ്. സ്റ്റോക്ക് ഉണ്ടെങ്കില്‍ കസ്റ്റമറെ സ്ഥാപനത്തിലേക്ക് ആകര്‍ഷിക്കാനുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കണം. ഇതുവഴി കസ്റ്റമര്‍ സ്ഥാപനത്തിലേക്ക് വരും. വരുന്ന കസ്റ്റമര്‍ക്ക് സര്‍വീസ് കൃത്യമായി നല്‍കാനുള്ള പരിചയസമ്പന്നരായ ജീവനക്കാര്‍ ആവശ്യമാണ്. അപ്പോള്‍ അവിടെ സെയില്‍സ് നടക്കും. വില്പന നടക്കുമ്പോള്‍ കാഷ് വരും. കാഷ് വന്നാല്‍ മാത്രമേ വരവും ചെലവും മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റുകയുള്ളു.
കാഷ് വരുമ്പോള്‍ വീണ്ടും പര്‍ച്ചേസ് നടത്തണം. സ്ഥാപനത്തെ പുരോഗതിയിലേക്കു നയിക്കേണ്ട ഏഴു പ്രധാന കാര്യങ്ങള്‍ ഇതാണ്. മേല്‍പ്പറഞ്ഞ ഏഴുകാര്യങ്ങളും വിലയിരുത്താനായി ഇന്സ്പെക്ഷന് എന്ന എട്ടാമത്തെ ഡിപ്പാര്‍ട്ട്മെന്റ് അനിവര്യമാണ്. അതു പ്രവര്‍ത്തിക്കുമ്പോള്‍ ഒമ്പതാമത്തെ കാര്യമായ പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെടും. പരാതികള്‍ ഏതു ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞ് പരിഹരിക്കുകയും മേലില്‍ ഉണ്ടാവാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. അങ്ങനെയാണെങ്കില്‍ പത്താമത്തെ കാര്യമായ പ്രൊഫിറ്റ് ശാശ്വതമായി നിലനിര്‍ത്താന്‍ സാധിക്കും.
ഫോണ്‍:
നിഷാന്ത് തോമസ് 9605676767
എം. ജയതിലകന്‍