കായൽ രാജാവ് മുരിക്കൻ-പുനർവായന
Saturday, August 21, 2021 2:59 AM IST
80 വർഷം മുൻപ് വേന്പനാട് കായൽ ചിറകെട്ടി വറ്റിച്ചു നെൽകൃഷി നടത്തിയ കാർഷിക വിസ്മയമായിരുന്നു കാവാലം മുരിക്കുംമൂട്ടിൽ ജോസഫ് എന്ന ഒൗതച്ചൻ. റാണി, ചിത്തിര, മാർത്താണ്ഡം കായലുകൾ കുത്തിയെടുത്ത് രണ്ടായിരത്തോളം ഏക്കറിൽ മൂന്നു പതിറ്റാണ്ട് നെല്ലു വിളയിച്ച വിസ്മയം. കേരളത്തിന്റെ നെല്ലറയെന്നു കുട്ടനാടിനു പെരുമ സമ്മാനിച്ച മുരിക്കൻ ഔതച്ചന് തിരുവിതാകൂർ മഹാരാജാവ് കായൽരാജാവ് എന്ന ബഹുമതി ചാർത്തിക്കൊടുത്തു. അങ്ങനെ മുരിക്കൻ ചരിത്രപുരുഷനായി. ഓർമിക്കണം, കടലോളം നീളുന്ന കായലിൽ വഴിയോ വൈദ്യുതിയോ ഇല്ലാതെ മനുഷ്യാധ്വാനത്തിലായിരുന്നു മുരിക്കൻ നാടിന്റെ പട്ടിണിയകറ്റാൻ നെല്ലു വിളയിച്ചത്.
രണ്ടാം ലോകമഹായുദ്ധം ബാക്കിവച്ച ഭക്ഷ്യക്ഷാമം പരിഹരിക്കാൻ തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ കായൽ കുത്തി കൃഷിനിലമാക്കാൻ അനുമതി നൽകി. മങ്കൊന്പുസ്വാമിമാർ, ചാലയിൽ പണിക്കർമാർ, മുരിക്കുംമൂട്ടിൽ, കണ്ടക്കുടി, പുത്തൻപുരയിൽ, കളപ്പുരയ്ക്കൽ, കൊച്ചുതറ, എട്ടുപറ, പുല്ലാത്തശ്ശേരി തുടങ്ങി വിവിധ കുടുംബങ്ങൾ അന്നു കായൽ കുത്തി. അപാരം എന്നുവിശേഷിപ്പിക്കാവുന്ന വിധം 1959 ഏക്കർ കായൽ ഏഴു വർഷം അനേകായിരം തൊഴിലാളികളുടെ കരുത്തിൽ വറ്റിച്ച് നെല്ലുവിളയിച്ച് നാടിന്റെ വിശപ്പകറ്റിയ മഹാപ്രതിഭയായിരുന്നു മുരിക്കൻ.
കായൽ കുത്തിയ ഭൂമിക്ക് അഞ്ചു വർഷം കരം ഒഴിവു നൽകാം എന്ന ഒൗദാര്യമേ മഹാരാജാവ് നൽകിയിരുന്നുള്ളു. നെടുമങ്ങാട്ടെ എസ്റ്റേറ്റ് വരുമാനവും ഒൗതച്ചന്റെ ഇച്ഛാശക്തിയുമായിരുന്നു കടൽനിരപ്പിൽ നിന്ന് രണ്ടര മീറ്റർ താഴ്ചയിൽ കായൽ വറ്റിച്ചു നടത്തിയ കൃഷി.
1941-ൽ കുത്തിയ 900 ഏക്കർ ചിത്തിര തിരുനാളിന്റെയും 1945-ൽ കുത്തിയ 652 ഏക്കർ മാർത്താണ്ഡവർമയുടെയും പേരിട്ട് മുരിക്കൻ രാജകുടുംബത്തെ ആദരിച്ചു. മാർത്താണ്ഡത്ത് വിത്തെറിയാൻ അമ്മ മഹാറാണി നേരിട്ടെത്തി. 1950-ൽ മൂന്നാമത്തെ കായലിന് റാണി കായൽ എന്ന് പേരിട്ടു. 1972 വരെ പാടങ്ങളിൽ നെല്ലും വരന്പുകളിൽ തെങ്ങും വാഴയും മാവും നൂറുമേനി വിളഞ്ഞു.
സാഹസികയജ്ഞം
വേന്പനാട്ട് കായലിനെ വകഞ്ഞ് ആഴങ്ങളിൽ കൃഷിയിറക്കുകയെന്ന അതിസാഹസമാണ് മുരിക്കൻ കാഴ്ചവച്ചത്.
30 അടി നീളത്തിൽ തെങ്ങിൻതടികൾ നാലായി കീറി കൂർപ്പിച്ചു കായലാഴങ്ങളിൽ അടിച്ചുതാഴ്ത്തി ഇരുവശവും ഭദ്രമാക്കി. അടിത്തട്ടിൽ 20 അടി വീതിയും മുകളിൽ അഞ്ച് അടി വീതിയും. തെങ്ങിൻകുറ്റികളുടെ മധ്യത്തിൽ മുള ചതച്ചുണ്ടാക്കിയ ചെറ്റ നിരത്തിക്കെട്ടി ഉള്ളിൽ ഒരടി കനത്തിൽ കടപ്പുറം മണ്ണും മുകളിൽ മൂന്നടി കനത്തിൽ കായലിലെ ചെളിക്കട്ടയും നിറച്ചു. അതിനു മുകളിൽ കട്ടയും മണലുമിട്ടു.
മൈലുകൾ നീളമുള്ള ചിറകൾ. ഒരു ദണ്ഡ് നീളത്തിൽ (2.88 മീറ്റർ) ചിറ കെട്ടാൻ 16 തെങ്ങിൻകുറ്റി, എട്ട് മുളകളുടെ ചെറ്റ, 500 കറ്റ, 16 ടണ് ചെളിക്കട്ടയും മണലും, 80 തൊഴിലാളികളുടെ അധ്വാനം. കായലിന്റെ ആഴവും പരപ്പും വറ്റിക്കുക എന്നത് എത്രയോ സാഹസികമായിരുന്നു. ബോയിലറുകളിൽ മരക്കരിയും മണ്ണെണ്ണയും കത്തിച്ചുണ്ടാക്കുന്ന ആവിയിൽ പ്രവർത്തിക്കുന്ന നാലഞ്ചു മോട്ടറുകൾ രാപ്പകൽ പ്രവർത്തിപ്പിച്ചായിരുന്നു ആഴങ്ങളിലെത്തിയത്. ചിത്തിരയിലായിരുന്നു ആദ്യ വിതയും കൊയ്ത്തും. മനുഷ്യൻ വിശപ്പിന്റെ വിലയറിയുന്ന കാലമായിരുന്നു അത്. തൊഴിൽ തരാമോ എന്നു ചോദിച്ച് അനേകർ പാടങ്ങളിൽ കാത്തുനിൽക്കുന്ന കാലം. കൊയ്ത്ത് കാലത്ത് ജോലിക്കായി ജനം ഓടിയെത്തിയിരുന്നു. പലപ്പോഴും പോലീസെത്തി ജനത്തെ നിയന്ത്രിച്ച അനുഭവങ്ങൾ പഴമക്കാരുടെ മനസിലുണ്ട്. വസതിയിൽ പൊറുതിമുട്ടിയവർക്ക് മുരിക്കൻ ഔതച്ചൻ തൊഴിലും അന്നവും കൂലിയും 32 വർഷം മുടക്കം വരാതെ നൽകി.
ബുധൻ, ശനി ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിന് തുടങ്ങുന്ന കൂലി വിതരണം പാതിരാവരെ നീണ്ടിരുന്നു. മൂന്ന് ഇടങ്ങഴി നെല്ലും ആശ്വാസക്കൂലിയുമായിരുന്നു വേതനം. അദ്ദേഹത്തിന്റെ മനുഷ്യത്വം ഇതുകൊണ്ടും തീരുന്നില്ല. ദിവസവും ഉച്ചയ്ക്ക് ചോറും കറിയും പാകപ്പെടുത്തി വള്ളങ്ങളിൽ ഓരോ പണിയിടത്തിലും എത്തിച്ചുകൊടുക്കുന്നതിൽ മുടക്കം വരുത്തിയിരുന്നില്ല.
വേറിട്ട വ്യക്തിത്വം
മുരിക്കൻ ഔതച്ചന്റെ പിതാവ് തൊമ്മൻ ലൂക്കാ വൈക്കം കുലശേഖരമംഗലത്തുനിന്നു കൃഷിക്കു കാവാലത്ത് വന്നതാണ്. ആ പാരന്പര്യമായിരുന്നു ഏക മകൻ ഔതച്ചന്റെ കരുത്തും കരുതലും. നെല്ല് മാത്രമല്ല, വാഴകളും തെങ്ങും നട്ടുവളർത്തി കുട്ടനാടൻ ജൈവവൈവിധ്യത്തെ മുരിക്കൻ സമൃദ്ധമാക്കി. കായലോരങ്ങളിലെ വിസ്മയകൃഷി കാണാൻ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, മകൾ ഇന്ദിരാഗാന്ധിയോടൊപ്പം എത്തി മുരിക്കനെ ആദരിച്ചതും കൃഷിപാഠം.
തികഞ്ഞ കത്തോലിക്കാ വിശ്വാസിയായിരുന്ന മുരിക്കൻ മലബാറിലും തിരുവനന്തപുരത്തും കുട്ടനാട്ടിലുമായി ഏഴര പള്ളി (ഏഴു വലിയ പള്ളിയും ഒരു ചെറിയ പള്ളിയും) നിർമിച്ചു. വെളിയനാട് പുത്തൻപുര പഞ്ചാരയിൽ ഏലിയാമ്മയായിരുന്നു സഹധർമിണി. എട്ട് ആണും ഒരു പെണ്ണുമായി ഒൻപത് മക്കൾ. 1960-ൽ റോമിൽ പോയി ജോണ് 23-ാമൻ മാർപ്പായെ സന്ദർശിച്ച് ഔതച്ചനും ഭാര്യ ഏലിയാമ്മയും അനുഗ്രഹം തേടിയ ഓർമ ഇളയമകൾ ഡോ. ലില്ലി ജോസഫിനുണ്ട്.
വരന്പത്ത് കൂലി
നമ്മളു കൊയ്യണ വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്നു പാടിയവർക്ക് കായൽരാജാവ് മുരിക്കൻ കായൽ നികത്തിയ ജൻമിയായിരുന്നു. പാടത്തു പണിയും വരന്പത്ത് കൂലിയും വീഴ്ചയില്ലാതെ നൽകിയ മുരിക്കൻ വിപ്ലവ മാനിഫെസ്റ്റോയിൽ വർഗശത്രുവായി എണ്ണപ്പെട്ടു. തൊഴിലാളികളെ ഇറക്കി പാടങ്ങളെ വിപ്ലവഭൂമിയും മിച്ചഭൂമിയുമാക്കി. 1973-ൽ രാജ്യരക്ഷാനിയമം ഉപയോഗിച്ച് മുരിക്കന്റെ കായൽനിലങ്ങൾ സർക്കാർ ഏറ്റെടുത്തു. തന്റെ അധ്വാനത്തെയും ആത്മാർഥതയെയും അവഗണിച്ച് നൂറുമേനി വിളയിച്ചുപോന്ന കായൽ സർക്കാർ പിടിച്ചെടുത്തതോടെ ആ ഹൃദയം നുറുങ്ങി. അക്കാലത്ത് നിലാവെട്ടമുള്ള രാത്രികളിൽ തന്റെ പ്രിയപ്പെട്ട ഏലിയാസ് ബോട്ടിൽ കയറി കായൽചുറ്റി കൃഷിയിടങ്ങൾ കണ്ടശേഷം മനോവേദനയോടെ മുരിക്കൻ വൈകാതെ തിരുവനന്തപുരം കുന്നുകുഴിയിലുള്ള വസതിയിലേക്ക് യാത്രയായി.
തികച്ചും സാധാരണക്കാരനായി ജീവിച്ച കായൽരാജാവ് മരണത്തിലും സർക്കാർ ആശുപത്രിയുടെ ജനറൽ വാർഡിലെ സാധാരണക്കാരനായി. 1974 ഡിസംബർ ഒൻപതിന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ രണ്ടാം വാർഡിൽ 74-ാം വയസിൽ മുരിക്കൻ എന്നേക്കുമായി കണ്ണുകളടച്ചു. ചിത്തിര കായലിൽ മുരിക്കൻ പണിത പള്ളിയിൽ നിർമിച്ചിരുന്ന കല്ലറയിൽ അന്ത്യനിദ്ര കൊള്ളണമെന്ന അഭിലാഷം സാധ്യമായില്ല. പിറ്റേന്ന് ബന്തുദിനമായിരുന്നതിനാൽ 10ന് രാവിലെ തിരുവന്തപുരം പാളയം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ കായൽരാജാവിനെ സംസ്കരിച്ചു.
ആ പാടങ്ങൾ കാടുകയറി
മുരിക്കൻ ഔതച്ചന്റെ വിഖ്യാതമായ കായൽ പാടങ്ങൾ പിടിച്ചെടുത്ത് സർക്കാർ നേരിട്ട് കൃഷിയിറക്കിയെങ്കിലും ഏക്കാലവും നഷ്ടത്തിൽ കലാശിച്ചു. 1976-ൽ കൂട്ടുകൃഷി സംഘങ്ങളുണ്ടാക്കി കൃഷി നടത്തിയിട്ടും നേട്ടമുണ്ടായില്ല. പിന്നീട് പാട്ടക്കൃഷി പരീക്ഷിച്ചപ്പോഴും പരാജയം. ചിത്തിരയിലും റാണിയിലും കക്ക വാരാൻ തുടങ്ങിയതോടെ ബണ്ടുകൾ തകർന്നു. മാർത്താണ്ഡം കാടുകയറി. പാടങ്ങൾ ഏറ്റെടുത്തപ്പോൾ നിയമാനുസൃതം 15 ഏക്കർ വീതം മുരിക്കന്റെ മക്കൾക്ക് സർക്കാർ വിഹിതം അനുവദിച്ചിരുന്നു.
മുരിക്കൻ പാടങ്ങൾ ഒരേക്കർ വരെ കർഷകർക്ക് പതിച്ചു നൽകിയെങ്കിലും സ്വന്തംനിലയിൽ കൃഷി അസാധ്യമായി.
അടുത്തയിടെയും സർക്കാർ ഇവിടെ കൃഷിക്കായി മുന്നോട്ടിറങ്ങിയെങ്കിലും മുരിക്കന്റെ പ്രതാപം വീണ്ടെടുക്കാൻ ഇനിയും കഴിഞ്ഞില്ല. കാടുകയറിയും കരിഞ്ഞുണങ്ങിയും റാണിയും ചിത്തിരയും മാർത്താണ്ഡവും അനാഥമായിക്കൊണ്ടിരിക്കുന്നു.
കാലം തിരുത്തിപ്പറയും

മുരിക്കനെ ജൻമിയും ബൂർഷ്വയുമായി മുദ്രകുത്തിയവർ വരുംകാലങ്ങളിൽ എന്തു പറയും. കേരളത്തിൽ പാടശേഖരങ്ങൾ തരിശായിക്കിടക്കുകയും നാഴി അരിക്ക് അയൽനാട്ടിലേക്ക് കൈ നീട്ടുകയും ചെയ്യുന്ന സോഷ്യലിസ്റ്റ് പരിസ്ഥിതി പ്രത്യയശാസ്ത്രക്കാർ പറയണം മുരിക്കൻ എന്തു തെറ്റാണു ചെയ്തതെന്ന്. സ്വന്തം പണം മുടക്കി കായൽ കുത്തി അനേകായിരങ്ങൾക്കു തൊഴിലും നാടിന് അരിയും കൊടുത്തതിലെ നൻമ ആരും പറയുന്നില്ല. റാണിയും മാർത്താണ്ഡവും ചിത്തിരയും പിടിച്ചെടുത്തശേഷം അത് കാടുകയറിയും കായൽവിഴുങ്ങിയും അനാഥമായതും ചർച്ചയാകുന്നില്ല.
കേരളത്തിന്റെ കാർഷിക ഭൂമികയിൽ കടൽനിരപ്പിനു താഴെ കായൽ വറ്റിച്ചും നെല്ലു വിളയിക്കാമെന്ന് ലോകത്തെ പഠിപ്പിച്ച ഈ കാർഷിക പ്രതിഭയ്ക്ക് ഒരിക്കലും ആദരം നൽകിയതുമില്ല. മുരിക്കൻ ചെയ്ത നൻമയല്ല, ചെയ്യാത്ത തിൻമയാണ് ഇക്കാലത്തെ നിലമെഴുത്ത്. ഇന്നേവരെ സർക്കാരുകൾ ഒരു കാർഷിക അവാർഡുപോലും കായൽരാജാവ് മുരിക്കന്റെ പേരിൽ ഏർപ്പെടുത്തിയതുമില്ല. കായൽ കൃഷിയുടെ പഴമയും പൈതൃകവും കുട്ടനാടിന്റെ കാർഷിക പെരുമയും അറിയിക്കാൻ മ്യൂസിയം നിർമിക്കാനും സാധിക്കുന്നില്ല. കേരളം കായൽരാജാവിനോടു നീതി പുലർത്തിയില്ലെന്ന് ലോകം പറയുന്ന കാലം വിദൂരമല്ല.
മുരിക്കൻ ചരിത്രപുരുഷൻ
റാണി, ചിത്തിര, മാർത്താണ്ഡം കായലുകൾ കുത്തിയെടുത്ത് കൃഷിയിറക്കാൻ മുരിക്കൻ ഒൗതച്ചന്റെ വലംകൈയായി ഞാനുമുണ്ടായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാനാവാത്ത സാഹസമായിരുന്നു കായൽവറ്റിച്ചുള്ള കൃഷി- കാവാലം കൃഷ്ണപുരം കുറുപ്പശേരിൽ മത്തായി ദേവസ്യ സുവർണ നാളുകളെ ഓർമിക്കുകയാണ്. മുരിക്കൻ ഒൗതച്ചനെക്കുറിച്ചുപറയാൻ 104-ാം വയസിലും ഇദ്ദേഹത്തിന് നൂറുനാവ്. കായലിൽ ആയിരക്കണക്കിന് തൊഴിലാളികളുടെ നോട്ടക്കാരൻ എന്ന നിലയിൽ ചെക്കർ ദേവസ്യാച്ചൻ എന്നാണ് ഇദ്ദേത്തെ വിളിച്ചുപോന്നത്.
മാന്യതയും ശാന്തതയും കൈവിടാത്ത വലിയ വ്യക്തിത്വമായിരുന്നു ഔതച്ചൻ. നിശ്ചയദാർഢ്യവും അപാരമായ കഠിനാധ്വാനവുമാണ് കായൽ വറ്റിച്ചു കൃഷിയിറക്കാൻ ഔതച്ചനു കരുത്തായത്. വെള്ള ചീട്ടിത്തുണിയുടെ ഒറ്റമുണ്ടും, കൈനീളൻ ചട്ട ബനിയനും ധരിച്ചു വള്ളത്തിലും വരന്പുകളിലും ഒൗതച്ചൻ കൃഷി നോക്കി നടന്നു. മുതലാളിത്ത ഗർവോ ധിക്കാര വാക്കുകളോ ഇല്ലാതെ തൊഴിലാളികളെ ഹൃദയത്തോടു ചേർത്തുനിറുത്തിയ മനുഷ്യസ്നേഹി. മൂന്നു ബോട്ടുകളുണ്ടായിരുന്നെങ്കിലും എലിയാസ് എന്ന ബോട്ടിലെ യാത്രയായിരുന്നു അദ്ദേഹത്തിനിഷ്ടം.
നെടുമങ്ങാട്ട് കുടുംബ വക എസ്റ്റേറ്റിൽ നിന്നുള്ള വരുമാനമാണ് കായൽ നികത്തി കൃഷിയിറക്കാൻ മുരിക്കനുണ്ടായിരുന്ന മൂലധനം.
ഇന്നത്തെ രാഷ്ട്രീയക്കാരും തൊഴിലാളിയൂണിയനുകളും എന്തു വിമർശിച്ചാലും ഒൗതച്ചന്റെ വലിയ നൻമകളെയും ആത്മാർഥതയെയും ഒരാൾക്കും തള്ളിപ്പറയാനാവില്ല. നാഴി അരിക്കു വകയില്ലാതെ തിരുവിതാംകൂറിൽ മനുഷ്യൻ പട്ടിണികൊണ്ട് പൊറുതി മുട്ടിയ കാലത്തായിരുന്നു മൂവായിരം തൊഴിലാളികൾക്ക് അന്നവും തൊഴിലും അദ്ദേഹം നൽകിയത്. കൂലിയും നെല്ലും കൊടുക്കുന്നതിൽ മുരിക്കൻ ലുബ്ധനായിരുന്നില്ല. കല്യാണം മുതൽ അടിയന്തരത്തിനു വരെ സഹായം ചോദിച്ചവരും വാങ്ങിച്ചവരും ഏറെപ്പേരാണ്. എനിക്കും കിട്ടിയിരുന്ന കൂലി നെല്ലായിരുന്നു. മാസം 30 പറ നെല്ല്.
ദേവസ്യാച്ചന്റെ ഓർമയിൽ അന്നത്തെ നിലമൊരുക്കൽ മാഞ്ഞിട്ടില്ല. കാവാലം, കട്ടമംഗലം എന്നിവിടങ്ങളിൽനിന്നു മണ്ണ് വള്ളത്തിൽ എത്തിച്ചാണ് ചിറകെട്ടിയിരുന്നത്. സിമന്റു പോലെ അതുറച്ച് വെള്ളത്തെ തടയുന്പോൾ കായൽ മോട്ടറിൽ വറ്റിച്ചെടുക്കും. വെള്ളം വറ്റി നിലം തെളിയുന്പോൾ തെറിച്ചുപൊങ്ങുന്ന കരിമീൻ തുടങ്ങി മീനുകൾ കുട്ടനിറയെ കോരിയ ഓർമകളും മാഞ്ഞിട്ടില്ല. ആദ്യം കുത്തിയെടുത്തത് ചിത്തിരക്കായലായിരുന്നു. രണ്ടു വർഷത്തെ ശ്രമകരമായ അധ്വാനം. മാർത്താണ്ഡം കുത്താൻ ഒന്നര വർഷം. റാണിക്കായൽ പരുവപ്പെടുത്താൻ രണ്ടര വർഷം. രാവിലെ എട്ടിന് കൊടി പൊക്കി വൈകുന്നേരം അഞ്ചിന് തീരുന്ന പണി. വേണ്ടിടത്തോളം ചോറും ആലപ്പുഴയിൽ നിന്നുള്ള ഉണക്കമീനും സാന്പാറും മുരിക്കൻ തൊഴിലാളികൾക്ക് ഉച്ചഭക്ഷണമായി നൽകിയിരുന്നു. ഉറച്ച ദൈവവിശ്വാസവും ലളിത ജീവിതവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. സത്സ്വഭാവിയായും മാന്യനുമായിരുന്ന മുരിക്കൻ രണ്ടു തവണ കാവാലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കുട്ടനാട് കർഷകസംഘം പ്രസിഡന്റുമായിരുന്നു.
കർക്കിടകത്തിൽ വിതച്ച് തുലാമാസത്തിൽ കൊയ്യാനാകുംവിധമായിരുന്നു കൃഷി. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളും സർ സിപിയും ദേശീയ നേതാക്കളുംവരെ ഈ കൃഷിവിസ്മയം നേരിൽകാണാൻ കുട്ടനാട്ടിലേക്കു വന്നുകൊണ്ടിരുന്നു. താൻ പൊന്നു വിളയിച്ച പാടങ്ങളെല്ലാം അവസാന കാലത്ത് സർക്കാർ വിപ്ലവം പറഞ്ഞ് ഏറ്റെടുത്തത് അദ്ദേഹത്തിന് ഏറെ വേദനാകരമായിരുന്നു. താൻ വിജയിപ്പിച്ച് അനേകർക്ക് തൊഴിലും അന്നവും നൽകിയ കൃഷി അന്യാധീനപ്പെട്ടുപോയതിലായിരുന്നു ഔതച്ചന്റെ ദുഃഖം.
അനാഥമായ ബംഗ്ലാവും നെൽപ്പുരകളും
കാവാലം പുഴയോരത്ത് കായൽരാജാവ് മുരിക്കന്റെ കമനീയമായ ബംഗ്ളാവ് ചരിത്രത്തിന്റെ ശേഷിപ്പായി ഇപ്പോഴുമുണ്ട്. ഇതിന്റെ അങ്കണത്തിലും വിശാലമായ നെൽപ്പുരകളിലുമൊക്കെ പഴയ പ്രതാപകാലത്ത് പൊന്നാര്യന്റെയും ചെന്പാവിന്റെയും കൊച്ചുനെല്ലിന്റെയും നറുമണം വിലസിയിരുന്നു. നൂറിലേറെ വള്ളങ്ങളിൽ അനേകായിരം പറ നെല്ല് ഈ അറപ്പുരകളിൽ വന്നും വിറ്റും പോയി. അറപ്പുര നിറയെ വിത്തുനെല്ലു കരുതിവച്ചിരുന്നു. മനോഹരമായ മുരിക്കൻ ബംഗ്ളാവിൽ ഇന്ന് താമസക്കാരില്ല. ദേശീയ സംസ്ഥാന നേതാക്കൾ വരെ വന്നുപാർത്തിട്ടുള്ള മാളിക നിറംമങ്ങിക്കിടക്കുന്നു.
കാടു കയറിയ ചരിത്രമണ്ണിൽ പഴയ അറപ്പുരകളുടെയും പണിപ്പുരകളുടെയും ഭിത്തികളും തൂണുകളും കാണാം. പത്താൾപ്പൊക്കമുള്ള അറപ്പുരകളുടെ തട്ടിൽ നെല്ല് അളന്നു കൊടുക്കാൻ മാത്രം അൻപതോളം തൊഴിലാളികളുണ്ടായിരുന്നു. വള്ളം, തൂന്പ, കന്പി, ബോട്ട് പണികൾക്കായി കൊച്ചിയിൽനിന്നുള്ള അൻപതു വിദഗ്ധ തൊഴിലാളികൾ പണിപ്പുരയിൽ സ്ഥിരമായി പാർത്തിരുന്നു. ആയിരപ്പറകൾ പതമായളന്നു കൊടുത്ത അങ്കണവും പതിനായിരപ്പറകൾ അളന്നളന്നു സൂക്ഷിച്ച സംഭരണ ശാലകളും അനാഥമാണിപ്പോൾ. നാല് സിനിമകൾക്ക് പിൽക്കാലത്ത് ലൊക്കേഷനുമായിട്ടുണ്ട് ഈ മനോഹര തീരവും മുരിക്കന്റെ മാളികയും.
റെജി ജോസഫ്