വിഖ്യാത എഴുത്തുകാരൻ ഡോ. എ.ജെ. ക്രോണിന്റെ നോവലാണ് സ്വർഗരാജ്യത്തിന്റെ താക്കോൽ. അൽബേർ കാമുവിന്റെദി പ്ലേഗ് എഴുതുന്നതിന് ആറു വർഷം മുന്പാണ് ഇതെഴുതിയത്. ശ്വാസംമുട്ടൽ ലക്ഷണമുള്ള മഹാമാരി ചൈനയിൽ പടരുന്നതും സ്കോട്ലൻഡുകാരനായ ഫ്രാൻസിസ് എന്ന വൈദികൻ സ്വന്തം ജീവൻ അവഗണിച്ച് രോഗികൾക്കായി ചൈനയിലെ തെരുവുകളിലൂടെ ഓടിനടക്കുന്നതുമാണ് പ്രമേയം. ഈ കഥ കേൾക്കേണ്ടത് ഇപ്പോഴാണ്.
ചൈനയിൽ ആരംഭിച്ച കൊറോണയിൽ ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ 1941-ൽ ഡോ. എ. ജെ. ക്രോണിൻ എഴുതിയ (The Keys of the Kingdom) “സ്വർഗരാജ്യത്തിന്റെ താക്കോൽ” എന്ന നോവലിൽ പ്രതിപാദിക്കുന്ന "ചൈനാ സംഭവത്തെ'ക്കുറിച്ച് ചിന്തിക്കുന്നത് ഉചിതമാണ്.
ഒരു സ്കോട്ടിഷ് ഡോക്ടർ ആയിരുന്ന ക്രോണിൻ, തന്റെ സാഹിത്യ വൈഭവത്തിലൂടെ ദശലക്ഷക്കണക്കിനു വായനക്കാരുടെ ജീവിതങ്ങളെ സ്പർശിച്ച ഇരുപതാം നൂറ്റാണ്ടിലെ ഒരു പ്രതിഭാസമാണ്.
അൽബേർ കാമുവിന്റെ "ദി പ്ലേഗ്' പ്രസിദ്ധീകരിക്കുന്നതിന് ആറു വർഷം മുൻപ് 1941-ൽ ഇങ്ങനെയൊരു വിഷയം ലോകത്തിനു മുന്നിൽ കൊണ്ടുവരാൻ ഡോ. ക്രോണിനു സാധിച്ചത് വൈദ്യശാസ്ത്ര രംഗത്തുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങളാണ്. ഫ്രാൻസിസ് ചിസ്ലോം എന്ന സ്കോട്ടിഷ് കത്തോലിക്കാ പുരോഹിതന്റെ സംഭവബഹുലമായ ജീവിതവും ചൈനയിലെ പ്രവർത്തനങ്ങളുമാണ് ക്രോണിൻ വരച്ചുകാട്ടുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളിൽ വലഞ്ഞ് സഹിഷ്ണുതയും, മനുഷ്യത്വവും നഷ്ടപ്പെട്ട മനുഷ്യർ പരസ്പരം സംശയത്തോടെ ഇടപെടുകയും, ഭീകരതയും ആയുധ മത്സരങ്ങളും കൊടികുത്തി വാഴുകയും ചെയ്തപ്പോൾ പ്രതീക്ഷ കൈവെടിയാതെ മനുഷ്യനിലുള്ള ആദിനന്മയിലേക്കും സ്നേഹത്തിലേക്കും പരസ്പര സഹകരണത്തിലേക്കും തിരിച്ചുപോകണം എന്ന ആഹ്വാനമാണ് നോവൽ നൽകുന്നത്.
വിശുദ്ധ മത്തായിയുടെ സുവിശേഷം 16-ാം അധ്യായം 19-ാം വാക്യത്തിൽ യേശു പത്രോസിനോട് "സ്വർഗരാജ്യത്തിന്റെ താക്കോലുകൾ നിനക്കു ഞാൻ തരും നരക കവാടങ്ങൾ അതിനെതിരേ പ്രബലപ്പെടുകയില്ല' എന്നു പറയുന്ന വചനത്തിൽനിന്നാണ് നോവലിന്റെ പേര് സ്വീകരിച്ചിരിക്കുന്നത്.
ഫ്രാൻസിസ് ചൈനയിലേക്ക്
ചെറുപ്പത്തിൽ മാതാപിതാക്കളും, യൗവനകാലത്ത് സ്നേഹിച്ചിരുന്ന പെൺകുട്ടിയും നഷ്ടപ്പെടുന്നതോടെ തീരാ ദുഃഖത്തിൽനിന്നു മോചനം തേടിയാണ് ഫാ. മാക്നബിന്റെ അടുത്തേക്കും അവിടെനിന്ന് സെമിനാരിയിലേക്കും ഫ്രാൻസിസ് നീങ്ങിയത്. എല്ലാവരും വിശ്വസിച്ചപ്പോൾ ഫ്രാൻസിസ് മാത്രം സംശയിച്ചു. എല്ലാവരും അനുസരിച്ചപ്പോൾ ഫ്രാൻസിസ് മാത്രം ചോദ്യം ചെയ്തു. എല്ലാവരും നിയമങ്ങൾ കൃത്യമായി പാലിച്ചപ്പോൾ ഫ്രാൻസിസ് ലംഘിച്ചു, ലംഘിക്കണം എന്ന ഉദ്ദേശ്യം ഇല്ലാതെതന്നെ.
ഫ്രാൻസിസിന്റെ കഴിവുകളിൽ ഉറച്ച ബോധ്യമുണ്ടായിരുന്ന ബിഷപ് മാക്നബ് അദ്ദേഹത്തെ ചൈനയിലേക്കു സുവിശേഷവേലയ്ക്കായി അയയ്ക്കുന്നതും ചൈനയിലെ അതിസാഹസികമായ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുമാണ് "ചൈനാ സംഭവത്തിന്റെ ' ഇതിവൃത്തം.
വലിയ പ്രതീക്ഷയോടും നിശ്ചയദാർഢ്യത്തോടുംകൂടിയാണ് ഫാ. ഫ്രാൻസിസ് ചൈനയിലേക്ക് തിരിച്ചത്. എന്നാൽ അവിടെ കണ്ട യാഥാർഥ്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. ശത്രുതയോടെ മാത്രം തന്നെ നോക്കിക്കാണുന്ന ഒരു കൂട്ടം മനുഷ്യർ. ഒറ്റപ്പെടൽ, താമസിക്കാൻ വീടോ ഭക്ഷിക്കാൻ ആഹാരമോ കുടിക്കാൻ വെള്ളമോ ഇല്ലാത്ത ദിനരാത്രങ്ങൾ. രോഗങ്ങൾ, ദാരിദ്ര്യം, തകർന്നടിഞ്ഞ ഒരു ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ. ഈ യാഥാർഥ്യങ്ങൾക്കു നടുവിലും തികഞ്ഞ ആത്മവിശ്വാസത്തോടെ അദ്ദേഹം ഇങ്ങനെ പ്രാർഥിച്ചു: "ദൈവമേ ഒന്നുമില്ലായ്മയിൽനിന്ന് ഞാനിത് ആരംഭിക്കണമെന്നാണു നീ ആഗ്രഹിക്കുന്നത്. എന്റെ അഹന്തയ്ക്കുള്ള നിന്റെ മറുപടിയാണി തെന്നു ഞാൻ മനസിലാക്കുന്നു. ഇവിടെ ത്തന്നെ ഞാൻ ജോലി ചെയ്യും, ഇവിടെത്തന്നെ നിനക്കുവേണ്ടി ജീവിക്കും. ഒരിക്കലും ഞാൻ പിന്മാറുകയില്ല. ഒരിക്കലും ഒരിക്കലും.'
ഡിസ്പെൻസറിയും ചിൽഡ്രൻസ് ഹോമും
എല്ലാവരിലുംനിന്ന് അകന്ന്, ഏകനായി, പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെയുള്ള ഒറ്റപ്പെട്ട ജീവിതം. മിഷൻസ്ഥലങ്ങളിലൂടെയുള്ള യാത്ര കഴിഞ്ഞു താമസിക്കുന്ന സ്ഥലത്തേക്ക് ഒരു രാത്രി വരുമ്പോൾ ആരോ ഫ്രാൻസിസിന്റെ തലയിലേക്ക് ഒരു കല്ല് വലിച്ചെറിയുകയും ആ മുറിവ് ഒരു ഡിസ്പെൻസറി എന്ന ആശയം അദ്ദേഹത്തിനു നൽകുകയും, അടുത്തദിവസം ഒരു പബ്ലിക് ഡിസ്പെൻസറി ആരംഭിക്കുകയും ചെയ്യുന്നു. മിഷൻ പ്രവർത്തനങ്ങളുടെ നട്ടെല്ലായി അതു മാറുന്നു.
കഠിനമായ പരിശ്രമത്തിലൂടെ ചൈനക്കാരുടെ ഹൃദയത്തിലേക്കു ഫ്രാൻസിസ് കയറിപ്പറ്റുകയാണ്. ഉറക്കമില്ലാത്ത രാത്രിയിൽ അകലെ നിന്ന് ഒരു കരച്ചിൽ അദ്ദേഹത്തിന്റെ ചെവിയിലെത്തി. വഴിയിലേക്ക് ഇറങ്ങിയ ഫ്രാൻസിസ് കണ്ടത് മരിച്ചുകിടക്കുന്ന ഒരു സ്ത്രീയെയും അവളുടെ വസ്ത്രങ്ങൾക്കിടയിൽ ഒരു പൊടിക്കുഞ്ഞിനെയും. ആ കുഞ്ഞിനെ കരങ്ങളിൽ ഉയർത്തി ദൈവകരുണയുടെ ആദ്യ അടയാളമായി ഒരു ചിൽഡ്രൻസ് ഹോം ആരംഭിക്കുന്നു.
ചുമയ്ക്കുന്ന അസുഖം പടരുന്നു
കാലാവസ്ഥയിൽ ഉണ്ടായ മാറ്റം ഫ്രാൻസിസിനെ അസ്വസ്ഥനാക്കി. പക്ഷികൾ കൂട്ടംകൂട്ടമായി തെക്കൻ പ്രവിശ്യകളിൽ പോകുന്നത് ഫ്രാൻസിസിന്റെ ശ്രദ്ധയിൽപ്പെട്ടു. അപ്രതീക്ഷിതമായതെന്തോ സംഭവിക്കാൻപോകുന്ന രീതിയിൽ ആകാശം കറുത്തിരുളുന്നതും പായിടാൻ പ്രവിശ്യയിൽ ഏതോ പകർച്ചവ്യാധി പടർന്നു പിടിച്ചിരിക്കുന്നതും അന്തരീക്ഷത്തിൽ മരണത്തിന്റെ ഗന്ധം പരക്കുന്നതും ഫ്രാൻസിസ് ദർശിച്ചു.
കൂടുതൽ വാർത്തകൾ അറിയാൻ നഗരത്തിലേക്കു ചെന്ന ഫ്രാൻസിസ് കേൾക്കുന്നത് പകർച്ചവ്യാധികളെക്കുറിച്ചുള്ള ഭീതിപ്പെടുത്തുന്ന വർത്തമാനങ്ങളാണ്. "ചുമയ്ക്കുന്ന അസുഖമാണ്.' ആളുകൾ പരസ്പരം പറഞ്ഞു. ചൈനയുടെ ആറു പ്രവിശ്യകളിൽ ഇത് മരണം വിതച്ചുകഴിഞ്ഞു. ജനങ്ങൾ സർവവും ഉപേക്ഷിച്ച് പലായനം ചെയ്യുന്നു. ഒരു സ്ത്രീ ഇന്നലെ രാത്രി വഴിയിൽ മരിച്ചുകിടക്കുന്നുണ്ടായിരുന്നു. മറ്റു സ്ഥലങ്ങളിൽനിന്നു നഗരത്തിലേക്ക് ആളുകൾ എത്തിക്കഴിഞ്ഞു.
മഹാമാരി തടയാൻ ഒരുക്കം
കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ ഫ്രാൻസിസ്, തന്റെ സഹായിയായ ജോസഫിനെ ഫാ. തിബോഡുവിന്റെ അടുത്തേക്കും അദ്ദേഹമില്ലെങ്കിൽ അമേരിക്കൻ എണ്ണക്കമ്പനിയുടെ ഓഫീസുകളിൽ അധികാരമുള്ള ഒരാളെ കണ്ടെത്താനും അയയ്ക്കുന്നു. പായിടാൻ പ്രവിശ്യയിൽ പകർച്ചവ്യാധി പടർന്നുപിടിച്ചിരിക്കുകയാണെന്നും എത്രയും പെട്ടെന്നു ഡോക്ടർമാരെയും മരുന്നുകളും ആവശ്യമുള്ള സാധനങ്ങളും എത്തിക്കണമെന്നുമുള്ള നിർദേശവും കൊടുത്തയയ്ക്കുന്നു.
ഒപ്പംതന്നെ പെൻ കിനിലുള്ള വികാരിയാത്തിനും നാൻകിനിലുള്ള യൂണിയൻ ജനറൽ ഹോസ്പിറ്റലിലേക്കും രണ്ട് അറിയിപ്പുകളും ടെലിഗ്രാം ചെയ്യാനായി കൊടുത്തുവിടുന്നു. കൂടാതെ മിഷൻ സെന്ററിൽ ജോലിചെയ്യുന്ന സിസ്റ്റേഴ്സിനെ വരാൻപോകുന്ന അപകടത്തെക്കുറിച്ച് അറിയിക്കുകയും, തന്റെ മിഷൻകേന്ദ്രത്തെയും ഇവിടുത്തെ കുട്ടികളെയും രക്ഷിക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങാൻ തീരുമാനിക്കുകയും ചെയ്യുന്നു.
"ഏതു വിധേനെയും നമ്മുടെ കുട്ടികളെ ഇതിൽനിന്നു രക്ഷിക്കണം. ഇവരെ സുരക്ഷിതമായി മറ്റുള്ളവരിൽനിന്നു മാറ്റിനിർത്താതെ വേറേ മാർഗമില്ല. കുട്ടികൾ ഒരിക്കലും പുറത്തുവരാൻപാടില്ല ഒരാൾ എപ്പോഴും കാവൽ ഉണ്ടാകണം' ഫ്രാൻസിസ് നിർദേശിച്ചു. ഗ്രാമത്തലവൻ ചിയായുടെ സഹായികളെ വിളിച്ച് മിഷൻ സെന്ററിനു ചുറ്റും ഉണങ്ങിയ ചോളകമ്പുകളും കളിമണ്ണും കൂട്ടി പകലും രാത്രിയും കഠിനാധ്വാനം നടത്തി വലിയ മതിൽ നിർമിക്കുകയും ചെയ്തു. ജോലിക്കാർ പിരിഞ്ഞശേഷവും ഫ്രാൻസിസ് ഒറ്റയ്ക്ക് മതിലിന്റെ അവശേഷിക്കുന്ന പണികൾ മുഴുവൻ തീർക്കുന്നു. തുടർന്ന് തന്റെ കൈയിൽ കരുതിയിരുന്ന ഭക്ഷണശേഖരം മുഴുവൻ മതിലിനകത്തുള്ള വീടുകളിലേക്കു മാറ്റുന്നു.
ആരുമില്ലെങ്കിലും ഞാൻ ഇറങ്ങും
പ്രഭാതത്തിൽ ചീഫ് മജിസ്ട്രേട്ടിനെ കാണാൻ ചെന്ന ഫ്രാൻസിസ് കാണുന്നത് മറ്റു പ്രവിശ്യകളിൽനിന്നു പലായനം ചെയ്യപ്പെട്ടവർ പ്രാണരക്ഷാർഥം നഗരത്തിലേക്കു വരുന്ന കാഴ്ചയാണ്. എങ്ങും ചുമയുടെ അലർച്ച ശബ്ദം. വഴിയിൽ നഗ്നനായി മരിച്ചുകിടക്കുന്ന ഒരു വൃദ്ധൻ. ഫാ. ഫ്രാൻസിസിന്റെ ഹൃദയം നൊന്തു. "നഗരം മുഴുവൻ മാരകരോഗത്തിന് അകപ്പെട്ടുകഴിഞ്ഞു, എന്തെങ്കിലും ചെയ്യാൻ അധികാരവും ധൈര്യവുമുള്ളവർ ഇല്ലെങ്കിൽ ജനം മുഴുവൻ മരിച്ചു വീഴും.' ലഫ്റ്റനന്റ് ഷോണിനോട് അദ്ദേഹം പറഞ്ഞു.
രണ്ടും കൽപിച്ച് അദ്ദേഹം പറഞ്ഞു “ഞാൻ ഈ മനുഷ്യരെ സഹായിക്കാൻ പോകുകയാണ്. നിങ്ങൾ ആരും വന്നില്ലെങ്കിലും ഞാൻ പോകും. പക്ഷേ നിങ്ങൾ എന്റെകൂടെ വരുമെന്ന് എനിക്കുറപ്പാണ്.’’ അസ്വസ്ഥത നിറഞ്ഞ മനസ്സോടെ ലഫ്റ്റനന്റ് ഷോൺ തന്റെ ജനങ്ങളുടെ ജീവനെക്കുറിച്ച് അല്പംപോലും താത്പര്യമില്ലാതെ വിദേശത്തുനിന്നു കടന്നുവന്ന ആ പാതിരിയുടെ പിറകേ മനസില്ലാമനസോടെ ഇറങ്ങുന്നു.
വീട് ആശുപത്രിയാക്കി
“രോഗികളെ പ്രത്യേകമായി താമസിപ്പിക്കാനുള്ള സ്ഥലം കണ്ടെത്തിയേ മതിയാകൂ’’ അദ്ദേഹം ലഫ്റ്റനന്റ് ഷോണിനോടു പറഞ്ഞു. നഗരമധ്യത്തിൽ നിലകൊള്ളുന്ന യൂ ഷിവിന്റെ കൊട്ടാരം പോലുള്ള വീട് ഹോസ്പിറ്റലാക്കി മാറ്റാൻ അവർ തീരുമാനിക്കുന്നു. താത്കാലിക ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത പതിനാറുപേരും നേരം വെളുത്തപ്പോൾ മരിച്ചിരുന്നു. എന്നാൽ ആ സംഖ്യയുടെ മൂന്നിരട്ടിയാണ് നിമോണിക് പ്ലേഗ് ബാധിച്ചു വരുന്നത്. അതിന്റെ വൈറസിനെ നശിപ്പിക്കാൻ അതിശക്തമായ വിഷത്തിനുപോലും സാധിക്കുമായിരുന്നില്ല. ഓരോ പ്രഭാതത്തിലും മരിച്ചുവീഴുന്നവരുടെ സംഖ്യ വർധിച്ചുവന്നു. ശ്വാസകോശം മുഴുവൻ മാരകമായ അണുക്കൾ നിറഞ്ഞ് ശ്വാസം കിട്ടാതെ ഓരോ രോഗിയും മരണത്തെ പുൽകി.
ആ ആഴ്ച അവസാനത്തോടെ നഗരം മുഴുവൻ രോഗികളെകൊണ്ടും പരിഭ്രാന്തരായ ജനങ്ങളെക്കൊണ്ടും നിറഞ്ഞിരുന്നു. തണുപ്പ് അതിരൂക്ഷമായി. വരാൻ പോകുന്ന വലിയ ദുരന്തത്തിന്റെ തുടക്കം മാത്രമാണിതെന്ന് ഫ്രാൻസിസ് മനസിലാക്കിയില്ല . കാരണം അദ്ദേഹം ഒരു വാർത്തയും അറിഞ്ഞിരുന്നില്ല. മരണം അരലക്ഷത്തിൽപരം ആയെന്നും അമേരിക്കയും ബ്രിട്ടനും രോഗത്തെ പ്രതിരോധിക്കാൻ ചൈനയ്ക്ക് സഹായഹസ്തവുമായി എത്തിയതും ഈ മനുഷ്യൻ അറിഞ്ഞില്ല. തന്റെ സഹായിയായ ജോസഫ്, ബാല്യകാല സുഹൃത്ത് ഡോ. വില്ലി ടുളോച്ച് വരുന്നുണ്ടെന്ന വാർത്തയുമായാണ് തിരികെയെത്തുന്നത്.
പ്രതിരോധം
വില്ലി എത്തിയതോടെ കാര്യങ്ങൾക്ക് ഒരു വ്യക്തത കൈവരുന്നു. ഫ്രാൻസിസിനെ അഭിനന്ദിച്ചുകൊണ്ട് ഡോ. വില്ലി പറഞ്ഞു: “നിങ്ങൾ ഇവിടെ ചെയ്തിരിക്കുന്നത് അദ്ഭുതങ്ങളാണ്. എന്നാൽ ഓർത്തിരിക്കേണ്ട കാര്യം, എല്ലാ മുൻധാരണകളും മാറ്റിവച്ചിട്ട് സത്യത്തെ മനസിലാക്കുക എന്നതാണ്. മാരകമായ ഈ പകർച്ചവ്യാധി മാറ്റാൻ മരുന്നുകളൊന്നുംതന്നെയില്ല, മാത്രമല്ല, ഞാൻ കൊണ്ടുവന്ന മരുന്നുകളെല്ലാം ഒരാഴ്ചകൊണ്ട് തീർന്നു. പക്ഷേ ഒരുകാര്യം നമുക്ക് ചെയ്യാൻ കഴിയും. രോഗിയെ സുഖപ്പെടുത്തുന്നതിനേക്കാൾ എളുപ്പം രോഗപ്രതിരോധമാണ്. അതുകൊണ്ട് നമുക്ക് ശ്രദ്ധിക്കേണ്ടത് ജീവിച്ചിരിക്കുന്നവരിലേക്കല്ല മറിച്ച്, മരിച്ചവരിലേക്കാണ്.’’ എല്ലാവരും നിശബ്ദരായി. കാരണം മൃതശരീരങ്ങൾ വഴിയരികിൽ കൂടിക്കൊണ്ടിരുന്നു. “നിങ്ങളുടെ ആരോഗ്യം രക്ഷിക്കുക എന്നത് വളരെപ്രധാനപ്പെട്ടതാണ്’’ അദ്ദേഹം പറഞ്ഞു. “നിങ്ങളുടെ കണ്ണുകളിൽ നോക്കിയുള്ള ഒരു ചുമ മതി നിങ്ങൾ രോഗിയായി മാറാൻ.’’
വൈറസുകൾ നിറഞ്ഞ, അഴുകിയും എലികൾ ആക്രമിച്ചും തുടങ്ങിയ മൃതദേഹങ്ങൾ അടക്കംചെയ്യുന്ന കാര്യം ഫ്രാൻസിസ് മറന്നുപോയിരുന്നു. മാത്രമല്ല, മരിച്ച എല്ലാവരെയും മറവുചെയ്യുന്നതിനു ശവക്കുഴി ഉണ്ടാക്കുന്നത് ചിന്തിക്കാൻപോലും സാധിക്കുമായിരുന്നില്ല. ശവപ്പെട്ടികളെല്ലാം പണ്ടേ തീർന്നിരുന്നു. മതിലിനുവെളിയിൽ അവർ വലിയ കുഴിയുണ്ടാക്കി അതിലേക്കു വണ്ടികളിൽ നിറച്ചു കൊണ്ടുവന്ന മൃതദേഹങ്ങൾ ഇട്ടുകൊണ്ടിരുന്നു.
മൂന്നുദിവസത്തെ നിരന്തര പരിശ്രമത്തിലൂടെ നഗരത്തിലെ മൃതദേഹങ്ങൾ മുഴുവൻ അടക്കംചെയ്തു തുടങ്ങി. നായ്ക്കൾ വലിച്ചുകീറി കഴിക്കുകയും വഴികളിൽ ഉപേക്ഷിക്കുകയും ചെയ്തവ മുതൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ആദരപൂർവം അടക്കം ചെയ്തില്ലെങ്കിൽ ആത്മാക്കൾക്ക് മോക്ഷം കിട്ടില്ലെന്ന വിശ്വാസത്തിൽ, വീടുകളുടെ മേൽക്കൂരകളിലും പെട്ടികളിലും ഒളിപ്പിച്ചിരുന്ന മൃതദേഹങ്ങളടക്കം പുറത്തെത്തിക്കുന്നതിന് അവർക്ക് സാധിച്ചു. ഡോക്ടർ വില്ലിയുടെ നിർദേശപ്രകാരം ലെഫ്റ്റനന്റ് ഷോൺ അത്തരം പൂഴ്ത്തിവയ്പുകാരെ വെടിവച്ചു കൊല്ലുമെന്ന് ഒരു ശാസനയും പ്രഖ്യാപിച്ചു.
മൃതദേഹങ്ങൾ വഹിച്ചുകൊണ്ടു നഗരത്തിലൂടെ പായുമ്പോൾ ഷോണിന്റെ പടയാളികൾ ഇങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു: “നിങ്ങളുടെ മരിച്ചവരെ പുറത്തുകൊണ്ടുവരിക; അല്ലെങ്കിൽ നിങ്ങളും മരിക്കും.’’ അതോടൊപ്പം രോഗത്തിന്റെ പ്രജനന കേന്ദ്രങ്ങളായി ഡോക്ടർ അടയാളപ്പെടുത്തിയ ഇടങ്ങളെല്ലാം അവർ നിഷ്കരുണം അഗ്നിക്കിരയാക്കി. വീടുകളിൽ പ്രവേശിച്ച് മുറികൾ വൃത്തിയാക്കുകയും എല്ലായിടങ്ങളിലും മണ്ണെണ്ണ വിതറുകയും ചത്ത എലികളെയെല്ലാം ചിതയിൽ കത്തിക്കുകയും ചെയ്തു.
മതി ഫ്രാൻസിസ്, മതി
എല്ലാം അവസാനിപ്പിച്ച് തളർന്നവശരായി വിജനമായ വഴികളിലൂടെ തിരികെ നടക്കുമ്പോൾ തന്റെ കൂടെ നടക്കുന്ന വെള്ളക്കുപ്പായക്കാരനെ നോക്കി ഡോ. വില്ലി ഇങ്ങനെ പറഞ്ഞു: “ഇത് നിങ്ങളുടെ ജോലിയല്ല ഫ്രാൻസിസ്, നിങ്ങൾ ആകെ തളർന്നിരിക്കുന്നു. എന്തുകൊണ്ടാണ് കുറച്ചു ദിവസത്തേക്ക് മലമുകളിൽ നിങ്ങളുടെ കുഞ്ഞുങ്ങളുടെ അടുത്തേക്ക് പോകാത്തത്.’’ ഫാ. ഫ്രാൻസിസിന്റെ മറുപടി ഡോ. വില്ലിയെ അമ്പരപ്പിച്ചു: “നഗരം മുഴുവൻ കത്തുന്ന നേരത്ത് ഒരു പുരോഹിതനായ ഞാൻ എങ്ങനെയാണ് ക്ഷീണം മാറ്റാൻ പോവുക.’’
ഇവിടെ ആരെ കാണിക്കാനാണ്, ആര് കാണാനാണ് ഫ്രാൻസിസ് നിങ്ങൾ ഇങ്ങനെ സ്വയം മരിക്കുന്നത്. ഒന്നുകിൽ നിങ്ങൾ എന്തിനുവേണ്ടിയാണോ ഇറങ്ങിത്തിരിച്ചിരിക്കുന്നത് അതിനുവേണ്ടി ജീവിക്കുക. ഇല്ലെങ്കിൽ ഇവിടെക്കിടന്നു മരിക്കുക.’’ - വില്ലി പറഞ്ഞു.
ഫ്രാൻസിസ് കഴിഞ്ഞ പത്തുദിവസമായി ഇട്ട വസ്ത്രം മാറിയിട്ടില്ല. വിയർത്ത്, അഴുക്കുപുരണ്ട് തണുപ്പിൽ അവ മരവിച്ചിരുന്നു. അയാൾ ഇടയ്ക്ക് തന്റെ കാലിലെ ബൂട്ട് വലിച്ചൂരി ഡോ. വില്ലിയുടെ നിർദേശപ്രകാരം കൊൾസാ ഓയിൽ ഉപയോഗിച്ച് പാദങ്ങൾ തടവുന്നുണ്ടായിരുന്നു എന്നിട്ടും മഞ്ഞിന്റെ കാഠിന്യത്തിൽ കാലുകൾ വീർത്ത് രക്തം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ക്ഷീണത്താൽ മരണത്തിന്റെ വക്കിലാണെന്ന് അറിയുമ്പോഴും ഇനിയും ചെയ്യാൻ ഒരുപാട് ബാക്കിയുണ്ട് എന്ന യാഥാർഥ്യം ഫ്രാൻസിസിനെ ഉന്മേഷവാനാക്കി. കുടിക്കാൻ വെള്ളമില്ല. ഉള്ളത് ഉരുകിയ മഞ്ഞു മാത്രം. കിണറുകളിൽ ഉള്ളതാകട്ടെ കട്ടിയുള്ള ഐസ് കഷണങ്ങൾ. അതുപയോഗിച്ച് ഭക്ഷണം പാകം ചെയ്യുക അസാധ്യമായിരുന്നു. എന്നിട്ടും അവരുടെ ജീവിതത്തിലേക്കു കടന്നുവരുന്ന മരണത്തെ ചെറുക്കാൻ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കണമെന്നും തമാശകൾ പറയണമെന്നും ഡോ. വില്ലി നിർബന്ധിച്ചു.
മഞ്ഞ് ഇടതടവില്ലാതെ വീണുകൊണ്ടിരുന്നു. മഞ്ഞുവീഴ്ച കഠിനമായതോടെ രോഗത്തിന്റെയും മരണത്തിന്റെയും ഭീതിയിൽ രോഗികളുടെ വേദനകൾ ഇരട്ടിയായി. തെരുവുകൾ കൂടുതൽ കൂടുതൽ നിശബ്ദമായിക്കൊണ്ടിരുന്നു. രോഗീ ശുശ്രൂഷ അസാധ്യമാകത്തക്കവിധത്തിൽ മഞ്ഞ് വീണുകൊണ്ടിരുന്നു. ഫ്രാൻസിസിന്റെ ഹൃദയം രോഗികളെ ഓർത്ത് തേങ്ങി. മരണത്തിന്റെ അവസാനമില്ലാത്ത ദിനങ്ങളിൽ അയാൾക്ക് സ്ഥലകാല ബോധംപോലും നഷ്ടപ്പെട്ടു. മരിക്കുന്നവരുടെ അടുത്ത് കുനിഞ്ഞിരുന്ന് അവരുടെ കണ്ണുകളിലേക്ക് ആർദ്രതയോടെ നോക്കി ക്രിസ്തു പകർന്നുതന്ന കരുണയുടെ, സ്നേഹത്തിന്റെ സാന്ത്വനമായി അയാൾ മാറി. കാരണം സ്വന്തം മരണത്തെ ക്കുറിച്ചുള്ള ചിന്തപോലും അയാൾക്ക് നഷ്ടപ്പെട്ടിരുന്നു. ക്രിസ്തുവിനോടുകൂടെയുള്ള ഈ സഹന ജീവിതം, കരച്ചിലും വിലാപവും ഇല്ലാത്ത ജീവിതത്തിനുവേണ്ടിയുള്ള തയാറെടുപ്പാണെന്ന ബോധ്യം അയാൾക്കുണ്ടായിരുന്നു.
ഇതിനേക്കാൾ മോശമാണോ നരകം?
നഗരത്തിനു വെളിയിൽനിന്നു വരുന്ന എല്ലാവരെയും പ്രത്യേകിച്ചു നാടോടികളെ നഗരത്തിനു വെളിയിൽവച്ചുതന്നെ അണുവിമുക്തരാക്കുകയും വൈറസിന്റെ പിടിയിൽനിന്നു മോചിതമാകുന്നതുവരെ ക്വാറന്റൈയിൻ ചെയ്ത് ഒറ്റപ്പെട്ട മുറികളിൽ താമസിപ്പിക്കുകയും ചെയ്തു. തിരികെ വരുംവഴി ഡോ. വില്ലി ടുള്ളോച്ച് ഫ്രാൻസിസിനോട് ചോദിക്കുന്ന ചോദ്യം, നരകം ഇതിനേക്കാൾ മോശമാണോ എന്നാണ്. “ഒരാൾക്ക് അയാളുടെ പ്രതീക്ഷകളെല്ലാം അവസാനിക്കുന്ന അവസ്ഥയാണ് നരകം.’’
ഫ്രാൻസിസ് മറുപടി പറഞ്ഞു. കൊറോണക്കാലം നരകമായി തോന്നുന്നവർക്കും ജീവിതത്തെക്കുറിച്ച് പ്രതീക്ഷയും പ്രത്യാശയും നഷ്ടപ്പെട്ടവർക്കും ക്രോണിന്റെ ഫാ. ഫ്രാൻസിസ് പകർന്നു നൽകുന്നത് പുതിയ പുലരിയിലേക്കുള്ള ഉൾവെളിച്ചമാണ്. സ്വർഗത്തിന്റെ കവാടങ്ങൾ തുറക്കുന്നതിനു പുതിയൊ രു താക്കോൽ, മനുഷ്യരാശിയുടെ പ്രയോജനത്തിനും വരുംതലമുറകളുടെ നന്മയ്ക്കുംവേണ്ടി, സഹാനുഭൂതിയുടെയും സഹവർത്തിത്വത്തിന്റെയും ഒരു താക്കോൽ.
ജോസഫ് കുസുമാലയം സിഎംഐ
(ലേഖകൻ തേവര സേക്രഡ് ഹാർട്ട് കോളജ്
ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്.)