ചെപ്പോക്കിൽ വീണ്ടും വീണ് സിഎസ്കെ; സൺറൈസേഴ്സിന് തകർപ്പൻ ജയം
Friday, April 25, 2025 11:35 PM IST
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിംഗ്സിനെതിരായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം. അഞ്ച് വിക്കറ്റിനാണ് ഹൈദരാബാദ് വിജയിച്ചത്.
ചെന്നൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം സൺറൈസേഴ്സ് എട്ട് പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. ഹൈദരാബാദിന്റെ സീസണിലെ മൂന്നാം ജയമാണിത്. ചെന്നൈയുടെ ഏഴാം തോല്‍വിയും. 44 റണ്‍സെടുത്ത ഇഷാൻ കിഷാനാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ.
155 എന്ന ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് പ്രതീക്ഷിച്ച തുടക്കം നല്കാൻ ഓപ്പണര്‍മാര്‍ക്കായില്ല. രണ്ടാം പന്തില്‍ തന്നെ അഭിഷേക് ശര്‍മയെ (0) ഖലീല്‍ മടക്കി. പവര്‍പ്ലേ ഓവറുകളില്‍ ചെന്നൈ പിടിമുറുക്കിയതോടെ ഹൈദരാബാദിന് സ്കോറിങ് വേഗതയിലാക്കാനായില്ല. പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ അപകടകാരിയായ ട്രാവിസ് ഹെഡിനേയും ചെന്നൈ മടക്കി. അൻഷുല്‍ കാമ്പോജിന്റെ പന്ത് ഹെഡിന്റെ (19) ബെയില്സ് തെറിപ്പിച്ചു.
ഇഷാൻ കിഷൻ ഒരു വശത്ത് നിലയുറപ്പിച്ചെങ്കിലും നാലാമനായി എത്തിയ ഹെൻറിച്ച് ക്ലാസൻ കൂറ്റനടിക്ക് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞു. ജഡേജയുടെ പന്തില്‍ ദീപക് ഹൂഡയ്ക്ക് ക്യാച്ച് നല്കി മടങ്ങിയ ക്ലാസന് കേവലം ഏഴ് റണ്‍സ് മാത്രമാണ് നേടാനായത്. പിന്നീട് ക്രീസിലെത്തിയ അനികേത് വര്‍മയെ കൂട്ടുപിടിച്ചായിരുന്നു ഇഷാൻ ഇന്നിങ്സ് നയിച്ചത്. ഇടവേളകളില്‍ ബൗണ്ടറി നേടി ഹൈദരാബാദിനെ മത്സരത്തില്‍ നിലനിര്‍ത്താൻ ഇഷാനായിരുന്നു.
36 റണ്‍സ് നീണ്ട കൂട്ടുകെട്ട് നൂര്‍ അഹമ്മദിലൂടെ ചെന്നൈ പൊളിച്ചു. 44 റണ്‍സെടുത്ത ഇഷാൻ ബൗണ്ടറി കണ്ടെത്താനുള്ള ശ്രമത്തിനിടെ സാം കറണിന്റെ കൈകളിലൊതുങ്ങി. വൈകാതെ അനികേതിനും ഡഗൗട്ടിലേക്ക് മടങ്ങേണ്ടി വന്നു. തന്റെ തനതുശൈലിയില്‍ ഇന്നിംഗ്സിലുടനീളം
ബാറ്റ് വീശാൻ അനികേതിനായിരുന്നില്ല. 19 പന്തില്‍ 19 റണ്‍സാണ് താരം നേടിയത്. നൂറിനായിരുന്നു വിക്കറ്റ്.
എന്നാല്‍, ആറാം വിക്കറ്റില്‍ നിതീഷ് റെഡ്ഡിയും കമിന്ദു മെൻഡിസും ചേർന്ന് ഹൈദരാബാദ് ജയം ഉറപ്പാക്കി. കമിന്ദു 32 റണ്‍സെടുത്തും നിതീഷ് 19 റണ്‍സുമായും പുറത്താകാതെ നിന്നു.