ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുക്കും
Friday, April 25, 2025 3:58 AM IST
ന്യൂഡൽഹി: കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
"ഏപ്രിൽ 25, 26 തീയതികളിൽ രാഷ്ട്രപതി ദ്രൗപതി മുർമു വത്തിക്കാൻ സിറ്റി സന്ദർശിക്കുകയും ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുകയും ഇന്ത്യയിലെ സർക്കാരിനും ജനങ്ങൾക്കും വേണ്ടി അനുശോചനം അറിയിക്കുകയും ചെയ്യും.'- വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പയെ ഓർമിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
വെള്ളിയാഴ്ച വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ രാഷ്ട്രപതി, ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.