തയാറെടുപ്പിന്റെ സൂചന; വ്യോമാഭ്യാസം നടത്തി ഇന്ത്യ
Thursday, April 24, 2025 11:01 PM IST
ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വ്യോമാഭ്യാസം നടത്തി പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. ആക്രമണ് എന്ന പേരിൽ സെന്‍ട്രൽ സെക്ടറിലാണ് വ്യോമാഭ്യാസം നടത്തിയത്. പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് തയാറെടുപ്പിന്റെ സൂചന നൽകിയുള്ള വ്യോമാഭ്യാസം.
സെന്‍ട്രൽ കമാന്‍ഡിൽ റഫാൽ, സുഖോയ് യുദ്ധവിമാനങ്ങള്‍ അണിനിരത്തിയാണ് വ്യോമാഭ്യാസം നടത്തിയത്. നാവികസേന യുദ്ധ കപ്പലായ ഐഎൻഎസ് സൂറത്തിൽ നിന്ന് മിസൈൽ പരിശീലനം വിജയകരമായി പൂർത്തിയാക്കി.
ഇതിനിടെ ബിഎസ്എഫ് ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തു. പഞ്ചാബ് അതിർത്തിയിലാണ് സംഭവം. ബിഎസ്എഫ് കോൺസ്റ്റബിൾ പി.കെ. സിംഗിനെയാണ് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തത്.
ജവാന്റെ മോചനത്തിനായി ഇരു സേനകളും തമ്മിൽ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുണ്ട്. അന്താരാഷ്ട്ര അതിർത്തി കടന്നെന്ന് ആരോപിച്ച് ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തെന്നാണ് വിവരം.
കസ്റ്റഡിയിലെടുക്കുന്ന സമയം ജവാൻ യൂണീഫോമിലായിരുന്നു. ഇദ്ദേഹത്തിന്റെ കൈയിൽ സർവീസ് റൈഫിളും ഉണ്ടായിരുന്നു. അബദ്ധത്തിൽ അതിർത്തിക്കപ്പുറം എത്തിയപ്പോഴാണ് ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വച്ചാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്.