കുടുംബവുമായി സംസാരിക്കാൻ അനുവദിക്കണം; തഹാവൂർ റാണയുടെ ഹർജി കോടതി തള്ളി
Thursday, April 24, 2025 9:43 PM IST
ന്യൂഡൽഹി: കുടുംബവുമായി ടെലിഫോണിൽ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണക്കേസ് പ്രതിയായ തഹാവൂർ റാണ സമർപ്പിച്ച ഹർജി കോടതി തള്ളി. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ഹർജി തള്ളിയത്.
നിർണായക വിവരങ്ങൾ പുറത്തുപോകാൻ സാധ്യതയുണ്ടെന്ന് റാണയുടെ ആവശ്യത്തെ എതിർത്ത എൻഐഎ കോടതിയിൽ വാദിച്ചു. ഇത് കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം.
ദേശീയ അന്വേഷണ ഏജൻസിയുടെയും (എൻഐഎ) റാണയുടെ നിയമസഹായ അഭിഭാഷകന്റെയും വാദങ്ങൾ കോടതി ബുധനാഴ്ച രഹസ്യമായി കേട്ടിരുന്നു.
അന്വേഷണം നിലവിൽ നിർണായക ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി എൻഐഎ ഹർജിയെ ശക്തമായി എതിർത്തതായാണു റിപ്പോർട്ട്. അതേസമയം, തഹാവൂർ റാണ ഒരു വിദേശ പൗരനാണെന്നും അദ്ദേഹത്തിന്റെ ക്ഷേമത്തിൽ കുടുംബത്തിന് ആശങ്കയുണ്ടെന്നും അദ്ദേഹത്തിന്റെ നിയമ പ്രതിനിധി വാദിച്ചു.
അടുത്തിടെ അമേരിക്കയിൽനിന്ന് നാടുകടത്തപ്പെട്ട പാക്കിസ്ഥാൻ വംശജനായ കനേഡിയൻ ബിസിനസുകാരനായ തഹാവൂർ റാണ (64) നിലവിൽ 18 ദിവസത്തെ എൻഐഎയുടെ കസ്റ്റഡിയിലാണ്.