കോഹ്ലിക്കും പടിക്കലിനും അർധസെഞ്ചുറി; റൺമല ഉയർത്തി ആർസിബി
Thursday, April 24, 2025 9:28 PM IST
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ തോൽവി പരമ്പര അവസാനിപ്പിക്കാൻ കളത്തിലിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് രാജസ്ഥാൻ റോയൽസിനെതിരേ മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് അടിച്ചെടുത്തു.
വിരാട് കോഹ്ലി (70), ദേവ്ദത്ത് പടിക്കൽ (50) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഹോം ഗ്രൗണ്ടിൽ ആർസിബിക്ക് തുണയായത്. ടൂർണമെന്റിലെ അഞ്ചാം അർധ സെഞ്ചുറിയാണ് കിംഗ് കോഹ്ലി ഇന്ന് കുറിച്ചത്. 42 പന്തുകൾ നേരിട്ട കോഹ്ലി എട്ട് ഫോറും രണ്ട് സിക്സും നേടി. പടിക്കൽ 27 പന്തിൽ അർധ ശതകം പൂർത്തിയാക്കി.
സാവധാനം തുടങ്ങിയ അർസിബിക്ക് കോഹ്ലി-ഫിൽ സാൾട്ട് സഖ്യം ഓപ്പണിംഗ് വിക്കറ്റിൽ 61 റൺസ് സമ്മാനിച്ചു. 26 റൺസുമായി സാൾട്ട് മടങ്ങിയപ്പോൾ ഒത്തുചേർന്ന കോഹ്ലി-പടിക്കൽ സഖ്യം രണ്ടാം വിക്കറ്റിൽ 95 റൺസ് കൂട്ടിച്ചേർത്തതാണ് ആർസിബിക്ക് മികച്ച സ്കോർ നേടാൻ അടിത്തറയായത്.
അവസാന ഓവറുകളിൽ സ്കോറിംഗ് വേഗത്തിലാക്കിയ വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ (10 പന്തിൽ 20), ടിം ഡേവിഡ് (15 പന്തിൽ 23) എന്നിവരാണ് ടീം സ്കോർ 200 കടത്തിയത്. റോയൽസിനായി സന്ദീപ് ശർമ രണ്ടും ജോഫ്ര ആർച്ചർ, വാനിന്ദു ഹസരങ്ക എന്നിവർ ഓരോ വിക്കറ്റും നേടി.