പഹൽഗാം ഭീകരാക്രമണം; അമിത് ഷാ രാഷ്ട്രപതിയെക്കണ്ട് സാഹചര്യം വിശദീകരിച്ചു
Thursday, April 24, 2025 5:29 PM IST
ന്യൂഡൽഹി: പഹൽഗാമിലെ സാഹചര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാഷ്ട്രപതിയെ കണ്ട് വിശദീകരിച്ചു. രാഷ്ട്രപതി ഭവനിൽ ആണ് കൂടിക്കാഴ്ച നടന്നത്.
വിദേശകാര്യമന്ത്രി എസ്. ജയശങ്കറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പഹൽഗാം ആക്രമണത്തിന്റെ സാഹചര്യത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള തീരുമാനങ്ങളും പാക്കിസ്ഥാന്റെ പ്രതികരണവും ഔദ്യോഗികമായി ആഭ്യന്തരമന്ത്രി രാഷ്ട്രപതിയെ അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച കടുത്ത നടപടികളാണ് ഇന്ത്യ പ്രഖ്യാപിച്ചത്. എല്ലാ പാക്കിസ്ഥാൻകാരും ഇന്ത്യ വിടണം. ഇനി പാക്കിസ്ഥാൻ പൗരൻമാർക്ക് വീസ അനുവദിക്കില്ല. എസ്വിഇഎസ് വീസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണം. സിന്ധു നദീജല കരാർ മരവിപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ഇവർ ഒരാഴ്ചയ്ക്കുള്ളിൽ തിരികെ പോകണം. ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വാഗ-അട്ടാരി അതിർത്തി അടച്ചതായി ഇന്ത്യ അറിയിച്ചു. അതിർത്തി കടന്നവർക്ക് മെയ് ഒന്നിന് മുൻപ് തിരിച്ചെത്താം. കനത്ത ജാഗ്രത തുടരാൻ സേനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.