കാഷ്മീരിൽ 575 മലയാളികൾ; മടങ്ങാന്‍ സര്‍ക്കാര്‍ സഹായം ഉപയോഗപ്പെടുത്താമെന്ന് മുഖ്യമന്ത്രി
Thursday, April 24, 2025 4:11 PM IST
തിരുവനന്തപുരം: ഭീകരാക്രമണം നടന്ന ജമ്മു കാഷ്മീരിൽ 575 മലയാളികൾ ഉണ്ടെന്നും ഇവർക്ക് മടങ്ങാൻ സർക്കാർ സഹായം ഉപയോഗപ്പെടുത്താമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സഹായം ആവശ്യമായവർക്കും ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ്പ് ഡെസ്ക്ക് നമ്പരിൽ നിന്ന് വിവരങ്ങൾ നൽകുന്നതിനും പേര് രജിസ്റ്റർ ചെയ്യുന്നതിനും സൗകര്യം ഒരുക്കി. നിലവിൽ ലഭിച്ച 49 രജിസ്ട്രേഷനിലൂടെ 575 പേർ കാഷ്മീരിൽ ഉണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്.
യാത്രാ സഹായം, ചികിത്സാ സഹായം, ആഹാരം എന്നിവ വേണ്ടവർക്ക് അവ സജ്ജമാക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഡൽഹിയിൽ എത്തുന്നവർക്ക് സഹായങ്ങൾ നൽകാനുള്ള സജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തുടർ യാത്രക്കായി ടിക്കറ്റ് ബുക്കിംഗ് ഉൾപ്പെടെയുള്ള സേവനങ്ങളും അവിടെ സജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ നിന്നും രാജ്യം മുക്തമായിട്ടില്ല. ഭൂമിയിലെ സ്വർഗമെന്ന് വിശേഷിക്കപ്പെടുന്ന കാഷ്മീരിന്റെ ജീവിതം ഇനിയും രക്തപങ്കിലമായിക്കൂടാ. വിനോദസഞ്ചാരത്തിനെത്തിയ നിരപരാധികളായ മനുഷ്യരാണ് കൊല്ലപ്പെട്ടത്. മാനവരാശിക്ക് തന്നെ എതിരായ കടന്നാക്രമണമാണ് ഇത്.
അവിടെ ജീവൻ നഷ്ടമായവരിൽ ഒരു മലയാളിയും ഉണ്ടെന്നത് നമ്മുടെ ദുഃഖം ഇരട്ടിപ്പിക്കുന്നുണ്ട്. കൊല്ലപ്പെട്ട എൻ. രാമചന്ദ്രന്റെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.