സ്വർണമാലയ്ക്കു വേണ്ടി കൊടുംക്രൂരത: അമ്പലമുക്ക് വിനീത വധക്കേസില്‍ ശിക്ഷാവിധി ഇന്ന്
Thursday, April 24, 2025 9:19 AM IST
തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി വിനീതയെ (38) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഇന്നു ശിക്ഷ വിധിക്കും.
തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹന്‍ ആണ് ശിക്ഷ വിധിക്കുന്നത്. പ്രതി തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറില്‍ രാജേന്ദ്രൻ (40) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും കൊലപാതക പരമ്പര നടത്തിയിട്ടുളള പ്രതി പൊതുസമൂഹത്തിന് ഭീഷണിയായതിനാൽ വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
2022 ഫെബ്രുവരി ആറിനാണ് അമ്പലമുക്കിൽ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരിയായിരുന്ന വിനീത കഴുത്തറത്ത് കൊലചെയ്യപ്പെട്ടത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗർ സ്വദേശി രാജേന്ദ്രൻ പിടിയിലായത്.
തമിഴ്നാട്ടിൽ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ രാജേന്ദ്രൻ പേരൂർക്കടയിലെ ചായക്കടയില്‍ ജോലി ചെയ്യുമ്പോഴാണ് വിനീതയെ കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലര പവന്റെ സ്വർണമാലയ്ക്കു വേണ്ടിയായിരുന്നു ഈ ക്രൂരകൃത്യം നടത്തിയത്.
ചെടി വാങ്ങാന്‍ എന്ന വ്യാജേന കടയിലെത്തിയ രാജേന്ദ്രന് ചെടികള്‍ കാണിച്ചു കൊടുത്ത വിനീതയെ പിന്നിൽ നിന്ന് പിടിച്ച് കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. തുടർന്ന് തമിഴ്നാട്ടിലെ കാവല്‍ കിണറിന് സമീപത്തെ ലോഡ്ജിൽ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഫെബ്രുവരി 11 ന് പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഈമാസം രണ്ടിന് കേസിന്റെ അന്തിമ വാദം പൂർത്തിയായിരുന്നു. 96 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ പ്രോസിക്യൂഷനു സഹായകരമായത് സാഹചര്യ തെളിവുകളും ശാസ്ത്രീയ- ഫോറൻസിക് തെളിവുകളുമാണ്. ജില്ലാ കലക്ടർ, സൈക്കോളജിസ്റ്റ്, ജയിൽ സൂപ്രണ്ട്, റവന്യൂ വകുപ്പ് എന്നിവരുടെ റിപ്പോർട്ടുകൾ പരിഗണിച്ച ശേഷമാണ് കോടതി ശിക്ഷ വിധിക്കുന്നത്.