എല്‍സ്റ്റന്‍ എസ്റ്റേറ്റിന് തിരിച്ചടി; ഭൂമി ഏറ്റെടുത്തതിനെതിരേയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി
Monday, April 21, 2025 1:26 PM IST
ന്യൂഡല്‍ഹി: വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുത്തതിനെതിരേ എല്‍സ്റ്റന്‍ എസ്റ്റേറ്റ് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിക്കാന്‍ കോടതി നിര്‍ദേശം നല്കി.
സംസ്ഥാന സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് ഭൂമി ഏറ്റെടുത്തതെന്നും തങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് കോടതിയെ സമീപിച്ചത്. നിലവിലെ സാഹചര്യത്തില്‍ കേസില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹര്‍ജി പരിഗണിച്ച കോടതി വ്യക്തമാക്കി. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് കഴിഞ്ഞല്ലോ എന്നും കോടതി ചോദിച്ചു.
നിലവില്‍ ഇതുസംബന്ധിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ പരാതികള്‍ ഡിവിഷന് ബെഞ്ചിനെ തന്നെ അറിയിക്കാനും കോടതി പറഞ്ഞു.
അതേസമയം നടപടിക്രമങ്ങള്‍ പാലിച്ചാണ് ഭൂമി ഏറ്റെടുത്തതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹൈക്കോടതി അനുമതിയോടെയാണ് ഭൂമി ഏറ്റെടുത്തതെന്നും സര്‍ക്കാര്‍ വാദിച്ചു.