ലഹരി കേസ്; ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യം
Saturday, April 19, 2025 5:29 PM IST
കൊച്ചി: ലഹരി കേസില്‍ അറസ്റ്റിലായ നടന് ഷൈന്‍ ടോം ചാക്കോ ജാമ്യം കിട്ടി പുറത്തിറങ്ങി. എൻഡിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കലും എന്നീ കുറ്റങ്ങളാണ് ഷൈനെതിരെ ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ വൈദ്യ പരിശോധനകൾക്കും ശേഷമാണ് ഷൈൻ പുറത്തിറങ്ങിയത്. ഷൈൻ തെളിവ് നൽകാതിരിക്കാൻ രക്ഷപ്പെട്ടെന്നാണ് എഫ്ഐആറില്‍ പറയുന്നത്. താരം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്നു ഉത്തമ വിശ്വാസം വന്നു.
മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മലപ്പുറം സ്വദേശി മുർഷിദ് എന്നയാളുമായി ഹോട്ടൽ മുറിയിൽ എത്തിയത് എന്നും എഫ്ഐആർ വ്യക്തമാക്കുന്നുണ്ട്. ഇയാളെയും പോലീസ് വിളിച്ചു വരുത്തി. കേസില്‍ പ്രതി ചേര്‍ത്തതായും പോലീസ് അറിയിച്ചു
ഇന്ന് ഷൈന്റെ ഒപ്പമിരുത്തി മുര്‍ഷിദിനെ ചോദ്യം ചെയ്തു. ഷൈൻ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം. ഏപ്രിൽ 22ന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. തനിക്ക് 22നാണ് കൂടുതൽ സൗകര്യം എന്നും അന്ന് വരാമെന്നും ഷൈൻ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയ ഷൈൻ അതിവേഗം കാറിൽ കയറി മടങ്ങി.