ചോദ്യപേപ്പർ ചോർച്ച; ബിസിഎ പരീക്ഷ പൂർണമായി റദ്ദാക്കില്ല
Saturday, April 19, 2025 9:16 AM IST
കണ്ണൂർ: ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ വിശദീകരണവുമായി കണ്ണൂർ സർവകലാശാല. പരീക്ഷ പൂർണമായി റദ്ദാക്കില്ലെന്നും ക്രമക്കേട് കണ്ടെത്തിയ കാസർഗോഡ് പാലക്കുന്ന് ഗ്രീൻവുഡ് കോളജിലെ പരീക്ഷ മാത്രം റദ്ദാക്കുമെന്നും സർവകലാശാല വ്യക്തമാക്കി.
എന്നാൽ അധ്യാപകർ ചോദ്യപേപ്പർ വാട്സ്ആപ്പ് വഴി ചോർത്തിയിട്ടില്ലെന്ന് പാലക്കുന്ന് ഗ്രീൻവുഡ്സ് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് അജീഷ് പറഞ്ഞു. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളും വരാൻ സാധ്യതയുള്ള ചോദ്യങ്ങളും അധ്യാപകർ വിദ്യാർഥികൾക്ക് നൽകാറുണ്ട്.
പരീക്ഷയിൽ ഒരു വിദ്യാർഥി കോപ്പിയടിച്ചിരുന്നു. ആ വിദ്യാർഥിയുടെ കൈയിൽ നിന്ന് പിടിച്ച കുറിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചോദ്യപേപ്പറിലും ഉണ്ടായിരുന്നു. വിദ്യാർഥി സർവകലാശാലയിൽ നിന്നുള്ള സ്ക്വാഡ് അംഗങ്ങളോട് പറഞ്ഞ മൊഴി തെറ്റിദ്ധരിക്കപ്പെട്ടതാവാമെന്നും കോളജ് അധികൃതർ പറഞ്ഞു.
അതേസമയം അൺ എയ്ഡഡ് കോളജുകളിലെ പരീക്ഷാ നടത്തിപ്പിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താൻ കണ്ണൂർ സർവകലാശാല തീരുമാനിച്ചു. സർവകലാശാലയിൽ നിന്നുള്ള ഒരു ജീവനക്കാരനെ കോളജുകളിലേക്ക് പരീക്ഷാ ചുമതലയിൽ നിയോഗിക്കാനാണ് തീരുമാനം.
ഇവരുടെ സാന്നിധ്യത്തിൽ മാത്രമായിരിക്കും ചോദ്യപ്പേപ്പറുകളുടെ ഡൗൺലോഡും വിതരണവും. ഇതിനായി 60 ജീവനക്കാരെ തിങ്കളാഴ്ച മുതൽ നിയോഗിക്കും.