കെ.എം. എബ്രഹാമിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകി ജോമോൻ പുത്തൻപുരയ്ക്കൽ
Saturday, April 19, 2025 7:33 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകി ജോമോൻ പുത്തൻപുരയ്ക്കൽ. തനിക്കെതിരായ എബ്രഹാമിന്റെ ആരോപണങ്ങൾ ഹൈക്കോടതി തള്ളിയതെന്ന് ജോമോൻ പറയുന്നു.
വീണ്ടും അന്വേഷണം ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്. അഴിമതി കണ്ടെത്താൻ വ്യക്തികളുമായി സംസാരിക്കുന്നത് ഗൂഢാലോചനയല്ലെന്നും ജോമോൻ വ്യക്തമാക്കി.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ താൻ കോടതിയെ സമീപിച്ചതിനു പിന്നാലെ എബ്രഹാം തനിക്കെതിരേയാണ് ഗൂഢാലോചന നടത്തിയതെന്നും കത്തിൽ പറയുന്നു. സിബിഐ അന്വേഷണത്തിന്റെ വിധിപകർപ്പ് കൂടി ചേർത്താണ് ജോമോന്റെ പരാതി.
അതേസമയം അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. എബ്രഹാം ഉന്നയിക്കുന്ന നിയമ പ്രശ്നങ്ങൾ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗൂഢാലോചന ഉണ്ടെന്ന എബ്രഹാമിന്റെ കത്ത് കിട്ടി. കത്ത് പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.