ചിറയിൻകീഴിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 20 ലിറ്റർ വിദേശ മദ്യവുമായി രണ്ട് പേർ പിടിയിൽ
Friday, April 18, 2025 3:57 PM IST
തിരുവനന്തപുരം: ചിറയിൻകീഴിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 20 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി രണ്ട് പേർ പിടിയിൽ. ചിറയിൻകീഴ് മാമ്പള്ളി സ്വദേശി ഷിബിൻ, നെടുമങ്ങാട് തൊളിക്കോട് സ്വദേശി ജയകുമാർ എന്നിവരെ എക്സൈസ് സംഘമാണ് പിടികൂടിയത്.
ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് വന്ന മദ്യ ശേഖരവുമായാണ് ഇരുവരും പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി ഓട്ടോറിക്ഷ പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച് കടത്തിയ മദ്യശേഖരം കണ്ടെത്തിയത്.
ഡ്രൈ ഡേയിൽ വിൽക്കാനെത്തിച്ച മദ്യമാണിതെന്ന് എക്സൈസ് സംഘം പറഞ്ഞു. പ്രദേശത്ത് പരിശോധന ശക്തമാക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ചിറയിൻകീഴ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദീപുകുട്ടൻ അറിയിച്ചു.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ്, അജിത്കുമാർ, അക്ഷയ്, ശരത്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവരും പങ്കെടുത്തു.