വാട്സ് ആപ്പിൽ വരുന്ന ആ ഫോട്ടോ തുറക്കല്ലേ; പണി കിട്ടും
സ്വന്തം ലേഖിക
Wednesday, April 16, 2025 10:13 PM IST
കൊച്ചി: സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പുകള്‍ ഇന്ന് പലവിധത്തിലുണ്ട്. വാട്സ്ആപ്പിലേക്ക് വരുന്നതെന്തും തുറന്നു നോക്കി പണി വാങ്ങരുതെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്. വാട്സ്ആപ്പിലേക്ക് എത്തുന്ന ഫോട്ടോ തുറന്നാല്‍ ഫോണ്‍ തന്നെ ഹാക്ക് ചെയ്യപ്പെടാം. ഇത്തരത്തിലെത്തുന്ന ഫോട്ടോകള്‍ തുറന്ന് പണം നഷ്ടമായ കേസുകള്‍ കൂടിയതോടെയാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഒടിപി മുന്നറിയിപ്പ് പോലുമില്ലാതെ....
നിങ്ങളുടെ വാട്സ്ആപ്പിലേക്ക് തട്ടിപ്പു സംഘം ഒരു ചിത്രം അയച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്. ഒറ്റനോട്ടത്തില്‍ ഇത് ഒരു സാധാരണ ചിത്രമെന്നേ തോന്നൂ. എന്നാല്‍ അതിനുള്ളില്‍ നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങള്‍, പാസ്വേഡുകള്, ഒടിപി, യുപിഐ വിവരങ്ങള്‍ എന്നിവ മനസിലാക്കാനും ഉപഭോക്താവ് അറിയാതെ തന്നെ നിങ്ങളുടെ ഫോണ്‍ നിയന്ത്രിക്കാനും വേണ്ടിയുള്ള മാല്‍വെയറുകളാണ് ഒളിഞ്ഞിരിക്കുന്നത്.
സ്റ്റെഗനോഗ്രാഫി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ തട്ടിപ്പ്. ഇതിലൂടെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ ആവശ്യമായ ഡാറ്റ രഹസ്യമായി ചിത്രങ്ങളില്‍ ഒളിപ്പിച്ചുവയ്ക്കുന്നു. ഉപഭോക്താവ് ആ ചിത്രം തുറക്കുമ്പോള്‍ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ കൈക്കലാക്കും. മറ്റ് തട്ടിപ്പുകളില്‍നിന്ന് വ്യത്യസ്തമായി ഉപഭോക്താവിന് ഒരു ഒടിപി മുന്നറിയിപ്പ് പോലും ലഭിക്കില്ലെന്നതാണ് ഈ തട്ടിപ്പിന്റെ പ്രത്യേകത.
ഇതു ശ്രദ്ധിക്കാം
ഒരിക്കലും അറിയാത്ത നമ്പറുകളില്‍ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ ഡൗണ്‍ലോഡ് ചെയ്യുകയോ, ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്. വാട്സ്ആപ്പ് സെറ്റിംഗ്സില് മീഡിയ ഓട്ടോ ഡൗണ്‍ലോഡ് ഓഫാക്കുക. ഫോണിന്റെ സോഫ്റ്റ്വെയറും ആന്റിവൈറസും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കണം. നിങ്ങള്‍ ഏതെങ്കിലും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ എത്രയും വേഗം 1930 ല്‍ വിവരം അറിയിക്കുക.