മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് സിറിഞ്ചുകള്‍ വാങ്ങിക്കൂട്ടി ലഹരിസംഘം! പോലീസ് അന്വേഷണം ആരംഭിച്ചു
Wednesday, April 16, 2025 9:50 PM IST
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ സിറിഞ്ച് വില്പനയില് അടുത്തകാലത്തുണ്ടായത് വൻ വർധന. മയക്കുമരുന്നു സംഘങ്ങളാണു കൂട്ടത്തോടെ സിറിഞ്ചുകള്‍ വാങ്ങുന്നതെന്നാണു സൂചന. പോലീസ് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് ഇത്തരത്തില്‍ സിറിഞ്ചുകള്‍ ഒന്നായി വാങ്ങിക്കൊണ്ടുപോകുന്നവരെക്കുറിച്ച് പോലീസ് വിവരം ശേഖരിച്ചുവരികയാണ്.
സംസ്ഥാനത്ത് അടുത്തകാലത്ത് മയക്കുമരുന്ന് ഉപയോഗത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. മയക്കുമരുന്ന് സിറിഞ്ചില്‍ കുത്തിവയ്ക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന സമയത്തുതന്നെ സിറിഞ്ചുകളും ഉപയോക്താക്കള്‍ക്കു നല്കുന്നതായാണു വിവരം.
കോഴിക്കോട് നഗരത്തിലെ ഒരു മെഡിക്കല്‍ഷോപ്പില്‍നിന്ന് സിറിഞ്ചുകള്‍ കൂട്ടത്തോടെ വാങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ അടുത്തകാലത്ത് പോലീസ് പിടികൂടിയിരുന്നു. അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തില്‍പ്പെട്ടയാളാണ് പിടിയിലായത്. വന്‍തോതില്‍ സിറിഞ്ചു വാങ്ങുന്നതില്‍ സംശയം തോന്നിയ മെഡിക്കല്‍ ഷോപ്പുടമ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മയക്കത്തിനുള്ള ഗുളികകളും സിറിഞ്ചുകളും കൂട്ടത്തോടെ വാങ്ങുന്ന ആളുകളെ കണ്ടെത്തുന്നതിനു പോലീസ് മെഡിക്കല്‍ ഷോപ്പ് ഉടമകളുടെ സഹായം തേടിയിട്ടുണ്ട്.
ഡോക്ടര്‍മാരുടെ കുറിപ്പടിയുണ്ടെങ്കില്‍ മാത്രമേ മയക്കമുണ്ടാക്കുന്ന മരുന്നുകള്‍ വിൽപന നടത്താന്‍ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് അനുവാദമുള്ളൂ. എന്നാല്‍ മയക്കുമരുന്ന് സംഘങ്ങള്‍ മറ്റുള്ളവരുടെ കുറിപ്പടികള്‍ ഉപയോഗിച്ച് ഇത്തരം മരുന്നുകള്‍ വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സൈക്കോ ട്രോപിക് മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്‍ക്കരുതെന്ന് ആരോഗ്യ വകുപ്പും മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.
എന്നല്‍ അയല്‍ സംസ്ഥാനങ്ങളില്‍ സൈക്കോട്രോപിക് മരുന്നു വില്പനയ്ക്ക് നിയന്ത്രണമില്ലാത്തതിനാല്‍ അവിടങ്ങളില്‍നിന്നു മരുന്നുകള്‍ സംസ്ഥാനത്ത് എത്തുന്നുണ്ടെന്ന് മെഡിക്കല്ഷോപ്പുടമകള് പറയുന്നു. മയക്കുമരുന്ന് സംഘങ്ങള്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്നു നിയന്ത്രണമുള്ള മരുന്നുകള്‍ കൂട്ടത്തോടെ വാങ്ങി കേരളത്തില്‍ വിൽക്കുന്നതായി പോലീസിനും വിവരം ലഭിച്ചിട്ടുണ്ട്.