കര്ണന് മരണം വരെ ദുര്യോധന പക്ഷത്തായിരുന്നല്ലോ; ദിവ്യയ്ക്കെതിരേ വിമര്‍ശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ
Wednesday, April 16, 2025 2:48 PM IST
പാലക്കാട്: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ.രാഗേഷിനെ അഭിനന്ദിച്ച് പോസ്റ്റിട്ട സംഭവത്തിൽ ദിവ്യ എസ്.അയ്യർക്കെതിരെ പരോക്ഷ വിമർശനവുമായി പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍.
കര്ണന് ആരായിരുന്നെങ്കിലും മരണംവരെ ധര്‍മ്മ പക്ഷത്തിനെതിരെ ദുര്യോധന പക്ഷത്തായിരുന്നല്ലോ. അപ്പോൾ സംഗതി ശരിയാണ്. കുറ്റം പറയാന്‍ പറ്റില്ലെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
അപ്പോൾ ചോദ്യമിതാണ്, ആരാണ് ഇവിടെ ദുരാഗ്രഹിയായ ദുര്യോദനന്?' എന്നും രാഹുൽ പോസ്റ്റിൽ ചോദിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ എംപിയുമായ കെ.കെ.രാഗേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ദിവ്യ എസ്.അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചതാണ് വിവാദമായത്. കര്ണ്ണന് പോലും അസൂയ തോന്നും വിധമുള്ളതാണ് കെ.കെ.ആറിന്റെ കവചമെന്ന് ദിവ്യ.എസ്.അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നില്‍ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാന്‍ സാധിച്ച അനവധി ഗുണങ്ങള്‍ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം!കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട് !. ഞങ്ങളെ അങ്ങേയറ്റം ബഹുമാനത്തോടെ പരിഗണിച്ചതിന് നന്ദി എന്നായിരുന്നു ദിവ്യ എസ്. അയ്യർ കുറിച്ചത്.