രാജപാത തുറക്കാൻ പ്രതിഷേധം: ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരായ കേസ് പിൻവലിക്കും
Wednesday, April 16, 2025 2:43 PM IST
കോതമംഗലം: പഴയ ആലുവ - മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ജനമുന്നേറ്റ യാത്രയ്ക്ക് നേതൃത്വം കൊടുത്ത ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ എടുത്ത കേസ് വനംവകുപ്പ് പിൻവലിക്കും. സഭയുടെ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് കേസ് പിൻവലിക്കുന്നത്.
ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലടക്കം 23 പേർക്കെതിരെയാണ് വനം വകുപ്പ് കേസെടുത്തത്. പൊതുമുതൽ നശിപ്പിച്ചതിനാണു കേസ്. വനംവകുപ്പിനു പിന്നാലെ പോലീസും കേസെടുത്തിരുന്നു.
ഇന്ന് മന്ത്രി പി. രാജീവിന്റെ ചേംബറിൽ ചേർന്ന യോഗത്തിലാണ് കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനു പുറമേ സമരത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്കെതിരായ കേസുകളും പിൻവലിക്കും.
പൂയംകുട്ടിയിൽ രാജപാതയിലെ യാത്ര തടസപ്പെടുത്തി വനം വകുപ്പ് സ്ഥാപിച്ച ക്രോസ് ബാർ തകർത്തെന്നും വാഹനത്തിന്റെ ചില്ല് പൊട്ടിച്ചു എന്നുള്ളതിനും 50,000 രൂപയാണു നഷ്ടം കണക്കാക്കിയിരിക്കുന്നത്.
ആലുവ-മൂന്നാർ രാജപാത ഗതാഗതത്തിനു തുറന്നുകൊടുക്കണമെന്ന ആവശ്യം വർഷങ്ങളായുള്ളതാണ്. ഇതിന്റെ തുടർച്ചയായിട്ടാണ് ഡീൻ കുര്യാക്കോസ് എംപിയും പ്രദേശത്തെ മറ്റു ജനപ്രതിനിധികളും ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലും നയിച്ച ജനകീയ അവകാശപ്രഖ്യാപന യാത്ര മാർച്ച് 16ന് പൂയംകുട്ടിയിൽ നടത്തിയത്.
1857ൽ തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ ബാലരാമവർമയുടെ ഉത്തരവോടെയാണ് ബ്രിട്ടീഷ് എൻജിനിയറായ ജോൺ മൺറോ അക്കാലത്തെ പ്രമുഖ വാണിജ്യകേന്ദ്രമായിരുന്ന ആലുവയിൽനിന്ന് മൂന്നാറിലേക്കുള്ള പാതയുടെ നിർമാണം തുടങ്ങിയത്.
1878ൽ തുറന്നുകൊടുത്തെങ്കിലും 1924ലെ പ്രളയത്തിൽ രണ്ട് കിലോമീറ്ററോളം റോഡ് ഒലിച്ചുപോയതോടെ ഗതാഗതം നിലച്ചു. പകരം പണിതതാണ് നേര്യമംഗലം വഴി മൂന്നാറിലേക്കുള്ള പാത. നിർമാതാക്കൾ മുൻകൂട്ടി കണ്ടതുപോലെ ഈ വഴിയിൽ മണ്ണിടിയുന്നതും റോഡ് ഒലിച്ചുപോകുന്നതും പതിവായി.
മൂന്നാർ, രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായതോടെ അനിയന്ത്രിതമായ തിരക്കുമുണ്ടായി. പക്ഷേ, പിഡബ്ല്യുഡി വകയായിരുന്ന രാജപാതയിലെ ഗതാഗതം പൂയംകുട്ടി മുതൽ വനംവകുപ്പ് തടഞ്ഞിരിക്കുകയാണ്.