ബാറിൽവച്ച് തുറിച്ച് നോക്കി; യുവാവിന് നേരെ വടിവാൾ വീശി ആക്രമണം
Wednesday, April 16, 2025 10:06 AM IST
തൃശൂർ: ബാറിൽവച്ച് തുറിച്ച് നോക്കിയെന്ന പേരിൽ യുവാവിന് നേരെ മർദ്ദനം. നാട്ടിക സ്വദേശിയായ വിബിൻ കുമാറിന് നേരെയായിരുന്നു ആക്രമണം. വിഷു ദിനത്തിൽ മദ്യപിച്ച് ബാറിൽനിന്ന് പുറത്തിറങ്ങിയ വിബിനും മറ്റു രണ്ട് പേരും തമ്മിലായിരുന്നു തർക്കം. തൃപയാർ ബാറിലാണ് സംഭവം.
ബാറിൽ വെച്ച് തങ്ങളെ എന്തിനാണ് തുറിച്ച് നോക്കുന്നതെന്ന് ചോദിച്ച് ഇവർ വിബിനുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. പിന്നാലെ യുവാവിനെ പിടിച്ച് തള്ളി നിലത്തിടുകയും മുഖം ഇടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
തുടർന്ന് ഇവർ വടിവാൾ പുറത്തെടുത്തു വിബിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും യുവാവ് രക്ഷപ്പെടുകയായിരുന്നു. പ്രതികളായ അമൽ, മിഥുൻ എന്നിവരെ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.