വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവേ ബലാത്സംഗത്തിന് ഇരയായി; എയർ ഹോസ്റ്റസിന്റെ പരാതിയിൽ അന്വേഷണം
Wednesday, April 16, 2025 9:39 AM IST
ഗുരുഗ്രാം: സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയുന്നതിനിടെ ബലാത്സംഗത്തിന് ഇരയായെന്ന് എയര്‍ഹോസ്റ്റസ്. ഹരിയാനയിലെ ഗുരുഗ്രാമിൽ കഴിഞ്ഞ ഏപ്രിൽ ആറിനായിരുന്നു സംഭവം.
ഏപ്രില്‍ 13ന് ആശുപത്രിയില്‍ നിന്ന് വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം ഇവർ ഭർത്താവിനോടു പറഞ്ഞത്. എയര്‍ലൈന്‍സ് കമ്പനിയുടെ പരിശീലനത്തിനായാണ് നാൽപത്തിയാറുകാരിയായ ഇവർ ഗുരുഗ്രാമിലെത്തിയത്.
ഹോട്ടലില്‍ താമസിക്കവേ ആരോഗ്യനില മോശമായതിനെതുടര്‍ന്ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ അഞ്ചിന് യുവതി കിടക്കുന്ന ആശുപത്രിയിലെത്തിയ ഭര്‍ത്താവ് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ വെന്റിലേറ്റിൽ കഴിയവേ ആശുപത്രി ജീവനക്കാരില്‍ ഒരാള്‍ തന്നെ പീഡിപ്പിച്ചെന്നാണ് പരാതി. പകുതി ബോധത്തില്‍ തനിക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും വളരെ ഭയന്നിരുന്നുവെന്നും യുവതി നല്കിയ പരാതിയില്‍ പറയുന്നു.
ഇവരുടെ പരാതിയിൽ സദര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെ തിരിച്ചറിയുന്നതിനായി ആശുപത്രി ജീവനക്കാരുടെ ഡ്യൂട്ടി സമയം അന്വേഷിക്കുന്നതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായും പോലീസ് അറിയിച്ചു.