എല്ലാവർക്കും തുല്യനീതി ഉറപ്പാക്കാനാണ് ശ്രമം: കിരൺ റിജിജു
Tuesday, April 15, 2025 9:42 PM IST
കൊച്ചി: മുനമ്പം പ്രശ്നത്തിന് പരിഹാരം കാണാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. പ്രശ്നം പരിഹരിച്ച ശേഷം വീണ്ടും മുനമ്പത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവർക്കും തുല്യനീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്.
പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ നാടകങ്ങളിൽ വീഴരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മുനമ്പം പോലെ പ്രശ്നത്തിൽ ആയ നിരവധി മനുഷ്യർ ഉണ്ട്. എല്ലാവർക്കും തുല്യ നീതി ഉറപ്പിക്കാനാണ് നിയമം. കോൺഗ്രസ് അടക്കം പ്രതിപക്ഷം ഇതിൽ ഞങ്ങളെ കുറ്റപ്പെടുത്തി.
എന്നാൽ മുനമ്പത്തെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കുന്നത് വരെ നിങ്ങൾക്ക് ഒപ്പം അവിശ്രമം പോരാടും. മുനമ്പത്ത് രാഷ്ട്രീയ പ്രശ്നം ആയല്ല ബിജെപി കാണുന്നത്. മനുഷ്യത്വ പ്രശ്നം ആണെന്നും കിരൺ റിജിജു വ്യക്തമാക്കി. മുനമ്പം പ്രശ്നം പരിഹരിക്കപ്പെടും. എന്നാല്‍ അതിനായി കുറച്ചുകൂടി സമയം എടുക്കും.
വഖഫ് നിയമവുമായി ബന്ധപ്പെട്ട് അതിന്റെ ഡ്രാഫ്റ്റ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ചട്ടങ്ങള്‍ കൊണ്ടുവരുന്നതിന് സംസ്ഥാനത്തിന് നിര്‍ദേശം കൊടുക്കാൻ കഴിയുകയുള്ളൂ. ഈ സാഹചര്യത്തില്‍ മുനമ്പത്ത് പരിഹാരത്തിനായി കൂടുതല്‍ സമയം വേണ്ടിവരുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
എന്നാൽ കിരൺ റിജിജുവിന്റെ സന്ദർശനത്തിലും പ്രശ്നപരിഹാരം ആകാത്തതിൽ സമരസമിതി നിരാശ പങ്കുവച്ചു. കേന്ദ്രമന്ത്രിയിൽ നിന്ന് പ്രതീക്ഷിച്ചത് ശുഭവാര്‍ത്തയാണെന്നും അതുണ്ടായില്ലെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു.