കരുവന്നൂർ കേസ്: കെ.രാധാകൃഷ്ണന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി
Tuesday, April 8, 2025 8:17 PM IST
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെ.രാധാകൃഷ്ണൻ എംപിയെ ഇഡി ചോദ്യം ചെയ്തു. കൊച്ചിയിൽ ഇഡി ഓഫീസിൽ നടത്തിയ ചോദ്യം ചെയ്യൽ എട്ടു മണിക്കൂർ നീണ്ടു.
കേസുമായി ബന്ധപ്പെട്ട് പലരും നൽകിയ മൊഴികളിൽ വ്യക്തത വരുത്താനാണ് ഇഡി തന്നെ വിളിപ്പച്ചതെന്ന് അദ്ദേഹം പറഞ്ഞു. കരുവന്നൂര്‍ ബാങ്കുമായുള്ള സിപിഎം ബന്ധം, സിപിഎം പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് കെ.രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്തത്.
രാവിലെ 11 നാണ് കെ.രാധാകൃഷ്ണന് എംപി ചോദ്യം ചെയ്യലിന് ഹാജരായത്. നേരത്തെ രണ്ടു തവണ ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായിരുന്നില്ല.
ആധാറും പാൻ കാർഡും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമടക്കം രേഖകളെല്ലാം നേരത്തെ കൈമാറിയതാണ്. കരുവന്നൂർ ബാങ്കിൽ തൃശൂർ ജില്ലാ കമ്മിറ്റിക്ക് അക്കൗണ്ട് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.