മലപ്പുറത്തെപ്പറ്റി വെള്ളാപ്പള്ളി പറഞ്ഞതിൽ എന്താണ് തെറ്റെന്ന് കെ. സുരേന്ദ്രൻ
Sunday, April 6, 2025 12:16 PM IST
കോഴിക്കോട്: മലപ്പുറത്തെപ്പറ്റി വെള്ളാപ്പള്ളി നടേശൻ പറഞ്ഞതിൽ എന്താണ് തെറ്റെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വെള്ളാപ്പള്ളി പറഞ്ഞത് യാഥാർഥ്യമാണ്. മലപ്പുറംപ്രസ്താവന ഏത് സാഹചര്യത്തിൽ എന്ന് അറിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം വിവാദ മലപ്പുറം പരാമർശത്തിൽ വിശദീകരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. സമുദായത്തിന്റെ പിന്നോക്കാവസ്ഥയാണ് വിവരിച്ചതെന്നും പറഞ്ഞതിൽ ഒരു വാക്കുപോലും പിൻവലിക്കാനില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയാണ്. ശ്രീനാരായണീയർക്ക് മലപ്പുറത്ത് പിന്നോക്കാവസ്ഥയാണ് എന്നാണ് പറഞ്ഞത്. താൻ മുസ്ലിം വിരോധിയല്ല. എസ്എൻഡിപി ബാബറി മസ്ജിദ് തകർത്തപ്പോൾ പ്രതിഷേധിച്ച സംഘടനയാണ്.
മുസ്ലിം ലീഗിന് മതേതരത്വം വാക്കുകളിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മതേതര പാർട്ടി എന്ന് പറയുന്നവർക്ക് എന്തുകൊണ്ട് ഒരു ഹിന്ദു എംഎൽഎ പോലുമില്ല. മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് ലീഗിലെ സന്പന്നരാണ്. തന്നെ വർഗീയ വാദിയാക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു.