പ്രധാനമന്ത്രിക്ക് മാത്രമേ മുനമ്പം നിവാസികളെ രക്ഷിക്കാൻ കഴിയൂവെന്ന് ജോർജ് കുര്യൻ
Friday, April 4, 2025 2:03 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ മുനമ്പം നിവാസികളെ രക്ഷിക്കാൻ സാധിക്കുവെന്ന് രാജ്യസഭയിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. സിപിഎമ്മും കോൺഗ്രസും അവരെ അവിടെ നിന്ന് ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പത്തുകാർക്ക് പിന്തുണ നൽകുന്നതുകൊണ്ട് ബിജെപിയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുകയാണ്. മുനമ്പത്തിൽ ബില്ലിനെ അനുകൂലിച്ച് ജനങ്ങൾ ആഹ്ലാദപ്രകടനം നടത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള നന്ദി അവർ പ്രകടിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
സത്യാവസ്ഥ അറിയാവുന്നതുകൊണ്ടാണ് സിബിസിഐയും കെസിബിസിയും ഈ ബില്ലിനെ പിന്തുണച്ചതെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത് പ്രതിപക്ഷത്തെ അങ്കലാപ്പിലാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
പാലാ ബിഷപ്പ് ഹൗസ് പിഎഫ് ഐ ആക്രമിച്ചപ്പോൾ മിണ്ടാതിരുന്നവരാണ് കേരളത്തിലെ കോൺഗ്രസുകാരെന്നും ജോർജ് കുര്യൻ പറഞ്ഞു. കേരളത്തിലെ മുസ്ലീങ്ങളെ ഇടതും വലതും തെറ്റിദ്ധരിപ്പിക്കുകയാണ്.
ക്രിസ്ത്യൻ വോട്ട് കിട്ടിയതുകൊണ്ടാണ് തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത്. എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിൻനെ കൊലപ്പെടുത്തിയത് പിഎഫ്ഐക്കാരാണ്. ഇവരെ നിരോധിച്ചതോടെ കോൺഗ്രസും സിപിഎമ്മും സങ്കടത്തിലാണെന്നും ജോർജ് കുര്യൻ പറഞ്ഞു.
മദനിക്കെതിരെ കേന്ദ്രസർക്കാർ നടപടിയെടുത്തപ്പോൾ അതിനെതിരെ പ്രമേയം പാസാക്കിയവരാണ് കേരള നിയമസഭയിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മതേതരതത്തെ കുറിച്ചും മതപരമായ അവകാശങ്ങളെ കുറിച്ചും ഒരുപാട് സംസാരിച്ചവരാണ് കേരളത്തിലെ എംപിമാർ. ഡിവൈഎഫ്ഐയും എസ്എഫ്ഐയും ചേർന്ന് ക്രിസ്മസ് കരോളിനെ കേരളത്തിൽ ആക്രമിച്ചുവെന്നും ജോർജ് കുര്യൻ പറഞ്ഞു.