യുവാവിന്റെ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത ട്രാഫിക് എസ്ഐക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ
Friday, April 4, 2025 1:12 AM IST
തിരുവനന്തപുരം: യുവാവിന്റെ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത ട്രാഫിക് ഗ്രേഡ് എസ്ഐക്ക് എതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ. പട്ടം ട്രാഫിക് പോലീസ് സ്റ്റേഷനിലെ (സൗത്ത് മേഖല) ഗ്രേഡ് എസ്ഐ പി.പ്രദീപിനെതിരെ(46)യാണ് വകുപ്പുതല നടപടിയുണ്ടാകുക.
ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന കര്‍ണാടക സ്വദേശി വിജയയുടെ ബാഗ് തട്ടിയെടുത്ത് പണം അപഹരിച്ച കേസില്‍ വിഴിഞ്ഞം പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് എസ്ഐയെ സിറ്റിപോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് കഴിഞ്ഞ ദിവസം സസ്പെന്‍ഡു ചെയ്തിരുന്നു. തുടര്‍ന്നാണ് വകുപ്പുതല നടപടി ആവശ്യപ്പെട്ട് പട്ടം ട്രാഫിക് പോലീസ് സ്റ്റേഷനിലെ(സൗത്ത് മേഖല) അസി. കമ്മീഷണര്‍ ആര്.സുരേഷും സിറ്റിപോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
കഴിഞ്ഞ മാര്‍ച്ച് 31-ന് കഴക്കൂട്ടം കാരാട് ദേശീയപാതയിലെ തിരുവല്ലം ജംഗ്ഷനില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കയായിരുന്നു എസ്ഐ ഡ്യൂട്ടിക്ക് എത്തേണ്ടിയിരുന്നത്.
എന്നാല്‍, വൈകിട്ട് 4.30- ഓടെയായിരുന്നു എസ്ഐ ഡ്യൂട്ടിയിലെത്തിയത്. ഇതേക്കുറിച്ചുളള വിശദീകരണം അസി. കമ്മീഷണര്‍ എസ്ഐയില് നിന്ന് തേടിയിരുന്നു. ഡ്യൂട്ടിയില്‍ വൈകിയെത്തിനാണ് എസ്ഐയ്ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുക.